Friday, February 17, 2017

ഒട്ടകപാലൊഴിച്ച് ഒരു ചായ ? –മരുഭൂമിയുടെ മടിത്തട്ടിലൂടെ ഭാഗം(4)മൗണ്ട് അബുവിൽ മലനിരകൾക്ക് പിന്നിൽ നിന്നാണ് സൂര്യൻ നാണിച്ചെത്തി നോക്കിയതെങ്കിൽ അറ്റം കാണാത്ത മണൽ പരപ്പിന്റെ മുകളിലെവിടെയോ ഒരു ചുവന്ന പൊട്ടു പോലെ ജയ്സാൽമറിലെ സൂര്യൻ പ്രത്യക്ഷപെട്ടു. തലേന്നത്തെ പോലെ തന്നെ മനോഹരമായ ഒരു സൂര്യോദയം എന്നെ കാത്തിരിപ്പുണ്ടായിരുന്നു.. തടുക്ക് മെത്തകളിൽ കട്ടി രജായികളിൽ മൂടി പുതച്ചിരിക്കുന്ന വിദേശികളുടെ കൂടെയിരുന്ന് ചൂട് ചായ മൊത്തിക്കുടിച്ച് ജയ്സാൽമറിന് മേലെ സ്വർണ്ണശോഭയോടെ സൂര്യൻ ഉയർന്ന് വരുന്നത് കണ്ടിരുന്നു..

അന്നത്തെ പകുതി ദിവസം ജയ്സാൽമർ പട്ടണം കാണാൻ മാറ്റിവച്ചതായിരുന്നു. The Golden City എന്നാണ് ജയ്സാൽമർ അറിയപ്പെടുന്നത്. അവിടുത്തെ കൊട്ടാരങ്ങളും ഒട്ടുമിക്ക കെട്ടിടങ്ങളും പണിയാൻ ഉപയോഗിച്ചിരിക്കുന്ന Yellow Stone ആണ് ആ പേരിന് കാരണം. 

ജയ്സാൽമറിലെ പ്രധാന ആകർഷണം അവിടുത്തെ കോട്ട തന്നെ. മിനുസം തോന്നുന്ന മഞ്ഞ കല്ല് കൊണ്ട് സിമന്റോ മറ്റ് കൂട്ടുകളോ ഉപയോഗിക്കാതെ ഇരുമ്പ് ലോക്കുകൾ കൊണ്ട് പരസ്പരം ലോക്ക് ചെയ്താണ് ഇക്കാണായ കോട്ടയും കൊട്ടാരവും ഉണ്ടാക്കിയതെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നിയെങ്കിലും പലയിടങ്ങളും കല്ലുകൾക്കിടയിൽ പതിഞ്ഞിരിക്കുന്ന ഇരുമ്പ് കമ്പികൾ ഗൈഡ് കാട്ടി തന്നു.

ജയ്സൽ സിങ്ങെന്ന രജപുത്ര രാജാവ് നിർമ്മിച്ച കോട്ടയും അതിനകത്തെ കല്ല് പാകിയ വഴികളും കൊട്ടാരത്തിന്റെ അകത്തളങ്ങളും അധികം കേടുപാടുകൾ ഇല്ലാതെ തന്നെ സൂക്ഷിച്ചിരിക്കുന്നത് കാണാൻ സന്തോഷമുള്ള കാര്യമാണ്. മഴവെള്ളം ശേഖരിക്കുന്ന കല്പാത്തികൾ,കൊത്തിപണികൾ നിറഞ്ഞ ജനാല ജാലികൾ, മഞ്ഞ കല്ലിൽ കൈപണിയായി ചെയ്തിരിക്കുന്ന വേലകൾ അവിശ്വസനീയമാണ്. ഹിന്ദിയിലെ പല സീരിയലുകളും സിനിമകളും ഇപ്പോഴും ഇവിടൊക്കെ ചിത്രീകരിക്കപ്പെടുന്നുണ്ട്.. 

