Thursday, November 30, 2017

വജ്രമൂക്കുത്തിയും കാപ്സിയൻ ഒട്ടകങ്ങളും - മുത്തശ്ശികഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 4)


മഴയ്ക്ക് ആകെ ഒരു വികൃതി സ്വഭാവം. ക്യൂവിൽ കാത്തുനിൽക്കുമ്പോഴൊന്നും പെയ്യാതെ നിന്നിട്ട്, പുറത്തേയ്ക്കിറങ്ങിയതും വീണ്ടും ചാറി തുടങ്ങി, ഇന്ന് നനച്ചേ അടങ്ങൂന്ന് വാശി പോലെ, എന്നാലങ്ങനെ ആവട്ടെ എന്ന് കരുതി നനയാൻ തീരുമാനിച്ചു.

മഴയാണെങ്കിലും വിവേകാനന്ദപ്പാറയിലേയ്ക്ക് തിരക്കിന് കുറവൊന്നും ഇല്ല, സാധാരണ പാസിന് 39 രൂപയും സ്പെഷ്യൽ പാസായി 120 രൂപയും വാങ്ങിക്കുന്നുവെങ്കിലും കാത്ത് നിൽപ്പ് ഏകദേശം ഒരേ അളവിലാണ്. കന്യാകുമാരി മുനമ്പ് പിതൃതർപ്പണവും പുണ്യതീർത്ഥാടനവും കൊണ്ട് ഭക്തസംഘങ്ങളുടെയും, മൂന്ന് സമുദ്രങ്ങൾ കൂടിചേരുന്ന ഇന്ത്യാ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റം എന്ന പ്രസക്തി കൊണ്ട് സഞ്ചാരികളുടെയും പ്രിയ കേന്ദ്രമാണ്.

കാത്തുകാത്തിരുന്ന് M. L Guhan എന്ന ടൂറിസ്റ്റ് ബോട്ടിൽ കയറിപറ്റിയതും മഴ അടക്കമൊതുക്കമുള്ള കുട്ടിയെ പോലെ ഒതുങ്ങി നിന്നു. തിര തല്ലുന്ന കടലിലൂടെ ഒരു പത്ത് മിനിട്ട് യാത്ര കൊണ്ട് വിവേകാന്ദ പാറയിൽ എത്തി. രാമകൃഷ്ണ മിഷന്റെ മേൽനോട്ടത്തിലുള്ള വിവേകാനന്ദ സ്മാരകം ഉണ്ടാവുന്നതിനും ഒരു പാട് കാലം മുന്നേ തന്നെ ഈ പാറക്കെട്ടുകൾ കന്യാകുമാരിയുടേത് എന്ന് വിശ്വസിക്കുന്ന കാല്പാദങ്ങളും അതിനെ ചുറ്റി ഒരമ്പലവും ഉണ്ടായിരുന്നു, ഈ പാറയിലാണത്രെ കന്യാകുമാരി മഹാശിവനെ തപസ്സ് ചെയ്തിരുന്നത്.

1962-ൽ വിവേകാനന്ദന്റെ 100-ആം ജന്മവാർഷികത്തിനാണ് അദ്ദേഹത്തിന് ജ്ഞാനോദയം കിട്ടി എന്ന് കരുതുന്ന ഈ പാറയിൽ ഒരു സ്മാരക മന്ദിരം ഉയർത്തണം എന്ന ഒരു ആശയമുണ്ടായത്. പക്ഷെ തദ്ദേശവാസികളായ കൃസ്ത്യൻ മുക്കുവരുടെ ഇടയിൽ നിന്നുണ്ടായ എതിർപ്പും തുടർന്നുണ്ടായ കൃസ്ത്യൻ-ഹിന്ദു സംഘർഷങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചാണക്യതന്ത്രങ്ങളും ഒക്കെ ചരിത്രമായി.1970-ൽ സ്മാരകം നിർമ്മിക്കപ്പെട്ടു.


ബോട്ടിൽ നിന്നിറങ്ങവെ മഴയിൽ തെന്നിക്കിടക്കുയാണ് പാറകളെങ്കിലും മഴയോട് നന്ദി തോന്നി, തമിഴ്നാട്ടിലെ ചുടുന്ന വെയിലത്ത് ഈ പാറയിലൂടെ നഗ്നപാദരായി നടക്കേണ്ടി വരുന്നത് ഓർക്കാൻ ആവുന്നില്ല. ഇരുപത് രൂപയുടെ പ്രവേശനപാസ്സും വാങ്ങി അകത്ത് കയറിയാൽ ചപ്പൽ ഊരി വയ്ക്കണം, അതിന് സൗജന്യ സൗകര്യമൊരുക്കിയിട്ടുണ്ട്. ചാറ്റൽ മഴയും കാറ്റും ഇരമ്പുന്ന കടലും ആ ചെറിയ പാറയ്ക്ക് താങ്ങാനാവാത്ത വിധം ആൾത്തിരക്കും. സൂര്യന്റെ ഉത്തരദക്ഷിണ അയനം രേഖപ്പെടുത്തിയ ഒരു അർദ്ധവൃത്ത സൂചിക വരച്ച മാർബിൾ ഫലകം കണ്ടു.


വിവേകാനന്ദ സ്മാരകം മൂന്ന് നിലകളിലായാണ് പണിതിരിക്കുന്നത്, താഴെ ആറ് മുറികളുള്ള ധ്യാന മണ്ഡപവും ഏറ്റവും മുകൾ നിലയിൽ വിവേകാനന്ദ പ്രതിമയുള്ള സഭാ മണ്ഡപവും, മുഖ മണ്ഡപം, നമസ്തുഭ്യം എന്നിങ്ങനെ ഒരുക്കിയിരിക്കുന്നു. സഭാ മണ്ഡപത്തിലെ അതികായ പ്രതിമയ്ക്ക് മുന്നിൽ കൈകൾ കൂപ്പി കണ്ണടച്ച് നിന്ന് മന്ത്രമുരുവിടുന്നവർ അടുത്ത നൂറ്റാണ്ടിലെ ദൈവത്തിനെ കണ്ടെത്തുന്നവരാണോ അതോ എനിക്ക് ബോധോദയം ഉണ്ടാവാത്തതോ എന്ന ചിതറിയ ചിന്തയോടെ ഞാൻ പുറത്തിറങ്ങി.

സഭാ മണ്ഡപത്തിന് നേരെ മുന്നിലായാണ് ശ്രീപാദ മന്ദിരം, ഇതിനുള്ളിൽ കന്യാകുമാരിയുടേതെന്ന് കരുതപ്പെടുന്ന കാല്പാടുകൾ ഉള്ള ശ്രീകോവിലും ക്ഷേത്രവുമായി ഒരുക്കിയിരിക്കുന്നു, പതിഞ്ഞ ശബ്ദത്തിൽ മന്ത്രധ്വനികളും നിശബ്ദത പാലിക്കാൻ ആംഗ്യം കാട്ടിക്കൊണ്ട് ടാഗുകളിട്ട ആളുകളും ചുറ്റുപാടും ഉണ്ട്.

