Monday, April 23, 2018

മരണ മണമുള്ള ഇടനാഴികൾ- പവിഴദ്വീപുകളുടെ പറുദീസ (ഭാഗം-2)ഇടവപ്പാതിയിലെ ഇടവിട്ട് പെയ്യുന്ന മഴയിൽ പിന്നെയും പിന്നെയും കുതിർന്ന് കിടക്കുന്ന അയയിലെ തുണി പോലെ പോർട്ട്ബ്ളെയർ. പക്ഷേ ചൂടിന് കുറവൊന്നും ഇല്ല, നാല് ചുറ്റും പൊതിഞ്ഞ് കിടക്കുന്ന കടലിൽ നിന്നടിക്കുന്ന ഉപ്പ് കാറ്റിൽ വിയർപ്പ് കിനിഞ്ഞിറങ്ങും.

പ്രതീക്ഷിച്ചതിനേക്കാൾ വളരെ താമസിച്ച് പോർട്ട്ബ്ളെയർ എയർപോർട്ടിൽ എത്തിയ ഞങ്ങൾക്ക് മുന്നിൽ ആരോടും പ്രത്യേക പരിഗണന ഒരിക്കലും കാണിക്കാത്ത സമയം ഒരു മഹാസമസ്യയാണ് അവതരിപ്പിച്ചത്.. വയറ്റിൽ വിശപ്പിന്റെ നീരാളികൾ കൈയ്യേറ്റം തുടങ്ങിയിരുന്നെങ്കിലും ആഹാരം കഴിക്കണോ ആൻഡമാൻ ദ്വീപുകളെ ഇന്ത്യൻ ചരിത്രത്തിൽ പ്രതിഷ്ഠിക്കുന്ന സെല്ലുലാർ ജെയിൽ സൂര്യവെളിച്ചത്തിൽ കാണണോ എന്ന ചോദ്യത്തിന് മുന്നിൽ വിശപ്പിന് തോൽവി സമ്മതിക്കേണ്ടി വന്നു.

ഇങ്ങനെയുള്ള സമയത്താണ് നല്ല തമിഴ് ബ്രാഹ്മണർ സഹയാത്രികരായാലുള്ള ഗുണമനുഭവിക്കുക. അലാവുദ്ദീന്റെ അത്ഭുതവിളക്ക് പോലെ, “ഇട് കുടുക്കേ ചോറും കറിയും“ എന്ന മന്ത്രവാക്യത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വിസ്മയങ്ങൾ പോലെ, സ്നേഹമുള്ള അവരുടെ ബാഗുകളിൽ നിന്ന് ഇടവേളകളിൽ വീട്ടിലുണ്ടാക്കിയ മുറുക്കും ചീവ്ടയും പരിപ്പ് വറുത്തതും പുറത്ത് ചാടി വിശന്ന് ചൂളം വിളിക്കുന്ന വയറുകളിലേയ്ക്ക് ആത്മാഹൂതി ചെയ്തു കൊണ്ടിരുന്നു.

ആൻഡമാനിലെ സൂര്യൻ 5:30 ന് യാത്ര പറയും, സൂര്യൻ മാത്രമല്ല ഇവിടുത്തെ ജനങ്ങളും ഒരു പകലിൽ നിന്ന് അടുത്ത പകലിലേയ്ക്ക് അല്പം സാവധാനം സഞ്ചരിക്കുന്നവരാണെന്ന് തോന്നും, എത്ര വേഗം ഓടിയിട്ടെന്ത് കാര്യം, ആ കടലോളം മാത്രമല്ലേ എന്നൊരു നിസംഗതയുള്ളത് പോലെ.

അത് തന്നെയാണല്ലോ ഇന്ത്യയുടെ ഇരുണ്ട യുഗത്തിൽ കാലാ പാനിയെന്ന് അറിയപ്പെടുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക്, പീഡനങ്ങൾക്ക് സാക്ഷിയായ ഈ കുപ്രസിദ്ധ ജയിൽ ഇവിടെ പണിയാൻ ബ്രിട്ടീഷ് രാജിനെ പ്രേരിപ്പിച്ചത്, കാടിനുള്ളിലേയ്ക്കോടിയാൽ നരഭോജികളായ കാട്ടുമനുഷ്യരും കടലിലേയ്ക്ക് ചാടിയാൽ കൂർത്ത പവിഴപ്പുറ്റുകളും കൊല്ലുന്ന ഒരിക്കലും രക്ഷപെടാൻ പറ്റാത്ത തടവിന്റെ തുരുത്ത്.

ഓക്കിയുടെ മഴ കാരണം മൊത്തത്തിൽ തിരക്ക് കുറഞ്ഞ ക്യൂവിൽ നിന്ന് ടിക്കറ്റ് വാങ്ങി അകത്ത് കടന്നു. പ്രവേശനകവാടത്തിനടുത്ത് തന്നെയുള്ള മുറികൾ പഴയ ഓഫീസർ വസതിയാണ്, ഇന്ന് ഇരുവശത്തേയും താഴേ തട്ടുകൾ മ്യൂസിയങ്ങൾ ആക്കിയിരിക്കുന്നു. വലത് വശത്ത് ജയിലിന്റെ ചരിത്രവും അവിടെ തങ്ങിയിരുന്ന പ്രമുഖരുടെ പേരു വിവരങ്ങളും ജയിൽ വാസികളുടേയും വാർഡന്മാരുടേയും യൂണിഫോമുകളും തടവുമുറിയുടെ വലിയ താഴും തോക്കുകളും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇടത് വശത്തെ മുറികളിൽ ആൻഡമാന്റെ ചരിത്രം ആസ്പദമാക്കി പലരും വരച്ച ചിത്രങ്ങളും ചരിത്ര നിമിഷങ്ങളുടെ ഫോട്ടോകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഓഫീസറുടെ വസതിയിൽ നിന്നും ജയിലിനകത്തേയ്ക്കുള്ള വാതിലിന് രണ്ട് ഇരുമ്പ് കതകുകളുടെ ഉറപ്പ് കൊടുത്തിരുന്നുവെന്ന് കണ്ട്, ഒരർത്ഥത്തിൽ ഈ നരകതീരത്തിലെ തടവുകാരനായിരുന്നുവല്ലോ അയാളും എന്ന് ചിന്തിച്ചു പോയി.


ഓഫീസർ വസതിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ കാണുന്ന അതിവിശാലമായ വെള്ള മാർബിൾ പ്ളാറ്റ്ഫോം അന്നത്തെ പാചകശാലയുടെ സ്ഥാനമാണ്, ഇന്ന് അവിടെ വിശിഷ്ട ദിവസങ്ങളിൽ സമ്മേളനം നടത്തുന്നു. അതിനിരുവശത്തുമായി കെടാത്ത സ്വാതന്ത്ര്യ ശിഖ കത്തി നിൽക്കുന്നു. ഈ വിളക്കുകൾ കെടാതെ കത്താനുള്ള 17 എൽ.പി.ജി സിലിണ്ടറുകൾ വർഷാവർഷം കൊടുക്കന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്.

ജയിലിന്റെ ചരിത്രവും നാൾവഴികളും കഥകളും പറഞ്ഞും കാട്ടിയും തരാൻ വാക്ചാതുര്യമുള്ള ഗൈഡുകളുടെ സേവനം ലഭ്യമാണ്. ജെയിംസ് എന്ന ഗൈഡിനെ കണ്ടതും ഇയാൾക്കൊരു മലയാളിത്വമുണ്ടല്ലോ എന്ന് തോന്നി, ആൻഡമാനിലെ ജനങ്ങൾക്ക് പറഞ്ഞ് രസിക്കാൻ പാരമ്പര്യത്തിന്റെ ഭാരകണക്കുകൾ ഇല്ലല്ലോ, മൂന്നോ നാലോ തലമുറകൾക്ക് മുന്നേ മെയിൻലാൻഡിൽ നിന്ന് വന്ന തടവുകാരുടേയും സഹായികളുടേയും പണിക്കാരുടേയും പലായനം ചെയ്തവരുടേയും പിന്മുറക്കാരാണവർ. ചടുലവും പ്രൗഡവുമായ ഇംഗ്ളീഷ് ഭാഷയുടെ വാഗ്ധോരണി കേട്ട് ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു,

ആദ്യം കയറിയത് തൂക്ക് മാടത്തിലേയ്ക്കാണ്, അതേ തൂക്കികൊലയ്ക്കൊരു വീട്, കാരണം ഒരേ സമയം മൂന്ന് പേരെ വരെ തൂക്കിക്കൊന്നിരുന്നുവത്രേ, രണ്ട് നിലകളിലായി പണിതിരിക്കുന്ന അറയുടെ തറനിരപ്പിലുള്ള മേൽത്തട്ടിൽ ഉറപ്പിച്ച കമ്പിയിൽ തൂക്ക്കയർ പ്രദർശിപ്പിച്ചിട്ടുണ്ട്. മരണമുറപ്പ് വരുത്താൻ കഴുത്തിലേയ്ക്ക് മുറുകുന്ന കുരുക്കിന്റെ മുകളറ്റത്ത് കഴുത്തെല്ല് ഒടിക്കാൻ പരുവത്തിൽ ഒരുക്കിയിരിക്കുന്ന ലോഹക്കമ്പി കണ്ട് നട്ടെല്ലിലൂടെ ഒരു വിറയൽ പോയ പോലെ. തടി കൊണ്ടുണ്ടാക്കിയ മുറിയുടെ വിടവുകൾ അടച്ചിരുന്നില്ല, മരിക്കുന്നവന്റെ വെപ്രാളങ്ങൾ എല്ലാ ഭീകരതയോടും കൂടി പുറത്തുള്ളവരിൽ എത്താനായിട്ട് തുറന്നിട്ടിരുന്നതാണവ. ജീവനറ്റ ശരീരങ്ങൾ വീഴാനായി താഴെയൊരു കുടുസ്സ് മുറിയുണ്ട്. അവിടെ വീഴുന്ന ശരീരങ്ങൾ എടുത്ത് കൊണ്ട് പോയി കൂട്ടമായി കുഴിച്ച് മൂടുന്ന പുറമ്പോക്കാണ് തൊട്ടപ്പുറത്തെ കാട്.

നട്ടെല്ലിലപ്പോഴും തോന്നുന്ന തണുപ്പുമായ് നടന്ന് കയറിയത് അന്നത്തെ തൊഴിൽ പുരയിലേയ്ക്കാണ്. കാലാപാനി ചിത്രത്തിൽ കാണിക്കുന്ന ജയിലർ വാക്കറുടെ കുപ്രസിദ്ധ കസേര അതിനുള്ളിൽ വച്ചിട്ടുണ്ട്. തെങ്ങുകൾ ഒരുപാടുണ്ടായിരുന്ന ആൻഡമാനിൽ തടവുകാരെ ഏറ്റവും കൂടുതൽ പണിയെടുപ്പിച്ചിരുന്നത് ചക്കിൽ എണ്ണയാട്ടാനും തൊണ്ട് തല്ലിപ്പിരിച്ച് കയറുണ്ടാക്കാനും ആയിരുന്നു. ഒരിക്കലും തീർക്കാനാവാത്ത ജോലിഭാരവും അതികഠിനമായ ശിക്ഷകളും അവിടുത്തെ ജീവിതരീതി ആയിരുന്നു. അതിഭീകര പീഡനങ്ങളൂടെ കഥകളും അതിനെ അതിജീവിക്കാനാവാതെ മാനസിക നില തെറ്റി പോയവരുടെ കഥകളും കേട്ട് എത്ര പ്രാവശ്യം കണ്ണ് നിറഞ്ഞുവെന്നും തൊണ്ടയടഞ്ഞുവെന്നും അറിയില്ല. തനിക്ക് വേണ്ടിയല്ലാതെ സ്നേഹിക്കുന്ന നാടിന് വേണ്ടി പ്രഹരമേറ്റവർ, ജീവൻ കൊടുത്തവർ, ഭ്രാന്തരായവർ, എന്തായിരിക്കും അവർ ആഗ്രഹിച്ചിട്ടുണ്ടാവുക.. സ്വന്തം ജീവനെ കുരുതി കൊടുത്ത് നേടിയ സ്വാതന്ത്ര്യം എന്തായിരിക്കും എന്നാവും അവർ സ്വപ്നം കണ്ടിട്ടുണ്ടാവുക, നെറികെട്ട പിൻതലമുറകളെ കണ്ട് അവർ ശപിക്കുന്നുണ്ടാവും.

