Monday, May 1, 2017

തുംഗബദ്രയുടെ അങ്ങേക്കര- കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (5)ആഞ്ജനേയാദ്രിയുടെ മുകളിൽ നിന്ന് സൂര്യോദയം കാണാം എന്നായിരുന്നല്ലോ തലേന്ന് ഹംപി കണ്ടിറങ്ങും വരെയും കരുതിയിരുന്നത്. പക്ഷേ പിറ്റേന്ന് കണ്ണ് തുറന്നപ്പോഴേയ്ക്കും സൂര്യൻ കിഴക്ക് നിന്ന് പുറപ്പെട്ടിട്ട് കുറെ നേരം കഴിഞ്ഞിരുന്നു. വിശാലമായി കാണാമെന്ന് കരുതിയിരുന്ന വിരൂപാക്ഷ തലേന്നേ കണ്ട് മനസ്സ് നിറഞ്ഞത് കൊണ്ട് ഇന്നത്തെ ദിവസം മുഴുവൻ തുംഗഭദ്രയുടെ അങ്ങേ കര കാണാൻ ചിലവാക്കാം എന്ന് തന്നെ തീരുമാനിച്ചു.

കർണ്ണാടക സംസ്ഥാനത്തിന്റെ കാർഷിക-വൈദ്യുതി ആവശ്യങ്ങളിൽ വളരെ പ്രധാന പങ്കാണ് തുംഗബദ്ര ഡാമിനുള്ളത്. കാവേരിയുടെ കൈവഴിയായ തുംഗബദ്രയിലാണ് ഈ വലിയ അണക്കെട്ട്. വർഷം നീളെയുള്ള വെള്ളമൂറ്റലും മറ്റ് നശീകരണങ്ങളും കാരണം ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് ഈ നദിയും. 

ഇന്നത്തെ ഞങ്ങളുടെ യാത്ര തുംഗബദ്രയെ കടന്നായിരുന്നു. ഡാമിനടുത്തേയ്ക്കുള്ള പ്രവേശനകവാടത്തിനുള്ളിൽ ഒരു ചെറിയ പൂന്തോട്ടവും ജലത്തിന്റെ ഓർമ്മകൾ മാത്രം പേറി നിൽക്കുന്ന കുറെ ജലധാരകളും ഉണ്ടായിരുന്നു. മാർച്ച് മാസം തുടങ്ങിയിട്ടേയുള്ളൂ, എന്നിട്ടും എങ്ങും വരൾച്ചയുടെ എത്തിനോട്ടം. ദൂരെ നിന്ന് കാണുന്ന വരണ്ട ഷട്ടറുകളും നദീ തടവും ഒരു നോവാണ് മനസ്സിൽ ഉണർത്തിയത്. നാല് വരി പാത പോവുന്ന പുതിയ പാലത്തിന് മുകളിൽ നിന്ന് നദി കാണാൻ ആവാത്തതിനാൽ ഞങ്ങൾ പറഞ്ഞ ആഗ്രഹം കേട്ട് ഗൈഡ് ഞങ്ങളെ പഴയ പാലത്തിനരികിൽ എത്തിച്ചു. എന്നോ ഒഴുകിയ ഒരു പുഴയുടെ ഓർമ്മകളുമായി കുറെ കല്ലുകളും വെള്ളകെട്ടുകളും. 

അവിടുന്ന് പോയത് തുംഗബദ്ര ഡാം വ്യൂ പോയിന്റെലേയ്ക്കാണ്.. കടവിൽ നിന്ന് ഒരു അരകിലോമീറ്ററോളം ദൂരെയാണ് വെള്ളം കിടക്കുന്നത്, അവിടെ വരെ ചരൽ കല്ലുകളിൽ കൂടെ നടന്ന് പോവാം. 


ഇനിയും താമസിച്ചാൽ ഉച്ചച്ചൂടിൽ ഹനുമാൻ ക്ഷേത്രം കാണേണ്ടി വരുമെന്നുള്ള ഭയത്തിൽ ഞങ്ങൾ അവിടുന്ന് വേഗം പുറപ്പെട്ടു. തുംഗബദ്രയുടെ ഇങ്ങേക്കര ആനേഗൊണ്ടി എന്നാണ് അറിയപ്പെടുന്നത്. ഹംപിക്ക് മുൻപ് ഇതായിരുന്നു പോലും വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം. അത് കൊണ്ട് തന്നെ ചരിത്രപ്രധാനമായ ഒരു പാട് സ്മാരകവശിഷ്ടങ്ങൾ ഈ ഗ്രാമത്തിലും ഉണ്ട്, ഹംപിയേക്കാൾ നാശോന്മുഖവും തിരസ്കരിക്കപ്പെട്ടതുമായ നിലയിലാണെന്ന് മാത്രം. പുരാണത്തിൽ ഇവിടം കിഷ്കിന്ദ ആയിരുന്നു പോലും, ഹനുമാന്റെ ജന്മസ്ഥലം. അത് കൊണ്ട് തന്നെ ഹംപിയുടെ ചുറ്റുമുള്ള കൽകുന്നുകൾക്ക് ഹനുമാൻ ചരിത്രത്തിലെ പല പേരുകളാണ്. 


തുംഗബദ്രയുടെ അങ്ങെക്കര കുറെ കൂടി പച്ചപ്പ് ചൂടിയതാണ്. നെൽ പാടങ്ങളും കരിമ്പ് പാടങ്ങളും കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടം കൂട്ടമായി ചെമ്മിരിയാട്ടിൻ കൂട്ടങ്ങളും. ആട്ടിൻ കൂട്ടത്തിലുണ്ടായിരുന്ന കുതിരപ്പുറത്തെ ചുമട് എന്താണെന്ന എന്റെ ആകാംഷയുടെ ഉത്തരം ആ ആട്ടിടയൻ മറ്റൊരു “സാന്റിയാഗോ“ (അൽക്കെമിസ്റ്റ് എന്ന നോവലിലെ) ആണെന്നായിരുന്നു. ഇയാളും അങ്ങനൊക്കെ ചിന്തിക്കുന്നുണ്ടാവുമോ? എല്ലാവരും ഒരു പോലെ ചിന്തിച്ചാൽ ലോകമെങ്ങനെ ഇത്ര കൗതുകമുള്ളതാവും അല്ലേ? അങ്ങനെ ഞങ്ങൾ അഞ്ജനേയാദ്രിയുടെ ചുവട്ടിലെത്തി. 

