Thursday, July 4, 2019

ആകാശ കാഴ്ചകളുടെ അത്ഭുത താഴ്വര (മണാലി യാത്ര ഭാഗം 4)



മണാലി യാത്രയുടെ മൂന്നാം ദിവസം തുടങ്ങിയത് ആകാശകാഴ്ചകളുടെ അത്ഭുതത്തിലേക്കാണ്. അന്നത്തെ ആദ്യ കാര്യ പരിപാടി പാരാഗ്ലൈഡിങ്ങ് ആയിരുന്നു. 

തലേന്ന് സോളങ്ക് താഴ്വരയിൽ പറന്നിറങ്ങിയ വർണ്ണക്കുടകളുടെ  ഓർമ്മകൾ തന്നെ ഞങ്ങളെ ആവേശഭരിതരാക്കി. പാരാഗ്ലൈഡിങ്ങ്, റിവർറാഫ്റ്റിങ്ങ് ഒക്കെ കൂടുതലും കുളു താഴ്വരയിൽ ആണ്. ഹിമാചൽ സർക്കാരിന്റെ റേറ്റായി 3500/- പറയുമെങ്കിലും സീസണനുസരിച്ച് അത്യാവശ്യം വിലപേശൽ നടക്കും. 

മെയിൻ റോഡിലുള്ള ബുക്കിങ്ങ് സെന്ററിൽ നിന്ന് ഗ്ലൈഡിങ്ങ് പോയിന്റിലേയ്ക്ക് നാലഞ്ച് കിലോമീറ്ററേ ഉണ്ടായിരുന്നുവെങ്കിലും എത്തിച്ചേരാൻ 30 മിനിറ്റിലധികം എടുത്തു. അങ്ങോട്ടേയ്ക്ക് എത്താനുള്ള ഓഫ് റോഡ് ട്രിപ്പ് ഗ്ലൈഡിങ്ങിനെക്കാളും സാഹസികമായിരുന്നു. ഓപ്പൺ ജീപ്പിന്റെ പിന്നിൽ നിന്നുള്ള യാത്രയിൽ കടന്ന് പോവുന്ന ഗ്രാമങ്ങളിലെ കല്ലിൽ കെട്ടിയ വീടുകളും അവയുടെ പിന്നാമ്പുറത്തെന്ന പോലെ കാണുന്ന മഞ്ഞ് മേഘങ്ങളും ഒക്കെ രേഖാചിത്രങ്ങൾ പോലെ മനോഹരമായിരുന്നു. 

ഇത്തിരി ഭാരകൂടുതൽ ഉള്ളത് കൊണ്ട് പൊങ്ങുമോ എന്നൊക്കെ എനിക്ക് ഭയമുണ്ടെന്ന് മനസ്സിലാക്കി ഗ്ലൈഡിങ്ങ് പൈലറ്റ്, ഗ്ലൈഡർ പെട്ടന്ന് പൊങ്ങാനും ബാലൻസ് ആയി നിൽക്കാനും ഭാരം അല്പം കൂടുതൽ നല്ലതാണെന്ന് പറഞ്ഞത് സന്തോഷമായി. 

കുത്തനെ നിൽക്കുന്ന ഒരു കുന്നിൻ ചെരുവിൽ നിന്ന് മെല്ലെയൊന്നു ഓടിയിറങ്ങിയതും ഒരു പരുന്തിനെ പോലെ ആകാശത്തേക്കുയർന്നു. ഒരു പക്ഷിയെ പോലെ ആകാശത്ത് നിന്ന് ഭൂമിയെ നോക്കുമ്പോൾ എത്ര കണ്ടാലും മതിവരാത്ത ആ സൗന്ദര്യത്തെ ഓർത്ത് അത്ഭുതപ്പെടാനേ ആയുള്ളൂ.

രണ്ട് മിനിട്ടു പോലും തോന്നിക്കാത്ത പത്ത് മിനിട്ടിനു ശേഷം താഴെ ഇറങ്ങുമ്പോൾ പണ്ട് സ്‌കൂൾ മുറ്റത്ത് കിട്ടാറുള്ള സേമിയ ഇട്ട പാലൈസ് വാങ്ങി കഴിച്ച് വിജയമാഘോഷിച്ചു.  മണാലിയിലും ചൂട് കൂടുതൽ ആണ് കുളുവിൽ. ദൂരെ കാണുന്ന മഞ്ഞ് മലകൾ മാത്രമാണ് ഇതും മഞ്ഞിന്റെ നാടാണെന്ന് തോന്നിപ്പിക്കുന്നത്.  

