Sunday, February 24, 2019

മഴയും മരുഭൂമിയിലെ കനാലും - (കറുത്ത പൊന്നിന്റെ നാട്ടിലൂടെ- ഭാഗം-3)



പ്രേതങ്ങൾ കഴിഞ്ഞാൽ പിന്നെ ഇഷ്ടപെട്ട മറ്റൊരു വിഷയം ആഹാരം  ആണ്.അത് കൊണ്ട് തന്നെ ഇത് വരെ കണ്ടിട്ടില്ലാത്ത പച്ചക്കറി-മത്സ്യ-മാംസ മാർക്കറ്റ് കാട്ടിത്തരാം എന്ന് പറഞ്ഞ വഴി ചാടി പുറപ്പെട്ടത്.

ഫിഷ് മാർക്കിലേയ്ക്കെന്നും പറഞ്ഞ് പോവുന്നത് ഒരു മാളിലേയ്ക്കാണല്ലോ എന്ന ചിന്ത ആയിരുന്നു Dubai Deira water front fish market ന്റെ പാർക്കിങ്ങ് സ്പേസിലേയ്ക്ക് വണ്ടി കയറുമ്പോൾ. പല നിലകളിലായി ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുന്ന ഇമ്മിണി വല്യൊരു അങ്ങാടിക്കടയാണതെന്ന് പെട്ടന്ന് മനസ്സിലായി. നടന്ന് നടന്നങ്ങനെ ക്ഷീണിക്കുമ്പോൾ ഇരിയ്ക്കാൻ സ്റ്റീൽ കസേരകളും കാശിട്ടാൽ കൂൾഡ്രിംസും ചിപ്പ്സുമൊക്കെ തരുന്ന സുന്ദരൻ മെഷീനുകളും ഉണ്ട്.

വലിയ താല്പര്യമില്ലെങ്കിലും പച്ചക്കറികളുടെ ഭാഗത്തേയ്ക്കാണ് ആദ്യം പോയത്. പല നാടുകളിൽ നിന്നെത്തിയ പേര് മാത്രം കേട്ടിട്ടുള്ള ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഒക്കെ ‘ദാ ഇപ്പ വന്നേയുള്ളൂ‘ എന്ന ഭാവത്തിൽ ഫ്രഷായി ഇരുപ്പുണ്ട്. കൊള്ളാവുന്ന ഒരു തണ്ണിമത്തങ്ങയുടെ വലുപ്പം കണ്ടാൽ മൂന്ന് ദിവസത്തേയ്ക്ക് കഴിക്കാൻ അത് മതിയെന്ന് തോന്നിപ്പോവും.

പല നിറങ്ങളിലും പല പ്രായത്തിലും ഉള്ള ഈന്തപ്പഴങ്ങൾ തന്നെയാണ് എന്റെ കണ്ണിൽ ആദ്യം ഉടക്കിയത്. നാട്ടിലെ പോലെ തന്നെ ടേസ്റ്റ് ചെയ്യാൻ തരുന്ന പരിപാടി എനിക്കിഷ്ടപെട്ടു, അവിടുള്ള ഈന്തപ്പഴങ്ങളിൽ നിന്നെന്നല്ലാം തന്നെ രുചി നോക്കിയിട്ടും മതി വരാഞ്ഞ് വിളഞ്ഞ് പഴുത്ത പാകം അല്പം വാങ്ങി കൈയ്യിൽ വച്ചു. നാട്ടിൽ തിന്നിട്ടുള്ള പേരുറപ്പിക്കാനാകാത്ത ഏതോ പഴത്തിന്റെ ടേസ്റ്റുണ്ട് അതിന്.

പച്ചക്കറി വിഭാഗത്തിൽ നിന്ന് നടന്നത് ഫിഷ് സ്റ്റാളിലേയ്ക്കാണ്. ഈ രാജ്യത്ത് മൊത്തമായി കാണുന്ന അടുക്കും ചിട്ടയും വൃത്തിയും തന്നെ അവിടുത്തെയും പ്രധാന ആകർഷണം, കാണുന്നവരിൽ മൂന്നിലൊന്ന് മലയാളികൾ ആണെന്നും ഒരു സന്തോഷമായിരുന്നു, ഇവിടുത്തെ നിലാവുദിക്കുന്ന കണക്കിൽ പെരുനാള് ആഘോഷിക്കുന്നൊരു നാട്ടിൽ നിന്ന് വന്നതിന്റെ സന്തോഷം.