ഉച്ചിയും ഉള്ളംകാലും പൊള്ളുന്ന വെയിൽ, എന്നിട്ടും അവിടെ വരുന്ന ആളുകളുടെ എണ്ണത്തിന് ഒരു കുറവും ഇല്ല, കുന്നിന്റെ മുകളിൽ ക്ഷേത്രം മാത്രമേ ഉള്ളൂ എന്നും, ആഹാരം എന്തെങ്കിലും കൊണ്ട് പോവുകയാണെങ്കിൽ ബാഗ് കുരങ്ങന്മാർ കൊണ്ട് പോകാതെ സൂക്ഷിക്കണം എന്നും ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നു. അങ്ങനെ ഞങ്ങൾ 575 പടി ചവിട്ടി കയറാൻ തുടങ്ങി, കൈപടികളും കെട്ടി തിരിച്ച പടികളും ആയത് കൊണ്ട് അത്ര ബുദ്ധിമുട്ട് തോന്നി എന്ന് പറയാൻ പറ്റില്ല, പക്ഷേ കൊച്ച് കുട്ടികളും പ്രായാധിക്യം കൊണ്ട് അവശരായവരും ഓരോ പടിയും “റാം, റാം“ ഉരുവിട്ട് കയറുന്നത് കാണാൻ ഒരു ഊർജ്ജമുണ്ട്. പലരും ചെരുപ്പിടാതെയാണ് കയറുന്നത്. രാമ ഭക്തനായ ഹനുമാന്റെ അമ്മയാണ് അഞ്ജന, ആ പേരിൽ നിന്നാണ് ഈ മലയ്ക്ക് ആഞനേയാദ്രി എന്ന പേര് കിട്ടിയിരിക്കുന്നത്. 


കുന്നിൻ മുകളിലെ ക്ഷേത്രത്തിന് ഒരു സാധാരണ വടക്കേയിന്ത്യൻ ലുക്കാണ്. കല്ലിൽ കുങ്കുമ കളർ പെയിന്റിൽ വരച്ചിരിക്കുന്ന ഹനുമാനും, മാർബിളിൽ പണിത സീതാ-രാമ-ലക്ഷ്മണ പ്രതിഷ്ഠയും അഞ്ജനാദേവിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിനുള്ളിൽ കാണാം. സേതു ബന്ധനത്തിന് ഉപയോഗിച്ചിരുന്ന കല്ലൊരെണ്ണം ഒരു കണ്ണാടി ചില്ലിനുള്ളിലാക്കി മുന്നിൽ തന്നെ വച്ചിട്ടുണ്ട്. പ്യൂമൈസ് സ്റ്റോണിന്റെ കാറ്റഗ്ഗറിയിൽ ഒന്നാവും.. അതിന് മുകളിൽ അത്ഭുതപ്രഭാവത്തിൽ മയങ്ങിയ ഭക്തന്മാർ ഇട്ട ചില്ലറകളും..

ക്ഷേത്രത്തിന് വെളിയിലിറങ്ങിയാൽ ഹംപിയുടെയും ആനെഗൊണ്ടി ഗ്രാമത്തിന്റെയും വൈരുദ്യാത്മകമായ സൗന്ദര്യം ഒരേ സമയം കാണാൻ പറ്റും, ഒരു വശത്ത് ഉരുളൻ കല്ലുകൾ നിറഞ്ഞ ടോപ്പോളജി മറുവശത്ത് തികഞ്ഞ സമതലം, കളം തിരിച്ചിട്ട വയലുകളും നടുവിലരഞ്ഞാണം കെട്ടിയ പോലെ ഒരു നീല നദിയും.. അഭൂതപൂർവ്വമായ ഒരു കാഴ്ച ആയിരുന്നു അത്.. 


പടിയിറക്കം താരതമ്യേന എളുപ്പമായിരുന്നു.. ചെറുതണലുള്ള പാറയ്ക്ക് മുകളിൽ ഇരുന്ന് ഒരു ചെറുപ്പക്കാരൻ മുന്നിൽ കാണുന്ന കാഴ്ചയെ പെൻസിൽ കൊണ്ട് പേപ്പറിൽ പകർത്തുന്നതിന്റെ വശ്യത കണ്ട് നിന്നപ്പോൾ ഒരു പക്ഷേ ദൈവവും ഇങ്ങനെ വരച്ച് ഭംഗി നോക്കിയിട്ടാവും ഈ ഭൂമിയെ സൃഷ്ടിച്ചതെന്ന് തോന്നി പോയി, അത്ര മനോഹാരിത.

പിന്നെ പോയത് പമ്പാ സരോവരത്തിലേയ്ക്കാണ്. പുരാണങ്ങളനുസരിച്ച് പാർവതീ ദേവി ശിവനെ വിവാഹം കഴിക്കാൻ തപസ്സിരുന്നത് ഇവിടെയാണ്. സമചതുരാകൃതിയിലുള്ള സരോവരത്തിനോട് ചേർന്ന് പമ്പാക്ഷേത്രവും ഉണ്ട്.. ഈ ക്ഷേത്രത്തിന്റെ നാല് ദിക്കിലേയ്ക്ക് സമദൂരത്തിലാണ് പുരാതനവും പുകൾപെറ്റതും ആയ നാല് ശിവക്ഷേത്രങ്ങൾ എന്ന വിവരണം ഈ ക്ഷേത്രത്തിന്റെ കാലപഴക്കത്തിനെ പറ്റി ഒരു ഏകദേശ ധാരണ തരും.

ഇനി യാത്ര ഹിപ്പി ഗ്രാമത്തിലേയ്ക്കാണ്.. ഹംപിയുടെ മറ്റൊരു മുഖം
.
ഏറ്റവും രുചികരമായ ഭക്ഷണം, ഏറ്റവും മനോഹരമായ ഇരിപ്പിടം, ഒരു പുലി മട എന്നൊക്കെ പറഞ്ഞ് എത്തിയ റസ്റ്റോറന്റിന്റെ പ്രഥമദർശനത്തിൽ ഞങ്ങളും വീണ് പോയി എന്നത് സത്യം. മെത്ത വിരിച്ച ഇരിപ്പിടങ്ങൾ ഉറ്റ് നോക്കുന്ന ദൂരെദൂരെയുള്ള കുന്നുകൾ വരേയ്ക്കും പടർന്ന് കിടക്കുന്ന പച്ച നെല്പാടങ്ങൾ, അവയ്ക്ക് അതിർ തിരിച്ച പോലെ കല്ലടുക്കി വച്ച കുന്നുകൾ.. മോഹിപ്പിക്കുന്ന പ്രകൃതിയുടെ ഭംഗി..തണുപ്പിച്ച ഗ്ളാസിൽ അതിലും തണുത്ത ബിയറും, ഈ തണുത്ത കാറ്റും ഏതോ അറിയാത്ത ഭാഷയിലുള്ള മെലഡിയും- ഇതാണ് സ്വർഗ്ഗമെന്ന് പറയുന്ന ഖലീൽ ജിബ്രാൻ ഞാനായത് പോലെ... 

ഉച്ച ഭക്ഷണം അങ്ങനെ ഗംഭീരമായി. 

ഉച്ചഭക്ഷണത്തിന്റെ ആലസ്യവും കൊണ്ട് ഹിപ്പി തെരുവിലൂടെ നടന്നത് നദിക്കരയിലേയ്ക്കാണ്. ശുഷ്കി ശോഷിച്ച് ഇനി ഒഴുകുന്നില്ലെന്ന് തീരുമാനമെടുത്ത നദി.. ഒരു കാലത്ത് ഇവിടെ ഒരു മഹാനദി ഒഴുകിയതിന്റെ ഓർമ്മകൾ ഒരോ കല്ലിലും മണ്ണിലും കാലം കുറിച്ചിട്ടിരിക്കുന്നു. അവസാന തുള്ളി ജലവും വറ്റുന്ന ആ കാഴ്ച കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, എന്ത് വലിയ ദ്രോഹമാണ് ഞാനുൾപ്പെടുന്ന ജീവി വംശം ഈ മനോഹരിയായ ഭൂമിയോട് ചെയ്യുന്നതെന്ന് തോന്നി പോവും, ഒരിക്കലെങ്കിലും ഇവൾക്കൊന്ന് ഭദ്രകാളിയായി തുള്ളിയുറഞ്ഞ് കൂടെ, എല്ലാം തകരും വരെ..