അടുത്ത ലക്‌ഷ്യം റിവർ റാഫ്റ്റിങ്ങ് ആയിരുന്നു. തണുത്ത് മരവിച്ച വെള്ളവും ഓളം വയ്ക്കാനുള്ള കൂട്ടില്ലാഞ്ഞതും കൊണ്ട് പ്രതീക്ഷിച്ചത്ര നേരം വെള്ളത്തിൽ കിടക്കാൻ ആയില്ല. അലറി വിളിക്കുന്ന വയറ്റിലേക്ക് കുളുവിലെ പ്രസിദ്ധമായ ട്രൗട് മീൻ വറുത്തത് കൊണ്ട് പൂജ കഴിച്ച് ഞങ്ങൾ  മണികരണിലെ അത്ഭുതം കാണാൻ യാത്ര തിരിച്ചു. 

മണികരനിലയ്ക്ക് മണാലിയിൽ നിന്നും മൂന്ന് മണിക്കൂറോളം യാത്രയുണ്ട്. മണാലിയിൽ നിന്നുള്ള ഏറ്റവും നയനമനോഹരമായ യാത്രയായിരിക്കും ഇത്. പാർബതി നദിയുടെ അരിക് ചേർന്നാണ് യാത്രയുടെ ഭൂരിഭാഗവും.

മണാലിക്കടുത്തുള്ള മറ്റ് രണ്ട് സഞ്ചാരസ്ഥലങ്ങളായ നഗ്ഗറും കസോളും ഈ വഴിക്കാണ്. നഗ്ഗറിലെ തടിയിൽ പണിത നഗ്ഗർ കൊട്ടാരത്തിന്റെ ചിത്രപ്പണികൾ കാണേണ്ട കാഴ്ച തന്നെയാണ്.



മണാലിയിൽ നിന്ന് ആരംഭിക്കുന്ന പല ഹിമാലയൻ ട്രക്കുകളുടേയും തുടക്കം കസോളിൽ നിന്നാണ്. പാർവതി നദിയുടെ കരയിൽ ഉയർത്തിയിരുന്ന ടെന്റുകളിൽ കൂടുതലും കണ്ടത് വിദേശികളെ ആയിരുന്നു. ഹിമാച്ചലിൽ ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവും നല്ല കഞ്ചാവ് ഇവിടെ കിട്ടുന്നതാണെന്നും ഹിമാച്ചൽ നിവാസികൾക്ക് നിയമപരമായി തന്നെ മൂന്ന് ഗ്രാമോളം കയ്യിൽ വയ്ക്കാമെന്നും അത് വരുമാനമാക്കുന്നവരുടെ ചാകരയാണ് കസോൾ എന്നും ഞങ്ങളുടെ ഡ്രൈവർ വിക്രം പറഞ്ഞു.

കസോൾ പ്രകൃതിഭംഗിയുടെ കൂടാരമാണെങ്കിൽ മണികരൺ പ്രകൃതിയുടെ അത്ഭുത പ്രതിഭാസത്തിന് ചുറ്റും പടർന്ന ഐതീഹ്യങ്ങളുടെ കൂടാരമാണ്. മഞ്ഞുരുകിയ തണുത്ത് മരവിച്ച വെള്ളമൊഴുകുന്ന നദിയുടെ തൊട്ട് കരയിൽ വെട്ടിത്തിളയ്ക്കുന്ന വെള്ളം നിറഞ്ഞ് പതയുന്ന ഒരു ഉറവ. പണ്ട് ശിവനും പാർവതിയും കൂടി യാത്രചെയ്യവേ ഈ താഴ്വര കാണുകയും ഇവിടെ കുറച്ച് കാലം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു പോലും. അങ്ങനെയൊരു ദിവസം പാർവതിയുടെ കാതിലോല കാണാതെ പോവുന്നു, അത് തേടിയലയുന്ന പാർവതിയെ കണ്ട് തേടാൻ കൂടിയ കണവന് ദേഷ്യംവന്ന് തൃക്കണ്ണ് തുറന്നു ആ ചൂടിൽ ഉരുകിപുറപ്പെട്ടതാണത്രെ ഈ ചൂട് നീരുറവ.

