Saturday, December 8, 2018

കറുത്ത പൊന്നിന്റെ നാട്ടിലൂടെ (ഭാഗം 1 - ചുവന്ന മണലും പച്ച മനുഷ്യരും)



അറബിക്കഥകളിലെ തെരുവ്പയ്യനായ അലാദ്ദീനെ പറ്റി കേട്ടിട്ടില്ലേ, തനിക്കും അമ്മയ്ക്കും നിത്യവൃത്തി കഴിയാൻ അല്ലറചില്ലറ മോഷണങ്ങളും മറ്റും നടത്തിയാണ് ജീവിച്ചിരുന്നതെങ്കിലും മനസ്സിൽ നമയുള്ള ഒരു യുവാവ്, അതിവിശിഷ്ടമായ ഒരു വിളക്കെടുക്കാൻ അവനെ ഒരു ഗുഹയിലേയ്ക്ക് തള്ളിയിടുന്ന ബന്ധുവും അത് വഴി കിട്ടുന്ന മാന്ത്രിക വിളക്കിലെ ജീനിയും ചേർന്ന് അവന്റെ ജീവിതം അറബിക്കഥകളിലെ സ്വർഗ്ഗം പോലെ മാന്ത്രികപരവതാനികളും അതിസുന്ദരികളായ സുൽത്താനമാരും സ്വർണ്ണഗോപുരങ്ങളും കൊണ്ട് നിറയ്ക്കുന്നത്.

അത് പോലെ ഒരു കഥയാണ് യു.എ.ഇ എന്ന അറബ് രാജ്യത്തിനും.  കടലിൽ നിന്ന് കിട്ടുന്ന മീനും മുത്തും പവിഴവും കൊണ്ട് ജീവിച്ചിരുന്ന തീരവാസികൾക്കും മരുഭൂമിയിൽ ആട് മാട് ഒട്ടകങ്ങളെയും കൊണ്ട് നടന്നിരുന്ന നാടോടികൾക്കും ഒരു നിമിഷത്തിന്റെ ഇടവേളയിൽ ഭാഗ്യരേഖ തെളിഞ്ഞത് മണ്ണിനടിയിൽ നിന്ന് കിട്ടുന്ന കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിൽ ഖനികളായാണ്. 1960 കളിലെ ആ വിലയേറിയ കണ്ടുപിടുത്തം മണൽകാറ്റ് കഥയെഴുതുന്ന നാടിന്റെയും ആ നാട്ടുകാരുടേയും ഈ ലോകത്തിന്റെയും തന്നെ തലേവരെ മാറ്റിയെഴുതി.

ഒറ്റയ്ക്ക് പോവുന്ന യാത്രയുടെ വേവലാതി മനസ്സിൽ നിറഞ്ഞപ്പോൾ തന്നെ അവിടെ ചെന്നാൽ കാണുന്ന മൂന്നിലൊരാൾ മലയാളിയായിരിക്കും എന്ന് കളിയായി പറഞ്ഞ സുഹൃത്തിന്റെ സമാധാനവാക്കുകളും മനസ്സിൽ വന്നു. അമ്പത് വർഷം കൊണ്ട് അറബി മരുഭൂമിയിലെഴുതിയ കഥയിൽ മലയാളിയെന്ന ഭാഗ്യാന്വേഷിയായ പ്രവാസിയുടെ പങ്ക് ചില്ലറയല്ല, അത് ഫലമായി ഈ കൊച്ച് കേരളത്തിൽ വന്ന മാറ്റങ്ങൾക്കും. ബുർജ്ജ് ഖലീഫയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ ചരിത്രം വായിച്ച് അതിന്റെ ഇടനാഴികളിൽ കൂടെ നടക്കുമ്പോൾ  കണ്ട ഓരോ ഘട്ടത്തിനെപറ്റിയുള്ള ചിത്രത്തിലും ഒരു മലയാളശൈലിയിലുള്ള പേരുണ്ടായിരുന്നു എന്നത് എന്റെ കണ്ട്പിടുത്തമായിരുന്നു..