താമരത്തോണിയിൽ യാത്ര ചെയ്യാൻ പോയിട്ട് മുട്ടോളം നനയാനുള്ള ആഴമുണ്ടായിരുന്നില്ല പലയിടങ്ങളിലും. വിരൂപാക്ഷ ക്ഷേത്രത്തിന്റെ  കടവുകളിലെയ്ക്ക് നടന്ന് പോവാനുള്ള വഴിത്താരയുണ്ടായിരുന്നു.. ബോട്ട് സർവ്വീസ് കൂടുതലും ടൂവിലറും കൊണ്ട് വരുന്ന സഞ്ചാരികളെ അക്കരെ കടത്താനുള്ള സംവിധാനമാണ്. 

സൂര്യന്റെ ചൂട് കുറഞ്ഞതും ഹിപ്പി ഗ്രാമത്തിന് അനക്കം വച്ചു തുടങ്ങി, വിരുപാപുര ഗഡ്ഡി എന്നാണ് വിരൂപാക്ഷയുടെ ഇങ്ങേക്കരയുടെ ശരിയായ പേര്. ജീവിതം തന്നെ യാത്രയാക്കിയ കുറെ ആൾക്കാർ, മറ്റുള്ളവരെ പറ്റി, ശരാശരി മനുഷ്യന്റെ വിജയ മാനദണ്ഡങ്ങളെ പറ്റി ചിന്തിക്കാതെ ഒരു അവധൂത മനസ്സ്.. കാഴ്ചയിൽ ഒരു ഗോവൻ, പോണ്ടിച്ചേരി വിദേശ സെറ്റിലുകളുടെ ഫീലാണ് ഇവിടെ. ടാറ്റൂ സെന്ററുകളും, കഫേകളും ഒക്കെയായി, അവധൂതന്മാർക്ക് അവശ്യം വേണ്ട എല്ലാ വകകളും പുകകളും ഇവിടെ കിട്ടുമെന്നാണ് അറിഞ്ഞത്.. ഇനിയൊരു ജന്മത്തിൽ ആ രൂപത്തിൽ ജനിക്കണം.. മോഹങ്ങൾക്ക് നികുതി വേണ്ടെന്ന് ആരാണ് പറഞ്ഞത്?

ലിസ്റ്റിലുണ്ടായിരുന്ന കമലാപുര മ്യൂസിയം ഒഴിവാക്കേണ്ടി വന്നത് മനസ്സിൽ ഒരു ചെറിയ നഷ്ടബോധമായി. അതോ എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യ മനസ്സിന്റെ അത്യാഗ്രഹമോ? തിരികെ ഹോസ്പേട്ടിലേയ്ക്ക് വരും വഴി അനന്തശയനഗുഡി എന്നൊരു ക്ഷേത്രത്തിനെ വലം വച്ചാണ് പോന്നത്, ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത വിജയദേവരായ കാലത്ത് ഒരു അഗ്രഹാരമായി ഉപയോഗിച്ചിരുന്ന അവശേഷിക്കുക്ക ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

മറ്റൊന്ന് സുലേഭാവി എന്നറിയപ്പെടുന്ന ഒരു വഴിയോര കിണറാണ്. രാജ കാലത്ത് വഴിയാത്രക്കാർക്ക് ക്ഷീണവും ദാഹവും അകറ്റാൻ കണക്കാക്കി പണിത പടികെട്ടുകളുള്ള കിണർ.. ഇന്ത്യയിലെ അപൂർവ്വം പടികെട്ടുകളുള്ള കിണറുകളിൽ ഒന്ന്.. പിടിപ്പു കെട്ട സംരക്ഷണത്തിന്റെ അടയാളം പോലെ അവിടം നാശോന്മുഖമായിരുന്നു.

ഹോസ്പേറ്റിലെത്തുമ്പോഴേയ്ക്കും സൂര്യൻ പടിഞ്ഞാറ്റ് ചാഞ്ഞിരുന്നു. ഒരു ചായയും കുടിച്ച് ബാംഗളൂർക്ക് തിരിക്കാം എന്ന് കരുതി, സമദിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുമ്പോഴാണ്, ബെലഗാവി കുന്ദ കഴിച്ചിട്ടുണ്ടോ എന്ന ചോദ്യം, കുന്തം പോയാൽ കുടത്തിലും തപ്പണം എന്നൊരു ചൊല്ലേ എന്റെ ഭാഷയിലുള്ളൂ എന്ന് പറഞ്ഞെങ്കിലും കുന്ദ എന്തെന്നറിയാനുള്ള ആഗ്രഹവുമായി വീണ്ടും സമദിന്റെ കൂടെ അവിടെ കണ്ട ദീപാലംകൃതമായ ബേക്കറിയിലേയ്ക്ക് കയറിയത്.. ഒരു പേപ്പർ പ്ളേറ്റിൽ നിറം കുറഞ്ഞ കടുംശർക്കര പായസത്തിനോട് കാഴ്ചയിൽ സാമ്യമുള്ള ഒരു മധുര പലഹാരമെത്തി. രുചിച്ചപ്പോൾ നാവിൽ പാലും കോവയും തകർത്ത് കളിക്കുന്ന ഇരട്ടിമധുരം. 

ബലഗാവിലേയ്ക്ക് കുടിയേറി പാർത്ത രാജസ്ഥാനി പുരോഹിത്തുകളാണ് പാലും കോവയും പഞ്ചസാരയും ചേർത്ത് എട്ടിലൊന്നായി കുറുക്കിയുണ്ടാക്കുന്ന ഈ മധുരത്തിന്റെ ഉപജ്ഞാതാക്കൾ. ബലഗാവി കുന്ദയുടെ മധുരത്തിന്റെ മധുരത്തിൽ സമദിനോട് യാത്രയും പറഞ്ഞ് ഞങ്ങൾ ബാംഗളൂർക്ക് തിരിച്ചു.. 

ഇനിയൊരു യാത്രയുടെ ഓർമ്മകൾ ഉള്ളിൽ തുളുമ്പിയൊഴുകുന്ന മറ്റൊരു ദിവസത്തിനെ ധ്യാനിച്ച് കോണ്ട്..
Thursday, April 20, 2017

മുക്കണ്ണന്റെ മധുര പ്രസാദം - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (4)

ഒരു ദിവസത്തിന്റെ വെയിൽ മുഴുവൻ നടന്ന് കൊണ്ട ക്ഷീണം തീർക്കാൻ ഇനി തിരിച്ച് റൂമിൽ എത്തിയാൽ മതിയെന്ന് കരുതി വരുമ്പോഴാണ് അല്പം പരിഭ്രമിച്ച മുഖവുമായി കാർത്തിക്ക് വന്നത്. കാര്യം നിസ്സാരം, സുഹൃത്തിന്റെ സ്വന്തം സ്കോഡ ഒക്റ്റേവിയ സ്റ്റാർട്ട് ആവുന്നില്ല. എന്തോ ടെക്നിക്കൽ പ്രശ്നം കാരണം ബാറ്ററി ഫുൾ ഡിസ്ചാർജ്ജായിരിക്കുന്നു. ആട്ടോമാറ്റിക്ക് കാറായത് കാരണം തള്ളി സ്റ്റാർട്ടാക്കാൻ പോലും പറ്റുകയും ഇല്ല എന്ന്.

