Monday, February 20, 2017

പ്രേത ഗ്രാമങ്ങളും,നഗരങ്ങളും- മരുഭൂമിയുടെ മടിത്തട്ടിലൂടെ (5)
ടെന്റിൽ രാത്രി ഭക്ഷണത്തിന്റെ കൂടെ കിട്ടിയ ഒരു അച്ചാറായിരുന്നു, ‘കെർ സാംഗ്രി അച്ചാർ‘, പുളിപ്പും എരിവും ഒക്കെ ചേർന്ന ആ രുചി ‘ക്ഷ‘ പിടിച്ചു, പിന്നതിന്റെ കഥ അറിയണമെന്നായി. ഏത് മരുഭൂമിയിലും ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന മനുഷ്യന്റെ അശ്രാന്ത പരിശ്രമങ്ങളുടെ കഥ കൂടിയാണ് അത്.. ഈർപ്പമില്ലാത്ത രാജസ്ഥാൻ മണൽ പരപ്പുകളിൽ സസ്യങ്ങളും വളരെ കുറവാണ്, ചൂടിന്റെ ആധിക്യം കൊണ്ട് മാംസഭക്ഷണങ്ങളും കുറവാണ് അവിടുത്തുകാരുടെ ആഹാരത്തിൽ, അവരുടെ കറികൾ പലതും മരുഭൂമിയിൽ കാണുന്ന കാട്ടുചെടികളുടെ കായ്കളും, വേരുകളും ഇലകളും ഒക്കെയാണ്, അതും മഴക്കാലത്ത് പറിച്ചുണക്കി കെട്ടി വയ്ക്കുന്നവ, കാരണം വേനലിൽ എല്ലാം വരണ്ടുണങ്ങും. പശുക്കൾക്കുള്ള പുല്ല് പോലും അവരങ്ങനെ ഉണക്കി സൂക്ഷിക്കുന്നു.

വിളവെടുപ്പ് കഴിഞ്ഞ് നിൽക്കുന്ന സാംഗ്രി മരങ്ങൾ
‘കെർ‘ എന്നറിയപെടുന്ന ഒരു കാട്ടു ചെടിയുടെ കായും, സാംഗ്രി എന്ന് പറയുന്ന ഒരു മുൾചെടിയിൽ നിന്ന് കിട്ടുന്ന നീളൻ പയറ് പോലത്തെ വള്ളിയും പുഴുങ്ങി ഉണക്കി ഇടിച്ചെടുത്ത് സൂക്ഷിച്ച് വച്ചാണ് ഈ അച്ചാർ ഉണ്ടാക്കുക. അച്ചാറുണ്ടാകാൻ കെർസാംഗ്രി അന്വേഷിച്ചു ജയ്സാൽമർ തെരുവുകളിൽ കുറെ നടന്നു, പക്ഷേ കിട്ടിയില്ല, ഒരു കിട്ടാകടമായി ആ രുചി അങ്ങനെ നാക്കിൽ നിൽക്കട്ടെ.

വർഷാവസാനമായതിനാൽ പാക്കിസ്ഥാൻ ബോർഡറിൽ ശക്തമായ നിയന്ത്രണമാണെന്നറിഞ്ഞ് ആ പദ്ധതി ഉപേക്ഷിച്ച് ഞങ്ങൾ കുൽദരയിലേയ്ക്ക് തിരിച്ചു. പ്രേതഗ്രാമമായ കുൽദരയിലേയ്ക്ക് ഞങ്ങൾക്ക് കൂട്ട് വന്നത് ടെന്റിലെ പ്രിയപ്പെട്ട പയ്യൻ സച്ചിനായിരുന്നു.. പാക്കിസ്ഥാനിൽ താമസിക്കുന്ന മൗസിയെ കുറിച്ചും ജോലിയില്ലാതെ പോവുന്ന ചൂട് മാസങ്ങളെ കുറിച്ചും ബജ് രംഗി ബായിജാൻ എന്ന പടത്തിൽ ജോലിയെല്ലാമെടുക്കുന്ന ഡ്യൂപ്പിനെ കണ്ട് സൽമാൻ ഖാനോടുള്ള ആരാധന പോയതിനേക്കുറിച്ചും ഒക്കെ അവൻ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു, റോഡ് സൈഡിലുള്ള ഒട്ടു മിക്ക റിസോർട്ടുകളും വമ്പൻ കൊട്ടാരങ്ങൾ പോലെയാണ് പണിതിരിക്കുന്നത്.. എല്ലാറ്റിനും യെല്ലോ സ്റ്റോണിന്റെ സ്വർണ്ണ നിറം.