ബോട്ടിൽ കയറി തിരിച്ചെത്തി ചാറ്റൽ മഴയുടെ കൂടെ ഒരു ചായയും കുടിച്ച് പോയത് കന്യാകുമാരിയമ്മൻ ക്ഷേത്രത്തിലേയ്ക്കാണ്. പരാശക്തിയായ ശ്രീപാർവതി ബാലികാ രൂപത്തിൽ കുടി കൊള്ളുന്നതിനാൽ ദേവിക്ക് ശ്രീബാല എന്നും ശ്രീഭദ്ര എന്നും പേരുണ്ട്. ഭഗവതിക്ക് ഇഷ്ടപെട്ട താമരപ്പൂവ് ഇവിടുത്തെ പ്രധാന പൂജാപുഷ്പമാണ് പോലും.


വിരഹിണിയായ കന്യകയെ സന്യാസിയാക്കിയത് ആരാണാവോ?
ക്ഷേത്രത്തിലെ പൂജാദി കർമ്മകൾ ശങ്കരാചാര്യ മഠത്തിന്റെ അനുഷ്ഠാനങ്ങൾക്കനുസരിച്ചാണത്രെ നടക്കുന്നത്. എന്റെ തിളക്കമില്ലാത്ത മൂക്കുത്തി കണ്ടിട്ടാവണം കന്യാകുമാരിയമ്മന്റെ വജ്രമൂക്കുത്തിയെ പറ്റിയുള്ള ഐതീഹ്യം കക്കതോടുകൾ കൊണ്ടുള്ള ആഭരണം വിൽക്കുന്ന ആ സ്ത്രീ പറഞ്ഞത്. മൂക്കുത്തിയുടെ തിളക്കം കണ്ട് തീരത്തെ വെളിച്ചമെന്ന് കരുതി അടുക്കുന്ന കപ്പലുകൾ ഈ പാറകളിൽ തട്ടി ഉടയാറുണ്ടായിരുന്നത്രേ, കടലിന് അഭിമുഖമുള്ള കിഴക്കേ നട ഇപ്പൊഴും വിശേഷ ദിവസങ്ങളിൽ മാത്രമേ തുറക്കൂ. ശ്രീകോവിലിന് മുന്നിലെ കെടാവിളക്കിൽ ദേവിയുടെ വജ്രമൂക്കുത്തി പ്രതിഫലിക്കുന്നുണ്ടെന്നാണ് വിശ്വാസം.

കന്യാകുമാരി ശക്തിപീഠം എന്നും അറിയപ്പെടുന്നു. അപമാനിതയായി ദക്ഷന്റെ യാഗാഗ്നിയിൽ ചാടിയ സതിയുടെ മൃതദേഹവുമായി താണ്ഡവമാടിയ ശിവനെ അടക്കാൻ സുദർശനചക്രം കൊണ്ട് വിഷ്ണു ആ ശരീരം 51 ഭാഗങ്ങളാക്കി 51 സ്ഥലങ്ങളിൽ ചിതറിച്ചു, അവ വീണയിടങ്ങളാണ് ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. ശക്തിപീഠങ്ങൾക്ക് കാവൽ നിൽക്കുന്ന ശിവരൂപമാണ് കാലഭൈരവൻ, കന്യാകുമാരിയിൽ കാലഭൈരവന് ‘നിമിഷ്‘ എന്നും ശക്തിക്ക് ‘സർവ്വാണി‘ എന്നും വിളിപ്പേര്. ദക്ഷിണേന്ത്യയിലെ രണ്ട് ശക്തിപീഠങ്ങളിൽ മറ്റൊന്നായ ശുചീന്ദ്രത്ത് ദേവി നാരായണി ആയി അറിയപ്പെടുന്നു.


കന്യാകുമാരി ക്ഷേത്രത്തിന് പിന്നിൽ തന്നെയാണ് ത്രിവേണി സംഗമം, ഈ മുനമ്പിൽ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും കണ്ടുമുട്ടുന്നു. കഴുകിക്കളയുന്ന പാപങ്ങളുടെ ഭാരം കുറയ്ക്കാനാവണം ഇടവിടാതെ പാറകളിൽ തിരകൾ തലതല്ലുന്നത്.

കുമാരി ക്ഷേത്രത്തിൽ നിന്ന് നടന്ന് പോകാവുന്ന ദൂരത്ത് തീരത്തിൽ തന്നെയാണ് ഗാന്ധിമണ്ഡപവും. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ത്രിവേണിയിൽ നിമഞ്ജനത്തിന് മുന്നേ പ്രദർശനത്തിന് വച്ച ഇടത്താണ് ഈ സ്മാരകം പണിതിരിക്കുന്നത്. ഒറീസ ആർക്കിടെക്ചറിൽ പണിതിരിക്കുന്ന ഈ സ്മാരകത്തിന്റെ പ്രധാനമണ്ഡപത്തിന് മഹാത്മയുടെ ആയുസ്സിന്റെ നീളമാണെന്നത് ഒരു പുതിയ അറിയാവായിരുന്നു, 78 അടി. ഗാന്ധി ജയന്തിയന്ന് സൂര്യകിരണങ്ങൾ മണ്ഡപത്തിന് മേലെയുള്ള ഒരു സുഷിരത്തിലൂടെ ചിതാഭസ്മം വച്ചിരുന്നയിടത്ത് വീഴും പോലും.

ഉച്ചയാവുന്നതിന് മുന്നേ കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടത് രാവിരുട്ടും മുന്നേ രാമേശ്വരം എത്തണമെന്ന് കരുതിയാണ്, മഴക്കാറുകൾ തടസ്സം നിൽക്കുമോ എന്ന് സംശയിച്ചിരുന്നു, പക്ഷേ കന്യാകുമാരി വിട്ടതും മഴയും യാത്ര പറഞ്ഞു. കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ ഞാനിപ്പൊൾ കാണേണ്ടന്ന് പ്ളാനിട്ടിരുന്ന പോലെ. തിരിച്ചു വരാൻ എന്തെങ്കിലും കാരണമുണ്ടാക്കി വയ്ക്കുന്നതും ആവും.

മുപ്പന്തലും സുന്ദരപാണ്ഡ്യപുരവും കടന്ന് തിരുനെൽവേലി, തൂത്തുക്കുടി വഴിയാണ് രാമേശ്വരത്തേയ്ക്കുള്ള യാത്ര. പഞ്ഞിമേഘങ്ങൾ നിറഞ്ഞ ആകാശവും വിശാല വിജനമായ റോഡും പഴയ കിഷോർകുമാർ പാട്ടുകളും, ഐതീഹ്യങ്ങളുടെ മറ്റൊരു നഗരം തേടി പോവാൻ പറ്റിയ മൂഡ്..


ഉച്ചഭക്ഷണത്തിന് ഏതെങ്കിലും ശരവണാഭവനിലെ മീൽസ് തന്നെ ശരണം എന്ന് മനസ്സ് മുഷിഞ്ഞിരിക്കുമ്പോഴാണ് രണ്ട് ഒട്ടകത്തലകളും ഒട്ടകപക്ഷികളും ഒക്കെ നിരത്തിയ Capsi Restaurant എന്ന വഴിയോര പരസ്യം കണ്ടത്, വണ്ടിക്കും യാത്രക്കാർക്കും ഉഷാറായി. തൂത്തുക്കുടി എയർപോർട്ടിന് അടുത്ത് വിജനമായ ഹൈവേയിൽ വിശാലമായ സെറ്റപ്പിൽ ഈ തീം റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത് ഒരു മലയാളിയാവും എന്ന് വരെ ഒരു ബെറ്റും വച്ചു, പ്രതീക്ഷിച്ച പോലെ ഒരു ഗുരുവായൂർകാരൻ പ്രവാസിയുടെ സ്വപ്നമായിരുന്നു ആ റെസ്റ്റോറന്റ്.