പണിശാലയിൽ നിന്നിറങ്ങി നടന്നത് ജയിൽ വിങ്ങിലേയ്ക്കാണ്. ഒത്തനടുക്കുള്ള ക്ലോക്ക് ടവറിൽ നിന്ന് ഏഴ് ശിഖരങ്ങളായി മൂന്ന് നിലകളിൽ പടർന്ന് കിടക്കുന്ന പോലെ പണികഴിപ്പിച്ച ജയിലിൽ 693 മുറികളാണുണ്ടായിരുന്നത്. 14X8 ന്റെ ഓരോ മുറിക്കും വെറും ഒന്നരയടി വീതിയുള്ള അഴിവാതിലും മറുവശത്തേ ഭിത്തിയിൽ മൂന്നടി പൊക്കത്തിൽ ഒരു ഇടുങ്ങിയ ജനലും. വിങ്ങുകളെ ക്ളോക്ക് ടവറിൽ നിന്ന് വേർപെടുത്തുന്ന തടിപ്പാലങ്ങൾ ഓരോ വിങ്ങിനേയും വേർതിരിക്കാനും ഒറ്റപ്പെടുത്താനും ഉപയോഗിച്ചു. ഏകാന്തതടവായിരുന്നു എല്ലാ തടവുകാർക്കും. സവർക്കർ സഹോദരങ്ങൾ മൂന്ന് വർഷത്തോളം ഒന്നിച്ചുണ്ടായിട്ടും അറിഞ്ഞിരുന്നില്ല പോലും.


ജയിലിന്റെ ഏഴിൽ മൂന്ന് ശിഖരങ്ങളെ ഇപ്പോഴുള്ളൂ, മറ്റുള്ളവ തകർന്നപ്പോൾ ആ ഭാഗത്ത് പോർട്ട്ബെളെയർ മെഡിക്കൽ കോളേജ് പണിതിരിക്കുകയാണ്, ക്ളോക്ക് ടവറിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ അടുത്തും ദൂരത്തുമായി കുറേ ദ്വീപുകൾ കാണാം, അവിടേയ്ക്ക് നീന്താനാവില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇവിടെ ഭരിച്ചിരുന്ന മനുഷ്യരിലും ക്രൂരത കാട്ടാൻ ഈ കടലിനാവും എന്ന് ജെയിംസ് ജീവനെടുക്കുന്ന കൂർത്ത പവിഴപ്പുറ്റുകളെ മനസ്സിൽ വച്ച് പറഞ്ഞത്.

ക്ളോക്ക് ടവറിന്റെ മൂന്ന് നിലകളിലും വലിയ ഫലകങ്ങളിലായി അവിടെ ജയിലിൽ കിടന്നവരുടെ പേരു വിവരങ്ങളുണ്ട്, പ്രമുഖരിൽ V D Savarkar, ഭഗത് സിങ്ങിന്റെ ഇരു സുഹൃത്തുക്കൾ, യോഗേന്ദ്ര ശുക്ള അങ്ങിനെ ഒരുപാട് പേരുകൾ. ശിപായി ലഹള മുതൽ ബ്രിട്ടീഷ് ഭരണകൂടം ഈ ദ്വീപുകൾ നാട്കടത്തലിനും ശിക്ഷയ്ക്കും ഉപയോഗിച്ചതിനാൽ ഇതിൽ പേരില്ലാത്ത ഇതിലെത്രയോ ഇരട്ടി ആളുകളുണ്ടായിരിക്കണം.

കേട്ടകഥളിലും കെട്ടുകഥകളിലും ഒക്കെയായി ചരിത്രം പടർന്നു കിടപ്പൂണ്ട്, എങ്കിലും സ്വകാര്യ ലാഭമല്ലാത്ത ഒരു സ്വപ്നത്തിന് ജീവൻ ബലികൊടുത്ത, ഒരടിയെങ്കിലും വാങ്ങിയ ഒരാൾ പോലും നിന്ദിക്കപ്പെടരുതെന്ന് യാത്രാമൊഴിയെന്ന പോലെ പറഞ്ഞ ജെയിംസിനോട് മെയിൻലാന്റിൽ പൂർവ്വപിതാക്കന്മാർ എവിടെയായിരുന്നു എന്നറിയാമോ എന്ന് ചോദിച്ചപ്പോൾ കോയമ്പത്തൂർ എന്ന് പറഞ്ഞു..

ജയിൽ കണ്ടിറങ്ങുമ്പോഴേയ്ക്കും സൂര്യൻ അസ്തമിച്ചിരുന്നു, ഇരുണ്ട കാലത്തിന്റെ ഒറ്റപ്പെടലിന്റെയും വേദനയുടേയും നിശ്വാസമടിച്ച ഇടനാഴികളിലൂടെ നടന്ന് എപ്പൊഴോ വിശപ്പ് കെട്ടിരുന്നു, തല നേരെ നിർത്താൻ രണ്ട് സ്റ്റ്രോങ്ങ് കാപ്പിയും കുടിച്ച് തിരിച്ചെത്തിയപ്പോഴേയ്ക്കും ലൈറ്റ് അൻഡ് സൗണ്ട് ഷോയ്ക്കുള്ള സമയമായിരുന്നു.


ജയിലിന്റെ നടുത്തളത്തിൽ നിൽക്കുന്ന ആൽമരമാണ് കാഥികൻ. ആ ആൽമരത്തിന് നൂറിലേറെ വർഷം പഴക്കം ഉണ്ട് പോലും, അത് കണ്ടത്ര മനുഷ്യന്റെ കണ്ണീരും വ്യഥകളും കണ്ടവരാരുണ്ടാകും. ഹിന്ദി സിനിമയിലെ അമൂല്യനിധിയായ ഓം പുരിയുടെ ശബ്ദം തന്നെ ഉപയോഗിച്ചതും ഷോ ഹൃദ്യമാക്കി. വേദനയുടെ അറ്റമില്ലാത്ത കഥകൾ കേട്ട് മാനത്തെ കാർമേഘങ്ങൾ പോലും കരഞ്ഞ് പോയി, ആർത്തലച്ച് പെയ്ത ഒരു മഴ മുഴുവൻ നനഞ്ഞ് നിന്ന് ആ ഷോ കണ്ട് തീർക്കുമ്പോൾ മനസ്സിൽ നിറഞ്ഞത് കുറ്റബോധം മാത്രമായിരുന്നു.. എത്രയെത്ര പേരില്ലാത്ത, നാൾവഴികളിൽ രേഖപെടുത്താത്ത മനുഷ്യജന്മങ്ങൾ സ്വയം ബലി കൊടുത്ത് വാങ്ങി തന്ന ഈ സ്വാത്രന്ത്യം എത്ര നിസ്സാരമായാണ് നമ്മളൊക്കെ അനുഭവിക്കുന്നത്, കൊടും പീഡനങ്ങൾ അറിയാത്ത ഒരു തലമുറയുടെ ശാപം..

മഴയിൽ കുതിർന്ന്, വിശന്ന് നടക്കുമ്പോൾ ആദ്യം കയറിയ ശുദ്ധ വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശ കഴിക്കാനുള്ള വൈമുഖ്യം വയറും മനസ്സും പരാതിയായി നീട്ടിപ്പരത്തി പറഞ്ഞു. അപ്പോഴാണ് നല്ല പാലപ്പത്തിന്റെയും നാടൻ കോഴിക്കറിയുടെയും മണം മൂക്കിലേയ്ക്ക് അടിച്ച് കയറിയത്, കൂട്ടത്തിലുള്ള മസാലദോശപ്രിയരോട് എന്നെ ഹോട്ടലിൽ നോക്കിയാൽ മതിയെന്ന് പറഞ്ഞ് കോയീന്റെ മണം വന്ന ദിക്ക് നോക്കി ഞാൻ നടന്നു.

(തുടരും..)


Tuesday, April 17, 2018

വംഗസാഗരത്തിന് ഒരു പ്രണയദൂത് - പവിഴദ്വീപുകളുടെ പറുദീസ(ഭാഗം 1)


രാമേശ്വരത്ത് നിന്ന് തിരിച്ചു പോരുമ്പോഴും മനസ്സിൽ നിറഞ്ഞ് നിന്നത് എല്ലാം ഉള്ളിലൊതുക്കിപ്പിടിച്ച് മൗനിയായ പോലെ കിടന്ന വംഗസാഗരത്തിന്റെ വശ്യനീലിമയാണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ, അങ്ങോട്ടേയ്ക്ക് പോവാൻ ഒരു അവസരം ഒത്തുവന്നപ്പോൾ ചേർത്ത് വച്ചിരുന്ന മൺകുടുക്കകളൊക്കെ പൊട്ടിക്കാൻ മനസ്സൊട്ടും അമാന്തിച്ചില്ല.

ഡിസംബറിന്റെ ആദ്യവാരം പുറപ്പെടാൻ രണ്ടു മാസം മുൻപ് തൊട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഭാണ്ഡം പക്ഷേ നിരാശയിൽ കുതിർന്ന് ഒഴുകിപോവുമോ എന്ന ആശങ്കയായിരുന്നു ഒക്ടോബറിൽ ഓക്കിയുടെ ഹുങ്കാരം കേട്ട് തുടങ്ങിയപ്പോൾ. ന്യൂനമർദ്ദം ഉരുവെടുക്കുന്നതിന്റെയും കാറ്റിന്റെയും മഴയുടേയും വാർത്തകൾക്ക് മേലെ എന്റെ ആൻഡമാൻ സ്വപ്നം ഒരു മഴവില്ല് പോലെ തെളിയാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ.

യാത്ര പ്രണയമായ ഒരു കൂട്ടം സ്ത്രീകളുടെ കൂടെ അതിരാവിലെ ബാംഗളൂർ എയർപോർട്ടിൽ എത്തുമ്പോഴും മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. നാലഞ്ച് നാളായി നിർത്തിവച്ചിരുന്ന പോർട്ട്ബ്ളെയർ സർവ്വീസ് ഇന്നലെ മുതൽ പുനഃരാരംഭിച്ചിരിക്കുന്നു എന്നും യാത്രാ താമസം പ്രതീക്ഷിക്കാം എന്നുമൊക്കെയുള്ള എസ്.എം.എസ്സുകൾ മനസ്സിനെ ഒരു തരത്തിലും സമാധാനിപ്പിക്കുന്നവ ആയിരുന്നില്ല.

എയർപോർട്ടിൽ യാത്രാസംഘത്തിലെ പന്ത്രണ്ട് പേരിലെ ആദ്യ എട്ട് പേർ ഒന്ന് ചേർന്നപ്പോൾ ആശങ്കകളൊക്കെ തമാശകളുണർത്തിയ പൊട്ടിച്ചിരിയിൽ ഒലിച്ച് പോയി. ഓർമ്മയിലാദ്യമായാണ് ഒരു ചുഴലികാറ്റിന് ഒരു പുരുഷന്റെ പേര് കേൾക്കുന്നത്, അത് കൊണ്ട് തന്നെ പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും എന്ന പേടി വേണ്ട, വടി വയ്ക്കുന്നിടത്ത് കുട വയ്ക്കാത്ത കൂട്ടരാണല്ലോ എന്ന മുതിർന്ന കൂട്ടുകാരിയുടെ ഉള്ള് തുറന്ന അഭിപ്രായപ്രകടനം കേട്ട് ഞങ്ങളൊക്കെ ആർത്ത് ചിരിച്ചുവെങ്കിലും ഓക്കി വാക്ക് പാലിച്ചാൽ മതിയെന്ന ഒരു പ്രാർത്ഥനയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

500-ൽ പരം ദ്വീപുകളിലായി ചിതറി കിടക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ 36-ൽ താഴെ ദ്വീപുകളിൽ മാത്രമേ മനുഷ്യവാസമുള്ളൂ. അതിൽ തന്നെയും സ്വകാര്യ ദ്വീപുകളും നിയന്ത്രിത മേഖലകളും ഒഴിവാക്കിയാൽ 25-ൽ താഴെ ദ്വീപുകളിലായാണ് ഈ യൂണിയൻ ടെറിറ്ററിയിലെ ഭൂരിഭാഗം മനുഷ്യവാസവും.