സമയം പൊയ്കൊണ്ടിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള രണ്ടോ മൂന്നോ നിര കടകളും ഹോട്ടലുകളായി രൂപം മാറിയ പഴയ കുറച്ച് വീടുകളും ഒഴിച്ചാൽ ഹംപി വിജനമാണ്.. 

“ഠ“ വട്ടത്തിൽ ഒരു ചെറിയ തെരുവും പിന്നെ കുറെ ഇടവഴികളും ആണ് പ്രധാന ഹംപി മാർക്കറ്റ്. മൊത്തമായും വിദേശീയരെ ലക്ഷ്യം വച്ചുള്ള വിപണികളും. വെള്ളി ലോക്കറ്റുകളും മറ്റും നാലിരട്ടിയിൽ കൂടുതൽ വിലകൂട്ടി ഇട്ടിരിക്കുന്നു. 

ആൻടിക്കുകളുടെ ഒരു വലിയ ശേഖരം കണ്ടു, പ്രധാനമായും ഹം പി പരിസരത്ത് നിന്ന് കിട്ടിയവ, പഴയ തകിടും മറ്റും കൊണ്ടൂള്ള മണികളും ചെപ്പുകളും ഒക്കെ. ഒക്കേത്തിനും തൊട്ടാൽ പൊള്ളുന്ന വിലയും.

വിശപ്പ് കാളിയപ്പോൾ തുറന്നിരുന്ന ഏതോ കടയിൽ പോയി ചപ്പാത്തിയും ദാലും കഴിച്ച് വീണ്ടും വണ്ടിക്കരികിൽ എത്തി, ഒരു വലിയ ആൾകൂട്ടം തന്നെ വണ്ടിക്ക് ചുറ്റിലും ഉണ്ട്, അവിടെ വന്നതും കിടക്കുന്നതുമായ ഓട്ടോയുടെയും ടാക്സികളുടെയും ഡ്രൈവർമാരും ലോക്കൽ വർക്ക്ഷോപ്പ്മാനും ഉൾപ്പെടെ ഒരു കൂട്ടം. എന്നും പത്രത്തിന്റെ മുൻ താളുകളിൽ കാണുന്ന കഥകൾ കൊണ്ടാണൊ മനസ്സിൽ ഇത്തിരി പേടി തോന്നി തുടങ്ങി.

പരിസരം വീക്ഷിച്ച് നിന്നപ്പോഴാണ് കിടക്കപായും തലയിണയും ടിപ്പിക്കൽ തമിഴ് തൂക്ക് പാത്രവുമായി ഓട്ടോയിലും ടാക്സികളിലും വന്നിറങ്ങുന്ന കുട്ടികളും പ്രായമുള്ള സ്ത്രീകളും ഒക്കെ അടങ്ങുന്ന കുടുംബങ്ങളെ കണ്ടത്. അവരൊക്കെ വിരൂപാക്ഷ ക്ഷേത്രത്തിനകത്തേയ്ക്കായിരുന്നു പൊയ്കൊണ്ടിരുന്നത്. കാർത്തിക്കിനൊട് എന്തെങ്കിലും പ്രതീക്ഷ തോന്നുകയാണെങ്കിൽ വിളിക്കാൻ പറഞ്ഞ് ഞങ്ങളും ക്ഷേത്രത്തിനുള്ളിലേയ്ക്ക് നടന്നു.

നിശബ്ദമായ ഗോപുരവാതിലിന്റെ അപ്പുറത്ത് കണ്ടത് മറ്റൊരു ലോകമാണ്. കിടക്കപായകൾ വിരിച്ച് തലയിണ വച്ച് ആൺപെൺ വ്യത്യാസമില്ലാതെ ഉറങ്ങാൻ ആളുകൾ കിടക്കുന്ന ഒരു വലിയ നടുമുറ്റം. ചെരുപ്പൂരി വച്ച് അകത്ത് കടന്നപ്പോൾ അകത്തെ നടുത്തളത്തിൽ ഭസ്മം വാരിപൂശി തലയിൽ തുമ്പികൈവച്ച് അനുഗ്രഹിക്കുന്ന ഒരു ആന. അറിയാത്ത ഭാഷയാണെങ്കിലും ദേവസ്തുതികളാണെന്ന് മനസ്സിലാക്കാൻ പറ്റുന്ന താളമുള്ള ഈരടികൾ.. സന്ധ്യാ വന്ദന പൂജ നടക്കുകയായിരുന്നു ക്ഷേത്രത്തിനുള്ളിൽ, ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള കല്യാണമണ്ഡപത്തിന്റെ മനോഹാരിതയും, ദേവീ പ്രതിഷ്ഠകളായ ഗംഗയേയും ഭുവനേശ്വരിയേയും ഇരുട്ടിൽ മൂടി കിടക്കുന്ന ക്ഷേത്രക്കുളവും കണ്ട് തിരിച്ചെത്തിയപ്പോൾ മഹാശിവരാത്രി പ്രസാദമായ കേസരി കിട്ടി.ആ മധുരം തരാൻ തന്നെയാവും പിടിച്ച് നിർത്തിയത്.

നടുത്തളത്തിലെ മനുഷ്യരുടെ ഇടയിൽ പോയിരുന്നു. കിടന്നാൽ ഉറങ്ങി പോവുമെന്ന് തോന്നി. ബാംഗളൂരിലെ പൊടി നിറഞ്ഞ ആകാശത്ത് കാണാൻ കഴിയാത്ത കോടാനുകോടി നക്ഷത്രങ്ങളുടെ മേലാപ്പ് മുകളിൽ, ചില സമയത്ത് കണ്ണ് തുറന്ന് സ്വപ്നം കാണുന്നത് പോലെ തോന്നില്ലേ, അത് അത്തരം ഒരു നിമിഷമായിരുന്നു.

ചെണ്ടയുടേയും കുഴലിന്റെയും ചെങ്ങിലയുടേയും ശബ്ദം കേട്ടു, സന്ധ്യാ വന്ദനം കഴിഞ്ഞ് ദേവനെ ഉറക്കുന്ന ചടങ്ങാണ് പോലും. കൗമാരകാലം തൊട്ടുള്ള പുരുഷ പ്രതീകങ്ങളിൽ പണ്ട് തൊട്ടേ ഇഷ്ടപെട്ട് തുടങ്ങിയതാണ് ശിവനെ. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശ്മശാനവാസി. ഉറക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. അങ്ങനെ മേളക്കാരുടെ കൂടെ കൂടി. സുഗന്ധദൂപവും വട്ടിയും വാദ്യവുമായി മൂന്ന് ചുറ്റ് അവരുടെ പിന്നാലെ നടന്നെത്തിയപ്പോൾ ആകെ മൊത്തം ഒരു മായിക ലോകത്തെത്തിയ ഫീൽ.