ഫിഷ് മാർക്കറ്റ് കണ്ടിറങ്ങിയപ്പോൾ തന്നെ ഉച്ചയായി. വാട്ടർ ഫ്രണ്ടിലുള്ള കസേരകളിൽ ഇരുന്ന് അവിടുത്തെ കടയിൽ നിന്ന് ബർഗറും ഫിംഗർ ചിപ്സും കഴിക്കാൻ കാത്തിരിക്കുമ്പോൾ ഓണത്തിന് തുമ്പികളെ കാണുന്ന പോലെ ഉയർന്നും താഴുന്നും പല നിറങ്ങൾ വാലറ്റത്തും വയറ്റത്തും അടിച്ച വിമാനങ്ങൾ തലയ്ക്ക് മുകളിലൂടെ മൂളി പറക്കുന്നുണ്ടായിരുന്നു.

കണ്ണെത്തുന്ന ദൂരത്ത് അങ്ങേക്കരയിൽ തകൃതിയായി വലിയ ക്രേനുകളും മണ്ണ് വാരികളും പണിയെടുക്കുന്നുണ്ടായിരുന്നു. കടലിലേയ്ക്ക് നീണ്ട് കിടക്കുന്ന ഒരു പാലത്തിന്റെ മുകളിലെന്ന പോലെ, അതെന്തായിരിക്കും എന്ന് കൗതുകത്തോടെ നോക്കിയിരുന്നപ്പോഴാണ് നമ്മുടെ നാട്ടിൽ കാട് കയ്യേറുന്നത് പോലെ അവിടെ കയ്യേറുന്നത് കടലാണെന്ന് അറിഞ്ഞത്.  കടലിൽ നിന്ന് ഉയർത്തിയെടുത്ത ഒരു ദ്വീപ് തന്നെയാണ് UAE എന്ന ഈ സാമ്രാജ്യം, ഇപ്പോഴും കടലിലെ തിരകൾ തീരത്തോടടുക്കുമ്പോൾ ശക്തി കുറയാനും, കടൽക്ഷോഭങ്ങൾ തീരത്തോളം എത്താതിരിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങളാണത്രേ വിന്യസിച്ചിരിക്കുന്നത്. പണവും ടെക്നോളജിയും കൈകോർക്കുമ്പോൾ മരുഭൂമിയും കടലും മനുഷ്യന് വിളഭൂമിയാകുന്ന നിറക്കാഴ്ചകളാണ് ചുറ്റിലും.


ഉച്ച തിരിഞ്ഞപ്പൊഴേയ്ക്കും ഒരു മഴക്കാറ് ഉരുണ്ട് കൂടുന്നുണ്ടായിരുന്നു, എന്നും മഴ ഇഷ്ടമാണെങ്കിലും ഇന്ന് പെയ്താൽ ഞാൻ പിണങ്ങും എന്ന് പറഞ്ഞിട്ടും കുറുമ്പ് കാട്ടുന്ന കുസൃതിയെ പോലെ അവളും കുണുങ്ങി കുണുങ്ങി ഞങ്ങളുടെ കൂടെ തന്നെ വന്നു.

ദൈറയിൽ നിന്നും പോയത് ദുബായിലെ പോഷ് ബീച്ചുകളിൽ ഒന്നായി പേര് കേട്ട La Mer Beach ലേയ്ക്കാണ്. ഇരുൾ വീണിട്ടില്ലാത്തതിനാൽ തുറന്ന് തുടങ്ങിയിട്ടല്ലാത്ത കടകളും തിരക്കധികമില്ലാത്ത ബീച്ചും കണ്ടു. കൂടുതലും വിദേശികളെ കൊണ്ട് നിറഞ്ഞ ബീച്ചിൽ മോട്ടർ ബൈക്കും സർഫിങ്ങും വൃത്തിയായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കുളിമുറികളും ഷവറുകളും ഒക്കെയുണ്ടായിരുന്നു. 