ആൻഡമാൻ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട്ബ്ളെയറിലാണ് ആൻഡമാനിലെ ഒരെയൊരു എയർപോർട്ടായ വീർ സവർക്കർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്, ഇവിടേയ്ക്ക് ചെന്നൈ, കൊൽക്കട്ട, ബാംഗളൂർ എന്നിവിടങ്ങളിൽ നിന്ന് ദിവസേന ഫ്ളൈറ്റുകൾ ഉണ്ട്. ചെന്നൈയിൽ നിന്നും കൊൽക്കട്ടയിൽ നിന്നും കപ്പൽ മാർഗ്ഗവും പോർട്ട്ബ്ളെയറിൽ എത്താം. ലോ ബഡ്ജറ്റ് വിമാനക്കമ്പനികളുടെ മത്സരവിപണം കാരണം എയർടിക്കറ്റിലെ നിരക്ക് കുറവും, 45 മിനിറ്റിന്റെ ഹൃസ്വദൈർഘ്യവും വിമാനയാത്ര കൂടുതൽ സ്വീകാര്യമാക്കുന്നു,

ഇടറിവീഴുന്ന മഴയും തെളിയാത്ത ആകാശവും കാരണം താമസിച്ചുവെങ്കിലും അവസാനം ഞങ്ങളേയും കൊണ്ട് വിമാനം ആകാശത്തേയ്ക്കുയർന്നപ്പോൾ ആൻഡമാൻ ഒരു സ്വപ്നം അല്ലെന്നും ഇന്ത്യൻ ഉപഭൂഖണ്ഡം വിട്ട് ഞാൻ ആദ്യമായി പുറത്തേയ്ക്ക് പോവുന്നു എന്നും മനസ്സിൽ വെളിപാടുണ്ടായി.


വിമാനം ഇടയ്കിടെ എയർപോക്കറ്റിൽ വീണ് കുലുങ്ങുമ്പോഴൊക്കെ സീറ്റ് ബെൽറ്റിടാനുള്ള നിർദ്ദേശങ്ങളും പുറത്തെ മഴയെ പറ്റിയുള്ള വിവരങ്ങളും ഒക്കെ പൈലറ്റ് തന്ന് കൊണ്ടിരുന്നു.

ജനൽചില്ലിലേയ്ക് വീണ് പലവഴി ഒഴുകിപരക്കുന്ന മഴനൂലുകൾ കണ്ട് ആസ്വദിക്കാതിരുന്ന ജീവിതത്തിലെ ചുരുക്കം ചില അവസരങ്ങളിൽ ഒന്നായിരുന്നോ അത്. മനസ്സിൽ മുടങ്ങാൻ പാടില്ലാത്ത ഒരു യാത്രയുടെ, നീലക്കടലിനടിയിലേയ്ക്ക് ഊളിയിടുന്ന സ്വപ്നം മാത്രം..

മടുപ്പിക്കുന്ന ഉദ്വേഗത്തിന്റെ അവസാനിക്കാത്ത ഒരു മണിക്കൂറിന് ശേഷം വിമാനം മഴമേഘക്കൂടാരത്തിനകത്ത് നിന്ന് താഴേയ്ക്കിറങ്ങുമ്പോൾ പ്രകൃതി കാത്ത് വച്ചിരുന്നത് ഒരു അവിസ്മരണീയ സമ്മാനം ആയിരുന്നു, പവിഴദ്വീപുകളുടെ ആകാശക്കാഴ്ച.

ഇന്ദ്രനീലക്കടലിന്റെ നെഞ്ചിലെ പവിഴമാല പോലെ തൊട്ട് തൊട്ട് കിടക്കുന്ന പവിഴദ്വീപുകൾ. കിലോമീറ്ററുകളോളം നീണ്ട സ്വർണ്ണനിറമുള്ള ബീച്ചുകൾ, അതിനുമപ്പുറം ആഴക്കടലിലേയ്ക്ക് ഇറങ്ങിയിറങ്ങി പോവുന്ന ഇന്ദ്രനീലിമയുടെ ആഴമില്ലാത്ത കടൽത്തട്ട്..

ആകാശ ഊഞ്ഞാലിൽ കയറി ആദ്യമായി ലോകം കാണുന്ന കുഞ്ഞിന്റെ പോലെ ഹൃദയം തുടികൊട്ടി തുടങ്ങി, പോർട്ട്ബ്ളെയറിലെ ചെറിയ എയർപോർട്ടിലേയ്ക്ക് വിമാനം നിലം തൊടുമ്പോൾ മഴക്കാലത്ത് നാട്ടിലെ റോഡിലൂടെ പോവുന്ന ബസ്സ് തെറിപ്പിക്കുന്നത് പോലെ വെള്ളം ഇരുവശത്തേയ്ക്കും വീശിത്തെറിച്ചു..

മഴയുടെ നനവുള്ള വെയിൽ വീഴുന്നുണ്ടായിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം തെളിഞ്ഞ പോർട്ട്ബ്ളെയറിന്റെ ആകാശച്ചോട്ടിലേയ്ക്ക് നിങ്ങൾക്ക് സ്വാഗതം എന്ന ആശംസാവാക്കുകൾ കേട്ടിറങ്ങുമ്പോൾ കൂട്ടത്തിലെ ബാക്കി നാല് പേർ ഡെൽഹിയിൽ നിന്നെത്തി ഞങ്ങളേ കാത്ത് അവിടെ നില്പുണ്ടായിരുന്നു.

26 വയസ്സുകാരി മുതൽ 62 വയസ്സുകാരി വരെ അടങ്ങുന്ന ആ സംഘം മുടങ്ങി പോയ ഉച്ചയൂണിനെ പറ്റി ആലോചിച്ച് ഞങ്ങളെ സ്വീകരിക്കാൻ എത്താമെന്ന് പറഞ്ഞ ലോക്കൽ ഗൈഡിനേയും കാത്ത് നിന്നു.


ഓക്കി ഒറ്റക്കണ്ണിറുക്കി പിടിച്ച് ഞങ്ങളുടെ വെപ്രാളവും നോക്കി നിൽപ്പുണ്ടായിരുന്നു, ഇനിയുള്ള നാല് ദിവസങ്ങൾ ഒളിച്ച് കളിക്കാൻ റെഡിയാണെന്ന കുസൃതി നിറഞ്ഞ ഭാവത്തിൽ..

(തുടരും)

Tuesday, January 23, 2018

കടലുറഞ്ഞ തീരത്തും തലതല്ലി നിന്ന മുറ്റത്തും ഒരു വൈകുന്നേരം - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 7)


സിന്ദ്ബാദിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്ന കുട്ടിയുടെ ആകാംഷയോടെയാണ് ഞാൻ മുനിസ്വാമിയുടെ മുന്നിലിരുന്നത്.

ഇടിഞ്ഞ് കിടക്കുന്ന പള്ളിയുടെ മുന്നിൽ ഏതോ കഥയിൽ നിന്നിറങ്ങി വന്ന ഒരു അവധൂതനെ പോലെയാണ് അയാളിരുന്നത്, ഉപ്പുകാറ്റേറ്റ് മഞ്ഞപ്പ് പടർന്ന താടിരോമങ്ങൾ ചുറ്റിവീശുന്ന കാറ്റിൽ പലവശത്തേയ്ക്കും പറക്കുന്നു. ഇരുണ്ട് മെലിഞ്ഞ ശരീരത്തിൽ ഉറച്ച് നിൽക്കുന്ന പേശികൾ ഊർജ്ജ്വസ്വലമായ ഒരു യൗവ്വനത്തിന്റെ ഓർമ്മക്കുറിപ്പ് പോലെ. പ്രായത്തിന്റെ ബലഹീനത ഒട്ടുമേശാത്ത ആഴമുള്ള സ്വരവും തിളങ്ങുന്ന കണ്ണുകളും, അത്രയും മതിയായിരുന്നു അയാളിൽ ഒരു കഥ തേടാൻ.

മുനിസ്വാമിയുടെ ബാല്യത്തിന്റെ ഓർമ്മകളിൽ കൊടും ചൂടിലും എല്ലാ തീരദേശ തമിഴ് ഗ്രാമങ്ങളെ പോലെയും വർണ്ണശബളമായിരുന്നു ധനുഷ്കോടിയും, ഇന്ത്യയും സിലോണും തമ്മിലുള്ള കടൽവ്യാപാരങ്ങളാൽ ശബ്ദമുഖരിതമായ തുറമുഖവും തീവണ്ടി സ്റ്റേഷനും കസ്റ്റംസ് ഓഫീസും ചരക്ക് സൂക്ഷിപ്പ് കേന്ദ്രങ്ങളും ഒരു വശത്തെങ്കിൽ മുക്കുവ ജൈത്രയാത്രകളുടെ പാട്ടുയരുന്ന കുടിലുകളും ആശുപതിയും സ്കൂളും അടക്കം സ്വദേശികൾക്കും സന്ദർശകർക്കും നിറയെ കാഴ്ചകൾ പകരുന്ന ഇടമായിരുന്നുവത്രെ ധനുഷ്കോടി.

ഒരു പതിനൊന്ന് വയസ്സുകാരന്റെ കൗതുകങ്ങളുടെ ലോകത്തേയ്ക്കായിരുന്നു ഇരുപത് അടി പൊക്കമുള്ള ഒരു രാക്ഷസത്തിരമാല അലറിക്കുതിച്ച് കയറിയത്. 1964 ഡിസംബർ 22 രാത്രി 11 മണി കഴിഞ്ഞ സമയത്ത്, രണ്ട് ദിവസം മുന്നേ ആ തിലമാലകൾ സിലോൺ (ഇന്നത്തെ ശ്രീലങ്കൻ) കടപ്പുറങ്ങളെ തരിശു നിലങ്ങളാക്കിയിരുന്നുവെങ്കിൽ വാർത്താവിനിമയ ലഭ്യതകളുടെ കുറവ് മൂലം തിരകൾ തീരത്തെന്നുന്നത് വരെ ആ ദുരന്തത്തിന്റെ കാഠിന്യം ആരുമറിഞ്ഞില്ല.

സിലോണിലും പാമ്പൻ ദ്വീപിലുമായി രണ്ടായിരത്തിന് മേലെ ആളുകൾ കൊല്ലപ്പെട്ട,, മധുര- ധനുഷ്കോടി ട്രെയിൻ നമ്പർ 653 ലെ ഇരുന്നൂറോളം യാത്രക്കാരെ കടലിന്റെ അടിയിലേയ്ക്കെടുത്തു കൊണ്ട് പോയ ആ ദുരന്തത്തിന്റെ നിഴലുകൾ ഇന്നും ഇവരുടെ ജീവിതത്തിൽ നിന്ന് പോയിട്ടില്ലെന്ന് കാണാം.

ധനുഷ്കോടിയെ പ്രേതഗ്രാമമാക്കി മാറ്റിയ രാക്ഷസത്തിരമാലകളെ പറ്റി, തകർന്ന് പോയ പാമ്പൻ റെയിൽപാളം മൂന്ന് മാസത്തെ എസ്റ്റിമേറ്റ് ഇട്ട് നാല്പത്തഞ്ച് ദിവസത്തെ രെക്കോർഡ് വേഗതയിൽ തീർത്ത ഇ. ശ്രീധരൻ എന്ന വ്യക്തിത്വത്തെ പറ്റി ഒക്കെ കേട്ടറിഞ്ഞിരുന്നു, പക്ഷേ കടലിന്റെ മുഖം തെളിയുന്നതും കറുക്കുന്നതും നോക്കി ഒരു നൂലിൽ കെട്ടിയ പട്ടം പോലെ ജീവിതത്തെ പാറാൻ വിടുന്ന ഇവരുടെ കണ്ണുകളിൽ നാളയെ പറ്റി നാമൊക്കെ കാണുന്ന പോലെ, സ്വപ്നങ്ങളുടെ മഹാസൗധങ്ങൾ ഇല്ലെന്ന് തോന്നി. ഒരേ സമയം സങ്കടവും അസൂയയും തോന്നുന്ന ജീവിതങ്ങൾ.

