Monday, February 13, 2017

ബെണ്ണെ ദോസയും ലോനാവാലയും- മരുഭൂമിയുടെ മടിത്തട്ടിലൂടെ ഭാഗം(2)
ദാവനഗരെബെണ്ണൈ ദോസൈ  എന്ന് കേട്ടിട്ടുണ്ടോ? ഒരു വലിയ സ്പൂൺ നല്ല നാടൻ വെണ്ണ അധികം പുളിക്കാത്ത മാവ് കൊണ്ടുണ്ടാക്കിയ ചൂടൻ ദോശയുടെ മുകളിൽ കോരിവച്ച് കൂട്ടത്തിൽ ഒരു തവി ഉടച്ച ഉരുളക്കിഴങ്ങും നല്ല എരിവുള്ള ചട്ണിയും.. രുചിയുടെ ഒരു മേളം.

എണ്ണൂറ്റി അറുപത് കിലോമീറ്ററുകൾക്കപ്പുറം പൂനെയിലായിരുന്നു ആദ്യ ദിവസ ഹാൾറ്റ് പ്ളാൻ. ഒരു നീണ്ടയാത്രയ്ക്ക് ആവശ്യത്തിന് ഊർജ്ജം ബെണ്ണൈ ദോസൈ വഴിയാവട്ടെ എന്ന് കരുതി അതിരാവിലെ മൂന്നരമണിക്ക് തന്നെ വണ്ടി വിട്ടു..

അങ്ങനെ പ്രഭാതഭഃക്ഷണത്തിന് സമയം ആയപ്പോഴേയ്ക്കും Sri Guru Kottureshwara Benne Dosa എന്ന പേര് കേട്ട കടയുടെ മുന്നിൽ ഹാജരിട്ടു.. കാഴ്ചയ്ക്ക് മറ്റൊരു ഉഡുപ്പി നില്പൻ ഹോട്ടൽ. പക്ഷേ ചക്കപ്പഴത്തിന് ചുറ്റും ഈച്ച പോലെ ആളുകൾ.. ദോശ തിന്ന് കഴിഞ്ഞപ്പോൾ മൂന്നരവെളുപ്പിനെഴുന്നേറ്റ് പോന്നത് നഷ്ടമായി തോന്നിയില്ല.

ബാംഗളൂരിന്റെ കുളിരും തണുത്ത പച്ചപ്പും സിറ്റി അതിര് വിട്ടാൽ തന്നെ തീർന്നു.. പിന്നെ കർണ്ണാടകത്തിന്റെ പരുക്കൻ പ്രതലങ്ങൾ കാണാം. റോഡുകൾ നല്ല അവസ്ഥയിലായിരുന്നത് കൊണ്ട് യാത്ര അധികം ബുദ്ധിമുട്ടിയില്ല.. ഹുബ്ബാളിയും ബെലഗാവിയും കോലാപൂരും കടന്ന് പോവുന്ന യാത്രയിൽ കൂട്ട് ജഗ്ജീത് സിങ്ങിന്റെ ഗസൽ മുതൽ ബാഷയുടെ റാപ്പ് വരെ.. സതാര മുതൽ വിദ്ധ്യപർവ്വത നിരകളെ അടുത്ത് കണ്ട് തുടങ്ങി.

പണ്ട് ഡെൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത്, ഇൻഡിഗോയും കിങ്ങ്ഫിഷറും ചെലവ് കുറച്ച് ഫ്ളൈറ്റ് ഓടിച്ച സമയത്ത് കാത്ത് കാത്തിരുന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ചെയ്ത കുറെ യാത്രകൾ ഉണ്ടായിരുന്നു കൊച്ചി വരെ.. മൂന്നേമുക്കാൽ മണിക്കൂർ കണ്ണ് ജനൽ വഴി പുറത്തേയ്ക്ക് തുറിച്ചിരിക്കും.. പഞ്ഞിമേഘങ്ങളും അതിനും മുകളിൽ പരവാതാനി വിരിച്ച പോലുള്ള പട്ടുമേഘങ്ങളും, ഇടയ്ക്കിടയ്ക്ക് കാണുന്ന ഭൂമിയും ഒക്കെ, ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആദ്യത്തെ സമ്മാനപെട്ടി കിട്ടുന്ന കുട്ടിയുടെ അതേ കൗതുകമാണ് ആ കാഴ്ചകൾക്ക്..