ജുമൈറ 1 ഭാഗത്തുള്ള ഈ ബീച്ചിന്റെ ഒരു വശത്ത് വാട്ടൽ സ്പോർട്സ് കളികൾ നിറഞ്ഞ ഒരു വാട്ടർ പാർക്കും, മറുവശത്ത് ബീച്ച് സൈഡ് വില്ലകളും കണ്ടു. ഒരു വശത്ത് കടലും മറുവശത്ത് ദുബായ് നഗരത്തിലെ അംബര ചുംബികളേയും ഒരേ ഫ്രേമിൽ കാണാനാവുന്നത് ഒരു മനോഹര കാഴ്ചയാണ്.


La Mer ലെ സൗന്ദര്യം ആസ്വദിച്ച് എല്ലാം മറന്ന് ഞങ്ങൾ നടക്കുമ്പോൾ സൂര്യൻ എന്നത്തേയും പൊലെ പടിഞ്ഞാറ് നോക്കി നടക്കുകയായിരുന്നു. സന്ധ്യക്ക് കാണേണ്ട മറ്റൊരു കാഴ്ചയുണ്ട് എന്ന് പറഞ്ഞ് ഞങ്ങളും തിരക്ക് പിടിച്ച് ബർ ദുബായ് ക്രീക്കിലേയ്ക്ക് പുറപ്പെട്ടു. ചേക്കേറുവാൻ പറക്കുന്ന പക്ഷികളുടെ ഒരു അപൂർവ്വ ദൃശ്യം ഭാഗ്യമുണ്ടെങ്കിൽ കാണാം എന്നായിരുന്നു കൂട്ടുകാരി പറഞ്ഞത്, പക്ഷേ  കാറ്റിനേയും കൂട്ട് പിടിച്ച് മഴയും ഞങ്ങളുടെ പിന്നാലെ കൂടിയ മഴ ആ ഭാഗ്യം ഇല്ലാതാക്കി.

ബർ ദുബായിലെ തിരക്കേറിയ മാർക്കെറ്റിൽ കേട്ടത് കൂടുതലും മലയാളം തന്നെ. ഒരു ചൂട് ചായയും കുടിച്ച് ക്രീക്കിനടുത്തേയ്ക്ക് നടന്ന ഞങ്ങളുടെ മുന്നേ പിശറൻ കാറ്റെത്തി. പൊടി പറത്തി ചുഴറ്റി വീശി പറക്കുന്ന കാറ്റിനോടൊപ്പം മഴയും വന്നപ്പൊൾ പകലിന്റെ അവസാന നാളവും പൊലിഞ്ഞിരുന്നു.

മഴയിൽ നിന്ന് രക്ഷപെടാൻ കയറി നിന്നത് അബ്ര മാർക്കറ്റിൽ ആണ്, പഴയ കാല മാർക്കറ്റിന്റെ രൂപസാദൃശ്യം നിലനിർത്തി പണിതിരിക്കുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ള മാർക്കറ്റ്. ഇന്ത്യയിലും പാക്കിസ്ഥാനിലും നിന്നുള്ള തുണിത്തരങ്ങളും അത്തറും, തുർക്കിയിൽ നിന്നുള്ള വൈറ്റ് പോട്ടറിയിലുണ്ടാക്കിയ പാത്രങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈഫ്രൂട്ട്സും ഒക്കെ നിറഞ്ഞ ഇടുങ്ങിയ വഴികൾ.. ചിലയിടത്തൊക്കെ ദില്ലിയിലെ സരോജിനി നഗർ മാർക്കറ്റിനെ ഓർമ്മിപ്പിച്ചു.

മഴ മാറുന്നതിന് മുന്നെ ദുബായിലെ ഒരേയൊരു ഹിന്ദു ക്ഷേത്രവും കണ്ട് വരാം എന്ന് കരുതി ഇടവഴികളിലൂടെ നടന്ന് ഒന്നാം നിലയിലുള്ള നോർത്ത് ഇന്ത്യൻ മാതൃകയിൽ ഉള്ള ക്ഷേത്രത്തിന് മുന്നിൽ എത്തിയത്. ചുവന്ന പട്ടും, പൂക്കളും ചരടും ഒക്കെ വിൽക്കുന്ന കടകളായിരുന്നു അതിന് ചുറ്റും.  മഴ ഒരുവട്ടം പെയ്തൊഴിഞ്ഞതും അന്തരീക്ഷം പിന്നെയും തെളിഞ്ഞു.