ജീവവാസയോഗ്യമല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഈ തീരത്ത് കെട്ടിടം പണികളോ മറ്റു ബിസിനസുകളോ ഒന്നും നടത്താൻ അനുമതിയില്ല പോലും. സൈക്ളോൺ അവശിഷ്ടങ്ങൾ കാണാൻ വരുന്ന യാത്രികർക്ക് കഥകൾ പറഞ്ഞും ചിപ്പികളും മുത്തുകളും കൊണ്ടുണ്ടാക്കിയ വസ്തുക്കൾ വിറ്റുമാണ് ഇവിടെയുള്ള നൂറിൽ താഴെ വരുന്ന ജനസംഖ്യയുടെ ജീവിതം.

മുത്തുസ്വാമിയുടെ ഓർമ്മകളിൽ അച്ഛനമ്മമാരും സഹോദരങ്ങളും ഒന്നും അധികമില്ല, നീളത്തിൽ കെട്ടിമറച്ച പുനരധിവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ് പോയ ബാല്യവും ഉയിരുറച്ചപ്പോൾ മുതൽ മീൻപിടിക്കാനും നീന്താനും തുടങ്ങിയ കടലും മാത്രം. ബന്ധങ്ങളുടെ കുരുക്കുകളിൽ പിടഞ്ഞ് തീരുന്ന ജീവിതങ്ങൾ മാത്രം കണ്ട് നരച്ച് കണ്ണിൽ അതൊരു അത്ഭുതമായി, താൻ മാത്രമായിരുന്നില്ല, അന്ന് കടൽ മിച്ചം വച്ചവരൊക്കെ അനാഥരായിരുന്നു എന്ന് ഭാവഭേദമില്ലാതെ പറയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു തീരം കണ്ടത് പോലെ...

ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഒരു അന്താരാഷ്ട്ര സംഘടന സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ശ്രീലങ്കയുടെ മുനമ്പായ തലൈമണ്ണാറിൽ നിന്ന് ധനുഷ്കോടീ വരെ 35 കിലോമീറ്റർ നീന്തിയതിന് കിട്ടിയ പ്രശസ്തിപത്രം, അന്നത്തെ പത്രവാർത്ത, ധനുഷ്കോടി സൈക്ളോൺ അതിജീവിച്ചവരുമായി നടത്തിയ വാർത്താകോളത്തിന്റെ പേപ്പർ ക്ളിപ്പുകൾ അങ്ങനെ ചരിത്രം ബ്ളാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അയാളുടെ കയ്യിലെ പേപ്പറുകളിൽ നിറഞ്ഞു നിന്നു. നാല്പത് വയസ്സടുത്തെത്തിയപ്പൊഴോ മറ്റോ മുട്ടറ്റം വച്ച് നഷ്ടപെട്ട കാലുഴിഞ്ഞ് അയാൾ കാറ്റുയരുന്ന പൊടി നോക്കിയിരുന്നു.

പാമ്പൻ ദ്വീപിനെ തകർത്ത് മുന്നേറിയ സൈക്ളോൺ തിരകൾ രാമേശ്വരം തീരത്ത് മണ്ഡപം സൈഡിലും പരക്കെ നാശനഷ്ടം വിതച്ചിരുന്നു. വാമൊഴികളിലൂടെയും പല കുറിപ്പുകളിലും കണ്ട ഒരു വാർത്തയായിരുന്നു രക്ഷപെട്ടവരിൽ ഭൂരിഭാഗവും രാമേശ്വരത്തെ രാമനാഥ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചവരായിരുന്നു. എന്നത്.


2013 ലെ ഹിമപാതത്തിൽ കേദാർനാഥ് വിശദീകരിക്കാനാവാത്ത ഒരു അവശേഷിപ്പ് പോലെ നിന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ ദൃശ്യം മനസ്സിൽ നിന്നത് കൊണ്ടാവാം രാമനാഥ ക്ഷേത്രത്തിന്റെ നടയിൽ തലതല്ലി നിന്ന തിരകളുടെ കഥ വിശ്വസിക്കാൻ തോന്നിയത്. ഐതീഹ്യങ്ങളുടെ മഹാകുടീരത്തിലേയ്ക്ക് നടക്കുമ്പോൾ കഥകളുടെ പരമേശ്വരനെ കാണാനാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

കൈലാസപ്രാപ്തിക്ക് വേണ്ടിയുള്ള കാശി-രാമേശ്വരം യാത്രയുടെ പൂർണ്ണ പരിസമാപ്തി ധനുഷ്കോടിയിലെ സേതു തീർത്ഥത്തിൽ മുങ്ങിക്കുളിച്ച് രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട രാമനാഥ ലിംഗത്തെ വണങ്ങി വന്നാലെ ആവൂ എന്ന് പറയപ്പെടുന്നു. ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തിന് അമ്പിനാൽ സ്ഥാനം കാണിച്ചതിനാലാണ് ഈ സ്ഥലം ധനുഷ്കോടി എന്ന് അറിയപ്പെടുന്നതും, അതല്ല, രാവണവധത്തിന് ശേഷം ലങ്കയെ വേർതിരിക്കാൻ വിഭീഷണന്റെ അഭ്യർത്ഥന പ്രകാരം അമ്പെയ്ത് സേതു മുറിച്ചതിനാലാണ് ആ പേര് കിട്ടിയതതെന്നും രണ്ട് അഭിപ്രായമുണ്ട്.

രാവണനെ വധിച്ചതിന്റെ ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവലിംഗപൂജ നടത്തി തർപ്പണം ചെയ്യാൻ സമയം നിശ്ചയിച്ച് ഹനുമാനെ കൈലാസത്തിലേയ്ക്ക് അയച്ചെങ്കിലും ഹനുമാൻ താമസിക്കയാൽ സീത തന്റെ കയ്യാലുണ്ടാക്കിയ ശിവലിംഗത്തിൽ പൂജ ചെയ്തു തർപ്പണം ചെയ്യുകയും അത് കണ്ടെത്തിയ ഹനുമാൻ തന്നെ അവഗണിച്ചതിലുള്ള കോപത്തിൽ ആ ശിവലിംഗം അടർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും ചെയ്യാനാവാതെ നിരാശനാവുകയും ചെയ്തത്രെ, ഹനുമാന്റെ മനോദുഃഖം മാറ്റാൻ രാമൻ, ഹനുമാൻ കൈലാസത്തിൽ നിന്ന് കൊണ്ട് വന്ന ലിംഗത്തിലാവണം ആദ്യപൂജയെന്നും പിന്നെ വേണം മുഖ്യപ്രതിഷ്ഠയിൽ പൂജയെന്നും നിർദ്ദേശിച്ചത്രെ, ഇന്നും അങ്ങനെ തുടർന്നു.

ഇന്ത്യയിലെ നാലതിരിലുള്ള പുണ്യസ്ഥലങ്ങളായ വടക്ക് ബദ്രിനാഥും കിഴക്ക് പുരി ജഗന്നാഥനും പടിഞ്ഞാഋ ദ്വാരകയും പടിഞ്ഞാറ് രാമനാഥരേയും കണ്ട് വരുന്ന ചതുർദ്ധാം യാത്ര ഹിന്ദു വിശ്വാസങ്ങളിലെ പ്രശസ്തിപെറ്റ ഒന്നാണ്. ഇതിൽ രാമേശ്വരം രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം എന്നതിനാൽ വൈഷ്ണവർക്കും ശിവനാണ് പ്രധാനപ്രതിഷ്ഠ എന്നതിനാൽ ശൈവർക്കും ഒരേപോലെ വിശേഷ സ്ഥലമാണ്.

മൂന്ന് പ്രാകാരങ്ങളിലായി കിഴക്ക് പടിഞ്ഞാറ് 865 അടി നീളവും തെക്ക് വടക്ക് 657 അടി അകലവും ഉള്ള ഈ ബ്രഹത്ത് ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഒരു ക്ഷേത്രമായി പണിതത് ബി.സി 12-ആം നൂറ്റാണ്ടിൽ ലങ്കാ അധിപതിയായ പരാക്രമബാഹു എന്ന രാജാവ് പണികഴിപ്പിച്ചതാണ് എന്ന് രേഖകൾ പറയുന്നു, രണ്ടാം പ്രാകാരം 15-ആം നൂറ്റാണ്ടിൽ രാമേശ്വരം ഭരിച്ചിരുന്ന തിരുമലൈ സേതുപതി കെട്ടിയതാണെണും, ലോകപ്രശസ്തമായ ആയിരം കാൽ മണ്ഡപം ഉൾപ്പെട്ട മൂന്നാം പ്രാകാരം 18-ആം നൂറ്റാണ്ടിൽ മുത്തുരാമലിംഗ സേതുപതിയാൽ കെട്ടപ്പെട്ടതാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

ഹിന്ദുമത ശൈവവിശ്വാസത്തിലെ പ്രധാനപൂജാ പീഠങ്ങളായ പന്ത്രണ്ട്ജ്യോതിർലിംഗങ്ങളിൽ  ഒന്ന് രാമേശ്വരത്താണ്. വിഭീഷൺ പ്രതിഷ്ഠിച്ച ഈ ലിംഗത്തിന്റെ പിന്നിൽ കർപ്പൂര ദീപം തെളിക്കുമ്പോൾ ഒരു ദീപനാളം പോലെ അത് മുൻപകുതിയിൽ പ്രതിഫലിക്കുന്നത് ഭക്തമനസ്സുകളിൽ ഒരു അത്ഭുതകാഴ്ചയാണ്.


ജ്യോതിർലിംഗം പോലെ തന്നെ പ്രശസ്തമാണ് രാമനാഥ ക്ഷേത്രത്തിലെ സ്ഫടികലിംഗവും. ഭാരതപര്യടനം നടത്തിയ ശങ്കരാചാര്യരാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്ന ഈ ലിംഗത്തിൽ എന്നും അതിരാവിലെ അഞ്ച് മണിക്ക് പൂജ ചെയ്യപ്പെടുന്നു, രാമേശ്വരം തീർത്ഥയാത്ര ചെയ്യുന്ന ഭക്തർ ഈ പൂജ കണ്ടതിന് ശേഷം ക്ഷേത്രത്തിന്റെ പുറം മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന 22 തീർത്ഥങ്ങളിൽ ധാരകുളിച്ചതിന് ശേഷം പ്രധാനപ്രതിഷ്ടയ്ക്ക് നടക്കുന്ന പൂജയും കണ്ട് തങ്ങളുടെ പാപനിവൃത്തി വരുത്തുന്നു.

രാമനാഥ ക്ഷേത്രത്തിലെ പ്രധാന ആകർഷണം മൂന്നാം പ്രാകാരത്തിലെ പടുകൂറ്റൻ തൂണുകൾ നിറഞ്ഞ ചൊങ്കട്ടാൻ മണ്ഡപം ആണ്, തിടമ്പേറ്റിയ രണ്ടാനകൾക്ക് ഒരേസമയം കടന്ന് പോവാൻ തക്ക വീതിയും ഉയരവുമുള്ള ഈ മണ്ഡപത്തിലെ കടുംചായം പൂശിയ തൂണുകൾ ശരിക്കും സ്ഥലജലവിഭ്രാന്തി സൃഷ്ടിക്കുന്ന പോലെ തോന്നി.

മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ കണ്ട ഒരു പ്രത്യേകത പ്രതിഷ്ഠകളും മറ്റു ശില്പങ്ങളും ഒക്കെ തന്നെ പൂർണ്ണകായ ശില്പങ്ങളാണ്, സേതുപതി മണ്ഡപത്തിൽ ഭാസ്കര സേതുപതി മുതൽ രാമേശ്വരം ഭരിച്ചിരുന്ന പല നാടുവാഴികളുടെയും പൂർണ്ണകായ ശില്പങ്ങൾ ഉണ്ട്. പൂർണ്ണകായ രൂപങ്ങൾ നിറഞ്ഞ അഷ്ടലക്ഷി മണ്ഡപവും അഷ്ടഗൗരി മണ്ഡപവും മഹാനന്തി പ്രതിമയും കണ്ടിറങ്ങുമ്പോൾ സൂര്യൻ അസ്തമിച്ച് ഏറെ നേരം ആയിരുന്നു. ക്ഷേത്രത്തിന് പുറത്ത് മറ്റേതൊരു ക്ഷേത്ര നഗരിയേയും പോലെ മുല്ലയും കനകാംബരവും നിറഞ്ഞ മുടിപിന്നലുകളും തിളങ്ങുന്ന പട്ടും അണിഞ്ഞ സുന്ദരികളുടെ ക്ഷേത്രപ്രവേശന കാഴ്ചകൾ.

രാമേശ്വരത്ത് നിന്ന് തിരിച്ചു പോരുമ്പോഴും ഒരിക്കലെന്നോ അലറിവിളിച്ചതിന്റെ പശ്ചാത്താപത്തിലോ മറ്റോ ആഴത്തിലിറങ്ങി കിടക്കുന്ന, മനസ്സ് നിറയെ കിടങ്ങുകൾ സൂക്ഷിക്കുന്ന പച്ചക്കടലായിരുന്നു മനസ്സിൽ മായാതെ നിന്നത്.. ഒരിക്കൽ നിന്റെയുള്ളിലേയ്ക്ക് ഊളിയിടണം ഒരു മീനിനെ പോലെ..(അവസാനിച്ചു)

Thursday, December 14, 2017

രണ്ട് കടൽ പാലങ്ങളുടെ കഥ -മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 6)


ഉച്ചയൂണ് കഴിഞ്ഞിറങ്ങിയത് കത്തുന്ന വെയിലിലേയ്ക്കാണ്, കത്തുന്ന വെയിലും ഉപ്പു കാറ്റും അടിച്ചു കറുത്തു എന്ന സങ്കടത്തിന് ഈ കറുപ്പ് കാൻസറുൾപ്പടെ തൊലിപ്പുറത്തും ശരീരത്തിനകത്തും ഉള്ള പല അസുഖങ്ങൾക്കും മരുന്നാണ് എന്നതായിരുന്നു ഗൈഡിന്റെ ആശ്വാസവചനം.സമ്മതിക്കാതെ വഴിയില്ല.

രാമേശ്വരം കടലോര പട്ടണം ആണെങ്കിലും മീനും മാംസവും ഒക്കെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്, നിലവാരമുള്ള കടകളുടെ ദൗലഭ്യവും ഉണ്ട്. തീർത്ഥാടന കേന്ദ്രമായത് കൊണ്ടാവാം.

ഉച്ചയൂണും കഴിഞ്ഞ് പോയത് പാമ്പൻ പാലത്തിലേയ്ക്കായിരുന്നു. മനുഷ്യ നിർമ്മിതിയിലെ മഹാത്ഭുതങ്ങളിൽ ഒന്ന്..

2017-103 വർഷം തികച്ച, 143 തൂണുകളിലായി 2 കിലോമീറ്റർ നീളത്തിൽ നിൽക്കുന്ന ഈ തീവണ്ടി പാലം 2010-ൽ വർളി-മുംബൈ സീലിങ്ക് പ്രവർത്തനക്ഷമമാകും വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്പാലം ആയിരുന്നു. 1870-ൽ സിലോണുമായി (ഇന്നത്തെ ശ്രീലങ്ക) വ്യാപാരബന്ധം വിപുലപെടുത്താനാണ് ഈ പാലത്തിന് അന്നത്തെ ബ്രിട്ടീഷ് ഗവണ്മെന്റ് പദ്ധതിയിട്ടെങ്കിലും 1911 ലാണ് പണി തുടങ്ങിയതും 1914-ൽ ഉപയോഗത്തിൽ വരികയും ചെയ്തത്.


1988 -ൽ അണ്ണൈ ഇന്ദിരാഗാന്ധി റോഡ് പാലം വരുന്നത് വരെ, ഇടത്തരം വലുപ്പമുള്ള കപ്പലുകൾ പോലും ഈ പാലത്തിന്റെ ലിവർ ഉപയോഗിച്ച് തുറക്കാവുന്ന ലിങ്ക് ബ്രിഡ്ജ് വഴി കടന്ന് വരുമായിരുന്നു പോലും. ചെറിയ വഞ്ചികൾക്ക് പാലത്തിനടിയിലൂടെ കടന്ന് പോവാം.

1964 ഡിസംബർ 23-ലെ സൈക്ളോണിൽ ഈ പാലത്തിലൂടെ കടന്ന് വന്ന ചെന്നൈ-ധനുഷ്കോടി ബോട്ട് മെയിൽ എക്സ്പ്രസ്സ് 150 യാത്രക്കാരുമായി മറിഞ്ഞത് ഇന്നും ഉണങ്ങാത്തൊരു മുറിവായി ഈ തീരനഗരിയുടെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നു..

ആളെ മറിച്ചിടുന്ന കാറ്റായിരുന്നു പാമ്പൻ റോഡ് പാലത്തിന്റെ മുകളിലൂടെ നടക്കുമ്പോൾ, ഒരു വശത്ത് തീരം അടിഞ്ഞ് കിടക്കുന്ന മീൻ വഞ്ചികളും മറുവശത്ത് വല വീശി മീൻ കാത്ത് കിടക്കുന്ന വഞ്ചികളും. കാറ്റിൽ പരുന്തുകൾ ആകാശത്ത് ഗ്ളൈഡിങ്ങ് നടത്തുന്നത് ഒരു മനോഹരമായ കാഴ്ചയാണ്.. പറക്കാൻ നമ്മളേയും കൊതിപ്പിക്കുന്ന പോലെ. റെയിൽ പാളത്തിലൂടെ ട്രെയിൻ പോവുന്നത് കാണാൻ പറ്റിയ സമയത്തിൽ ഞങ്ങളെ അവിടെത്തിച്ചതിന് ഗൈഡിനോട് നന്ദി തോന്നി, അത്ര കൗതുകകരമായിരുന്നു ഒരു നീലപട്ടുനൂൽ പുഴുവിനെ പോലെ പതുക്കെ മാളത്തിലേയ്ക്ക് കയറി ഇറങ്ങി പോവുന്ന ആ ട്രെയിനിന്റെ യാത്ര കാണാൻ.

അധികം സമയം ചിലവാക്കാതെ ധനുഷ്കോടി പോവാമെന്ന് കണ്ണദാസൻ തിരക്ക് കൂട്ടുമ്പോഴും സൂര്യാസ്തമനം അവിടെ കാണണം എന്ന് ആഗ്രഹത്തിൽ പിന്നോട്ടാഞ്ഞപ്പോൾ, കാറ്റ് കൂടുന്നത് അപകടമാണെന്ന് അയാൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

പാമ്പനിൽ നിന്ന് ഏകദേശം 22 കിലോമീറ്ററുണ്ട് ധനുഷ്കോടി മുനമ്പിലേയ്ക്ക്. 2017 ആഗസ്റ്റിൽ കലാം മന്ദിർ ഉത്ഘാടനത്തിന്റെ ഭാഗമായി നരേന്ദ്രമോദി എത്തിയതിനെ തുടർന്നും, പാമ്പൻ പാലത്തിൽ കൂടി കടന്ന് പോവുന്ന NH49 നെ ചാർ ദാം യാത്രികരുടെ സൗകര്യത്തിനായി ചാർദാം സർക്യൂട്ട് എന്ന പാഥയുമായി ബന്ധിപ്പിക്കാനുമായി രണ്ടൊ മൂന്നോ മാസത്തിന് മുന്നെ ധനുഷ്കോടി മുനമ്പ് വരെ ടാർ റോഡ് ഒരുക്കിയിട്ടുണ്ട്, അതിന് മുന്നെ ധനുഷ്കോടി ഗ്രാമത്തിന് മുന്നെയുള്ള സെക്യൂരിറ്റി ഗേറ്റ് വരെയേ യാത്രസൗകര്യം ഉണ്ടായിരുന്നുള്ളൂ, അവിടെനിന്നും 4x4 ജീപ്പുകളും ഓട്ടോകളും രണ്ട് കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പിന്നെയും സർവീസസ് നടത്തിയിരുന്നു, കാറ്റ് പിടിക്കുന്നത് കൊണ്ടും കടൽ അപ്രതീക്ഷിതമായി കയറി വരാൻ സാദ്ധ്യത ഉള്ളത് കൊണ്ടുംഅതിനപ്പുറത്തേയ്ക്ക് യാത്ര അനുവദിച്ചിരുന്നില്ല എന്ന് കണ്ണദാസന്റെ ഓർമ്മ.


കോതണ്ഡരാമർ ക്ഷേത്രത്തിൽ നിന്നുള്ള അഞ്ച് കിലോമീറ്റർ ദൂരം കണ്ടൽകാടുകളും കൂർത്ത ഇലകളുള്ള മരങ്ങളും കൊണ്ടുള്ള അല്പം വിജനമായ വഴിയാണ്, വൈവിദ്ധ്യമാർന്ന ദേശാടനപക്ഷികൾ എത്തിച്ചേരാറുള്ള ധനുഷ്കോടി ജല-പക്ഷി സങ്കേതം ഇവിടെയാണ്, കണ്ണദാസന്റെ ഓർമ്മയിൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ പണ്ട് ഇവിടം പേരറിയാത്ത കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പക്ഷികളെ കൊണ്ട് നിറയുമായിരുന്നു പോലും. കാൽനടയായിട്ടും പിന്നെ സൈക്കിളിലും തിന്നാനൊന്നും കിട്ടാത്ത ഈ മണൽ റോഡിലൂടെ വള്ളിനിക്കറിന്റെ പോക്കറ്റിൽ അരിനെല്ലിക്കയും നിറച്ച് ധനുഷ്കോടി വരെ ഈ പതിനേഴ് കിലോമീറ്റർ കൂട്ടുകാരോടൊപ്പം നടന്ന കഥ പറയുമ്പോൾ കണ്ണിൽ കാറ്റടിച്ച പോലെ…..

ഓർമ്മകൾ നല്ലതായാലും ചീത്തയായാലും കണ്ണ് നിറയ്ക്കുമല്ലേ എന്ന ചോദ്യത്തിന് ഓർമ്മകൾ ഉള്ളവർക്ക് എന്നെങ്കിലും തിരിച്ചെത്തിയേ പറ്റൂ എന്നായിരുന്നു മറുപടി. ഒരു പാട് പഠിച്ച് സമ്പാദിക്കാൻ നാട് വിട്ട താനും കൂട്ടുകാരുമൊക്കെ അമ്മയുടെ ശബ്ദത്തിലും കൂടുതൽ കടലിന്റെ ശബ്ദമാണ് കാതിൽ കേട്ടിരുന്നതെന്ന് പോലും..