പാലിവാൽ ബ്രാഹ്മണരുടെ ഗ്രാമമായിരുന്നു കുൽദര, അവിടുത്തെ ഗ്രാമമുഖ്യന്റെ മകളെ ജയ്സൽ രാജ്യസഭാംഗമായ സാലിം സിങ്ങ് കണ്ടിഷ്ടപെട്ടു അവളെ നിബന്ധപൂർവ്വം വിവാഹം കഴിക്കാൻ തീരുമാനിച്ചു, അല്ലെങ്കിൽ ഗ്രാമത്തിന്റെ നാശമായിരുന്നു ഫലം, മാംസം തിന്നുന്ന രജപുത്രന് മകളെ വിവാഹം കഴിച്ച് കൊടുക്കാൻ മനസ്സ് വരാതെ ഗ്രാമമുഖ്യനും മുഴുവൻ ഗ്രാമവും രാത്രിക്ക് രാത്രി ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി ഏകദേശം 19-ആം നൂറ്റാണ്ടിലെ ഈ പലായനത്തിന് ശേഷം അവിടാർക്കും താമസിക്കാൻ ആവുന്നില്ല പോലും, എന്തായാലും രാജസ്ഥാൻ സർക്കാർ ഇതൊരു ടൂറിസ്റ്റ് സ്പോർട്ടായി കെട്ടിയൊരുക്കുകയാണ്. പ്രേതവും പിശാചുമൊക്കെ എന്നും വ്യാപരമൂല്യമുള്ള വിപണികളാണല്ലോ..

മരുഭൂമിക്ക് നടുവിൽ ഇടിഞ്ഞ് തകർന്ന എൺപതോ നൂറോ വീടുകളുടെ ഒരു കൂട്ടം.
കുൽദര ഗ്രാമം
കേട് പറ്റാതെ കാത്ത് സൂക്ഷിച്ചിരിക്കുന്നത് ഗ്രാമമുഖ്യന്റെ വീടും ഗ്രാമക്ഷേത്രവും മാത്രം. പ്രേതങ്ങളെ ഒന്നും കണ്ടില്ലെങ്കിലും വിജനവിശാലമായ ആ സ്ഥലത്ത് അന്തരീക്ഷത്തിന് ഒരു കനം ഉണ്ടായിരുന്നു.. കൺകാണാത്ത പ്രേതങ്ങളോട് യാത്ര പറഞ്ഞ് വണ്ടി ജയ്പൂർക്ക് തിരിഞ്ഞു.. രാജസ്ഥാൻ മാപ്പിലെ ഏറ്റവും പേരുകെട്ട നഗരം, പ്രശസ്തമായ പിങ്ക് സിറ്റി.. 
 
വർഷങ്ങൾക്ക് മുൻപ് പോയ ഒരു യാത്രയുടെ നൊസ്റ്റാൾജിക്ക് റീക്രിയേഷൻ കൂടിയായിരുന്നു എനിക്ക് ജയ്പൂർ സന്ദർശനം.


രാജസ്ഥാൻ ടൂറിസം മാപ്പിലെ ഏറ്റവും പഴയതും പ്രൗഡവും ആയ പേരാണ് ജയ്പൂർ, ചെങ്കൽ കൊട്ടയുടെ അകത്തെ തിരക്കൊരിക്കലും കുറയാത്ത വഴികളും ഹവാമഹലും ഒക്കെ..പക്ഷെ പഴമയുടെ മുഷിപ്പും സംരക്ഷിക്കപെടാത്തതിന്റെ വിളർച്ചയും ജയ്പൂരിനെ മൊത്തം ബാധിച്ചിരിക്കുന്നുവെന്ന പോലെ തോന്നി..