ഏഴാം നൂറ്റാണ്ടിന് മുൻപെന്നോ പണികഴിപ്പിച്ച ഇതിന്റെ മൂലക്ഷേത്രം സർവ്വ പ്രതാപത്തിലെത്തിയത് വിജയനഗരത്തിന്റെ തിലകകുറിയായപ്പോഴാണ്. തലമുറകൾ നടത്തിയ കൂട്ടിച്ചേർക്കലുകളിൽ ക്ഷേത്രത്തിന് ചുറ്റും ഉപക്ഷേത്രങ്ങളുടെയും, ക്ഷേത്രഭരണ സമിതി ഓഫീസുകളുടെയും വലിയൊരു അടുക്കളയുടേയും വൻ സമുച്ചയം ഉണ്ടാക്കിയിരിക്കുന്നു.

ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള രംഗ മണ്ഡപം ആണ് മനോഹരമായ കല്യാണമണ്ഡപം. പുരാണത്തിലെ എല്ലാ പ്രധാന കല്യാണരംഗങ്ങളും അവിടെ കൊത്തി വച്ചിട്ടുണ്ട്. കൃഷ്ണദേവരായുടെ ഭരണകാലത്ത് നിർമ്മിച്ച ഈ കല്യാണമണ്ഡപത്തിന്റെ പ്രൗഡിയാണ് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ പ്രധാനകാരണമായിരുന്നത്.

കാർത്തിക്കിന്റെ ഫോൺ ഇടയ്ക്കെത്തി. ജമ്പ് സ്റ്റാർട്ട് ചെയ്യാൻ വലിയ ജബ് വയറുകളും ബാറ്ററിയും എടുക്കാൻ വർക്കോഷിലേയ്ക്ക് പോവട്ടെ എന്ന ചോദ്യവുമായി. ശരിയെന്ന് പറഞ്ഞതും ഒരു ബൈക്കുമെടുത്തു പോയി രണ്ട് ആൾക്കാർ. അവരെത്തിച്ച സാധനങ്ങളുടെ സഹായത്താൽ അവസാനം വണ്ടി സ്റ്റാർട്ടായി, പക്ഷേ അടുത്ത പ്രശ്നം - വണ്ടിക്ക് ഇടത്തോട്ട് ഒരു വലിവ്. റീസെറ്റായ പോയ സെറ്റിങ്ങുകൾ പറ്റിച്ച പണി, കുറെ നേരം ഓടിച്ചാൽ ബാറ്ററി ചാർജ്ജ് ആവുമെന്നും സ്റ്റിയറിങ്ങ് തനിയെ അയയുമെന്നും വിദഗ്ദോപദേശം കേട്ട് കാർത്തിക്ക് വണ്ടിയെ എക്സർസൈസ് ചെയ്യിക്കാൻ കൊണ്ട് പോയി. ഞങ്ങൾ വിരുപാക്ഷ നടുത്തളത്തിലേയ്ക്കും.

വിരൂപാക്ഷ മൂല ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പിന്നിലെവിടെയോ ആണ്. ഇന്ന് കാണുന്ന വിശാലമായ വിരൂപാക്ഷ ക്ഷേത്രം പണിതത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. കൃഷ്ണദേവരായരുടെ കാലഘട്ടം തന്നെയാണ് പ്രശസ്തിയുടെ കൊടുമുടി കയറിയ കാലം. വിരൂപ അക്ഷികളോട് കൂടിയവൻ അല്ലെങ്കിൽ മുക്കണ്ണൻ ധ്യാനനിരതനായിരിക്കുന്ന ഭാവത്തിലാണ് ഇവിടെ. സതീ വിയോഗത്തിൽ പെട്ട ശിവനെ വിവാഹം ചെയ്യാൻ പാർവതി തപസ്സിരുന്നതും അവരുടെ കല്യാണം നടന്നതും ഇവിടാണെന്ന് ഐതീഹ്യം.

ഇരുണ്ട വെട്ടത്തിലും സെൽഫിയെടുത്ത് ഭംഗി നോക്കുന്നവർ, ഉറങ്ങുന്നതിന് മുൻപുള്ള പ്രാർത്ഥനയ്ക്ക് വട്ടം കൂട്ടുന്നവർ, മുഴുവനും മനസ്സിലാവാത്ത ഭാഷയിൽ വാതോരാതെ വർത്തമാനം പറയുന്ന ചെറിയ കൂട്ടങ്ങൾ, ഏറ്റവും വലിയ പൂജ ഉദരപൂജയാണെന്ന് സത്യം മനസ്സിലാക്കിയ കുഞ്ഞുങ്ങൾ, ജീവിത നാടകം ഒരു വലിയ തിരശ്ശീലയിൽ എന്ന പോലെ കണ്ട് കൊണ്ടീരിക്കുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു എന്ന കാര്യം ഓർത്തില്ല.

ഏറ്റവും സന്തോഷവും കൗതുകവും ആയി തോന്നിയ കാര്യം, ആറ് മണിക്ക് ശേഷം പുറത്തിറങ്ങണ്ട എന്ന് പെണ്ണിനോട് പറയുന്ന ലോകത്തിൽ പെണ്ണായി പിറന്നതേ ശാപമെന്ന് തോന്നിക്കും വിധം വൈകൃതങ്ങൾ ആഘോഷിക്കപ്പെടുന്ന ലോകത്തിൽ ഏതോ ഒരു ഗ്രാമത്തിന്റെ കോണിൽ ഒരു കൂട്ടം മനുഷ്യർ, ആദ്യാവസാനം പുരുഷന്മാർ ഒരു പ്രശ്നപരിഹാരത്തിനായി കൈകോർത്തപ്പോൾ ആണും പെണ്ണും എന്ന വേർതിരിവ് ഒരു നിമിഷത്തിൽ പോലും തോന്നിയില്ല, മനുഷ്യർ മനുഷ്യരോട് സംസാരിക്കുന്നത് പോലെ, ആളറിയാത്ത ആ ആൾകൂട്ടത്തിലും അനുഭവിച്ച ആ സമത്വം, അക്രമങ്ങളേയും അനാചാരങ്ങളേയും മാത്രം വിളംബരം ചെയ്യാൻ ഔത്സുക്യം കാണിക്കുന്ന  ലോകത്തിനോട് ഒരു വെല്ലുവിളിയാണെന്ന് തോന്നി. ഒരു പക്ഷേ തോളോട് തോൾ ചേർന്ന് നിന്ന് യുദ്ധം ചെയ്യാൻ നമുക്കൊരു കാരണം കിട്ടുന്ന അന്ന്, ഈ ഉപരിപ്ളവങ്ങളായ പ്രശ്നങ്ങൾ അവസാനിക്കുമായിരിക്കും എന്നൊരു പ്രതീക്ഷിക്കാം.