മലയാളിയാണ് എന്നറിയുമ്പോൾ നിങ്ങളുടെ ആരെങ്കിലുമാണോ ചന്ദ്രനിൽ ചായക്കട നടത്തുന്നത് എന്ന തമാശ ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ട്. പണ്ട് ഡെൽഹിയിൽ നിന്നും വർഷത്തിലൊരിക്കൽ നാട്ടിലേയ്ക്ക് വരുമ്പോൾ ട്രെയിൻ ഷൊർണ്ണൂർ കടക്കുമ്പോൾ കാത്തു നിൽക്കും പച്ചപ്പിന്റെ ആദ്യ തുടുപ്പുകൾ കാണാൻ. ഹൃദയം നിറഞ്ഞ് കണ്ണിലൂടെ തുളുമ്പാത്ത ഒരു യാത്ര പോലും മനസ്സിൽ ഇല്ല, ഈ നാട്ടിൽ നിന്ന് മരുഭൂമിയിലേയ്ക്ക് പോവുന്ന ഓരോ മനസ്സിന്റെയും ആ നഷ്ടപെടലല്ലേ പ്രവാസിയുടെ നഷ്ടബോധങ്ങളായി കാലാകാലങ്ങളായി കേൾക്കുന്ന കഥകൾ എന്ന് ഓർത്തിരിക്കവയെ ആണ്, പത്ത് മിനിറ്റിലേറെ ഒരിടത്തിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും തുടരെ തുടരെ ചായ കുടിക്കുകയും ചെയ്യുന്ന എന്നെ ശ്രദ്ധിച്ചിരിക്കുന്ന ഒരുമ്മയെ കണ്ടത്..


കണ്ണൊന്ന് ചിമ്മി ചിരിച്ച് എങ്ങോട്ടെന്ന് ചോദിച്ചപ്പൊൾ ജോലിക്ക് തിരിച്ച് പോവുന്നു എന്നൊരു മറുപടി പ്രതീക്ഷിച്ചില്ല, കാരണം പ്രായത്തിന്റെ എല്ലാ വടുക്കളും ആ മുഖത്തുണ്ടായിരുന്നു. മക്കളെയൊക്കെ കെട്ടിച്ച് വിട്ടുവെന്നും അവർക്കും മക്കളായെന്നും പറയവെ പിന്നെയെന്തിനാണ് പോവുന്നതെന്ന് ചോദിക്കാതിരിക്കാനായില്ല, അവിടെ പോവുമ്പോഴാണ് ഇവിടെ ആരെങ്കിലും ഉള്ളതായി തോന്നുന്നതെന്ന ആയിരം അർത്ഥങ്ങളുള്ള മറുപടിയിൽ എന്റെ ലോകപരിചയം ചുങ്ങിചുരുങ്ങി പോയ പോലെ. 


ആഗ്രഹങ്ങൾ സഫലമാക്കാൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്ത് കാഴ്ച കാണാൻ പൊവുന്നുവെന്ന് പറഞ്ഞ എന്നെ മനസ്സിലാകാതെ പോലെ നോക്കിയ അവരുടെ നെറ്റിയിലെ ഇളം കറുപ്പ് തഴമ്പിൽ വാൽസല്യത്തോട് ഒന്ന് തഴുകാൻ തോന്നി പോയി.. തടഞ്ഞ് നിർത്താൻ അണകളില്ലാത്ത ജീവിതത്തിനെ ഓർത്താവുമോ എന്തോ കണ്ണ് നിറഞ്ഞു.

ഒരു യുഗാന്തരം കുറിക്കുന്ന പോലെ പുറത്ത് മഴ തിമർത്ത് പെയ്യുന്നുണ്ടായിരുന്നു.. തുള്ളിക്കൊരു കുടം പോലെ..

നാളെ കാണാനിരിക്കുന്ന ആയിരത്തൊന്ന് രാവുകളിലെ നാടിനെ പറ്റി ഓർക്കാൻ സമ്മതിക്കാത്ത പോലെ...

(തുടരും)