നദിക്കര ഇടിച്ച് നിരത്തി പ്രാചീന ശിവ ക്ഷേത്രവും ഗുരുദ്വാരയും വിപുലപ്പെടുത്തുന്നുണ്ട്. പണ്ട് കണ്ട് കൊതിച്ച പ്രകൃതിയുടെ സൗന്ദര്യം നശിക്കുന്നതറിയാതെ ശിവൻ തൃക്കണ്ണ് തുറന്ന് തന്നെ പിടിച്ചിരിക്കുന്നു. ഉച്ചഭക്ഷണം ഗുരുദ്‌വാരയിലെ ലങ്കാർ ആയിരുന്നു. മതപരമായ ചടങ്ങെന്നതിനേക്കാളും മനുഷ്യനെ ലാളിത്യം പഠിപ്പിക്കുന്ന ഒരു ധ്യാനമാണ് ഓരോ പഞ്ചാബിക്കും ഗുരുദ്‌വാരയിൽ ചെയ്യുന്ന സേവനം, കഴിക്കാൻ ആവുന്ന ആഹാരം മാത്രം വാങ്ങുക. നിലത്തിരുന്ന് അത് കഴിക്കുമ്പോൾ മൊബൈലിൽ നോക്കിയതിന് ശാസനയും കിട്ടി. 



മണികരണിൽ നിന്നിറങ്ങുമ്പോൾ സൂര്യൻ ഒളിച്ചിരിപ്പായിരുന്നു. തണുപ്പ് പെട്ടന്ന് കൂടിയത് പോലെയും തോന്നി. ഒരു മഴയ്ക്ക് കോള് കൂട്ടുന്നുണ്ടെന്ന് വിക്രം പറഞ്ഞു മലനിരകളിൽ  മഴ പെയ്താൽ മണ്ണ് വീഴ്ച സ്ഥിരമാണെന്ന് പറഞ്ഞപ്പോള്‍ അതിന് മുന്നേ വീട് പറ്റണമെന്ന് പറയുന്നത് പോലെ തോന്നി. കുരുങ്ങിക്കിടന്ന ഒരു നീണ്ട ട്രാഫിക്കിൽ നിന്ന് മുന്നോട്ട് കടക്കുമ്പോൾ തൊട്ട് പിന്നിൽ അടർന്ന് വീണ ഒരു വലിയ കല്ല് ആ വഴി അടച്ചപ്പോഴാണ് ഒഴിഞ്ഞ് പോയ അപകടത്തിന്റെ വലിപ്പം മനസ്സിലായത്. ആ കല്ല് മാറ്റുന്നത് വരെ ഒരുപക്ഷെ ഒരുദിവസം അവിടെ കുടുങ്ങിയേനെ എന്ന് വിക്രം പറഞ്ഞു.

അടുത്ത ദിവസം ഉള്ള സമയംകൊണ്ട് നഗ്ഗർ കോട്ടയും മണാലിയിലെ പ്രസിദ്ധമായ മാൾ റോഡിൽ അല്പം ഷോപ്പിങ്ങും കഴിഞ്ഞ് യാത്ര പറയുമ്പോൾ തങ്ങളുടെ ആദ്യത്തെ സന്ദർശകർക്ക് പ്രിതീഷും ഭാര്യ ഉമംഗും കുറെ സർപ്രൈസുകൾ ഒരുക്കിയിരുന്നു. സ്‌കൂൾകാലം തൊട്ട് പ്രണയിച്ച് ഇരുപത്തൊന്ന് വർഷമായി ഒരേ സ്വപ്നം കാണുന്ന ആ ജോടികൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ലായിരുന്നു ഞങ്ങൾക്ക്.

ആപ്പിൾ പൂക്കുമ്പോൾ ഫോട്ടോ അയച്ച്തരാമെന്ന് പറഞ്ഞ് അവർ ഞങ്ങളെ യാത്രയാക്കി.

അവരുടെ ആപ്പിൾ തോട്ടങ്ങൾ പൂത്ത ചിത്രങ്ങൾ അവർ ഇന്നലെ അയച്ച് തന്നിരുന്നു. അവരുടെ സ്വപ്നങ്ങളോളം മനോഹരമായ ദേവഭൂമിയുടെ ചിത്രം.



(ശുഭം)