ജയ്പൂരിലെ ആദ്യസന്ദർശനം ഹവാമഹൽ എന്നറിയപ്പെടുന്ന ജനൽ വിസ്മയമാണ്. പണ്ട് രാജകൊട്ടാരത്തിലെ സ്ത്രീകൾക്ക് രാജവീഥിയിൽ നടക്കുന്ന ഘോഷയാത്രകളും ഉത്സവങ്ങളും മറ്റുള്ളവരുടെ കണ്ണിൽ നിന്ന് മറഞ്ഞ് നിന്ന് കാണാൻ ഉണ്ടാക്കിയ ഒരു ചുവരാണ് ശരിക്കും ഹവാമഹൽ.. കുറെ കാലം മുമ്പ് വരെ അതിനുള്ളിൽ ഒരു മ്യൂസിയവും ജനാലകൾക്കരികത്ത് പോയി നിന്ന് ജയ്പൂർ നഗരവീഥികൾ കാണാനുള്ള അനുമതിയും ഉണ്ടായിരുന്നു.. കയറി പോവാൻ പേടി തോന്നുന്ന പടികളും ശുഷ്കിച്ച കെട്ടിയൊരുക്കങ്ങളും അതിൽ കൂടുതലുള്ള നിയന്ത്രണങ്ങളും ഒക്കെ ആ വിസ്മയം കാണുന്നതിന്റെ മാറ്റ് കുറച്ചു.

അടുത്ത ലക്ഷ്യം സിറ്റി പാലസ് ആയിരുന്നു, കാഴ്ചകളും കഥകളും കേൾക്കുന്നതിന് മഹീന്ദർ എന്ന ഗൈഡിന്റെ സഹായം എടുത്തു.. സിറ്റി പാലസിന്റെ ഒരു വശം ഇന്നും രാജകുടുംബം താമസിക്കുന്ന സ്ഥലമാണ്. നടുത്തളത്തിൽ ഓരോ സീസണിനേയും സൂചിപ്പിക്കുന്ന നാല് വാതിലുകളുണ്ട്, അതിമനോഹരമായ കൊത്തുപണികളും ചിത്രങ്ങളാലും അലങ്കരിച്ചവ. മറ്റുള്ളിടത്തായി നാല് മ്യൂസിയങ്ങൾ ഒരുക്കിയിരിക്കുന്നു. ആദ്യത്തെ മ്യൂസിയം ആയുധശേഖരങ്ങൾ ആയിരുന്നു, 3 ആൾ ചേർന്ന് പ്രവൃത്തിപ്പിക്കുന്ന ഒട്ടകപുറത്ത് കൊണ്ട് നടക്കുന്ന തിര തോക്കു മുതൽ രാജാവിന്റെ അടയ്ക്കാ പെട്ടിയും മാനിക്യൂർ സെറ്റും വരെ കാഴ്ചവസ്തുക്കൾ ആയിരുന്നു. രണ്ടാമത്തെ മ്യൂസിയത്തിൽ രാജകാലത്തെ വസ്ത്രവ്യവസ്ഥിതികളും മൂന്നാമത്തെ മ്യൂസിയത്തിൽ ചിത്രപ്രദർശനവും ആയിരുന്നു. ജയ്പൂർ രാജാക്കന്മാരുടെ കാലത്ത് പ്രസിദ്ധമായ മിനിയേച്ചർ ചിത്രങ്ങളും, ബാട്ടിക്ക് പ്രിന്റിങ്ങും പ്രകൃതിദത്ത നിറങ്ങൾ കൊണ്ട് ചെയ്യുന്ന പെയ്ന്റിങ്ങുകളും ആയിരുന്നു നാലാമത്തേത്.. മിനിയേച്ചർ ചിത്രങ്ങളുടെ സൂക്ഷ്മത അവിശ്വസനീയമാണ്.