നടന്ന് മടുത്തപ്പോൾ ഒരു മനുഷ്യൻ രാവൺഹട്ട വായിക്കുന്നത് കേട്ടു കുറേ നേരം ആ നടക്കല്ലിൽ ഇരുന്നു. മനസ്സിന്റെ ഇടനാഴികളിൽ കൂടെ ആരോ ചിലങ്ക കെട്ടി പതിയെ നടന്ന് പോവുന്ന ഒരു ഫീലിങ്ങ് ആവും കണ്ണടച്ചിരുന്ന് കേട്ടാൽ.കോട്ടയകത്തളങ്ങളിൽ പണ്ട് രാജാവ് പഴയ രജപുത്ര പടയാളികൾക്കും ബ്രാഹ്മണ പൂജാരികൾക്കും കൊടുത്തിരുന്ന സ്ഥലങ്ങൾ ഇന്നും അവരുടെ പിൻ തലമുറക്കാർ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇപ്പോഴവരുടെ ഉപജീവനം ടൂറിസ്റ്റുകൾക്ക് രാജസ്ഥാനി വസ്തുക്കളുടെ വില്പനയാണ്.. ഒട്ടകത്തിന്റെയും ആടിന്റെയും തുകലിൽ പണിത ബാഗും, പലതരം രാജസ്ഥാനി കൈപണി ചെയ്ത വസ്ത്രങ്ങളും മുതൽ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന തടിയിൽ ആനകൊമ്പ് കൊണ്ട് ചിത്രപണി ചെയ്ത മദ്യകുപ്പി സൂക്ഷിക്കുന്ന പെട്ടിയും, ഒപ്പിയം സൂക്ഷിക്കാനും അരച്ച് വാസനചുണ്ണാമ്പിൽ ചേർക്കാനും വരെ സൗകര്യങ്ങളുള്ള പാത്രങ്ങളും കൊണ്ട് മാർക്കറ്റ് നിറസമൃദ്ധമാണ്.. പക്ഷേ പലതും വില പലമടങ്ങ് കൂട്ടിയിട്ടതും ഗുണമൊട്ടും ഇല്ലാത്തതുമായിരിക്കും.

അടുത്ത ലക്ഷ്യം പട്വോൺജി കി ഹവേലി ആയിരുന്നു. ഹവേലിയെന്നാൽ ബംഗ്ളാവ് തന്നെ, നമ്മുടെ കാലത്തേക്കാളും പകിട്ടും പ്രതാപവും പത്ത് മടങ്ങ് കൂടുമെന്ന് മാത്രം. അഞ്ച് ചെറിയ ഹവേലികളുടെ ഒരു സമുച്ചയമാണ് ഈ ഹവേലി. അതിലൊന്നിലാണ് പോലും ഇന്നത്തെ രാജകുടുംബം താമസിക്കുന്നത്.. അടച്ചിട്ട വേലിക്കെട്ടിനപ്പുറത്ത് നടക്കുന്ന വെളുത്ത വടിവൊത്ത വെള്ളക്കുതിരികൾ ആർഭാടം ഇന്നും കുറവല്ലെന്നതിന്റെ തെളിവാണെന്ന് തോന്നുന്നു.

രാജഭരണകാലത്തെ ആഭരണങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അടുക്കളയിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, രാജാവ് ആഹാരം കഴിച്ചിരുന്ന വെള്ളീ പാത്രങ്ങൾ, രാജകുമാരന്മാരുടെ വെള്ളീ തൊട്ടിൽ മുതൽ കരിവീട്ടിയിൽ തീർത്ത കളികുതിര വരെ പോയകാലത്തിന്റെ ഒരു ഓർമ്മപുസ്തകമാണ് ഈ ഹവേലികളിലെ മ്യൂസിയങ്ങൾ.

ഇനി വൈകിയാൽ മരുഭൂമിയിലെ സൂര്യാസ്തമയം കാണാൻ ആവില്ലെന്ന മുന്നറിയിപ്പിന്റെ ചൂടിൽ വണ്ടികൾ SamSand Dunes ലേയ്ക്ക് പറന്നു. വഴിക്കിരുവശവും അറ്റം കാണാത്ത മണൽ പരപ്പ് മാത്രം, ബാംഗളൂരിൽ റോഡിൽ പശു നിൽക്കുന്നത് പോലെ വണ്ടിക്ക് കുറെകെ കയറി നിൽക്കുന്ന ഒട്ടകങ്ങൾ, ഇടയ്ക്കിടയ്ക്ക് റോഡിന് കുറുകെ ഓടുന്ന മയിലുകളും കാട്ടുപൂച്ചകളും, മരുഭൂമി അതിന്റെ വിസ്മയകാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഒരുക്കുകയായിരുന്നു.

ടെന്റുകളിൽ എത്തി പെട്ടിപ്രമാണങ്ങൾ പെറുക്കി വച്ച്, ഇഞ്ചിയിട്ട ഒരുഗ്രൻ കട്ടഞ്ചായയും കുടിച്ചു തുറന്ന ജീപ്പിൽ മരുഭൂമിയിലേയ്ക്ക് വച്ചു പിടിച്ചു. തണുപ്പ് കാലത്ത് വടക്കോട്ട് മുഴുവൻ ഇഞ്ചിചായ ആയിരിക്കും കിട്ടുക, പാലൊഴിച്ചതായാലും അല്ലാത്തതായാലും, അതുകൊണ്ട് തന്നെയാണെന്ന് തോന്നുന്നു മജ്ജ പോലും മരച്ചു പോവുന്ന തണുപ്പിലും തോണ്ടവേദനയോ ജലദോഷമോ ഉണ്ടാവാതിരുന്നത്.