മനോഹരമായി ഡിസൈൻ ചെയ്ത ഇന്റീറിയറും, ഹോട്ടലിന്റെ അടുത്ത് തന്നെ നിർമ്മിച്ചിരിക്കുന്ന ഒരു മിനി സൂവും കുട്ടിപാർക്കും ഒക്കെയായി ഒരു ഗംഭീരൻ കാഴ്ചവട്ടം.

അവിടെയുള്ള മൂന്ന് ഒട്ടകങ്ങൾ 6 വർഷത്തോളമായി അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരത്ഭുതം, അവയ്ക്കുള്ള ചുറ്റുപാടുകളും മറ്റും ഏറ്റവും വൃത്തിയായി തന്നെ സെറ്റ് ചെയ്തിരിക്കുന്നു. ലവ്ബേർഡ്സും, മുയലുകളും അലങ്കാരക്കോഴികളും അങ്ങനെ ഒരു മിനി സൂ.. കുട്ടികൾക്ക് കളിക്കാൻ കളിത്തീവണ്ടിയും ഏറുമാടവും കയർപാലവും ഒക്കെയായി വരണ്ട മരുഭൂമിക്കിടയിൽ നിൽക്കുന്ന ഒരു മരീചികയാണതെന്ന തോന്നലുണ്ടാക്കി. ഈ വിജനമായ പ്രദേശത്ത് ഇങ്ങനെയൊരു ഹോട്ടലിൽ ആരു വരും എന്ന് ചിന്തിച്ചെങ്കിലും വിമാനത്താവളത്തിന് തൊട്ടടുത്തായതിനാലും ഫാക്റ്ററി പട്ടണമായ തൂത്തുക്കുടിയുടെ വളരെയടുത്തായതിനാലും വൈകുന്നേരങ്ങളിൽ ഇവിടെ വൻ തിരക്കാണെന്ന് ഒട്ടകയിടയൻ പറഞ്ഞു..

മനസ്സും വയറും നിറച്ച് ആഹാരവും കഴിച്ചിറങ്ങിയത് തൂത്തുക്കുടിയിലെ ഉപ്പളങ്ങളിലേയ്ക്കാണ്. കണ്ണെത്താ ദൂരത്തോളം നെല്പാടങ്ങൾക്ക് പകരം ഉപ്പ് പാടങ്ങൾ, ഉപ്പു വെള്ളത്തിന്റെ മൂക്ക് തുളയ്ക്കുന്ന ചൊരുക്ക് മണത്തിനിടയിലും അത്ഭുതം കൊണ്ട് കണ്ണ് തള്ളിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്

തൂത്തുക്കുടിയിലെ ഉപ്പളങ്ങൾക്ക് നൂറ്റാണ്ടൂകളുടെ പഴക്കമുണ്ട്, കൊങ്കൺ തീരത്തെ ഈ ചെറുപട്ടണം ഇന്ത്യയുടെ ഉപ്പ് ഉത്പാദനത്തിൽ ലോകത്തിലെ മൂന്നാം സ്ഥാനമെന്ന പദവി ലഭിക്കാൻ വലിയ പങ്ക് വഹിക്കുന്നു. കടലിൽ നിന്ന് മോട്ടർ വച്ച് അടിച്ച് കയറ്റുന്ന വെള്ളം കളിമണ്ണ് കൊണ്ട് അതിര് കെട്ടിയ പാടങ്ങളിൽ നിറച്ച് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വറ്റിച്ച് ഉപ്പാക്കുന്ന രീതിയിൽ പ്രകൃതിയും പ്രകൃതിക്ഷോഭങ്ങളും ഒക്കെ രക്ഷകരും ശിക്ഷകരും ആകുന്നു, ഉണങ്ങിയ ഉപ്പ് പരലുകൾ വലിയ കൂനകളായി കൂട്ടി ടാർപോളിൻ കൊണ്ട് മൂടീയിടുന്നു, ടാർപോളിൽ പറന്ന് പോവാതിരിക്കാൻ വശങ്ങളിൽ ഉപ്പ്ചാക്കുകൾ തന്നെയാണ് കെട്ടിയിട്ടിരിക്കുന്നത്.



ഉപ്പളങ്ങൾ കടന്ന് മണ്ഡപം എത്തിയപ്പൊഴേയ്ക്കും സൂര്യൻ പടിഞ്ഞാറ് താണിരുന്നു . പാമ്പൻ പാലം വിളറി തെളിഞ്ഞ വിളക്കുകൾ കൊണ്ട് വരവേറ്റു, ചരിത്രത്തിന്റെ മറ്റൊരു നാഴികകല്ലിലൂടെ ആ കടല്പാലം കടക്കവെ എല്ലാ ക്ഷീണത്തിനും മേലെ മനസ്സ് അടുത്ത ദിവസത്തിലെ കഥകൾക്ക് കാതോർക്കാൻ കൊതിച്ചു തുടങ്ങിയിരുന്നു

(തുടരും)

Tuesday, November 28, 2017

കന്യക കാക്കുന്ന മുനമ്പിൽ മുഖം കറുപ്പിച്ച് സൂര്യൻ - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 3)



തമിഴ് മണ്ണിന്റെ ചൂടറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മീനാക്ഷീ പുരത്ത് നിന്ന് ഇനി യാത്ര കന്യാകുമാരീ പുരത്തേയ്ക്കാണ്. കന്യകയായി കടല് കാക്കുന്ന പെണ്ണിന്റെ നാട്. അസ്തമനം കന്യാകുമാരീ മുനമ്പിൽ കാണണം എന്ന ലക്ഷ്യത്തോടെ ഉച്ചയ്ക്ക് മുന്നേ തന്നെ മധുരയിൽ നിന്ന് പുറപ്പെട്ടു.


പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിച്ച യാത്രയായിരുന്നു മധുര-കന്യാകുമാരി റോഡ് മാർഗം ഉള്ള യാത്ര. സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമം തമിഴ് സിനിമയിലെ സുന്ദരപാണ്ഡ്യപുരത്തോളം തന്നെ മനോഹരമായിരുന്നു. മധുര-തൂത്തുക്കുടി വഴി ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയായിരുന്നു യാത്ര. കണ്ണെത്തുന്ന ദൂരത്തോളം നെല്ലും പൂവും പാടങ്ങളും, അങ്ങകലെ അരിക് കെട്ടിയ പോലെ സഹ്യപർവ്വതത്തിന്റെ ഒരു കൈനിരയും.