 

വണ്ടി അത്യാവശ്യം വഴങ്ങിയെന്ന് കാർത്തിക്കിന്റെ ഫോൺ വന്നപ്പോൾ ഞങ്ങൾ അവിടുന്ന് എഴുന്നേറ്റു, ഇരുട്ട് മൂടി വഴികളിലൂടെ തിരിച്ച് ഹോസ്പേട്ടെത്തിയപ്പോൾ രാത്രിക്ക് പ്രായം ഒരു പാട് ആയിരുന്നു.

പിറ്റേന്ന് സൂര്യോദയത്തിന് മുൻപ് 575 പടി കയറില്ലെന്ന ഉറപ്പുമായി കിടന്നതറിഞ്ഞില്ല, ഉറങ്ങി പോയി.. നാളെ കിഷ്കിന്ദാപുരി കാണാൻ...

(തുടരും).

Thursday, April 13, 2017

നിലകടല ഗണപതിയും കടുക്മണി ഗണപതിയും - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (3)മാംഗോ ട്രീ അന്വേഷിച്ചെത്തിയത് ഹംപി മാർക്കറ്റിനകത്താണ്. ചാണകം മെഴുകിയ ഇടുങ്ങിയ റോഡിലൂടെ നടന്നെത്തിയത് ചൂരൽ കൊണ്ടുണ്ടാക്കിയ കവാടവും സാരികൾ കൊണ്ട് ഭിത്തികളും ഉണ്ടാക്കിയ ഒരു ടിപ്പിക്കൽ ഹിപ്പി കൂടാരത്തിലാണ്. കെട്ടും മട്ടും ഉള്ളിലിരിക്കുന്ന വിദേശികളേയും കണ്ടപ്പോൾ പോക്കറ്റ് കാലിയാവുമോ എന്നൊരു പേടി ആദ്യം തോന്നിയെങ്കിലും ന്യായവിലയായിരുന്നു. ഹംപിയിലെ രാജ ഭോജനശാലയെ പറ്റി വിവരിച്ചിരുന്നത് പോലെ ബഞ്ചിനിരുവശവും കിടക്കകൾ വിരിച്ച് ഉണ്ടാക്കിയ ഇരിപ്പിടങ്ങൾ, എത്ര നേരം വേണമെങ്കിലും പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന സംഗീതവും ആസ്വദിച്ച് ഇതിനുള്ളിൽ ഇരിക്കാം. ഫ്രീ മൊബൈൽ ചാർജ്ജിങ്ങ് പോയിന്റുകളും. മാംഗോ ട്രീ പ്രസിദ്ധമായ സംഭാരവും, പായസവും അടങ്ങുന്ന സ്പെഷ്യൽ താലിയും കഴിച്ച് ഉച്ചയൂണ് ആഘോഷിച്ചു.

ഫുൾചാർജ്ജ് ചെയ്ത മനസ്സും വയറും മൊബൈലുമായി വീണ്ടും ഹംപിയിലേയ്ക്ക്...

ഞങ്ങളുടെ ബുദ്ധിമാനായ ഗൈഡ് ഇത്തവണ യാത്ര വിരൂപാക്ഷി ക്ഷേത്രത്തിൽ നിന്ന് പിന്നിലേയ്ക്കാവാമെന്ന് പറഞ്ഞു, പാതി ദിനം കഴിഞ്ഞതിനാൽ തുടക്കയിടങ്ങളിൽ ആൾതിരക്ക് കുറവായിരിക്കും എന്ന അനുഭവജ്ഞാനം ആയിരുന്നു അത്.

ആദ്യ സന്ദർശനം കടലൈക്കാലു ഗണേശനെ ആയിരുന്നു. ഹേമകൂട കുന്നിന്റെ കിഴക്കേ ചരുവിൽ ഹംപിയുടെ തുടക്കത്തിൽ തന്നെ ഉള്ള ക്ഷേത്രമാണിത്. അതിന് മുന്നിൽ കാണുന്ന തൂണുകളുള്ള കവാടം ഹംപി പൗരാണിക നഗരത്തിന്റെ പ്രവേശന കവാടമായിരുന്നുവത്രെ.. 

രണ്ടരയാൾ പൊക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗണപതിയാണ് കടലൈക്കാലു ഗണേശ, കടലൈക്കാലു എന്ന് പറഞ്ഞാൽ നിലക്കടല.എല്ലാം തികഞ്ഞ ഗണേശന്റെ വയർ അറുത്ത് മാറ്റിയ പോലെ ഉടഞ്ഞ് പോയിരിക്കുന്നു. മുഗളന്മാരുടെ ആക്രമണത്തിൽ നശിപ്പിച്ചതാണ് പോലും, അത്ര പരിപൂർണ്ണമായ ഒരു സൃഷ്ടിയെ നശിപ്പിക്കാൻ തോന്നിയ ആ മനുഷ്യനായിരുന്നിരിക്കണം അന്നത്തെ താരം. 

ഹേമകൂട കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ഹംപി പഴയ മാർക്കറ്റിന്റെ ഇരുനില അവശിഷ്ടങ്ങൾ കാണാം. താഴത്തെ നിലയിൽ കച്ചവടവും മുകളിൽ താമസവും എന്ന നിലയിലായിരുന്നു മാർക്കറ്റ് പോലും, ഇവിടെ നിന്ന് നോക്കുമ്പോൾ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം എറ്റവും പ്രൗഡിയോടെ കാണാൻ പറ്റും. മധുര മീനാക്ഷീ ക്ഷേത്രത്തിന്റെ , പാണ്ഡ്യ ശില്പ കലയുടെ പ്രതിരൂപമാണ് വിരൂപാക്ഷ ഗോപുരം. ഹേമകൂട കുന്നിന്റെ ചരുവുകളിൽ ഒരു പാട് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. 

ഇവിടെ നിന്ന് നോക്കിയാൽ ഹംപിയെ ചുറ്റി നിൽക്കുന്ന മാതംഗ മലയും ഋഷ്യമൂകാചലവും ഒക്കെ കാണാനാവും.. ഉരുളൻ കല്ലുകൾ കൊണ്ട് പ്രകൃതി ഈ നഗരത്തിന് കെട്ടി കൊടുത്ത കോട്ട പോലെ.

അവിടെ നിന്ന് ഞങ്ങൾ പുറപ്പെട്ടത്ത് സസിവെകാലു ഗണേശനെ കാണാൻ വേണ്ടിയാണ്, അണ്ണൻ തമ്പി സ്റ്റയിൽ ഉള്ള ആ പേരുകൾ കൗതുകമായി തോന്നി.. കടലൈകാലു എന്നാൽ നിലകടലയും സസിവെകാലു എന്നാൽ കടുകും ആണ്. ഗണേശ പ്രതിമകളുടെ ആകാരത്തിലുള്ള വലുപ്പച്ചെറുപ്പം തന്നെ ആ പേര് കിട്ടാൻ കാരണം, കടലൈകാലു ഗണേശ രാജ്യത്തെ പ്രമുഖന്മാരുടെയും സസിവൈകാലു ഗണേശ പാവങ്ങളുടെയും ദൈവമായിരുന്നു. കാലമെത്ര മാറിയാലും കാഴ്ചകെട്ടുകൾ മാറില്ലെന്ന് തന്നെ.