വഴിമദ്ധ്യേ ധനുഷ്കോടി ഗ്രാമം കണ്ടുവെങ്കിലും ആദ്യം ധനുഷ്കോടി മുനമ്പ് കണ്ടുവരാമെന്ന് കണ്ണദാസന്റെ അഭിപ്രായം മാനിച്ച് അങ്ങോട്ടേയ്ക്ക് പോയി. കറുത്ത് മിനുത്ത് കിടക്കുന്ന പുതു റോഡിലൂടെ വണ്ടികൾ ചീറിപ്പാഞ്ഞാണ് പോവുന്നത്, കാറ്റ് അതിശക്തമായി വീശുന്നത് അടഞ്ഞ ചില്ലുകളിൽ കൂടി അറിയാൻ ആവുന്നുണ്ടായിരുന്നു, ആകാശത്ത് പഞ്ഞിമേഘങ്ങളും കാർമേഘങ്ങളും കബഡി കളിക്കുകയാണെന്ന് തോന്നും. ഒരു വശത്ത് കടൽ കാണാനേ ഇല്ല, പിണങ്ങി നിൽക്കുന്ന കുട്ടിയേ പോലെ ദൂരെ ദൂരെ പോയി കിടക്കുന്ന ബംഗാൾ ഉൾക്കടൽ, ഒരു നിമിഷം അടങ്ങി നിൽക്കാത്തൊരു കുറുമ്പിയേ പോലെ ഇന്ത്യൻ മഹാസമുദ്രം മറുവശത്ത്.

എട്ടടിക്ക് മേലെ താഴ്ത്തിയ ഇരുമ്പ് സിമന്റ് പില്ലറുകളിൽ സ്ളാബ് വാർത്ത് മണ്ണിട്ട് നിറച്ച് ഫ്ളൈഓവറുകൾ പണിയുന്ന പോലെയാണത്രെ ഈ റൊഡിന്റെ നിർമ്മിതി, വശങ്ങളിൽ മൂന്ന് നിരകളിലായി കരിങ്കല്ലുകൾ അടുക്കി പ്ളാസ്റ്റിക്ക് കയറുകൾ കൊണ്ട് വരിഞ്ഞ് വേലിയേറ്റം റോഡിലേയ്ക്ക് കയറിവരുന്നത് തടയാൻ ഒരുക്കിയിട്ടുണ്ട്. പ്ളാസ്റ്റിക്ക് കയറുകൾക്ക് അലറുന്ന ഈ തിരമാലകൾ കയറിവരുമ്പോൾ എന്ത് ചെയ്യാനാവും എന്ന ചോദ്യത്തിന് പ്രകൃതിയുടെ സവിശേഷത കൊണ്ട് ലോകത്തിൽ ഏറ്റവും കൂടുതൽ തുരുമ്പിക്കുന്ന സ്ഥലമായി രാമേശ്വരത്തെ വിലയിരുത്തുന്നതെന്നും എന്നുമെന്ന പോലെ ഈ റോഡിൽ റിപ്പയർ വർക്ക് നടക്കാറുണ്ടെന്നും ഗൈഡ് പറഞ്ഞു.

ധനുഷ്കോടി മുനമ്പിൽ പ്രതിഷ്ഠയില്ലാത്ത ഒരു മന്ദിരവും ഇന്ത്യൻ പതാക പറക്കുന്ന ഒരു ട്രാഫിക്ക് ചത്വരവും ഉണ്ട്, കാറ്റിന്റെ കളികൾ അവിടെത്തുന്നതിന് മുന്നെ തന്നെ കണ്ടു തുടങ്ങി, നല്ല റോഡ് കണ്ട് സ്വന്തം വണ്ടിയുമായെത്തിയ പരിചയമില്ലാത്ത യാത്രക്കാർ കാറ്റ് റോഡിലേയ്ക്ക് അടിച്ച് കൂട്ടിയ മണൽക്കൂനകളിൽ ടയർ കുടുങ്ങി ഇരമ്പിക്കുന്നത്. മുനമ്പിലുള്ള ക്ഷേത്രം ശിവക്ഷേത്രമാവണോ രാമക്ഷേത്രമാവണോ എന്ന തർക്കം നിലനിൽക്കുന്നത് കൊണ്ടാണത്രെ ഇപ്പോഴും പ്രതിഷ്ഠകളൊന്നും ഇല്ലാത്തത്..


പ്രതിഷ്ഠയില്ലാത്ത മന്ദിരവും കണ്ട് ബംഗാൾ ഉൾക്കടൽ വശത്തേയ്ക്കാണ് ഇറങ്ങിയത്, പേരിന് പോലും ഒരു അലയില്ലാതെ അലസമായി കിടക്കുന്ന കടൽ, ഒരു തടാകത്തിന്റെ കര പോലെ ഇളകുന്ന തീരത്ത് മണലിന്റെ മഞ്ഞ നിറം ഒരു നാലടി ദൂരത്തിൽ തെളിഞ്ഞ് കാണാം, പുഷ്യരാഗപച്ചയാണ് കടലിന്റെ നിറം. അതിന്റെ കാരണമെന്താവാം എന്ന് ഓർത്ത് നിൽക്കുമ്പോളാണ് തീരത്ത് നിന്ന് ഒരാൾ ആ പച്ചയിലേയ്ക്ക് ഡൈവ് ചെയ്യുന്നത് കണ്ടത്, തീരത്ത് നിന്ന് നാലടി ദൂരത്തിൽ കടലിന്റെ ആഴം ആറടിയോളം, അനങ്ങാതെ കിടക്കുന്ന കടലിന്റെ ഭീകരത അപ്പോഴാണ് മനസ്സിലായത്.

അർദ്ധവൃത്താകൃതിയിൽ ഉള്ള ബീച്ചിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേയ്ക്ക് നടക്കുമ്പോൾ കാണുന്ന ദൃശ്യം വിവർണ്ണനാതീതമാണ്, നിശബ്ദമായ പച്ചക്കടലും ഒരു മിനിറ്റിൽ ആയിരം തിരകളുമായി തീരം തേടുന്ന നീലക്കടലും ഒന്നിക്കുന്ന കാഴ്ച. ആർത്തലച്ച് വരുന്ന തിരമാലകൾ ഒരു നേർ‌ രേഖയിൽ ബംഗാൾ ഉൾക്കടലിൽ ചേരുന്നതും, തുള്ളിപ്പോവുന്ന ചെറുമീനുകൾ പോലെ അവയെ പച്ചക്കടൽ വിഴുങ്ങുന്നതും, ആ നേർ രേഖയിലാണ് രാമസേതുവിന്റെ ആദ്യപാദം കാണുക. ആഴക്കടലുകളുടെ ആ സംഗമം കണ്ട് നിൽക്കെ പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങൾക്ക് ഒരു അന്തവുമില്ലല്ലോ എന്ന് തോന്നിപോയി.

വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയിൽ പറക്കുന്ന പഞ്ചാരമണൽത്തരികൾ കാലിൽ തട്ടുമ്പോൾ വേദന തോന്നിത്തുടങ്ങി, സന്ധ്യ ആവുന്തോറും കാറ്റിന്റെ ശക്തി കൂടുമെന്നും മണൽത്തരികൾ കണ്ണിൽ പോയി അപകടം പറ്റുന്നത് ഇവിടെ സ്ഥിരമാണെന്നും പറഞ്ഞത് അനുഭവിച്ചപ്പോഴാണ് മനസ്സിലായത്.

കാറ്റ് വീശിയടിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ബംഗാൾ ഉൾക്കടലിലേയ്ക്കാണ്, കാറ്റിന്റെ ദിശയിലേയ്ക്ക് മണൽ പറന്ന് പോയ രേഖകൾ വഴിത്താരകൾ പോലെ, അത്യന്തം വ്യത്യസ്ഥരായ ആ രണ്ട് കടലുകളെ നോക്കി കൗതുകം കൊണ്ട് നിൽക്കുമ്പോഴാണ്, ഇന്നാട്ടുകാർ ബംഗാൾ ഉൾക്കടലിനെ ആമ്പള(ആൺ)കടൽ എന്നും ഇന്ത്യൻ മഹാസമുദ്രത്തെ പൊമ്പള(പെൺ)കടലെന്നും വിളിക്കുന്നത് എന്നു കണ്ണദാസൻ പറഞ്ഞത്, മിണ്ടാതിരിക്കാൻ പറ്റാത്ത പെണ്ണത്തത്തെ കളിയാക്കിയതാണെന്ന് മനസ്സിലായെങ്കിലും കണ്ടു നിന്നപ്പോൾ മിണ്ടാതെ മുഷിഞ്ഞ് കിടക്കുന്ന കാമുകന്റെ കാതോരം തിരമുറിയാതെ കഥ പറയുന്ന ഒരു പൊട്ടിയാണ് ഈ നീലക്കടൽ എന്ന് തോന്നി, പ്രകൃതിക്ക് തന്നെ എന്തൊക്കെ ഭാവങ്ങളാണ്. സ്വപ്ന സദൃശ്യമായ അനുഭവങ്ങൾ..

അർദ്ധവൃത്ത ബീച്ചിന്റെ നേർപകുതിയിൽ നിന്ന് നോക്കിയാൽ കടലുകൾ ഒരു നേർ‌ രേഖയിൽ സംഗമിക്കുന്നത് കാണാം, ആ പാതയിൽ തന്നെയാണ്, രാമസേതു എന്നറിയപ്പെടുന്ന, അദംസ് ബ്രിഡ്ജ് എന്ന് ഇംഗളീഷ്കാരൻ വിളിച്ച മനുഷ്യനിർമ്മിതം എന്ന് ശാസ്തീയമായി പറയപ്പെടുന്നുവെങ്കിലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത എന്നാൽ മനുഷ്യചരിത്രത്തിന്റെ നിഗൂഡതകളിൽ ഒന്നായ ആ പാലം കാണപ്പെടുന്നത്.

ധനുഷ്കോടിയേയും ശ്രീലങ്കയിലെ തലൈമണ്ണാർ മുനമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം 50 കിലോമീറ്റർ നീളത്തിൽ മാന്നാർ ഉൾക്കടലിനെയും പാൾക്ക് സ്റ്റ്രൈറ്റ് ചാനലിനെയും വേർതിരിക്കുന്നു, പലയിടത്തും 1 മുതൽ 10 അടിവരെ മാത്രം ആഴത്തിൽ ഈ പാലം ശൂന്യാകാശ ചിത്രങ്ങളിൽ വളരെ വ്യക്തമായി കാണാം. 1480 -ലെ സൈക്ളോണിന് മുൻപ് ഈ പാലം ജലത്തിന് മുകളിലായിരുന്നു എന്നും സഞ്ചാരയോഗ്യമായിരുന്നു എന്നും 9ആം നൂറ്റാണ്ടിലും 17ആം നൂറ്റാണ്ടിലും ഒക്കെയായി സാംശീകരിക്കപ്പെട്ട ചരിത്രരേഖകളിൽ കാണപ്പെടുന്നു..


ഈജിപ്തിലെ പിരമിഡുകൾ പോലെ, മിനസോട്ടയിലെ സ്റ്റോൺഹെഞ്ചുകൾ പോലെ, പെട്രയിലെ ക്ഷേത്രങ്ങൾ പോലെ നമുക്ക് കാണാൻ പറ്റുന്ന ദൂരത്തിൽ മനുഷ്യന്റെ ശാസ്ത്രബോധകൾക്ക് വിശദീകരണം തരാനാവാത്ത ഒരു നിഗൂഡത ഉണ്ടെന്ന് അറിയുന്നത് ഒരു പ്രത്യേക അനുഭവമാണ്, പ്രകൃതിയുടെ അത്ഭുതങ്ങൾക്ക് മുന്നിൽ നമ്മൾ ചെറുതായി ഒരു മണൽതരിയായി പോവുന്ന പോലെ…

ധനുഷ്കോടി മുനമ്പിൽ നിന്ന് പ്രേതഗ്രാമമെന്ന ഗ്രാമത്തിലേയ്ക്കെത്തുമ്പോൾ ഭിക്ഷക്കാരാകാൻ തയ്യാറല്ലാത്തത് കാരണം ജീവൻ തന്നതും തിരിച്ചെടുത്തതുമായ കടലിന്റെ, ഒന്നുമില്ലാത്ത മണല്പരപ്പിൽ നിന്ന് മാറാൻ തയ്യാറാവാതെ, കറന്റ് കണക്ഷൻസ് കൊടുക്കാത്തത് കൊണ്ട് ആറ്മണിക്ക് ശേഷം കടൽ അലറുന്ന ഇരുട്ടിൽ, നിർമ്മാണ അനുമതിയില്ലാത്തത് കൊണ്ട് ഓല കൊണ്ട് ചുമരുകളും മേൽക്കൂരകളും കെട്ടിയ വീടുകളിൽ, കൈകൊണ്ട് തോണ്ടിയ കുഴികളിൽ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം കൊണ്ട് ജീവിക്കുന്ന 50 കുടുംബങ്ങളുടെ ധൈന്യതയായിരുന്നു മനസ്സിലെ ചിത്രം.