ആകാശം അനുഗ്രഹീതനായ ഒരു കലാകാരന്റെ പണിതീരാത്ത പെയിന്റ് പോലെ നീലയുടെ പല ഷേയ്ഡുകൾ പടർന്ന് കിടന്നു, ഈ കാഴ്ചകളൊക്കെ കാണുമ്പോഴാണ് വർണ്ണിക്കാവുന്നതിലും എത്രയോ അധികം മനോഹരമായാണ് ഈശ്വരൻ ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് തോന്നുക, ഒന്ന് കണ്ണ് തുറക്കുകയല്ലേ വേണ്ടു, ഈ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ.

മഴക്കാറുകളുടെ ആ വർണ്ണജാലം കടന്ന് കാറ്റാടികളുടെ ഗ്രാമത്തിലേയ്ക്കാണ്. തെങ്ങിനും കവുങ്ങിനും ഇടവിളയായി പടുകൂറ്റൻ കാറ്റാടികൾ നട്ടിരിക്കുന്ന പോലെ. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ ഭൂമിയുടെ ഉപരിതലത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൈദ്യുതോല്പാദന കേന്ദ്രമാണ് മുപ്പന്തൽ (അരുൾവായ്മൊഴി) കാറ്റാടി പ്രൊജക്റ്റ് എന്ന് കേട്ടപ്പൊൾ കൗതുകം അത്ഭുതത്തിന് വഴി മാറി.


പ്രാചീന തമിഴ് കവയിത്രിയായ അവ്വെയാർ ഇവിടെയൊരു കല്യാണം നടത്തിയെന്നും അതിൽ പങ്കെടുക്കാൻ ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരെ ക്ഷണിച്ചുവെന്നും, ക്ഷണം സ്വീകരിച്ച് ഇവിടെത്തിയ അവർ കെട്ടിയ മൂന്ന് മണ്ഡപങ്ങൾ കാരണമാണ് ഇവിടം മുപ്പന്തൽ എന്ന് അറിയപ്പെടുന്നതും എന്നാണ് ഐതീഹ്യം. അറബിക്കടലിൽ നിന്ന് സഹ്യപർവ്വത നിരകൾക്കിടയിലൂടെ അടിക്കുന്ന ശക്തമായ കടൽകാറ്റിന്റെ നിർലോഭമായ ലഭ്യതയും ശക്തിയുമാണ്, വിദേശ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിക്ക് ഇടയാക്കിയത്. തീരഗ്രാമമായ മുപ്പന്തലിലെ ജനങ്ങൾക്ക് ഒരു പാട് തൊഴിലും അവസരങ്ങളും ഈ പദ്ധതികൾ ഒരുക്കിയിരിക്കുന്നു.


അരൽവായ്മൊഴി എന്ന പേരിന് മലയാളക്കരയോടും ബന്ധമുണ്ട്. പണ്ട് വേണാട്ടരചൻ മലനാടിനെ സംരക്ഷിക്കാൻ കെട്ടിയ കോട്ടയിലേയ്ക്കുള്ള വഴി എന്ന പേരിൽ നിന്നുമാണ് ഈ പേരുണ്ടായത് എന്നു പറയപ്പെടുന്നു. വേലുത്തമ്പി ദളവയുടെ വിശ്വസ്ഥരിൽ നിന്ന് 1809 -ൽ ബ്രിട്ടീഷ്കാർ പിടിച്ചെടുത്ത ആ കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഈ പ്രദേശത്ത് കാണാം പോലും.

മേഘങ്ങളില്ലാതെ തെളിഞ്ഞ ഒരു ആകാശവും കണ്ടാണ് കന്യാകുമാരിയെത്തിയത്, സ്കൂൾ കാലത്ത് കന്യാകുമാരിയെത്തിയ മങ്ങിയ ഓർമ്മകൾ ഉണ്ട്, പക്ഷേ ഓർമ്മയിൽ ഒരിക്കലും തെളിഞ്ഞ അസ്തമനവും ഉദയവും കണ്ടതായി ഓർമ്മയില്ല. അതിമനോഹരമായ അവർണ്ണനീയ അനൂഭൂതിയായി നിറഞ്ഞ ഒരു പാട് അസ്തമയങ്ങളും ഉദയങ്ങളും കണ്ടുവെങ്കിലും കന്യാകുമാരി ഒരു കിട്ടാക്കനിയായി നിന്നിരുന്നു. ഈ തീരത്ത് ഇന്നെത്തിയിരിക്കുന്നത് ആ കടം വീടാനാണ്.

കന്യാകുമാരിയിലെ പ്രധാന ആകർഷണങ്ങളെല്ലാം കാണാനാവുന്ന തരത്തിൽ, ഉയരത്തിൽ ഒരു മുറി കിട്ടിയതായിരുന്നു ഏറ്റവും വലിയ ഭാഗ്യമായി തോന്നിയത്, അല്പം ദൂരത്തിലെങ്കിലും തെളിഞ്ഞ് കാണുന്ന വിവേകാനന്ദ പാറയും വള്ളുവർ ശിലയും കന്യാകുമാരി ക്ഷേത്രവും ഗാന്ധിമണ്ഡപവും ഒക്കെ ഒരേ ഫ്രേമിനുള്ളിൽ.


അസ്തമയത്തിന് മുന്നേ കന്യാകുമാരി മുനമ്പിന്റെ ഏറ്റവും ഇടത്തേ വശമായ കേപ്പ് കോവളം എന്നും അറിയപ്പെടുന്ന സൺസെറ്റ് പോയിന്റിലേയ്ക്ക് എത്താനുള്ള തിരക്കായിരുന്നു. ഗാന്ധി ശിലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളമേ ദൂരമുള്ളുവെങ്കിലും ഓട്ടോക്കാർ അവരുടെ സ്വഭാവം അനുസരിച്ച് എത്ര വേണമെങ്കിലും ചോദിക്കാം. ഓട്ടോയിൽ കയറി ഇരുന്നതും കളിയാക്കി ചിരിക്കുന്ന പോലെ ഒരു മഴച്ചാറ്റൽ, മനസ്സിടിഞ്ഞ് പോയി.

ചാറ്റൽ മഴയും കൊണ്ടാണ് സൺസെറ്റ് മുനമ്പിലെത്തിയത്, അല്പം നേരത്തെ ആയത് കൊണ്ട് ആ പരിസരത്തെങ്ങും ആരെയും കണ്ടില്ല, നിറയെ പാറക്കെട്ടുകൾ നിറഞ്ഞ തീരം, നല്ല ശക്തിയുള്ള തിരകൾ, ഓട്ടോക്കാരൻ ഉറപ്പ് പറഞ്ഞിട്ടും തോന്നിയ സംശയം തീർത്തത് ആകെയുണ്ടായിരുന്ന ചായക്കടയിൽ ചായയും ചുടുചൂടൻ മുളക് ബജ്ജിയും തിന്നാണ്, നോക്കി നോക്കി നിൽക്കെ തീരത്ത് തിരക്ക് കൂടി കൂടി വന്നു, മഴ മാറിയെങ്കിലും സൂര്യൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു കളിച്ചിരുന്നു, എന്നും ഇത്രയും പേരെ കാണുന്നത് കൊണ്ടാവും ഇത്രയും തലക്കനം അർക്കഭഗവാന്.