തുറന്ന ജീപ്പിൽ സാം സാൻഡ്യൂൺസിലേയ്ക്കുള്ള യാത്ര ആവേശകരമായിരുന്നു.. വളച്ചും പുളച്ചും ഉയർത്തിയും താഴ്ത്തിയും കുലുങ്ങി മറിഞ്ഞ് ഒരു ഇരുപത് മിനിറ്റ് യാത്ര. ഉയരത്തിൽ നിന്ന് മണ്ണീന്റെ കുഴിയിലേയ്ക്ക് ജീപ്പ് കുതിച്ചിറങ്ങുന്നതിന്റെ ആവേശം മുഴുവൻ കിട്ടണമെങ്കിൽ എഴുന്നേറ്റ് നിൽക്കണം. മണൽകുന്ന് ഇരപ്പിച്ച് കയറുമ്പോൾ രാമക്കൽമേട്ടിലേയ്ക്ക് ജീപ്പിൽ പോവുന്ന യാത്രയുടെ ഓർമ്മയുണ്ടാവും പക്ഷേ കാൽ വച്ചാൽ താഴ്ന്ന് പോവുന്ന മണലിലൂടെയാണ് ഈ യാത്ര എന്നോർക്കുമ്പോൾ നെഞ്ചൊന്ന് കാളും..

അങ്ങനെ നോക്കെത്താ ദൂരത്ത് മരുഭൂമി മാത്രം കാണുന്ന ഒരു ഇടത്താവളത്തിലെത്തി.. അവിടെ സഫാരിക്ക് ഒരുക്കി നിർത്തിയിരുന്ന ഒട്ടകങ്ങളും ജീപ്പ് സഫാരിക്ക് തയാറായി ജീപ്പുകളും കൽബേയ്ല ഡാൻസ് കളിക്കുന്ന ഉടുത്തൊരുങ്ങിയ പെൺകുട്ടികളും ഉണ്ട്.. മോർചങ്ങ് എന്ന് വിളിക്കുന്ന കുതിരകുളമ്പിന്റെ നടുവിൽ ഒറ്റകമ്പി വലിച്ചു കെട്ടിയ പോലയുള്ള ഉപകരണത്തിൽ നിന്നുള്ള വായ്ത്താരിയിൽ ആ പെൺകുട്ടി ഞങ്ങൾക്കായി ഡാൻസ് കളിച്ചു.പത്തും ഇരുപതും രൂപയ്ക്ക് വേണ്ടി ബാല്യം ചൂടടുപ്പിൽ വേവിക്കുന്ന ആ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം തോന്നി..

മരുഭൂമിയുടെ അറ്റംകാണാ സീമയിൽ സൂര്യൻ യാത്ര പറഞ്ഞ് മറഞ്ഞപ്പോൾ ജീപ്പിൽ തിരികെ ടെന്റിൽ എത്തി. ഐസിനേക്കാൾ തണുത്ത ഉപ്പ് വെള്ളത്തിൽ കുളിക്കാൻ നന്നേ കഷ്ടപെടേണ്ടി വന്നു. ഇനി രാവിരുട്ടിവോളം രാജസ്ഥാനി നാടൻ പാട്ടുകളും നൃത്തങ്ങളും കാണാനുള്ള പുറപ്പാടാണ്. ശരീരത്തിന്റെ ചൂട് നിലനിർത്താൻ ചൂടൻ മുളക് ബജ്ജിയും പക്കോഡയും വിതരണം ചെയ്തു കൊണ്ടീരുന്നു. 

വിവിധ വാദ്യമേളങ്ങളോടെ രാജസ്ഥാനിലെ പലവിധ നൃത്തരൂപങ്ങൾ സുന്ദരികളായ പെൺകുട്ടികൾ അവതരിപ്പിച്ചു. എട്ടു കുടങ്ങൾ തലയിൽ വച്ച് നടത്തുന്ന നൃത്തവും, ഫയർ ഡാൻസും ഒക്കെ രാത്രിയെ നിറപകിട്ടുള്ളതാക്കി. രാത്രിയുടെ അഴങ്ങളിലേയ്ക്ക് ഇടറിയ തൊണ്ടയിൽ നിന്നുയരുന്ന അറിയാത്ത ഭാഷയിലുള്ള നാടൻ പാട്ടിന്റെ അകമ്പടിയോടെ ആ ദിവസം ഇറങ്ങി പോയി.