പക്ഷേ തൊട്ടുകണ്ണെഴുതാവുന്ന കറുപ്പിന്റെ അഴകിന് തീരമണലിന്റെ മഞ്ഞപ്പ് നിറഞ്ഞ ഗാംഭീര്യമുള്ള താടിമീശയും, പ്രായം കൊണ്ട് തളർന്നതെങ്കിലും കായബലം നിറഞ്ഞിരുന്നതെന്ന് വിളിച്ച് പറയുന്ന ശരീരവുമുള്ള ആ മനുഷ്യന്റെ കണ്ണുകളിൽ കണ്ടത് ധൈന്യതയല്ല, സ്വന്തം ജീവിതം ഒരു കളിത്തോണി പോലെ തിരകളിൽ ഉയരങ്ങളിലേയ്ക്ക് കയറുന്നതും ആഴങ്ങളിലേയ്ക്ക് വീഴുന്നതും കണ്ടിട്ടും ചിരിക്കാനാവുന്ന ഒരു തീക്ഷ്ണത..

അത് തന്നെയാവും കഥ കേൾക്കാനിരിക്കുന്ന കൊച്ച് കുട്ടിയേ പോലെ എന്നെ ആ മണലിൽ പിടിച്ചിരുത്തിയത്..

(തുടരും)


Tuesday, December 12, 2017

രാമൻ പോയ വഴിയേ ഒരു യാത്ര – മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 5)
രാമേശ്വരത്ത് നിങ്ങൾ എന്ത് കാണാനാണ് വന്നത്?“

ഏതോ ഒരു ആങ്കിളിൽ തമിഴ് നടൻ മുരളിയുടെ ഛായയും നിറവുമുള്ള ഡ്രൈവർ കം ഗൈഡ് കണ്ണദാസൻ ചോദിച്ചപ്പൊൾ നീയുൾപ്പടെ രാമേശ്വരത്ത് കാണാൻ ഭംഗിയും കഥയുമുള്ള എല്ലാം എന്ന് പറയാനാണ് തോന്നിയത്..

ചോദിക്കാൻ കാരണം, രാമേശ്വരത്ത് രണ്ട് തരം യാത്രക്കാരാണ് എത്തുക, ആദ്യ കൂട്ടർ, രാമപാദങ്ങളെ പിന്തുടർന്ന് രാമനാഥ ക്ഷേത്രത്തിലെ ഇരുപത്തിയൊന്ന് നീരുറവകളിൽ സ്നാനം ചെയ്ത് പാപമുക്തി നേടി വൈകുണ്ഡം പൂകാൻ കൊതിക്കുന്നവർ, ചാർദ്ദാം യാത്രയുടെ തുടർച്ചയായി രാമേശ്വരത്ത് എത്തിച്ചേരുന്നവർ. അടുത്ത കൂട്ടർ ഐതീഹ്യങ്ങളുടെ കടുംവർണ്ണങ്ങളിൽ വിശ്വാസമില്ലാത്ത, പ്രകൃതി ഈ ദ്വീപിൽ ഒരുക്കുന്ന വിസ്മയങ്ങൾ കാണാനെത്തുന്നവർ, അവർ ഏച്ചു കെട്ടിയ പല കഥകളും വിശ്വസിക്കുകയോ ശ്രദ്ധിക്കുകയോ ഇല്ല.“

തനിക്കറിയാവുന്ന എല്ലാ കഥകളും മടുക്കാതെ പറയാമെന്ന ഉറപ്പിന്മേൽ ഞങ്ങൾ യാത്ര തുടങ്ങി. വിയർപ്പൂറി കൂടുന്ന വെയിലുണ്ടെങ്കിലും കടൽക്കാറ്റ് അടിക്കുന്നത് കാരണം ഒട്ടും ചൂട് തോന്നിയില്ല, മഴ മേഘങ്ങൾ മാനത്ത് ഉരുണ്ട് മറിയുന്നുണ്ടായിരുന്നു.

കലാം മന്ദിർ

ആദ്യം തന്നെ ഇന്ത്യയുടെ മിസൈൽമാൻ ഉറങ്ങുന്ന കലാം സ്മാരക മന്ദിരത്തിലേയ്ക്കാണ് പോയത്, രാമേശ്വരം ധനുഷ്കോടി റോഡിൽ പെയ്കരുമ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ്, DRDO യുടെ മേൽനോട്ടത്തിൽ ഈ സ്മാരക മന്ദിരം പണി തീർത്തിരിക്കുന്നത്, 27 ജുലായ് 2017- ന് പ്രധാനമന്ത്രി നരേന്ദ്ര മോധി ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

അടഞ്ഞ് കിടക്കുന്ന ചിത്രപണികളുള്ള ഭീമാകാരൻ വാതിലിന് മുന്നിൽ അവിടെയുറങ്ങുന്ന മനുഷ്യനെ ഓർത്തിട്ടെന്ന പോലെ ഊർജ്ജത്തോടെ ത്രിവർണ്ണ പതാക പാറുന്നു. ഫോട്ടോഗ്രാഫിയും ചെരുപ്പും നിഷിദ്ധമാണ് ഇവിടെ,DSLR ക്യാമറകളും ആഹാരവസ്തുക്കളും അകത്ത് കയറ്റാൻ അനുവദിക്കയില്ല, വണ്ടിയിലോ മറ്റൊ വച്ചിട്ട് വന്നാൽ ഉഗ്രപരിശോധനകളും തിരിച്ചുപോക്കും ഒഴിവാക്കാം.

ചെരുപ്പഴിച്ച് വച്ച് കടന്ന് ചെല്ലുന്ന വിശാലമായ തളത്തിൽ കലാമിന്റെ ജീവിതകാലത്ത് എടുത്ത ചിത്രങ്ങൾ കിട്ടിയ അവാർഡുകൾ പ്രസിദ്ധരായ പല ചിത്രകാരന്മാരും വരച്ച കലാമിന്റെ രേഖാ ചിത്രങ്ങൾ തുടങ്ങി അദ്ദേഹം ഉപയോഗിച്ചിരുന്ന ചായകോപ്പയും പ്ളേറ്റും ഷില്ലോങ്ങിലേയ്ക്കുള്ള അവസാനത്തെ യാത്രയിൽ പായ്ക്ക് ചെയ്തിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും ഒക്കെ പ്രദർശനത്തിന് വച്ചിരിക്കുന്നു.


ഒരു സമാധി സ്ഥലമാണെന്ന വസ്തുത അറിയാതെ/ഓർക്കാതെ എത്തുന്ന കാഴ്ചക്കാരും ഒച്ചയുയർത്തി അവരെ നിയന്ത്രിക്കുന്ന മേൽനോട്ടക്കാരും മനോഹരമായ ആ സ്ഥലത്തിന്റെ സ്വച്ഛന്ദമായ അന്തരീക്ഷം ഇല്ലാണ്ടാക്കുന്നു. പുറത്തെ പുൽമൈതാനി അഗ്നിമിസൈലിന്റെ ശില്പവും മറ്റു ചില മനോഹരമായ ഇൻസ്റ്റലേഷൻസുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

രാമ തീർത്ഥം
തിരക്കും കൂടും മുന്നേ അവിടെ നിന്ന് ഇറങ്ങി, അടുത്ത ലക്ഷ്യം ഏകാന്ത രാമർ ക്ഷേത്രമായിരുന്നു, ഐതീഹ്യമനുസരിച്ച് രാമനെ സഹായിക്കാൻ എത്തിയ വാനരസേനയ്ക്ക് ദാഹിച്ചപ്പൊൾ രാമൻ തന്റെ കാൽനഖം കൊണ്ട് നിലത്തൊരു കുഴിയുണ്ടാക്കുകയും അതിൽ നിന്നുണ്ടായ ഉറവ ഇന്നും വറ്റാതെ ഈ ക്ഷേത്രത്തിനുള്ളിലെ കിണറ്റിൽ കാണുകയും ചെയ്യുന്നുവെന്നാണ്. കിണറ്റിനുള്ളിലെ വെള്ളം ഒരു ചെമ്പ് കലത്തിൽ കോരി വച്ചിരുന്നത് കുടിച്ച് നോക്കിയതിൽ ഉപ്പ് രസം തോന്നാതിരുന്നത് കൗതുകമായി. ക്ഷേത്ര മാതൃകയും രീതികളും വടക്കൊട്ടുള്ള ക്ഷേത്രങ്ങളോടാണ് കൂടുതൽ സാദൃശ്യം തോന്നിയത്.

അടുത്ത ലക്ഷ്യം വില്ലൂണ്ടി തീർത്ഥം ആയിരുന്നു, കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാലത്തിന്റെ അറ്റത്ത് ഒരു കിണർ, കണ്ണദാസിന്റെ ചെറുപ്പത്തിൽ അത് ഒരു ഗ്ളാസ് ഇറങ്ങിപോവാൻ വിസ്തീർണ്ണം മാത്രമുള്ള കുഴിയായിരുന്നു പോലും, ലങ്കയിൽ നിന്ന് തിരിച്ചെത്തിയ സീതാദേവിക്ക് ദാഹിക്കവെ രാമൻ കടലിൽ അമ്പെയ്ത് കുത്തിയ കുഴിയിൽ നിറഞ്ഞ ശുദ്ധജലമാണ് ഈ തീർത്ഥം എന്നാണ് ഐതീഹ്യം, ആ വെള്ളമൊന്ന് രുചിച്ച് നോക്കണമെന്നുണ്ടായിരുന്നു, പക്ഷേ കയറും തൊട്ടിയും മാറ്റിവച്ചിരിക്കുന്നു, എത്ര ആലോചിച്ചിട്ടും കടൽ വെള്ളത്തിന് നടുക്കുള്ള ഈ കുഴിയിലെ വെള്ളമെങ്ങനെ ഉപ്പ് രസമില്ലാത്തതാവും എന്നതിന് ഉത്തരം കിട്ടിയില്ല. മനുഷ്യന്റെ സങ്കല്പങ്ങൾക്ക് നിറങ്ങൾ ചാർത്തുന്നതും പ്രകൃതിക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദമാണല്ലോ.

വിലൂണ്ടി തീർത്ഥം 
കടൽക്കാറ്റ് വിയർപ്പിനും ചൂടിനും ഒരു ആശ്വാസം തന്നുവെങ്കിലും ഈ കാറ്റിനർത്ഥം ഇനിയും പെയ്യാനിടയില്ലാത്ത മഴയാണെന്നായിരുന്നു കണ്ണദാസിന്റെ വിലാപം, പല വർഷങ്ങളായി കുറഞ്ഞ് വരുന്ന മഴ ഓരോ വർഷവും രാമേശ്വരത്തെ മരുഭൂമിയാക്കുകയാണ് എന്ന് പറയുന്ന ഈ ചെറുപ്പക്കാരൻ ബി.ടെക്ക് കഴിഞ്ഞ് എട്ടുവർഷത്തോളം ദുബായിൽ പോയി ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് തിരിച്ചു വന്നതാണെന്നറിഞ്ഞപ്പൊൾ കലാമിന്റെ ആ നാട്ടുകാരനോട് ഒരു ബഹുമാനം തോന്നി, നിയോഗങ്ങൾ ഓരോരുത്തർക്കും ഓരോന്നാണല്ലോ..