കന്യകയായ കുമാരിയായി പരാശക്തി വാഴുന്ന മുനമ്പാണ് കന്യാകുമാരിയായി അറിയപ്പെടുന്നത് എന്നാണ് ഐതീഹ്യം. ബാണാസുരൻ താനൊരു കന്യകയാലെ വധിക്കപെടാവൂ എന്ന് വരവും വാങ്ങി സർവ്വ ദ്രോഹങ്ങളും ചെയ്തു വാഴുന്ന കാലത്ത് ദേവന്മാരും സന്യാസിമാരും ചേർന്ന് വിഷ്ണുവിനെ സമീപിക്കയും വിഷ്ണുവിന്റെ ഉപദേശപ്രകാരം പരാശക്തിയെ പ്രാർത്ഥിക്കയും ചെയ്തുവത്രെ. പ്രാർത്ഥന കേട്ട ദേവി ഒരു പെൺകുട്ടിയായി അവതരിക്കയും മഹാശക്തിക്കായി ശിവപൂജയും ചെയ്തു ഈ മുനമ്പിൽ താമസിക്കയും ചെയ്തു, മഹാശിവനെ കണ്ട മാത്രയിൽ അവർ അനുരക്തരായി തീരുകയും വിവാഹം കഴിക്കാൻ തീരുമാനിക്കയും ചെയ്തുവെങ്കിലും ദേവി വിവാഹിതയായാൽ ബാണാസുര വധം നടക്കില്ലയെന്നറിഞ്ഞ ദേവന്മാർ നാരദ മുനിയുടെ കൗശലം കൊണ്ട് ആ വിവാഹം ഉഴപ്പിക്കളഞ്ഞു.

ബാണാസുരനെ വധിച്ചുവെങ്കിലും ഇന്നും ശിവനെ കാത്തിരിക്കുന്ന ആ കന്യകയാണ് കന്യാകുമാരിയമ്മൻ. ദേവി പ്രസാധം കൊണ്ട് ഇവിടെ തർപ്പണം ചെയ്താൽ പാപമോക്ഷവും പരലോക പ്രാപ്തിയും ആണത്രെ ഫലം. അത് കൊണ്ട് തന്നെ ഇവിടെ ഭക്തസംഘങ്ങളുടേയും വൻ തിരക്കാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മുനമ്പ് എന്ന നിലയിൽ ചരിത്രത്തിൽ വളരെ പണ്ടു തന്നെ പുകൾപെട്ട തീരമാണ് കന്യാകുമാരി അല്ലെങ്കിൽ കേപ്പ് കൊമറിൻ, ചേര രാജാക്കന്മാരുടെ കാലത്ത് തന്നെ റോം, ഈജിപ്ത്, പേർഷ്യൻ രാജ്യങ്ങളുമായി കച്ചവട ബന്ധങ്ങളും കടൽമാർഗ്ഗ യാത്രകളും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.


സൂര്യൻ പടിഞ്ഞാറ് എത്തി കാർമേഘങ്ങൾക്കിടയിൽ കണ്ണ് പൊത്തിക്കളി നടത്തുന്നു, പാറക്കെട്ടുക്കൾ നിറഞ്ഞ തീരത്തെ തിരകൾക്ക് നല്ല ശക്തിയുള്ളത് പോലെ. ബീച്ചെന്ന് പറയാൻ ഇടം കുറവാണെങ്കിലും ഒരുപാട് പേർ തിരകളിൽ കളിക്കുന്നുണ്ട്, അഴകിന്റെ വർണ്ണക്കാഴ്ചകൾ ഒരുക്കി ഇരുട്ടിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് സൂര്യൻ വിടവാങ്ങിയപ്പോൾ കടൽ പോലെ തന്നെ മനസ്സും ഇരുട്ടിന്റെ നിശബ്ദതയിലേയ്ക്ക് ഊളിയിട്ട പോലെ.

പകൽ കടലിനെ പോലെയല്ല രാത്രിയിലെ കടൽ, ഉറക്കം വരാത്ത ഒരു വായാടി,  മറ്റുള്ളവരേയും ഉറക്കാതിരിക്കാൻ ഏതോ നീണ്ട കഥ പറയുന്നത് പോലെ തോന്നും. സൂര്യോദയം കാണാനുള്ള തിരക്കിൽ കണ്ണിറുക്കെ അടച്ച് ഉറക്കം നടിച്ച് കിടന്നു.


സൂര്യനുദിക്കുന്നതിനും അലാറമടിക്കുന്നതും മുന്നേ എഴുന്നേറ്റത് കുയിലിന്റെയും മയിലിന്റെയും മുഴങ്ങുന്ന ശബ്ദം കേട്ടാണ്, കടൽക്കാറ്റും കൊണ്ട് കിഴക്ക് നോക്കിയിരിക്കേ അവ്യക്തമായി ദൂരെ വേലി കെട്ടിയ വള്ളുവർ ശിലയും വിവേകാന്ദ പാറയും കണ്ടു. കാർമേഘങ്ങൾ ആകാശം നിറഞ്ഞു നിന്നത് ആശങ്കയുണർത്തി. മേഘങ്ങൾക്കിടയിലൂടെ ഒളികണ്ണിട്ട് എത്തി നോക്കി സൂര്യൻ ആകാശത്തേയ്ക്ക് ഉയർന്ന് പോയി, കന്യാകുമാരിയിലെ തെളിഞ്ഞ സൂര്യോദയം ഒരു തീരാക്കടമായി നിൽക്കട്ടെ എന്നാവും മനസ്സിൽ..

പീലിവിരിച്ചാടുന്ന ഒരു ആണ്മയിലും അഴക് കണ്ട് അടുത്തു കൂടിയ പെണ്മയിലുകളും ആ ദുഃഖത്തിന് ഒരൽപ്പം ശമനം തന്നു. വള്ളുവർ ശില നവീകരണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ അവിടേയ്ക്ക് പോവാൻ അനുമതിയുണ്ടായിരുന്നില്ല. 95 അടിയുള്ള പ്രതിമയും 38 അടിയുള്ള സ്തൂപവും ചേർന്ന് 133 അടി ഉയരമുള്ള ഈ ശില തമിഴ് കവിയും ജ്ഞാനിയും ആയ തിരുവള്ളുവരുടെ ബഹുമാനാർത്ഥം 2001 ജനുവരി ഒന്നാം തിയതി അനാവരണം ചെയ്യപ്പെട്ടതാണ്. ഉപ്പു വെള്ളത്തിൽ നിന്നും കടൽകാറ്റിൽ നിന്നുമുള്ള നാശങ്ങൾ പരിഹരിക്കാൻ നാല് വർഷത്തിലൊരിക്കൽ ഈ ശിലയിൽ കോൺക്രീറ്റ് മിനുക്കിപണികൾ നടത്തി പേപ്പർപൾപ്പ് കൊണ്ട് പൊതിയുന്നു, ഉണങ്ങിയ പേപ്പർ പൾപ്പ് ഉപ്പ് കാറ്റിന്റെ നശീകരണത്തെ ഒരു പരിധി വരെ തടയുന്നു.