ജയ്പൂരിലെ ചരിത്രപ്രധാനമായ കോട്ടകൾ മൂന്നാണ്. ജയ്ഗഡ് ഫോർട്ട്, നഹർഗഡ് ഫോർട്ട്, ആമേർ ഫോർട്ട്.. ആയുധവിന്യാസ സാംഗ്രഹികളാണ് ജയ്ഗഡ് ഫോർട്ടിൽ നിറയെ, മഹാരാജ ജയ്സിങ്ങ് രണ്ടാമന്റെ കാലത്ത് പണിത ഈ കോട്ടയിലെ ‘ജൈവാണ‘ എന്ന പീരങ്കിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 

കോട്ടകളിലേയ്ക്ക് പോവുന്ന വഴിക്കാണ് ജൽമഹൽ, മൻസാഗർ തടാകത്തിന്റെ ഒത്ത നടുക്ക് പിന്നിൽ ആരവല്ലി നിരകൾ അടുക്കായി നിരന്ന് നിൽക്കുന്ന ആ കൊട്ടാരത്തിന്റെ ദൃശ്യം മനോഹരമാണ്, ദൂരെ നിന്ന് കാണാൻ മാത്രം, കാരണം അത് ITC യുടെ പഞ്ചനക്ഷത്ര ഹോട്ടലാണിന്ന്..


ജയ്ഗഡ് ഫോർട്ടിനകത്തെ ജലസംഭരണിയും കനാലുകളും വളരെ വിസ്തൃതമാണ്, മൂന്ന് കൊട്ടകളിൽ ഏറ്റവും ഉയരത്തിലുള്ളതും ജയ്ഗഡ് ഫോർട്ട് തന്നെ, ഇവിടുത്തെ ജലസംഭരണിയിലേയ്ക്ക് ഇറങ്ങിപോവുന്ന പടികളെ പറ്റി ഒത്തിരി കഥകളുണ്ട്. അളവറ്റ സ്വത്ത് ഇവിടെയായിരുന്നുവത്രെ സ്വാതന്ത്ര്യ സമരകാലത്തും അടിയന്തരാവസ്ഥ കാലത്തും ഒളിച്ചു വച്ചിരുന്നത്..

അടുത്തത് നഹർഗഡ് കോട്ടയാണ്, മഹാരാജ സവായ് ജയ് സിങ്ങ് രണ്ടാമന്റെ കാലത്ത് പണിത് മഹാരാജാ സവായ് മാധോ സിങ്ങിന്റെ കാലത്ത് സൗന്ദര്യവൽക്കരിച്ച് ഇന്നത്തെ നിലയിലാക്കിയ കോട്ട. രാജാവിന്റെ വേനൽകൊട്ടാരമായിരുന്നു ഇത്, കോട്ടമതിലുകൾ കൊണ്ട് ഈ മൂന്ന് കോട്ടകളും ബന്ധിക്കപെട്ടിട്ടുണ്ട്, കൂടാതെ അനേകം ഭൂഗർഭ രഹസ്യ തുരങ്കങ്ങളും. രാജാവിനും അദ്ദേഹത്തിന്റെ പന്ത്രണ്ട് റാണിമാർക്കും തരാതരം പണിത ഒരു മുറിയും അടുക്കളയും പരിചാരികമുറിയും ചേർന്ന സമുച്ചയങ്ങളും വിശാലമായ മട്ടുപാവും അവിടെ നിന്ന് കാണുന്ന ജയ്പൂരിന്റെ ദൂരെകാഴ്ചയും മനോഹരമാണ്.

അവസാനത്തേത് ആമേർ ഫോർട്ടാണ്.. തലസ്ഥാനം ജയ്പൂരിലേയ്ക്ക് മാറ്റുന്നതിന് മുൻപ് ജയ്പൂർ രാജവംശത്തിന്റെ ആസ്ഥാനം. തിങ്ങി നിറഞ്ഞ് ടൂറിസ്റ്റുകൾ ഉണ്ടായിട്ടും വരവിന്റെ പത്ത് ശതമാനം പോലും രാജവാഴ്ചകാലത്തെ അമൂല്യങ്ങളായ ഈ സൗന്ദര്യബിംബങ്ങളെ സംരക്ഷിക്കാൻ ചിലവാക്കുന്നുണ്ടെന്ന് തോന്നിയില്ല, ചെറുപ്പത്തിലെ സൗന്ദര്യത്തെ പറ്റി ഓർത്ത് നിൽക്കുന്ന ചുക്കിച്ചുളിഞ്ഞ മുത്തിയമ്മ പോലെ. ആമേർ പ്രധാന ആകർഷണങ്ങൾ കണ്ണാടിചില്ലുകൾ പതിപ്പിച്ച ശീഷ്മഹലും രണ്ടാനകൾക്ക് ഒരേ സമയം നടന്ന് കയറാവുന്ന രാജവീഥിയും ആണ്. 