വില്ലൂണ്ടി തീർത്ഥത്തിലെ ജലമെങ്ങനെ ഉപ്പ് രസമില്ലാത്തതാവും എന്നതിന് സർക്കാരിന്റെ പൈപ്പ് വെള്ളം സ്വപ്നം മാത്രമായിരിക്കുന്ന പല ഭാഗങ്ങളും ഈ ദ്വീപിലുണ്ടെന്നും, ചിരട്ടക്കരിയും, മണലും, കരിങ്കല്ലിന്റെ അരിപ്പകളും കൊണ്ട് ഇവിടെയുണ്ടാക്കുന്ന കിണറുകളെപറ്റിയും, ശർക്കരയും ചുണ്ണാമ്പും കൊണ്ട് കടൽ വെള്ളത്തിനെ കുടിക്കാൻ പരുവമാക്കിയെടുക്കുന്ന നാടൻ രീതിയെപറ്റിയും കണ്ണദാസൻ പറഞ്ഞു തന്നു, അർദ്ധവിശ്വാസിയായ എനിക്ക് സ്വന്തം വീട്ടിലെ മൺകുടത്തിൽ നിന്ന് എടുത്ത് തന്ന തണുത്ത വെള്ളത്തിന്റെ തണുപ്പും നേർത്ത ഉപ്പും മധുരരസവും മതിയായിരുന്നു ഏത് പ്രതികൂലാവസ്ഥയിലും ജീവിക്കാൻ തയ്യാറാവുന്ന മനുഷ്യന്റെ കഴിവോർത്ത് വിശ്വാസിയാവാൻ.

സീതാ തീർത്ഥം
അടുത്ത ലക്ഷ്യം സീതാ തീർത്ഥം ആയിരുന്നു, ലങ്കയിൽ നിന്നെത്തിയ ദേവി താമസിച്ചിരുന്ന പർണ്ണശാലയിവിടെ ആയിരുന്നു പോലും, സീതയുടെ കണ്ണീര് വീണിട്ടാവാം ഈ തീർത്ഥത്തിൽ മാത്രം ഇപ്പൊഴും നിറയെ വെള്ളം. രാമനാഥ ക്ഷേത്രത്തിന്റെ ഒരു ചെറുപതിപ്പ് പോലെ സ്തൂഭങ്ങളുമായാണ് ഈ ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നത്. ചെരുപ്പൂരിയിട്ട് പഴുത്ത ചരലിൽ കൂടി നടന്ന കാലുകളെ നോക്കി ദുഃഖിച്ച് നിൽക്കുമ്പോൾ വടക്കേയിന്ത്യയിൽ നിന്ന് വന്ന ഒരു കൂട്ടം വയോധികരായ സ്ത്രീ-പുരുഷ സംഘം നഗ്നപാദരായി എന്നെ കടന്ന് പോയി, നരയും ചുളിവും വീണ അവരുടെ കാലുകളെ സംരക്ഷിക്കുന്നത് ഭക്തിയുടെ കവചമാണെന്ന് തോന്നി, വിശ്വാസങ്ങൾക്ക് മലകളെയും മാറ്റാൻ കഴിവുണ്ടെന്നല്ലേ..

സീതാതീർത്ഥത്തിൽ നിന്ന് പോയത് ലക്ഷ്മണതീർത്ഥത്തിലേയ്ക്കാണ്. ഇവിടെയുള്ള ലക്ഷ്മണ ക്ഷേത്രത്തിൽ ഒരു വലിയ ഇലഞ്ഞിമരത്തിന് ചുവട്ടിൽ നാഗദേവതാ പ്രതിഷ്ഠയുണ്ട്, കാളിയനും തക്ഷനും മുതൽ പേരറിവുള്ള നാഗങ്ങളുടെയൊക്കെ കൽപ്രതിമകൾ അവിടെ വച്ചിട്ടുണ്ട്. ഐതീഹ്യമനുസരിച്ച് ഒരിക്കൽ മാത്രമേ ലക്ഷ്മണൻ രാമനെ എതിർത്ത് സംസാരിച്ചിട്ടുള്ളൂ, അത് സീതാ ദേവിയുടെ അഗ്നിപ്രവേശനം ആവശ്യപ്പെട്ടപ്പോഴായിരുന്നു,, ശിക്ഷയായി കിട്ടിയത് നാഗ കോപമായിരുന്നു പോലും, ഇലഞ്ഞിത്തറയിലെ നാഗപ്രതിഷ്ഠകൾ കാരണം ഈ ക്ഷേത്രം സർപ്പദോഷ നിവാരണത്തിന് പേര് കേട്ടതാണെന്ന്.

തങ്കച്ചി മഠം
ലക്ഷ്മണതീർത്ഥം കണ്ടിറങ്ങി പോരും വഴിയാണ് കണ്ണദാസൻ അക്കാ തങ്കച്ചി മഠങ്ങളെ പറ്റിയുള്ള കഥ പറഞ്ഞത്. രാമനഗര രാജാവായിരുന്ന രഘുനാഥ സേതുപതിയുടെ രണ്ട് പെണ്മക്കളെ അനന്തിരവനായ ഒരേ ആൾക്ക് കല്യാണം കഴിച്ച് കൊടുത്തു പോലും, പക്ഷേ സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയ ഈ അനന്തിരവനെ രാജാവ് തലയറുത്തു, വിധവകളായ പെൺമക്കൾ പക്ഷേ രാജകൊട്ടാരത്തിലേയ്ക്ക് തിരിച്ച് പോവാതെ അവിടെ തന്നെ നിന്നു, ആ സ്ഥലങ്ങൾ പിന്നീട് അക്കാ മഠമെന്നും തങ്കച്ചി മഠമെന്നും അറിയപ്പെട്ടു, മധുരയിലെ അതിസൗര്യഭമുള്ള പ്രശസ്തമായ മുല്ലപ്പൂക്കളുടെ തൈകൾ തങ്കച്ചിമഠത്തിലെ പ്രശസ്തമായ മുല്ലപ്പൂ നഴ്സറികളിൽ നിന്നുമാണ് കൊണ്ട് പോവുന്നത്.

ലക്ഷമണതീർത്ഥത്തിൽ നിന്ന് പോയത് രാമപാദം കാണാൻ ആണ്. രാമനാഥ ക്ഷേത്രമൊഴികെ മറ്റു ക്ഷേത്രങ്ങൾക്കൊന്നും തമിഴ് നിർമ്മാണരീതിയല്ലല്ലോ എന്ന സംശയത്തിന് അല്പ കാലം മുൻപ് വരെയും ആരും നോക്കാത്ത ഐതീഹ്യങ്ങളുടെ പിൻബലം മാത്രമുള്ള ചെറിയ കോവിലുകൾ ആയിരുന്നു ഇവയൊക്കെയെന്നും കുറച്ച് കാലമായതേയുള്ളൂ ഇവയെ സമിതികൾ ഏറ്റെടുത്ത് പുനഃനിർമ്മിച്ചതെന്നും പൂജാവിധികളുമായി സജീവമാക്കിയതെന്നും കണ്ണദാസൻ ഓർത്തെടുത്തു, ഭക്തിമാർഗ്ഗം ധനമാർഗ്ഗം കൂടിയാക്കിയതും ഈ തലമുറ തന്നെയാണല്ലോ.

ഒരു കുന്നിന്റെ മുകളിലായാണ് രാമപാദം ഉള്ള ക്ഷേത്രം, സീതയെ ലങ്കയിലേയ്ക്ക് തട്ടികൊണ്ട് പോയെന്നറിഞ്ഞ രാമൻ ലങ്കയിലേയ്ക്ക് പോവാനുള്ള വഴി തിരഞ്ഞ് കയറി നിന്നതാണ് പോലും ഇതിന്റെ മുകളിൽ, നല്ല തെളിഞ്ഞ ദിവസം ഇവിടെനിന്ന് നോക്കിയാൽ 35 കിലോമീറ്റർ ദൂരത്തിൽ ശ്രീലങ്കയിലെ തലൈമണ്ണാർ തുരുത്ത് കാണാം, വീശിയടിക്കുന്ന കാറ്റിൽ മരുഭൂമിയിലെന്ന പോലെ പൊടിക്കാറ്റ് ഉയർന്ന് പൊങ്ങുന്ന കാഴ്ച അല്പം ദൂരത്തായി കാണാമായിരുന്നു. ആ കുന്നിന് കാവലായി ചുവട്ടിൽ തന്നെയുള്ള ഒരു മുറിയിൽ സാക്ഷി ഹനുമാൻ കാത്തിരിക്കുന്നു.

അഞ്ചുമുഖമുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് രാമസേതു പണിയാൻ ഉപയോഗിച്ച ഒഴുകുന്ന കല്ലുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്, കാത്സ്യം ഡിപ്പോസിറ്റുകളായ പവിഴപുറ്റുകളാണ് ഈ കല്ലുകൾ, ഒരു വമ്പൻ ക്ഷേത്രം നിർമ്മിക്കാനുള്ള ധനശേഖരണവും അവിടെ നടക്കുന്നുണ്ട്, വരണ്ടുണങ്ങിയ രാമതീർത്ഥം ഇതിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു.

രാമതീർത്ഥവും കണ്ട് തിരിച്ച് പോവുന്ന വഴിയാണ് അബ്ദുൾ കലാമിന്റെ ജന്മവീട് കണ്ടത്, ഒരു സാധാരണ തമിഴ് ശൈലിയിൽ പണിത മെലിഞ്ഞ മൂന്ന് നില കെട്ടിടം, ഇടുങ്ങിയ കോവണി കയറി ഒന്നാം നിലയിൽ എത്തിയപ്പൊൾ അവിടെ കലാമിന്റെ പുസ്തകങ്ങളുടെ ഒരു വൻശേഖരം തന്നെ അടുക്കിവച്ചിരിക്കുന്നു. കലാമിന്റെ കവിതകളും വാക്കുകളും മനോഹരമായി അവിടെ പ്രദർശിപ്പിച്ചിരുന്നു. ഭാരത് രത്ന ഉൾപ്പെടയുള്ള കീർത്തി മുദ്രകളും അവിടെ പ്രദർശിപ്പിച്ചിരുന്നു. അതേ കൗതുകത്തോടെ രണ്ടാം നിലയിലേയ്ക്ക് കയറിയപ്പൊൾ അവിടെ കണ്ടത് ചൈനീസ് ഐറ്റങ്ങളും ബാഗുകളും മറ്റുമായി ടൂറിസ്റ്റുകാരെ ആകർഷിക്കാൻ ഒരുക്കിയ ഒരു ഷോപ്പാണ്, കലാമിന്റെ പ്രതിച്ഛായയിൽ ഒരു കാർമേഘം പോലെ ആ കട മനസ്സിൽ നിന്നു.

രാമതീർത്ഥവും കണ്ട് ധനുഷ്കോടി പോവുന്ന വഴിക്കാണ് കോദണ്ഡരാമ ക്ഷേത്രത്തിലേയ്ക്കാണ്. രാവണനുമായി പിണങ്ങിപ്പിരിഞ്ഞ് വന്ന വിഭീഷണനെ ഇവിടെ വച്ചാണ് രാമൻ ലങ്കയുടെ രാജാവായി അഭിക്ഷേകം ചെയ്തത്. വിഭീഷണാഭിഷേകത്തിന്റെ കഥകൾ ചിത്രങ്ങളായി ചുവരിൽ വരച്ചു വച്ചിട്ടുണ്ട്, ബംഗാൾ ഉൾക്കടൽ കയറിക്കിടക്കുന്ന ചതുപ്പ് നിലങ്ങൾക്കിടയിലാണ് ഈ ക്ഷേത്രം.

രാമപാദ ക്ഷേത്രം

കോതണ്ഡരാമർ ക്ഷേത്രം
വെയിൽ തിളച്ചു നിന്ന രാമേശ്വരത്തെ ഉച്ചച്ചൂടിൽ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞത് പോലും അറിഞ്ഞില്ല, കാറ്റിന് ശക്തി കൂടുന്തോറും ധനുഷ്കോടിയിലേയ്ക്ക് തിരിക്കാൻ കണ്ണദാസൻ തിരക്ക് കൂട്ടുകയായിരുന്നു, അതിന്റെ കാരണം മനസ്സിലായത് അവിടെ ചെന്നപ്പോഴാണ്.


(തുടരും)