വള്ളുവർ ശില കാണാൻ പറ്റാത്തതിലുള്ള സങ്കടം വിവേകാന്ദ പാറ കണ്ടു തീർക്കാം എന്ന ആശ്വാസവുമായി രാവിലെ എത്തിയതും കണ്ടത് ഒരു നീണ്ട ക്യൂ. വിവേകാന്ദ പാറ പച്ചയും കാവിയുമുടുത്ത് ദൂരെ നിന്ന് കൊതിപ്പിക്കുന്നു, നീന്തിയാലോ?, നീന്തിക്കയറി അവിടെ ചെന്നിരുന്നാൽ ഒരു ബോധോദയം ഉണ്ടായാലോ?



(തുടരും)

Thursday, November 23, 2017

ഒറ്റമുലച്ചി എരിച്ച നാട്ടിൽ മൂന്ന് മുലച്ചി രാജ്ഞി - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 2)


ദീപാവലി പിറ്റേന്ന് മധുരയിലെ ഇടവഴികളിലൊക്കെയും കരിമരുന്നിന്റെയും മുല്ലപ്പൂവിന്റെയും മണങ്ങൾ ഇടകലർന്ന് തങ്ങി നിന്നു. തലേന്ന് പുലരുവോളം ആകാശത്ത് മഴവില്ല് വിരിയിച്ചു കൊണ്ട് വർണ്ണക്കുടകളും ഇടിമുഴക്കം പോലുള്ള പടക്കങ്ങളും മാലപടക്കങ്ങളും തോരാതെ പൊഴിയുന്നുണ്ടായിരുന്നു.

നഗരം വൃത്തിയാക്കുന്ന നഗരസേവകരുടെ നീണ്ട ചൂലിന്റെ ഒച്ചയൊഴികെ നിശബ്ദമായ വഴികൾ.

ഓർക്കാനാവാത്തയത്ര വട്ടം മീനാക്ഷി ക്ഷേത്രം കണ്ടിട്ടുണ്ടെങ്കിലും, മനസ്സിൽ നിൽക്കുന്ന ഓർമ്മകളിൽ ആകാശത്തോളം ഉയരം തോന്നിക്കുന്ന ഗോപുരങ്ങളും അവയിലെ പാർവതീ അവതാരങ്ങളും മാത്രമേയുള്ളൂ

ആറടിക്ക് മേലെ ഉയരവും ഗണപതിയുടെ ഉണ്ണിക്കുടവയറും ഒക്കെയുള്ള ഗൈഡിന്റെ പേര് മണികണ്ഠൻ എന്നായതും ഒരു കുസൃതിയാണെന്ന് തോന്നി, പേരു കൊണ്ട് ചേട്ടനും രൂപം കൊണ്ട് അനിയനുമായവൻ മീനാക്ഷി-സുന്ദരേശനെ കാണിക്കാൻ ഞങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നു.

മീനാക്ഷി ക്ഷേത്രം ദീപാവലി കോലങ്ങളൊന്നും അഴിക്കാതെ തിരക്കൊഴിഞ്ഞ് അലസസുന്ദര നിശബ്ദതയിൽ ഏതോ രാഗവും കേട്ട് പ്രഭാതമാസ്വദിക്കുന്ന ദേവിയേ പോലെ.
കിഴക്കേ ഗോപുരം
മീനാക്ഷീ ക്ഷേത്രത്തിന് 3000 വർഷങ്ങൾക്ക് മേലെ പഴക്കം പറയുന്നുണ്ടെങ്കിലും ഇന്ന് കാണുന്ന ബ്രഹുത്തായ ക്ഷേത്രം പണിതതും ഒരു താമരയുടെ ആകൃതിയിൽ അതിന് ചുറ്റുമായി പുരാതന മധുരാ നഗരം പണിതീർത്തതും 16-ആം നൂറ്റാണ്ടിൽ വിശ്വനാഥ നായ്ക്കരാണ്. പതിനഞ്ച് ഏക്കറിലായി പതിനഞ്ച് ഗോപുരങ്ങളുമായി തലയുയർത്തി നിൽക്കുന്ന ഒരു ക്ഷേത്ര സമുച്ചയമാണ് മധുര മീനാക്ഷിയമ്മൻ കോവിൽ. കിഴക്കേ നടയിൽ രണ്ട് ഗോപുരങ്ങൾ ഉണ്ട്, വലുത് മീനാക്ഷിക്കും ചെറുത് സുന്ദരേശനും, ഇതും മധുരമീനാക്ഷിയുടെ മാത്രം പ്രത്യേകത.

മീനാക്ഷീ ക്ഷേത്രം കാണാനെത്തുന്നവർ ആദ്യം ചുറ്റമ്പലവും പിന്നെ അകം കാഴ്ചകളും ആഡംബരങ്ങളും കണ്ടിട്ട് വേണം മീനാക്ഷിയെ കാണാൻ, അതിനും ശേഷമാണ് ശിവദർശനം, വാശി പിടിച്ച പെണ്ണ് തന്നെ.

പൊൻതാമരൈ കുളം

കിഴക്കേ നടവഴി ടിക്കറ്റെടുത്ത് അകത്ത് കയറിയത് ‘പൊൻതാമരൈ‘ കുളത്തിന്റെ പടവുകളിലേയ്ക്കാണ്, ഇടത് വശത്ത് ഭസ്മക്കളത്തിന്റെ നടുക്ക് ഭസ്മത്തിലാറാടി ഒരു ഗണപതി ഇരുപ്പുണ്ട്. ഇദ്ദേഹമാണ് വിഭൂതി ഗണപതി, ഒരു പിടി വിഭൂതി വാരി അണിയിച്ചാൽ എല്ലാ പാപവും തീരുമെന്ന വിശ്വാസം കൊണ്ടാവും വല്ലാത്ത തിരക്ക്. മണികണ്ഠന്റെ സന്തോഷത്തിന് ഒരു പിടി ഭസ്മം ഗണപതിയെ അണിച്ചു.

തൊട്ടത്ത് ഒരു സ്വർണ്ണത്താമര കൊത്തിയ ചതുരതളിക, അതിൽ നിന്ന് ശ്രീ കോവിലിന് നേരെ നോക്കിയാൽ എഴുന്ന് നിൽക്കുന്ന ഗോപുരങ്ങൾക്ക് ഇടയിലൂടെ മീനാക്ഷീ ശ്രീകോവിലിന്റെ സ്വർണ്ണഗോപുരം എല്ലാ അഴകോടെയും കാണാം, പൊൻതാമരൈ കുളത്തിൽ പണ്ട് ഒരു പൊൻതാമര ഒഴുക്കിയിരുന്നു , അന്നത്തെ കാലത്ത് ഒരു കൃതിയുടെ മേന്മ നിശ്ചയിച്ചിരുന്നത് അത് ഈ താമരയ്ക്ക് മുകളിൽ വയ്ക്കുമ്പോൾ ജലത്തിന് മീതെ ഉയർന്ന് നിൽക്കുന്നുവോ എന്ന് നോക്കിയായിരുന്നു പോലും, തരം താണ കൃതികളും സൃഷ്ടികളും ജലത്തിലാഴ്ന്നും പോയിരുന്നു. തിരുവള്ളുവരുടെ തിരുവിളയാടൽ ഉയർന്നൊഴുകിയ സൃഷ്ടികളിൽ ഒന്നായിരുന്നുവെന്ന്.