അബ്രകൾ അക്കരെയിക്കരെ ഓടി തുടങ്ങിയിരുന്നു. ഇന്നത്തെ ദിവസം അക്കരെ കരയിലെ ഗോൾഡ് സൂക്കും കണ്ട് അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ അടുത്ത അബ്രയിൽ കയറി.

ദുബായ് ക്രീക്കിന്റെ ഒരു കരയിൽ നിന്ന് മറ്റേ കരയിലേയ്ക്ക് റോഡ് മാർഗ്ഗവും ഈ ചെറു ബോട്ടുകൾ വഴിയും പോവാം. തടിയിൽ നിർമ്മിച്ച നടുക്ക് അല്പം ഉയരത്തിൽ ഇരിപ്പിടവും, താഴേയ്ക്ക് ഒരാൾ പൊക്കത്തിൽ ഉള്ള അറയും മുകളിൽ മേൽക്കൂരയും ഉള്ള ബോട്ടിനാണ് അബ്ര എന്ന് പറയുന്നത്. ഹൗസ് ബോട്ടിനെ ഓർമ്മിപ്പിക്കുന്ന ചെറിയ ബോട്ടുകളും അല്പം വലിയ ഉല്ലാസകപ്പലുകളും എല്ലാം ഒഴുകി നീങ്ങുന്നുണ്ടായിരുന്നു.


അങ്ങേക്കരയിലെത്തിയപ്പോഴേയ്ക്കും ഒളിച്ച് നിന്ന മഴ ഇരട്ടി ശക്തിയോടെ പിന്നെയും പെയ്തു.. മഴ കൊഴിയും വരെ ചൂട് ചായയും കടല പുഴുങ്ങിയതും കഴിച്ച് കാത്തിരിക്കുമ്പോഴും മരുഭൂമിയുടെ നെഞ്ച് തണുക്കാൻ പെയ്യുന്ന മഴയെ ചീത്ത പറയാൻ തോന്നിയില്ല.

നിലാവ് പെയ്യുന്ന തീരത്ത് നമ്മൾ എത്തുന്ന നേരവും നിമിഷങ്ങളും മാത്രം നമുക്ക് സ്വന്തം എന്ന സൂഫി വാക്കുകൾ ഓർത്ത് കൊണ്ട് പുതുമഴ നനഞ്ഞ തടിയുടെ മണം നുകർന്നിരുന്നു.

(തുടരും)

Saturday, February 16, 2019

റാസ് അൽ ഖൈമയിലെ വലിയ വീടുകൾ(കറുത്ത പൊന്നിന്റെ നാട്ടിലൂടെ ഭാഗം-2)


മരണത്തിനപ്പുറം എന്ത് എന്ന അറിവില്ലായ്മ തന്നെയാവും മരണാനന്തര ജീവിതത്തെയും അവിടേയ്ക്ക് കടന്ന് പോവുന്നവരേയും പറ്റി നമ്മൾ ഇത്ര ജിജ്ഞാസുക്കളാവുന്നത്.

രാവിലെ പുറപ്പെട്ടത് റാസ് അൽ ഖൈമയിലേയ്ക്കുള്ള വഴിയിൽ ടൂറിസ്റ്റ് മാപ്പിൽ ഇനിയും ഇടം പിടിക്കാത്ത Al Jazirat Al Hamra എന്ന പ്രേത ഗ്രാമത്തിലേയ്ക്കായിരുന്നു. അറബിയിൽ ചുവന്ന ദ്വീപ് എന്ന് അർത്ഥം വരുന്ന ഈ മുക്കുവ ഗ്രാമത്തിൽ 1830 കളിൽ 200 ഇൽ പരം ആളുകൾ താമസിച്ചിരുന്നു എന്ന് കണക്കുകൾ പറയുന്നു. എണ്ണ ഖനികൾ കണ്ടെത്തുന്നത് മുന്നെയുള്ള കടലൊര ഗ്രാമ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ ആണ് ആ ചുറ്റുവട്ടം മുഴുവൻ.