അതിരാവിലെ ഒട്ടകപ്പുറത്ത് സൂര്യോദയം കാണാൻ പോവണമെന്നതായിരുന്നു പിറ്റേന്ന് അതികാലത്ത് ഉണരാൻ പ്രേരിപ്പിച്ച ചിന്ത..മുതുകിൽ പഞ്ഞിമെത്ത അട്ടികെട്ടിയ ഇരിപ്പിടത്തിൽ എന്നെയും ഇരുത്തി എന്റെ സുന്ദരൻ ഒട്ടകം ഒരു രണ്ട് കിലോമീറ്റർ അകലത്തിലുള്ള സാൻഡ് ഡ്യൂസിലേയ്ക്ക് നടന്നു.. മൊണാവ് എന്ന് ചെല്ലപേരുള്ള എന്റെ ഒട്ടകത്തിന്റെ ഡ്രൈവറുടെ പേര് സൽമാൻ ഖാൻ, പുള്ളീ ഒന്നാന്തരം പാക്കിസ്ഥാനി പഠാൻ ആണ്, പാക്കിസ്ഥാനിലാണ് പോലും ജനിച്ചതോക്കെ, നമ്മളു സിനിമയിൽ കാണുന്ന സൽമാനിന്റെ പകുതിയേ ഉള്ളൂ പക്ഷേ. അങ്ങനെ സാം സാൻഡ്യൂൺസിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരു മനോഹരമായ സൂര്യോദയം കണ്ടു..തിരികെ പോരുമ്പോൾ സൽമാൻ ഖാന്റെ ആജ്ഞ മാനിച്ച് മൊണാവ് എന്നെയും കൊണ്ട് നല്ല ഭംഗിയായി ഒന്ന് ഓടുകയും ചെയ്തു..

സൂര്യോദയം കാത്തുനിൽക്കെ ഒട്ടകപാലു കൊണ്ടുണ്ടാക്കിയ ചായ കിട്ടുമോ എന്നാതായി എന്റെ ചിന്ത.. സൽമാൻ ഖാനെ തന്നെ സോപ്പിട്ടു. ഊണ്ടിനികളെ(പെൺ ഒട്ടകങ്ങളെ) സവാരിക്ക് ഉപയോഗിക്കാറില്ലെന്നും വലിയ സേഠ്മാരുടെ വീടുകളിൽ അറുപത് ഒട്ടകങ്ങൾ വരെയൊക്കെ ഉണ്ടാവാറുണ്ടെന്നും അവിടെയൊക്കെ ചിലപ്പോൾ ഒട്ടകപ്പാൽ കൊണ്ട് ചായ കിട്ടുമെന്നും സ്വന്തം ഖാൻ.. ഇനി അതിർത്തി കടന്ന് ഒട്ടകപാലിന്റെ ചായ വേണ്ട എന്ന വിഷമത്തോടെ ഞാനും പോന്നു.. എന്റെ വിഷമം കണ്ട് മനസ്സലിഞ്ഞാവണം ഒട്ടകപാലല്ലെങ്കിലും നല്ല ആട്ടിൽ പാലിൽ ചായ കിട്ടുന്ന കടയിൽ സൽമാൻ എത്തിച്ചു..കൊഴുത്ത പാലിൽ തയാറാക്കിയ രണ്ട് മൂന്ന് കുട്ടിച്ചായകൾ കുടിച്ചപ്പോൾ ഇതൊക്കെ തന്നെ ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങൾ എന്ന് തോന്നി..
ഒട്ടകപാലിലുണ്ടാക്കിയ ഒരു ഗ്ളാസ്സ് ചായ കിട്ടുമൊ എന്ന് കാത്തിരിക്കുന്ന ഞാൻ
 അടുത്ത ലക്ഷ്യം ജയ്പൂരാണ്.. പക്ഷേ മനസ്സിൽ ഒരു വടംവലി നടക്കുന്നു. വെറും 40 കി.മി ദൂരം പോയാൽ ലോംഗെവാലയിലെ യുദ്ധസ്മാരകവും പാക്കിസ്ഥാൻ ബോർഡറും കണ്ടിട്ട് വരാം. പക്ഷേ മറുവശത്ത് പ്രേതഗ്രാമമായ കുൽബർഗയാണ്, രജപുത്ര രാജാവിന് ഗ്രാമമുഖ്യന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കേണ്ട ഗതികേടിൽ നിന്ന് രക്ഷപെടാൻ ഒരു ഗ്രാമം മുഴുവൻ ഒരു രാത്രിയിൽ ഒളിച്ചോടിയ കഥ..

പിന്നെ കേർ സാംഗ്രി അച്ചാറും കണ്ടു പിടിക്കണം, പറ്റിയാൽ ഒരു കിലോ വാങ്ങി കൊണ്ട് പോവണം..തലേന്നത്തെ അത്താഴം കഴിഞ്ഞത് മുതൽ തലയിൽ കൂട് കെട്ടി ഇരിക്കുകയാണ് കേർ സാംഗ്രി.. ഒരുഗ്രൻ രാജസ്ഥാനി വിഭവം.. ആ കഥയാവട്ടെ അടുത്തത്..

(തുടരും)


No comments:

Post a Comment