കുളം ചുറ്റികയറി ചെന്നത് “കിളിക്കൂണ്ട്“ മണ്ഡപത്തിലേയ്ക്കാണ്, മധുരമീനാക്ഷിയുടെ പ്രിയപക്ഷിയാണ് പച്ചതത്ത. മീനാക്ഷിയെന്ന് എപ്പൊഴും ഉറക്കെ ചിലയ്ക്കുന്ന തത്തകളെ ഈ തൂണുകളിൽ തൂക്കിയിട്ടിരുന്നു പോലും.

കിളിങ്കൂണ്ട് മണ്ഡപം
മണികണ്ഠ കൃപ കൊണ്ട് സ്പെഷ്യൽ പാസിലും സ്പെഷ്യൽ എന്റ്രി കിട്ടി പത്ത് മിനിട്ടിനുള്ളിൽ പുറത്ത് കടന്നപ്പോൾ കുടുംബ ബന്ധങ്ങൾ കൊണ്ടുള്ള ഇളവുകളൊക്കെയാവാം എന്ന് ഓർത്ത് പോയി. ഈ മണ്ഡപത്തിനെ അഷ്ടശക്തി മണ്ഡപം എന്ന് വിളിക്കുന്നു, പാർവതിയുടെ എട്ട് അവതാരങ്ങളും പിന്നെ പുരാണങ്ങളിലെ പല കഥാപാത്രങ്ങളും ഉപദൈവങ്ങളുമായി പേരില്ലാത്ത ഒറ്റനേകം കഥാപാത്രങ്ങൾ അവിടെ കല്ലിൽ വിരിഞ്ഞിരിക്കുന്നു. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഒരു പ്രതിമ ഇവിടെ കാണാം, ഒരു ഗർഭിണിയായ യുവതിയുടേത്, വിശ്വാസികളായ ഗർഭിണികൾ ഈ വിഗ്രഹത്തിൽ നെയ്യൊഴിക്കുകയും നെയ്യും കുങ്കുമവും കലർന്ന കൂട്ട് നിറവയറിൽ പുരട്ടുകയും ചെയ്താൽ സുഖപ്രസവമാണത്രേ ഫലം, ഫലപ്രാപ്തിയുണ്ടായവർ പേരില്ലാത്ത പുള്ളത്താച്ചി അമ്മന് പാവാട കെട്ടുന്നു.

2006-ൽ നടന്ന മഹാകുംഭാഭിഷേകത്തിന്റെ ഭാഗമായി ക്ഷേത്രം കുറെ നവീകരിച്ചിരുന്നു, പെയിന്റ് കൊണ്ടൂള്ള പുതിയ ചിത്രങ്ങളുടേയും പച്ചക്കറി ഡൈ കൊണ്ടൂള്ള പഴയ ചിത്രങ്ങളൂടേയും വ്യത്യാസം കാട്ടിതന്നപ്പോൾ പഴയവയ്ക്കാണ് മിഴിവ് കൂടുതൽ എന്ന് തോന്നിപോയി. 360 ഡിഗ്രിയിൽ എവിടെ നിന്ന് നോക്കിയാൽ നേരെ കാണുന്ന ശിവലിംഗമായിരുന്നു പുതിയ ചിത്രങ്ങളിലെ ഒരു കൺകെട്ട് വിദ്യ, 3D പെയ്ന്റിങ്ങിന്റെ ഒരു മനോഹര മായാജാലം.

അഷ്ടശക്തി മണ്ഡപത്തിൽ നിന്ന് കടന്നെത്തുക കംബത്തടി മണ്ഡപത്തിലേയ്ക്കാണ്. പണ്ട് ഈ പ്രദേശം കദംബവനമായിരുന്നു പോലും, ഒരു സ്വംഭൂശിവലിംഗം കണ്ടെത്തിയതിനേത്തുടർന്നാണ് ഇവിടൊരു ശിവക്ഷേത്രം പണിതത് എന്ന് ഐതീഹ്യം, ഒറ്റക്കല്ലിലെ അതിഭീമൻ നന്തിയും എട്ടടിയുള്ള ദ്വാരപാലകന്മാരും ഒക്കെ സുന്ദരേശനായി ഇവിടെ വാഴുന്ന ശിവന്റെ ശ്രീകോവിലിന് കാവൽ നിൽക്കുന്നു.

നൃത്തത്തിന്റെ ദൈവം കൂടിയാണല്ലോ ശിവൻ, നടനമാടുന്ന ശിവരൂപമാണ് നടരാജൻ. നൃത്തം ചെയ്യുന്ന ശിവന് സംരക്ഷണത്തിന്റെ ലാസ്യഭാവവും നിഗ്രഹത്തിന്റെ താണ്ഡവഭാവവും ഉണ്ടാവാറുണ്ട്, മീനാക്ഷീ ക്ഷേത്രത്തിലെ മറ്റൊരു അപൂർവ്വ ശില്പമാണ് വലത് കാലുയർത്തി ലാസ്യനൃത്ത ഭാവത്തിൽ നിൽക്കുന്ന നടരാജവിഗ്രഹം, ശിവഭക്തനായ രാജശേഖരപാണ്ഡ്യൻ ഒരിക്കൽ ഇഷ്ടദേവനെ തൊഴാൻ എത്തിയപ്പോൾ തന്റെ പരാതികൾ പറയാതെ എത്രകാലമായി ശിവനിങ്ങനെ ഇടംകാലുയർത്തി നിൽക്കുന്നു, പാവത്തിന് എത്ര ബുദ്ധിമുട്ടുണ്ടായിരിക്കും എന്ന് വേദനിക്കുകയും ഭക്തമനസ്സ് കണ്ട ശിവൻ ഇടത് പാദം തറയിലമർത്തി വലത്പാദം ഉയർത്തുകയും ചെയ്തു പോലും, അങ്ങനെ ശിവൻ നൃത്തം ചെയ്ത മണ്ഡപത്തിനെ “കാൽ മാറി ആടിയ പാതാളം“ എന്ന് വിളിക്കപ്പെട്ടു.

മീനാക്ഷി-സുന്ദരേശൻ കല്യാണം
കംബത്തടി മണ്ഡപത്തിലെ മറ്റ് പ്രധാന ശില്പങ്ങൾ പ്രഹ്ളാദനെ രക്ഷിക്കുന്ന ശിവനും വിഷ്ണുവിൽ നിന്ന് സ്ത്രീധനം വാങ്ങുന്ന ശിവനും മീനാക്ഷീ സുന്ദരേശ കല്യാണവും മറ്റുമാണ്. സാധാരണയിൽ നിന്ന് വിപരീതമായി സുന്ദരേശന്റെ കൈകൾ മീനാക്ഷിയുടെ കൈയ്യിൽ പിടിച്ചു കൊടുക്കുന്ന വിഗ്രഹം ഒരു അപൂർവ്വതയാണ്. അതേസമയം പിൽക്കാലങ്ങളിൽ വരച്ചതെന്ന് കരുതപ്പെടുന്ന രാജകൊട്ടാരത്തിന്റെ ചിത്രങ്ങളിൽ മീനാക്ഷിയെ കൈപിടിച്ച് കൊടുക്കുന്നതായി വരച്ചതെന്തേ എന്ന് ചോദ്യത്തിന്, ചോദിക്കാൻ മീനാക്ഷിമാരില്ലാതെ പോയിരിക്കാം എന്ന് മണികണ്ഠൻ മറുപടി പറഞ്ഞു.