കടൽജീവികളുടെ തോടുകൾ നിറഞ്ഞ കടലോര മണൽ കലർന്ന മണ്ണിലുണ്ടാക്കിയ മൺകട്ടകൾ കുഴമണ്ണ് കൊണ്ടുണ്ടാക്കിയ മതിലുകളും ഭിത്തികളും ഉള്ള വീടുകൾ, വാതിലുകളും ജനലുകളും ഒന്നും തന്നെ കാണാനില്ല, മരുഭൂമിയുടെ സ്വന്തം മുൾച്ചെടികൾ പല വീടുകൾക്കുള്ളിലെയും നിഴലിൽ തഴച്ച് വളർന്ന് നിൽക്കുന്നു.

ഇവിടെ താമസിച്ചിരുന്ന മൂന്ന് ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണമുണ്ടായ കൂട്ടപലായനം ആണെന്നും എണ്ണ ഖനികൾ തെളിയിച്ച പുതു ജീവിതം തേടി അബുദാബിയിലേയ്ക്ക് ഗ്രാമീണർ കുടിയേറിയത് കൊണ്ടുണ്ടായ വിജനതയാണിതെന്നും വാദങ്ങളുണ്ട്. പാഴ്ഭൂമിയുടെ നിശബ്ദതയും ചീറിയടിക്കുന്ന മണൽകാറ്റും കൊണ്ടുണ്ടായ ആരുടെയെങ്കിലും മനോകാമനയാവാം പ്രേതങ്ങൾ.

ഞങ്ങളെ കണ്ട് പ്രേതങ്ങൾക്കൊന്നും പ്രത്യേക ജിജ്ഞാസ തോന്നാഞ്ഞത് കൊണ്ടാവാം മറ്റ് സംഭവവികാസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾ അവിടെ നിന്ന് പോന്നു. മരുഭൂമിയിലെ ചൂടിനെ പറ്റിയുള്ള കനൽകഥകളുടെ ഓർമ്മയിൽ ആണ് നവംബർ മാസം തിരഞ്ഞെടുത്തതെങ്കിലും ഉച്ചയാവുന്നതിന് മുന്നേ തന്നെ വെയിൽ കത്തിപ്പിടിക്കുന്നുണ്ടായിരുന്നു.

RAK എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന RAS Al khaima യിലേയ്ക്കുള്ള തിരിക്കുമ്പോൾ പിന്നിലേയ്ക്ക് ഓടിപ്പോവുന്ന വഴിക്കിരുവശവും അറ്റം കാണാത്ത മരുഭൂമിയൊൽ അവിടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരുടെ ലക്ഷ്യം കാണുന്ന പ്രവർത്തനങ്ങളും കണ്ടിരുന്നു.

ഹജാർ പർവ്വതങ്ങളുടെ അടുക്കുകൾ കൊണ്ട് അതിരിട്ട തീരദ്ദേശ പ്രവിശ്യയാണ് റാസ് അൽ ഖൈമ. വഴിയരുകുകളിൽ ഉരുൾപൊട്ടലിൽ വീണ മലമ്പ്രദേശം പോലെ കല്ലുകൾ പരന്നൊഴുകി കിടക്കുന്നതിന്റെ കാരണം തിരഞ്ഞപ്പോൾ UAE ൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന പ്രദേശമാണിതെന്നും അതിശക്തമായ മഴയിൽ ഇവിടെ മണ്ണിടിച്ചിൽ കൂടുതൽ ആണെന്നും സുഹൃത്ത് പറഞ്ഞു. വരണ്ട കിടക്കുന്ന ആ ഭൂമിയുടെ ഓർമ്മകളിൽ പോലും ഒരു മഴ ഉണ്ടാവുമോ എന്നെനിക്ക് സംശയം തോന്നി അത്ര മാത്രം വരണ്ട ഭൂപ്രദേശങ്ങൾ.


UAE യുടെ 72 ആം വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എല്ലായിടത്തും കണ്ടു, വഴി നീളെ പാറിപ്പറക്കുന്ന പതാകകളും പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച് തുടങ്ങിയ വീടുകളും കെട്ടിടങ്ങളും, എന്നിട്ടും ഏറ്റവും അത്ഭുതം തോന്നിയത് ഹജാർ മലനിരകളിലൊന്നിൽ അങ്ങ് ദൂരെ പാറിപ്പറക്കുന്ന ആ ഒറ്റപ്പതാക കണ്ടാണ്, അല്ലെങ്കിലും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ ദൈനംദിന ചരിത്രങ്ങൾ കാണുന്ന മണ്ണാണല്ലോ ഇത്..

ഞങ്ങളുടെ യാത്ര റാസ് അൽ ഖൈമയിലെ ദഹാഹ് കോട്ടയിലേയ്ക്ക് ആയിരുന്നു. 18-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിനിവേശം തടുക്കാൻ പണികഴിപ്പിച്ച കോട്ടയുടെ ഒരു ലുക്കൗട്ട് പോസ്റ്റായിരിന്നിരിക്കണം ഇപ്പോൾ കാണുന്ന ഈ കോട്ട ഭാഗങ്ങൾ, UAE ൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട എന്നറിയപ്പെടുന്നത് ദയാഹ് ഫോർട്ട് ആണ്.

മൺകട്ടകൾ കൊണ്ട് പണിത് കുഴമണ്ണ് തേച്ചുറപ്പിച്ച കോട്ടയിലേയ്ക്ക് കയറിപ്പോവാൻ പടികൾ പണിതിട്ടുണ്ട്. എന്നിട്ടും മുകളിൽ എത്തിപ്പെടാൻ നല്ലൊരു ശ്രമം നടത്തേണ്ടി വന്നു. തൊണ്ട വരളുന്ന വേവറിഞ്ഞു. കോട്ടയിൽ നിന്ന് നോക്കുമ്പോൾ ഒരു വശത്ത്  അജയ്യഗർവ്വുമായി ഹജാർ പർവ്വത നിരകളും മറുവശത്ത് ദൂരത്തായി കടലും കാണാം. അതിനിടയ്ക്ക് റാസ് അൽ ഖൈമയുടെ ഗ്രാമ നഗര ജീവിതവും. ഒട്ടകങ്ങളും ആടുകളും നിറഞ്ഞ തൊഴുത്തുകളുള്ള ഒരു ഫാം ഹൗസ് മുകളിൽ നിന്ന് നോക്കിയപ്പൊൾ താഴത്തായി കണ്ടു. നമ്മുടേതല്ലാത്ത നാടുകളും ജീവിതങ്ങളും നമ്മിൽ നിറയ്ക്കുന്ന കൗതുകങ്ങൾ എന്ത് മാത്രമാണ്.


ദുബായ്, ഷാർജ പോലെയുള്ള പ്രവിശ്യകളുമായി താരതമ്യം ചെയ്താൽ റാസ് അൽ ഖൈമയിൽ ജനവാസം വളരെ കുറവാണ്. ഗ്രാമ ജീവിതത്തിന്റെ നേർ ദൃശ്യങ്ങളും വിവരിക്കാൻ ആവാത്ത വിധം പടർന്ന് കിടക്കുന്ന ആഡംബര വീടുകളും വിജനമായ വഴികളിൽ കണ്ടു.


റാസ് അൽ ഖൈമയുടെ ചരിത്രം 7000 വർഷത്തിലും പഴക്കമുണ്ടെന്ന് ഇവിടുന്ന് കണ്ടെടുത്ത ശേഷിപ്പുകൾ പറയുന്നു. ആ ചരിത്രം വളരെ മനോഹരമായി നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കോട്ടയിൽ പ്രവർത്തിക്കുന്ന റാസ് അൽ ഖൈമ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.  ടിക്കറ്റ് എടുത്ത് കയറുന്നിടത്ത് ആർക്ക് വേണമെങ്കിലും കുടിക്കാനായി വെള്ളിക്കൂജയിൽ വച്ചിരിക്കുന്ന കാവ രുചിച്ച് നോക്കി. അറബി സുന്ദരന്മാരുടെ സൗന്ദര്യ രഹസ്യം അതാണെന്ന് പ്രലോഭിപ്പിച്ചിട്ട് പോലും ഒരിറക്കിൽ കൂടുതൽ കുടിക്കാനായില്ല.


കടലിൽ നിന്ന് കിട്ടുന്ന പലതരം ചിപ്പികൾ, വർണ്ണമനോഹരമായ പവിഴപ്പുറ്റുകൾ, അവ കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ, 200 വർഷങ്ങൾക്ക് മുന്നേ സ്വർണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ ആഭരണങ്ങൾ, പഴയകാല ജീവിത വൃത്തിക്ക് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, കട്ടമരങ്ങൾ അങ്ങനെ പോയ കാലത്തിന്റെ ശേഷിപ്പുകൾ കണ്ട് തീർക്കാൻ രണ്ട് മണിക്കൂറോളം എടുത്തുവെങ്കിലും അവ മനസ്സിൽ ചരിത്രത്തിന്റെ ചക്രങ്ങൾ എത്ര അത്ഭുതം പോലെയാണ് തിരിയുന്നതെന്ന വിസ്മയം ഉണ്ടാക്കും.

മ്യൂസിയം കണ്ടിറങ്ങുമ്പോൾ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞിരുന്നു. ജബൽ ജയ്സിലെ മലനിരകൾക്ക് മുകളിൽ സൂര്യാസ്തമയം കണ്ട് മടങ്ങാം എന്ന ഉണർവ്വിൽ അങ്ങോട്ട് പുറപ്പെട്ടു. കാറ്റ് കൂർത്ത നഖങ്ങൾ കൊണ്ട് കഥ കോറിയിട്ട പോലെയുള്ള കല്ല് പർവ്വതങ്ങൾക്കിടയിലൂടെ നീണ്ട് പുളഞ്ഞ് കിടക്കുന്ന നെടുങ്കൾ പാതകൾ. പേരിന് പോലും കാണാനില്ലാത്ത മരങ്ങൾ. പരിചിത ശബ്ദങ്ങൾ ചുറ്റും ഉണ്ടായിരുന്നില്ലെങ്കിൽ സമയസൂചികയിൽ നിന്നും മറ്റേതോ കാലത്തിലേയ്ക്ക് ഞാനകന്ന് പോയോ എന്ന് സംശയിച്ചേനേ.. ടൂറിസം പ്രമോഷന്റെ ഭാഗമായി വഴിയോരങ്ങളിൽ വരുന്ന കെട്ടിടങ്ങൾ പോലും പർവ്വതങ്ങളുടെ സ്വഭാവിക നിറത്തൊടും നിരപ്പിനോടും ചേർന്ന് നിന്ന് അതിന്റെ നിഗൂഡതയും ഗാഭീര്യവും കൂട്ടുന്നു.


വഴിയരുകിൽ നിന്ന് വാങ്ങിയ കുഞ്ഞൻ ഓറഞ്ചുകൾ മധുരം കൊണ്ട് വയറും മനസ്സും നിറച്ചു. അടുത്തുള്ള പഴത്തോട്ടത്തിൽ നിന്നെന്ന് പറഞ്ഞെങ്കിലും ഒരു പച്ചപ്പ് പോലും ചുറ്റുമെങ്ങും കണ്ടില്ല.

ശുഭ്രമേഘങ്ങൾ മുഖം മറച്ച സൂര്യനെ കണ്ടിറങ്ങുമ്പോൾ ആകാശത്ത് മഹാനായ ചിത്രകാരൻ അലസമായി കടും നിറങ്ങൾ ചാലിച്ച് ചേർക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ഗൊളത്തിനുള്ളിൽ ഒരു കുഞ്ഞ് പൂവിന്റെ ഒരേ ആകൃതിയുള്ള അഞ്ചിതളുകൾ തൊട്ട് ആകാശം തൊടുന്ന ഈ കല്ല് മലകൾ വരെ എന്തൊക്കെ അത്ഭുതങ്ങൾ എന്ന് എന്റെ കുഞ്ഞ് കൂട്ടുകാരിയെ പോലെ ഞാനും അത്ഭുതപ്പെട്ടു..


(തുടരും)