അന്ന് ശ്രദ്ധിച്ചിരുന്ന ഇന്ത്യൻ ഭൂപ്രകൃതിയുടെ വ്യത്യാസമായിരുന്നു, വിദ്ധ്യപർവ്വതത്തിന്റെ അപ്പുറത്തും ഇപ്പുറത്തും ഇന്ത്യയ്ക്ക് രണ്ട് മുഖങ്ങളാണെന്നത്.. നരച്ച തിരിച്ചറിയാനാവാത്ത വടക്കൻ ചതുരങ്ങൾ കടന്ന് വിദ്ധ്യപർവ്വതിത്തിന് മുകളിലെത്തുമ്പോൾ താഴെ ആരോ അളന്ന് രാകി മുറിച്ചെടുത്ത പോലത്തെ തട്ടുപാറകൾ, ചെങ്കല്ല് നിറവും, പലതും മൊട്ടക്കുന്നുകൾ പോലെയാണ് തോന്നുക..കുറെചെമ്പൻ നിറമുള്ള കല്ലുകളും കുറച്ച് പച്ച കല്ലുകളും കുട്ടിയുണ്ടാക്കിയ കല്ലുമാല പോലെ അതങ്ങനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരന്ന്... അതിനിപ്പുറമുള്ള ഭൂമിയിൽ പതുക്കെ പതുക്കെ  പച്ചപ്പ് കൂടി കൂടി വരും, കൊച്ചിയെത്തുമ്പോഴെയ്ക്കും പച്ചപ്പിന്റെ ഒരു വെൽവെറ്റ് പുതപ്പ് പുതച്ച സുന്ദരി ഭൂമിയെ കാണുമ്പോ തൊണ്ടയിലൊക്കെ ഒരു തടസ്സം വന്ന് നിൽക്കും.. 

ആ വിദ്ധ്യപർവ്വത നിരകളെ തൊട്ടും തലോടിയുമാണ് ഇന്നത്തെ ഈ യാത്ര, അങ്ങനെ അർദ്ധരാതിയോടെ പൂനെയിലെത്തുമ്പോൾ അത്യാവശ്യ കാര്യങ്ങളെങ്കിലും തീർക്കാൻ കണ്ണിന്റെ ഷട്ടർ വലിച്ച് ഉയർത്തിവയ്ക്കാനായിരുന്നു പാട്..

അടുത്ത ദിവസത്തെ പ്ളാനിൽ പതിനൊന്ന് മണിക്കൂർ നിണ്ട യാത്രയായിരുന്നത് കൊണ്ട് അതിരാവിലെ തന്നെ യാത്ര തുടരേണ്ടി വന്നു. പേര് കേട്ട ലോനാവാലയും മുംബൈ എക്സ്പ്രസ് ഹൈവേയും മറ്റുമായിരുന്നു ഇടനിലങ്ങൾ.. മുംബൈ എക്സ്പ്രസ്സ് ഹൈവേ, ഇന്ത്യയിലെ മനോഹരമായ റൈഡുകളിൽ സ്ഥലം പിടിച്ച ഒന്നാണ്.. അതിലെ തുരങ്കങ്ങളും തട്ടുതട്ടായുള്ള പാറക്കൂട്ടങ്ങളും ഒരു ദൃശ്യവിരുന്ന് തന്നെയാണ്..

മുംബൈയുടെ തിരക്ക് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നഗരത്തിരക്കിൽ പെടുന്നത് ഒഴിവാക്കാൻ പറ്റിയില്ല. അങ്ങനെ സൂറത്ത് ഒഴിവാക്കി വാപി, നവ്സാരി വഴി വഡൊദര കൂടി രാപക്ഷികൾ ചേക്കേറിയതിനും ഒത്തിരി സമയം കഴിഞ്ഞ് ഞങ്ങളും രണ്ടാം ദിവസത്തിന്റെ അന്ത്യം കുറിക്കാൻ അഹമ്മദാബാദിലെത്തി..അല്പം ഭക്ഷണം, ഉറക്കം, മനസ്സിൽ പ്രാഥമിക ആവശ്യങ്ങൾ മാത്രം..
രാജസ്ഥാനിലെ ആദ്യത്തെ പോയിന്റ് മൗണ്ട് അബുവായിരുന്നു..മരുഭൂമിയിലെ ഹിൽസ്റ്റേഷൻ.. ഒരു മൈലിൽ മൂന്ന് ഹിൽസ്റ്റേഷനുള്ള എന്റെ ജന്മനാട്ടിൽ നിന്ന് ഈ ദൂരമത്രയും താണ്ടി വംഗനാട്ടിലെ ഒരേയൊരു ഹിൽസ്റ്റേഷൻ കാണാൻ ഞാൻ.. ജീവിതം എത്ര വിചിത്രമാണ് അല്ലേ.. യാത്രകളോളം മനുഷ്യനെ ചിന്തിപ്പിക്കുന്ന, നമ്മുടെ പ്രയോരിറ്റികളെ ചോദ്യം ചെയ്യുന്ന മറ്റൊരു അവസ്ഥയും ഇല്ലെന്ന് തന്നെ പറയാം..

ഡിസംബറായിട്ടും തണുപ്പിന്റെ ഒരു ചെറുകാറ്റ് പോലും കിട്ടിയില്ല, കെട്ടിപെരുക്കിയ കമ്പിളിയുടുപ്പുകൾ വെറുതെയാവുമോ എന്നൊരു പരാതി എല്ലാരുടെയും മനസ്സിൽ ഉണ്ടായിരുന്നു. ദൈവം അത് കേട്ടുവെന്ന് അധികം താമസിക്കാതെ തന്നെ ഞങ്ങൾക്ക് മനസ്സിലായി..

No comments:

Post a Comment