മീനാക്ഷിയുടെ ജനനത്തിന് കാരണമായ പുരാണം പറയുന്ന ശില്പങ്ങളാണ് ഊർത്തണ്ഡേശ്വര പെരുമാളും കാളിയമ്മനും. നാട്യശാസ്ത്രവിരുദ്ധമായി നൃത്തം ചെയ്യുന്ന ശിവനും പിണങ്ങി നിൽക്കുന്ന കാളിയും.

ആയിരം കാൽ മണ്ഡപം
കംബത്തടി മണ്ഡപത്തിൽ നിന്നിറങ്ങിയാൽ ചെല്ലുക ആയിരം കാൽ മണ്ഡപത്തിലേയ്ക്കാണ്. ഒറ്റക്കാലിൽ നിൽക്കുന്ന ഗണപതി, അർദ്ധനാരീശ്വരനായ ശിവൻ, പുരുഷസ്ത്രീസമ്മേളനമായ ബൃഹന്നള എന്നിങ്ങനെ കേട്ടിട്ടുള്ള കഥകൾ മുഴുവൻ കല്ലിൽ കൊത്തിയ ആയിരം കൽത്തൂണുകളുടെ മണ്ഡപം. ആയിരക്കണക്കിന് വർഷം പഴക്കമുള്ള വെങ്കലപ്രതിമകളും ക്ഷേത്രത്തിലെ പഴയകാല ചുവർചിത്രങ്ങളും ഒക്കെ ഇവിടെ പ്രദർശനമൊരുക്കിയിരിക്കുന്നു. ഇവിടുള്ള ശില്പങ്ങളിൽ ഏറ്റവും കൂടുതൽ പൂർണ്ണരൂപ വ്യാളീ ശില്പങ്ങളാണ്. മുതലയുടെ വായും സിംഹത്തിന്റെ തലയും കുതിരയുടെ ഉടലും വ്യാളിയുടെ വാലുമായി ഒരു സാങ്കല്പിക ജീവി.

മൂന്ന് മുലകളുള്ള മീനാക്ഷിയുടെ അപൂർവ്വ പ്രതിമയുടെ ഒരു പഴകിപൊടിഞ്ഞ ചിത്രവും മണികണ്ഠൻ കാട്ടിത്തന്നു, മീനാക്ഷിയെന്ന കൈലാസത്തോളം പോയി യുദ്ധം ചെയ്ത യുവരാജ്ഞിയുടെ കഥ കൂടുതൽ കൂടുതൽ കൗതുകമായി തോന്നി.

ഒറ്റമുലച്ചി കണ്ണകി എരിച്ച മധുരയിലെ മൂന്ന് മുലച്ചി റാണി.

മധുര മീനാക്ഷി 
കഥകളിലെ മീനാക്ഷി വെറും ഒരു രാജകുമാരിയല്ല, മക്കളുണ്ടാകാതിരുന്ന മലയദ്വജനും ഭാര്യ കാഞ്ചനമാലയ്ക്കും ഒരുപാട് യാഗങ്ങൾക്കും പ്രാർത്ഥനകൾക്കും കിട്ടിയത് ഒരു പെൺകുഞ്ഞ്, യാഗത്തീയിൽ നിന്നാണവൾ ജനിച്ചതെന്ന് ഐതീഹ്യം, പെൺകുഞ്ഞാണെന്നതും മൂന്ന് മാറുണ്ടായിരുന്നതും പരമ്പരയില്ലാതിരുന്ന രാജാവിനെ കൂടുതൽ ദുഃഖിതനാക്കി, അദ്ദേഹത്തിനുണ്ടായ സ്വപ്നത്തിൽ മീനാക്ഷി പാർവതീ അവതാരമാണെന്നും ശിവനുമായി കാണുന്നയന്ന് മൂന്നാം മുല ഉൾവലിഞ്ഞ് പൂർവ്വസ്ഥിതിയാവുമെന്നും കേട്ടുവത്ര.

മീനാക്ഷിയുടെ പതിനഞ്ചാം വയസ്സിൽ രാജാവ് മരിച്ചപ്പൊൾ യുവറാണിയായ മീനാക്ഷിയെ ‘ഇമൈ തൂങ്കാ ഇളവരസി‘ എന്നും വാഴ്ത്തിയിരുന്നുവത്രേ, ഊണും ഉറക്കവും ഉപേക്ഷിച്ച് മധുര വാണ റാണി. മധുരയുടെ ഐശ്വര്യവും പെരുമയും കേട്ട് രാജ്യം സ്വന്തമാക്കാനും രാജ്ഞിയെ സ്വന്തമാക്കാനും പലരും ശ്രമിച്ചെങ്കിലും മീനാക്ഷിയുടെ രാജ്യതന്ത്രത്തിനും ധൈര്യത്തിനും മുന്നിൽ പിടിച്ച് നിൽക്കാനാവാതെ അവരൊക്കെ പിന്തിരിഞ്ഞു, ഏറ്റവും അവസാനം വൈഗൈ കടന്നെത്തിയ സുന്ദരപാണ്ഡ്യരും റാണിയും ആദ്യകാഴ്ചയിലെ അനുരക്തരാവുകയും തന്റെ എല്ലാ പ്രതാപങ്ങളും മധുരയോട് ചേർത്ത് മീനാക്ഷിയുടെ കൂടെ വാഴാൻ സുന്ദരപാണ്ഡ്യർ തീരുമാനിക്കയും ചെയ്തു എന്ന് പഴങ്കഥകൾ.

പിന്നീടെപ്പോഴോ ആവാം മീനാക്ഷി പാർവതിയും സുന്ദരപാണ്ഡ്യൻ ശിവനും മാറ് മറയുന്നത് അടയാളവും ഒക്കെയായത്.

മധുരമീനാക്ഷീ ക്ഷേത്രം കണ്ടിറങ്ങുമ്പൊൾ ഒരു ക്ഷേത്രം കണ്ടിറങ്ങിയ പോലെയല്ല, മുത്തശ്ശിക്കഥകളുടെ ഒരു അത്ഭുതലോകത്തിൽ നിന്ന് പുറത്ത് വന്ന പോലെയാണ് തോന്നിയത്.

ഇനിയെന്നെങ്കിലും വരുമ്പോൾ ‘ആത്ത്ക്ക് വാങ്കെ (വീട്ടിലേയ്ക്ക് വരൂ) എന്ന് പറഞ്ഞ് മണികണ്ഠൻ യാത്ര പറഞ്ഞപ്പോൾ കൈലാസത്തിലേയ്ക്കോ ക്ഷണം എന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
മധുരൈ ഫേമസ് ജിഗർത്തണ്ട ഐസ്ക്രീം
വെയിലിന് ചൂട് വച്ചു തുടങ്ങിയിരിക്കുന്നു, നല്ല ജിഗർത്തണ്ട കുടിച്ചിട്ടാവാം ഇനി യാത്ര..

(തുടരും)