ആമേർ ഫോർട്ടിൽ അസ്തമനം കണ്ടിറങ്ങുമ്പോൾ ജയ്പൂരിലെ പ്രശസ്തമായ ‘ചൗക്കി ധാനി‘ എന്ന തീ റെസ്റ്റോറന്റ് ആയിരുന്നു ലക്ഷ്യം. ഇടുങ്ങിയ വഴികളിലെ ട്രാഫിക്കിനൊട് പൊരുതി അവിടെയെത്തിയപ്പോൾ തന്നെ രാത്രിയായി. 

പരമ്പരാഗത ശൈലിയിൽ ഒരുക്കിയ റസ്റ്റോറന്റിന്റെ അകത്ത് രാജസ്ഥാൻ ഗ്രാമങ്ങളുടെയും തനത് കലകളുടെയും ജീവിത രീതികളുടെയും നേർപകർപ്പുകൾ ഒരുക്കിയിട്ടുണ്ട്. നാടൻ മാജിക്കുകാരനും, പാവകളിക്കാരനും, പോത്തു വണ്ടിയിലെ സഫാരിയും ചെറിയ മൺ വീടുകളും ഒക്കെ മനോഹരങ്ങളായിരുന്നു. രാജസ്ഥാനിന്റെ തനതായ വെജിറ്റേറിയൻ ആഹാരമായിരുന്നു ഡിന്നർ മെനു. വ്യതസ്തമായ രുചികൾ പരീക്ഷിക്കാൻ തയാറാവുന്നവർക്ക് യാതൊരു പേടിയും ഇല്ലാതെ ആസ്വദിക്കാൻ പറ്റിയ രുചി മേളങ്ങൾ..
ആമേർ ഫോട്ടിലെ റാണിമഹൽ


 രാത്രി വൈകി തിരിച്ച് ഹോട്ടൽ മുറിയിൽ എത്തുമ്പോൾ ഓർമ്മയിൽ ഒരു കാല്പനിക സ്വപ്നം പോലെ തെളിഞ്ഞ് നിന്നിരുന്ന ജയ്പൂരിന്റെ ചിത്രത്തിനേറ്റ മങ്ങലിന്റെ വിഷമത്തിലായിരുന്നു ഞാൻ.. ജയ്പൂർ ട്രാഫിക്കിലുണ്ടായ ഒരു ചെറിയ അപകടവും ട്രാഫിക്ക് പോലീസുകാരുടെ ടൂറിസ്റ്റുകളെ പരമാവധി ഉപദ്രവിക്കുന്ന രീതിയിലുള്ള പെരുമാറ്റവും ഒക്കെ ആ വിഷമത്തിന് കാരണമായി. 

പക്ഷേ ദൂരെയെങ്ങോ നിന്ന് കേട്ട ഖവാലിയുടെ ചെറു അലകൾ നാളെയെ പറ്റി നിറച്ച പ്രതീക്ഷയിൽ ഉറക്കത്തിനെ ക്ഷണിച്ചു വരുത്തി അന്നു ഞാനുറങ്ങി.. 

“നിന്നെ തേടി ഞാനലഞ്ഞതെത്ര.. നിന്നെയറിയാതലഞ്ഞതെത്ര..
കാറ്റിലും കടലിലും, മണലിലും മരുവിലും കാലം കളഞ്ഞതെത്ര..
നീയെന്റെയുള്ളിലെ ഉയിരാണെന്നറിയാതെ ഞാൻ കരഞ്ഞതെത്ര..
അമ്മയെ പിരിഞ്ഞ കുഞ്ഞിനെപോലെ ഞാനലഞ്ഞതെത്ര..!!“

(തുടരും)

No comments:

Post a Comment