ടാർ റൊഡിന്റെ ഇരുവശത്തും വാഴ കൃഷിയാണ്. ആർക്കിയോളജിക്കൽ റിസേർച്ച് നടക്കുന്ന സൈറ്റുകൾ ഗവണ്മെന്റ് വകയാവുമല്ലോ അപ്പോഴീ കൃഷി നടത്തുന്നവരാരായിരിക്കും എന്ന ചോദ്യത്തിന് ഗൈഡ് പറഞ്ഞ കഥ, ഒരു കുടിയിറക്കലിന്റേതും തീരാത്ത സമരത്തിന്റെയും ആയിരുന്നു. ഏക്കറ് കണക്കിന് ഏറ്റെടുത്ത സ്ഥലങ്ങൾക്ക് മുപ്പത് വർഷമായി ഇനിയും കിട്ടാത്ത സ്ഥലമെടുപ്പ് വിലയും ജോലിയോ കൃഷിയോ ചെയ്യാനാവാതെ ദൈന്യമായി പോയ ജീവിതങ്ങളും, എല്ലാ പിടിച്ചടക്കലുകളിലും എന്ന പോലെ ആ കഥ വേദനിപ്പിക്കുന്നതായിരുന്നു. 

അടുത്തതായി ഞങ്ങൾ പോയത് ലക്ഷ്മി നരസിംഹ ക്ഷേത്രം കാണാനാണ്. ഒറ്റകല്ലിൽ തീർത്ത ഒരു ഭീമാകാരൻ നരസിംഹ പ്രതിമയായിരുന്നു അത്, ക്ഷേത്രം എന്ന് പറയാനായി ആകെ മതിൽ കെട്ട് മാത്രം. സ്വാമി അയ്യപ്പനെ പോലെ അർദ്ധപത്മാസനത്തിൽ ഇരിക്കുന്ന നരസിംഹ മൂർത്തി പ്രതിമ ഒരു അപൂർവ്വം കാഴ്ചയാണ്. ഈ പ്രതിമാശൈലി ജൈന മതത്തിന്റേതായിരുന്നു എന്നത് മറ്റൊരു കൗതുകം തന്നെ. ഈ പ്രതിമയേ പറ്റി പറഞ്ഞ മറ്റൊരു കഥ, യുദ്ധാനന്തര പൂർണ്ണമായും നശിപ്പിക്കപെട്ടാ ഈ പ്രതിമ പുനഃസൃഷ്ടിക്കാൻ പറഞ്ഞ് കേട്ട പഴംകഥകളല്ലാതെ യാതൊരു വിവരണങ്ങളുമുണ്ടായിരുന്നില്ല, പിന്നിട് നടന്ന തിരച്ചിലിൽ വിട്ടാല ക്ഷേത്രത്തിന്റെ ചുവരുകളിൽ ഈ പ്രതിമയുടെ രൂപം കണ്ടു പിടിക്കുകയും അതിനനുസരിച്ചു പുനഃസൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു പോലും. ലക്ഷീ സമേതനും പ്രസന്നമുഖനുമായിരുന്നു ഈ നരസിംഹ പ്രതിഷ്ഠ. പ്രതിമയുടെ കൈകാലുകൾ ഒക്കെയും നശിപ്പിക്കപെട്ട നിലയിൽ തന്നെയാണ്.

അതിനടുത്ത് തന്നെ കാണുന്ന ബടവ ലിംഗ പ്രതിമയായിരുന്നു അടുത്ത കാഴ്ച. 9 അടിയോളം ഉയരമുൾള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗത്തിന്റെ 5 അടിയോളം മാത്രമേ വെള്ളത്തിന് മുകളിൽ കാണാൻ പറ്റുന്നുള്ളൂ. ഈ വേനലിലും വറ്റാത്ത ഒരു നീരുറവയുടെ മുഖത്തിലാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. വറ്റാത്ത ഈ നീരുറവ ഗംഗയെ പ്രതിനിധീകരിക്കുന്നു. “ബടവ“ എന്നാൽ കന്നടത്തിൽ പാവപെട്ടവൻ എന്നർത്ഥം.. ഇത് പാവപെട്ടവന്റെ ശിവലിംഗമായിരുന്നു പോലും, പ്രമുഖരുടേത് വിരൂപാക്ഷ ആയിരുന്നിരിക്കും. ശിവലിംഗത്തിന്റെ മുകൾഭാഗത്ത് തൃക്കണ്ണ് കൊത്തിവച്ചിട്ടുണ്ട്.

അവിടെ നിന്ന് പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിലേയ്ക്ക് പോവുന്ന വഴിക്കാണ് ഉദ്ദാനവീരബദ്ര ക്ഷേത്രവും ചന്ദീകേശ്വര ക്ഷേത്രവും കണ്ടത്, പല ക്ഷേത്രങ്ങളിലും പുനഃനിർമ്മാണ പരിപാടികൾ നടക്കുന്നതിനാൽ പ്രവേശനം കുറെ ഭാഗങ്ങളിലേയ്ക്ക് നിയന്ത്രിച്ചിരുന്നു.

പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിനെ ഭൂഗർഭ ശിവക്ഷേത്രം എന്നും വിളിക്കുന്നുണ്ട്. പടികളിറങ്ങി ചെല്ലുന്നിടം തൊട്ട് വെള്ളം കെട്ടി കിടക്കുകയായിരുന്നതിനാൽ ഉള്ളിലെന്താണിള്ളത് എന്ന് കാണാൻ കഴിഞ്ഞില്ല, ഇടിഞ്ഞ് വീണ ചുറ്റമ്പല മതിലിനിടയിലൂടെ തറ നിരപ്പിൽ നിന്ന് താഴ്ന്ന് നിൽക്കുന്ന ചുറ്റുവഴിയും അകം ചുമരുകളും കണ്ടു. 

പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിനടുത്താണ് മഹാറാണിയുടെ കൊട്ടാരവും സ്നാനഘട്ടവും, വിഖ്യാതമായ വിരൂപാക്ഷ ക്ഷേത്രം വളരെ ദൂരെയായിരുന്നതിനാൽ എന്നും തൊഴാൻ വേണ്ടി സൗകര്യത്തിന് പണി കഴിപ്പിച്ചതാണത്രേ പ്രസന്ന വീരൂപാക്ഷ. വിളിപ്പുറത്തെത്തിയ ദൈവങ്ങളുടെ കഥകൾ.

പിന്നെ നടന്നത് മഹാറാണിയുടെ സ്നാനഘട്ടത്തിലേയ്ക്കാണ്. ക്വീൻസ് ബാത്ത് എന്ന പേരിൽ പ്രസിദ്ധമായ ഈ കുളിമുറിക്ക് ഒരു മുഗൾ ടച്ചുണ്ട്. സമചതുരത്തിലുള്ള നടുത്തളത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളും, റോസപൂവുകളും സുഗന്ധഗ്രവ്യങ്ങളും അരച്ച് ചേർക്കാനുള്ള കല്പാത്തികളും ഒക്കെ പൗരാണിക സൗന്ദര്യത്തിന്റെ ഓർമ്മ പായലുമായി നിന്നു. കുളിമുറിയായത് കൊണ്ടാവാം മേൽചുവരുകൾ മുഗളന്മാരുടെ യുദ്ധാക്രമണത്തിൽ നശിപ്പിക്കപ്പെട്ടുവെങ്കിൽ മറ്റിടങ്ങളിലെല്ലാം വന്നു പോവുന്ന നവീന കലാകാരന്മാരുടെ അസ്ത്രം തറച്ച ഹൃദയങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടിരുന്നു.

