Friday, February 10, 2017

മരുഭൂമിയുടെ മടിത്തട്ടിലൂടെ- ഒരു രാജസ്ഥാൻ യാത്ര

മരുഭൂമിയുടെ മടിത്തട്ടിലൂടെ - ഭാഗം(1)


ഷാരൂഖ് ഖാനും റാണി മുഖർജിയും ലച്ചിയും പ്രേമുമായി അഭിനയിച്ച പഹേലി എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ?പുതുപെണ്ണിന്റെ മോഹങ്ങളും സ്വപ്നങ്ങളുമായി പടി കയറി വന്ന ലച്ചി, അവളുടെ കണ്ണിൽ പൊടിയുന്ന കണ്ണീർ കാണാതെ കല്യാണപിറ്റേന്ന് അഞ്ച് വർഷം നീളുന്ന വ്യാപാര യാത്രയ്ക്ക് പോവുന്ന കിഷൻലാൽ, അവളിൽ മോഹമുദിച്ച പ്രേതമായ പ്രേം, വ്യാപാരത്തിന് പോവുന്ന കിഷൻലാലിന്റെ രൂപത്തിലെത്തി അവളെ പ്രണയിക്കുന്ന കഥ..

ബഹുവർണ്ണ പാവകൾ പറയുന്ന ആ ഫാന്റസി കഥ, കഥകളിഷ്ടപെടുന്നവരെല്ലാം ഒരു വട്ടമെങ്കിലും കണ്ടിട്ടുണ്ടാവും.

രാജസ്ഥാനിന്റെ മിസ്റ്റിക്ക് സൗന്ദര്യവും അവിടുത്തെ ജന ജീവിതങ്ങളുടെ വർണ്ണപൊലിമയും അത് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞ ഒരു നല്ല ചിത്രമായിരുന്നു ‘പഹേലി‘.


ലച്ചി-പ്രേം പ്രേമകഥയിലെ കാറ്റ് കഥയെഴുതുന്ന മരുഭൂമിയും കല്ലിൽ കവിത പോലെയെഴുതിയ ജനല്പാളികളും കഥയേക്കാളെറെ വശ്യമനോഹരങ്ങളായിരുന്നു.


അഴകിന്റെ ആൾരൂപങ്ങളായ സുന്ദരികൾ, അകത്തളങ്ങളിൽ ആയിരമായിരം കഥകളുറങ്ങുന്ന അഃന്തപുരങ്ങൾ.. രാജസ്ഥാൻ എന്നും എനിക്കും ഒരു സ്വപ്നഭൂമിയായിരുന്നു..വർഷങ്ങൾക്ക് മുൻപൊരിക്കൽ സൂര്യൻ മദപ്പാടിൽ നിന്ന ഒരു ഏപ്രിൽ മാസത്തിൽ ജയ്പൂർ പോയി സൂര്യാഘാതമേറ്റ് തളർന്ന ഓർമ്മകളിൽ പോലും രാജകൊട്ടാരങ്ങളും വർണ്ണ തലപ്പാവ് കെട്ടിയ കൊമ്പൻ മീശയുള്ള പുരുഷന്മാരും നേരിയ ചുന്നി കൊണ്ട് മുഖം മറയ്ക്കുന്ന സ്ത്രീകളും മരുഭൂമിയും മണല്പരപ്പും നിറഞ്ഞ രാജസ്ഥാൻ എന്നെങ്കിലുമൊരിക്കൽ പോവാൻ കൊതിച്ച സ്ഥലങ്ങളിൽ തലപ്പത്ത് തന്നെയായിരുന്നു.


രണ്ടായിരത്തി പതിനഞ്ചിലെ പുരി-വിശാഖപട്ടണം യാത്രയ്ക്ക് ശേഷം നാടൊടികൂട്ടം രാജസ്ഥാൻ തിരഞ്ഞെടുത്തപ്പോൾ മുതൽ മനസ്സിൽ വീണ്ടും സിന്ധി സാരംഗിയും എക്താരയും മൂളി തുടങ്ങി. ശരിക്കും ഞങ്ങളൊരു നാടൊടി സംഘം തന്നെയാണ്, കുഞ്ഞുകുട്ടി പരാധീനങ്ങളും അരി മുതൽ അങ്ങാടി മരുന്ന് വരെ ഭാണ്ഡത്തിലാക്കി യാത്ര പോകുന്നവർ.

രാജസ്ഥാനിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരു റോഡ് ട്രിപ്പ്.. ബാംഗളൂരിൽ നിന്ന് അവിടെ വരെ റോഡ് മാർഗം എത്തിച്ചേരാനുള്ള സമയം, ഒക്കെയും മുറുക്കി കെട്ടി രണ്ടാഴ്ചയിലൊതുക്കി ഞങ്ങൾ പുറപ്പെടുമ്പോൾ സൂര്യന്റെ ചൂട് പകർന്നൊഴുകുന്ന നാട്ടിൽ കുളിരിന്റെ ചെറിയ തണൽ പരപ്പുകളേ ഉണ്ടാവൂ എന്നായിരുന്നു പ്രതീക്ഷ.. വെന്തുരുകുന്ന വംഗനാട്ടിലേയ്ക്കുള്ള യാത്രയിൽ കെട്ടിപെറുക്കാനുള്ള കമ്പിളി കുപ്പായങ്ങളിൽ പിശുക്ക് കാണിച്ചതും അത് കൊണ്ട് തന്നെയാണ്..


എത്ര കുറച്ചാലും കുറഞ്ഞ് കാണാത്ത കുട്ടിക്കുപ്പായങ്ങളും വഴിയാത്രയ്ക്കുള്ള ചെറുകടികളും ഒക്കെ പെറുക്കി കെട്ടി അങ്ങനെ നാടൊടികൂട്ടം മൂന്ന് വണ്ടികളിലായി യാത്ര തുടങ്ങി.


ബാജ്ര റൊട്ടിയും കെരെ സാഗ്രിയും കഴിക്കുന്നവരുടെ, എക്താരയുടെ പതിനാറ് തന്ത്രികളിൽ ഈണം മീട്ടുന്നവരുടെ നാട്ടിലേയ്ക്ക്..


കട്പുതലികൾ കഥ പറയുന്ന നാട്ടിലേയ്ക്ക്(തുടരും..)1 comment: