Wednesday, February 15, 2017

അസ്ഥിമരങ്ങളുടെ തുഞ്ചത്ത് നിന്ന് സ്വർണ്ണകോട്ടയിലേയ്ക്ക് - മരുഭൂമിയുടെ മടിത്തട്ടിലൂടെ ഭാഗം(3)ദൂരെയാത്രകളിൽ പ്രകൃതിയുടെ മുഖഭാവം മാറുന്നത് വളരെപെട്ടന്ന് അറിയാനാവും, പ്രത്യേകിച്ചും റോഡ് ട്രിപ്പുകളിൽ.. രാവിലത്തെ ചായ കുടിക്കാൻ നിർത്തുന്നത് അറ്റം കാണാതെ പരന്ന് കിടക്കുന്ന എള്ള് പാടങ്ങൾക്കരികിലാണെങ്കിൽ വൈകുന്നേരത്തേ ചായ ചെങ്കുത്തായ മലയുടെ തുഞ്ചത്തിരിക്കുന്ന ഒരു ഏറുമാടം പോലയുള്ള കടയിലായിരിക്കും.

മുന്നാം ദിവസത്തെ യാത്ര തലേ ദിവസങ്ങളെ അപേക്ഷിച്ച് കുറവായതിനാൽ ഉറക്കക്ഷീണം തീർത്താണ് യാത്ര തുടങ്ങിയത്..ആരവല്ലീ പർവത നിരകളിലെ ഏറ്റവും ഉയരം കൂടിയ “ഗുരുപർവത്‘ ശിഖരത്തിന്റെ അടുത്തുള്ള മൗണ്ട് അബു എന്ന രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനിലേയ്കാണ് ഈ യാത്ര.. അഹമ്മദാബാദിൽ നിന്ന് മെഹ്സാന,സിദ്ദ്പൂർ,പാലൻപൂർ വഴി മൗണ്ട് അബുവിലെത്താൻ ഏകദേശം നാലര മണിക്കൂർ മതി.

വിദ്ധ്യപർവ്വത നിരകളുടെ അത്ര വരണ്ടതല്ല ആരവല്ലി പർവ്വത നിരകൾ, പക്ഷേ ഗ്രീഷ്മത്തിന്റെ മരവിപ്പിൽ മരങ്ങളൊക്കെ ഇലപൊഴിച്ച് നിൽക്കുന്നതിനാൽ പച്ചപ്പിന്റെ ജീവനുള്ള നിറം കാണാൻ കിട്ടിയില്ല. ഗുജറാത്തിലെ പാലമ്പൂരിൽ നിന്ന് ഡെൽഹിയിലെ ഭരണസിരാകേന്ദ്രമായ റെയ്സിയാന ഹിൽസ് വരെ നിരന്ന് കിടക്കുന്ന ഒരു മല നിരയാണ് ഈ ആരവല്ലി..സമുദ്ര നിരപ്പിൽ നിന്ന് 4000 അടി മേലെയാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെ വെറും 19 കി.മി മാത്രം നീളവും കിഴക്ക് പടിഞ്ഞാറ് 6 കി.മി വീതിയുള്ള ഈ കുഞ്ഞി അബു പട്ടണം ഇരിക്കുന്നത്..

 കുത്തനെ മേലേയ്ക്കുള്ള കയറ്റത്തിൽ അസ്ഥികൂടങ്ങൾ പോലെ ഇലപൊഴിച്ച് നിൽക്കുന്ന മരങ്ങൾ വേറിട്ട കാഴ്ചയായിരുന്നു, ഇവിടുത്തെ മനുഷ്യരെ പോലെ തന്നെ മെലിഞ്ഞ മരങ്ങൾ..ഇലകൾ പൊഴിഞ്ഞ് നഗ്നമായ ചില്ലകളും നരച്ച ഭാവവും പേറി നിൽക്കുന്ന മരങ്ങൾ.കയറ്റത്തിനനുസരിച്ച് തണുപ്പും കൂടി കൂടി വന്നു.

 മൗണ്ട് അബു പ്രവേശന കവാടത്തിലെത്തിയതും അസ്ഥിയിൽ കുത്തുന്ന കാഠിന്യമായി തണുപ്പിന്.. തണുപ്പ് കുപ്പായങ്ങൾ ഉപയോഗിക്കാൻ പറ്റാഞ്ഞതിന് പറഞ്ഞ പരിഭവമൊക്കെ കാറ്റിൽ പരക്കുമെന്ന് ഉറപ്പായി. ഉച്ചഭക്ഷണം വഴിയാത്രയിൽ ലഘുവാക്കിയതിനാൽ മൗണ്ട് അബുവിൽ പാരമ്പരാഗത രാജസ്ഥാൻ ഭക്ഷണം എവിടെ കിട്ടും എന്ന തിരച്ചിലായി അടുത്തത്. ഹോട്ടൽ റൂമിൽ പെട്ടിപ്രമാണങ്ങൾ ഇറക്കിവച്ച് അന്വേഷണം തുടങ്ങി. 300 രൂപയ്ക്ക് ഒരു പകുതി ദിവസം കൊണ്ട് മൗണ്ട് അബു കാട്ടി തരാമെന്ന് പറഞ്ഞ ഗൈഡ് കമലിനൊപ്പം അങ്ങനെ മാർകറ്റ് റോഡീൽ തന്നെയുള്ള Rajasthani Bhojanalaya എന്ന റസ്റ്റോറന്റിൽ എത്തി..


രാജസ്ഥാൻ ഫുഡ് കഴിച്ചാലും പോരാ പേരും നാൾവഴിയും അറിഞ്ഞ് കഴിക്കണമെന്നുണ്ടായിരുന്നത് കൊണ്ട് വിശദമായ അഭ്യർത്ഥനയും കൊണ്ടാണ് റെസ്റ്റോറന്റ് മുതലാളിയുടെ അടുത്ത് എത്തിയത്.. വഴിയാക്കാമെന്ന് അദ്ദേഹവും ഏറ്റു.

കാത്തിരുന്ന ഞങ്ങളുടെ മുൻപിലേയ്ക്ക് അദ്യമെത്തിയത് ദാൽ-ബാട്ടി ചൂർമ്മ ആണ്.. സംഭവം ബാട്ടി എന്ന് പറയുന്ന തന്തൂർ ചെയ്തെടുക്കുന്ന കച്ചോരി ലുക്ക് ഉള്ള ഉരുളയും ദാലും (പരിപ്പ്) കൂടി ഇത്തിരി പച്ചമുളകും സവാളയും ഒക്കെയിട്ട് കുഴച്ചെടുക്കുന്നതാണ്.. കുഴക്കുന്നവന്റെ കയ്യിനെ പറ്റിയൊക്കെ സൗകര്യപൂർവ്വം മറന്നു അത് മുഴുവൻ നിമിഷനേരം കൊണ്ട് കാലിയാക്കി. കാരണം അത്ര ടേസ്റ്റായിരുന്നു സംഭവം.
ദാൽബാട്ടി ചൂർമ്മ ഞങ്ങൾക്ക് പിടിച്ചു എന്നറിഞ്ഞ മുതലാളി അടുത്ത വിഭവം അവതരിപ്പിച്ചു.. ബാജ്രെ റൊട്ടിയും കോഫ്ത കഠിയും. ബാജ്ര കൊണ്ടുണ്ടാക്കിയ റൊട്ടിയുടെ മുകളിലേയ്ക്ക് അയാൾ ഒഴിച്ച ഒരു വലിയ തവി നെയ്യ് കണ്ടില്ലെന്ന് നടിച്ചു, അതിലേയ്ക്ക് കട്ടതൈര് കൊണ്ടുണ്ടാക്കുന്ന കറിയായ കഠിയും ചേർത്ത് കുഴച്ച് ഒരു ചാട്ട് പരുവത്തിൽ മുന്നിലെത്തിയപ്പൊൾ സംശയത്തോടെയാണ് രുചിച്ചത്, പക്ഷേ അതും വിജയമായിരുന്നു.


ഇതിനോടകം തന്നെ ഞങ്ങളെപറ്റി മുതലാളിക്ക് ഒരു അഭിപ്രായം രൂപപെട്ടുവെന്ന് തോന്നി, കാരണം പിന്നെ ചൊദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല, ഒരോരോ വിഭവങ്ങളായി പ്രത്യക്ഷപെട്ടു.. പറാട്ട-ലെഹ്സൂൻ ചട്നി, റാബ്ബ്ഡി ചൂർമ്മ, ഗാജർ ഹൽവ. അങ്ങനെ രാജസ്ഥാനി വെജിറ്റേറിയൻ ഫുഡിന്റെ ടേസ്റ്റിൽ വയറും മനസ്സും നിറഞ്ഞ് ഞങ്ങൾ കാഴ്ച കാണാൻ ഇറങ്ങി.

ഇത്ര ചെറിയ ഒരു പട്ടണമാണെങ്കിലും എൺപതോളം ഹിന്ദു-ജൈന ക്ഷേത്രങ്ങളും മഠങ്ങളും ഉള്ള സ്ഥലമാണ് മൗണ്ട് അബു. അതിൽ പലതും 18-19 നൂറ്റാണ്ടിൽ പണികഴിക്കപെട്ടവയും, ആര്യ,രജപുത്ര,മുഗള സാമ്രാജ്യ ചരിത്രത്തിൽ ഈ സ്ഥലത്തിന്റെ പ്രാധാന്യം എത്രയുണ്ടായിരുന്നിരിക്കും എന്നൂഹിക്കാം, എങ്കിലും ഇത് മലമുകളിലുള്ള ഒരു ചെറിയ ടൂറിസ്റ്റ് ലൊക്കേഷൻ മാത്രമാണ് പല ഇന്ത്യൻ പുസ്തകങ്ങൾക്കും.

  ആദ്യം പോയത് ദിൽവാര ക്ഷേത്രം എന്നറിയപ്പെടുന്ന 18-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ജൈനക്ഷേത്രം കാണാനാണ്. മാർബിളിന്റെ തണുപ്പും അതിൽ കഴിവുള്ള കൈകൾക്ക് വിരിയിക്കാൻ പറ്റുന്ന കഴിവും കണ്ട് കൺ നിറഞ്ഞു. ജലത്തിൽ നിഴൽ വീഴുമ്പോൾ തന്നെ കൂട്ടം കൂടുന്ന ചുവന്ന മത്സ്യങ്ങൾ നിറഞ്ഞ കുളമുള്ള ശ്രീ സോമ്നാഥ് മഹാദേവ് മന്ദിറും കണ്ട് സൂര്യാസ്തമയം കാണാൻ സൺസെറ്റ് പോയിന്റിലെത്തുമ്പോൾ സൂര്യൻ യാത്ര പറയാൻ കാത്തു നിൽക്കുകയായിരുന്നു.. 


അത്രയും ആൾക്കൂട്ടത്തിനിടയിലും സ്വാഭാവികത്വത്തോടെ നടക്കുന്ന കുരങ്ങന്മാരായിരുന്നു അവിടുത്തെ പ്രത്യേകത. ഇത് തന്നെയാണ് ഇവിടുത്തെ ഹണിമൂൺ പോയിന്റും(കെട്ടിപിടിച്ചു നിൽക്കുന്ന മിഥുനങ്ങളെ പോലെ രണ്ട് പാറകൾ അവിടെയുള്ളത് കൊണ്ട്), ഗണേശ പോയിന്റും, ദുർഗ്ഗ പോയിന്റും (ഗണേശ ക്ഷേത്രവും, ദുർഗ്ഗാ ക്ഷേത്രവും ഉള്ളത് കൊണ്ട്)..കോട മൂടിയ ആരവല്ലി പർവ്വത നിരകളും രാജസ്ഥാൻ താഴ് വരയും കാണാൻ നല്ല ഭംഗി. ആകാശത്തിന്റെ നെറുകയിൽ ഒരു ചെപ്പ് കുങ്കുമവും കുടഞ്ഞിട്ട് സൂര്യൻ യാത്ര പറഞ്ഞു. അതൊടെ തണുപ്പിന്റെ കട്ടി കൂടി.. ചൂളി വിറച്ച് ഹോട്ടൽ റൂമിലെത്തി ആഹാരപാനീയങ്ങൾ കൊണ്ട് അത്യാവശ്യം ചൂട് പിടിച്ച് കിടന്നുറങ്ങി.. 

 
നാളെ ഇവിടുന്ന് പുറപ്പെടണം...
അസ്ഥിമരവിക്കുന്ന തണുപ്പ്, നല്ല ചൂട് പിടിച്ച രാജസ്ഥാനി രജായി, എന്നിട്ടും ആറ് മണിക്ക് മുൻപ് കണ്ണ് തുറന്നതെങ്ങനെ എന്നോർത്ത് എന്നോട് തന്നെ ദേഷ്യം തോന്നിയതായിരുന്നു, പക്ഷേ ജനലിലൂടെ മലനിരകൾക്ക് മുകളിൽ ഒരു പിക്ചർ എർഫെക്റ്റ് ഫോട്ടോ പോലെ ഉദിച്ചു നിൽക്കുന്ന സൂര്യനെ കണ്ടപ്പോൾ ഇത് കാണാൻ ആരോ വിളിച്ചുണർത്തിയതാണെന്ന് മനസ്സിലായി.. ചുറ്റും സ്വർണ്ണപൊടി വിതറി ഒരു ഓറഞ്ച് പളുങ്ക് ഗോളം പോലെ പതുക്കെ പതുക്കെ ഉയർന്നു വന്ന് ആകാശത്തിന്റെ ഭാഗമാവുന്ന ആ ആ കാഴ്ച, അത് വിശദീകരിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ്.


പ്രഭാതഭക്ഷണവും കഴിച്ച് മലയിറങ്ങാൻ തീരുമാനമായി.. ഇനി ലക്ഷ്യം മരുഭൂമി, ഒട്ടകങ്ങൾ മേഞ്ഞ് നടക്കുന്ന മണൽകുന്നുകൾ കാറ്റിന്റെ ദിശ അനുസരിച്ച് രൂപം മാറുന്ന ശരിക്കുള്ള മരുഭൂമി, അത് കാണണമെങ്കിൽ ജൈസാൽമറിൽ പോവണം.
രാജസ്ഥാനിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വലിയ ില്ലളിലൊന്നണ് ജയ്സാൽമർ, അതിൽ എൺപത് ശതമാനം മനുഷ്യവാസയോഗ്യമല്ലാത്ത സാൻ മണൽകുന്നുകളും പൊക്രാനും അടങ്ങിയ താർ മരുഭൂമി.


മരുഭൂമിയിലേയ്ക്കുള്ള യാത്രയ്ക്ക് ഇടത്താവളം ഒരുക്കിയത് ജയ്സാൽമറിൽ ആയിരുന്നു. ജൈസാൽമർ കോട്ടയുടെ തൊട്ടടുത്ത് ഒരു ആബു സഫാരി എന്ന ഹോട്ടലിൽ.. ക്യാഥി എന്ന ആസ്ത്രേലിയൻ അക്കൗണ്ടന്റ് ഇന്ത്യ കാണാൻ വന്നതും ഈ ഹോട്ടലിലെ കണക്കെഴുത്തുകാരി ആയതും, തിരിച്ചു പോവുമ്പോൾ തുടങ്ങാൻ പോവുന്ന ഹോസ്പിറ്റാലിറ്റി ചെയ്നിനെ പറ്റിയുള്ള സ്വപ്നങ്ങളും, അസ്ഥികളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പും ഹുക്കയിൽ നിന്നെടുത്ത പുകയും ചേർന്ന് ജൈസൽ കോട്ടയുടെ സ്വർണ്ണവർണ്ണമാർന്ന തിരശ്ശീലയ്ക്ക് മുന്നിൽ നടത്തിയ നാടകാന്ത്യത്തിൽ ആ ദിവസവും യാത്ര പറഞ്ഞു..


ഒരായിരം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേയ്ക്ക് നോക്കി ഓപ്പൺ ടെറസിൽ ചൂളകാറ്റിന്റെ മൂളൽ കേട്ടിരിക്കുമ്പോൾ അവർ കാതിൽ പറഞ്ഞു.. വരൂ നമുക്ക് കൂടാരങ്ങളിൽ പോയി രാപാർക്കാം, അതിരാവിലെ മണൽകുന്നുകൾക്ക് മുകളിൽ സൂര്യൻ ഉദിക്കുന്നത് കാണാൻ പോവാം.. ഒട്ടകപാൽ കൊണ്ടുണ്ടാക്കിയ ചായ അന്വേഷിച്ചു നടക്കാം...ഇനി ഞാൻ എങ്ങനെ ഈ വിളി കേൾക്കാതിരിക്കും?


(തുടരും)
No comments:

Post a Comment