അടുത്ത ലക്ഷ്യം വിട്ടാല ക്ഷേത്രം ആയിരുന്നു. വിരൂപാക്ഷ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം. ഹംപിയിലുട നീളം പൗരാണിക ടോൾ ഗേറ്റുകൾ കാണാം, പലപ്പോഴും ക്ഷേത്രങ്ങളോടടുത്ത് തന്നെയാണ് മാർക്കറ്റുകളും, പേർഷ്യൻ അറബി നാടുകളിൽ നിന്ന് പോലും കച്ചവടക്കാരെത്തിയിരുന്ന ഈ നഗരത്തിൽ ചുങ്കചാവടികൾ സാധാരണമായിരുന്നിരിക്കണം. 

വിട്ടാല ക്ഷേത്രത്തിലേയ്ക്ക് പ്രധാന റോഡിൽ നിന്ന് അല്പ ദൂരം നടക്കണം, നടക്കാൻ ആവില്ലെങ്കിൽ ബാറ്ററി വണ്ടികൾ ഉണ്ട്, ഓടുന്ന അഞ്ചോ ആറോ വണ്ടികളിലെ ഡ്രൈവർമാർ എല്ലാവരും യൂണിഫോം അണിഞ്ഞ ഗ്രാമ്യ നിഷ്കളങ്കത തെളിഞ്ഞ് നിൽക്കുന്ന സ്ത്രീകളായിരുന്നു എന്നത് ഈ ഉൾനാട്ടിൽ കൗതുകമായി തോന്നി, എല്ലാവർക്കും തൊഴിലുറപ്പെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പോലും.
ഹംപിയിൽ പ്രധാനമായി മൂന്ന് മാർക്കറ്റുകൾ ആണുണ്ടായിരുന്നത്, വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലുള്ള ഹംപി മാർക്കറ്റ് വിലകൂടിയ ആഭരണങ്ങൾ, രത്നങ്ങൾ, പട്ട് തുടങ്ങിയ വിശിഷ്ട വസ്തുക്കളുടെ മാർക്കറ്റ് ആയിരുന്നു. അച്യുതരായ മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന മാർക്കറ്റ് ആയിരുന്നു നിത്യോപയോഗ സാധനങ്ങളുടെ മാർക്കറ്റ്.. പച്ചക്കറികൾക്കും മാംസാദികൾക്കും പ്രത്യേക തിരിവുകൾ ഉണ്ടായിരുന്നത്രെ. വിട്ടാല ക്ഷേത്രത്തിന് മുന്നിലെ മാർക്കറ്റ് ആണ് വലുപ്പത്തിൽ ഏറ്റവും മുന്നിൽ, ഇത് മൃഗ ചന്ത ആയിരുന്നു. പേർഷ്യയിലും നിന്നും മറ്റും കൊണ്ട് വന്നിരുന്ന കുതിരകളും ദക്ഷിണേന്ത്യൻ ചന്തമായ ആനകളും ഒട്ടകങ്ങളും ഒക്കെ നിരന്നിരുന്ന അന്താരാഷ്ട്ര മാർക്കറ്റ്. 

വ്യാളീ മുഖങ്ങൾക്ക് പകരം കുതിരരൂപങ്ങൾ ദ്വാരപാലകരായിരിക്കുന്ന “കുഡുരെ ഗൊംബേ മണ്ടപ“ ഈ വഴിയരുകിലാണ്.. വിട്ടാല ക്ഷേത്ര പരിസരത്ത് കുതിര രൂപങ്ങൾ കൂടുതലാണ്. പേർഷ്യൻ കുതിരകളുടെ ഇറക്കുമതി നടന്നത് കൃഷ്ണ ദേവരായരുടെ കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു, അങ്ങനെയെങ്കിൽ പുറം നാട്ടുകാരായ ആൾക്കാരെ സ്വീകരിക്കുന്ന സത്രങ്ങളോ മറ്റൊ ആയിരുന്നിരിക്കണം ഇവയൊക്കെ..
വിട്ടാല ക്ഷേത്രത്തിലെ മുഖ്യാകർഷണങ്ങൾ ഹിന്ദു പുരാണങ്ങളിലെ എല്ലാ കല്യാണങ്ങളും കല്ലിൽ കൊത്തിയ കല്യാണ മണ്ഡപവും, കൽതേരും, ഓരോ തൂണിൽ നിന്ന് ഓരോ വാദ്യത്തിന്റെ നാദം കേൾക്കുന്ന സ്വരമണ്ഡപവും ആണ്. അതി സൂക്ഷ്മമായ കല്പണിയുടെ ഉത്തമവാക്കുകളാണ് ഓരോന്നും.. 

ശ്രീകോവിലിന് ചുറ്റുമുള്ള നടവഴി ഒരാൾ താഴ്ചയിൽ ഇരുട്ട് ഗുഹ പോലെയാണ്.. അതിന്റെ സാംഗിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

സൂര്യൻ അസ്തമിക്കാറായിരുന്നു, സൂര്യാസ്തമയം കാണാൻ ഏറ്റവും മനോഹരം ഹേമകൂട മലയുടെ മുകളിൽ നിന്നാണെന്ന വാക്കോർത്ത് ഞങ്ങൾ വേഗം തിരിച്ചു, വെയിലും ദാഹവും നടത്തവും ഒക്കെ ചേർന്നുണ്ടാക്കിയ ക്ഷീണം ശരീരമറിഞ്ഞതപ്പോഴാണ്. ആകാശചരുവിൽ ഒരു ചുവന്ന ഗോളം പോലെ സൂര്യൻ മറഞ്ഞ് പോയി.

പിറ്റേന്ന് അതിരാവിലെ ആഞ്ജനേയാദ്രിയുടെ മുകളിൽ നിന്ന് സൂര്യോദയവും മടക്കയാത്രയിൽ കമലാപുര മ്യൂസിയവും വിരൂപാക്ഷ ക്ഷേത്രവും വിശാലമായി കാണാനായിരുന്നു പദ്ധതി, പടിയോളം വന്നിട്ട് പറയാതെ പോവുന്നത് ക്ഷിപ്രകോപിയായ ശിവനിഷ്ടമായില്ല പോലും, അർദ്ധരാത്രി പാടിയുറക്കുന്നത് വരെ അവിടിരുന്ന് തെളിഞ്ഞ ആകാശത്തെ നക്ഷത്ര വിന്യാസങ്ങൾ കണ്ടിരിക്കേണ്ടി വന്നു, ഒരു ആട്ടൊമാറ്റിക്ക് കാർ തന്ന എട്ടിന്റെ പണി..

(തുടരും)