Wednesday, May 29, 2019

ഭീമപുത്രന്റെ മണ്ണിൽ (മണാലി യാത്ര ഭാഗം 2)




എല്ലുകൾക്കുള്ളിലേയ്ക്ക് അരിച്ച് കയറുന്ന തണുപ്പും മഞ്ഞ് മലകൾ അതിർത്തി തിരിക്കുന്ന കാഴ്ചകളും മണാലി എത്തിയെന്ന് അറിയിച്ചു. അതിരാവിലെ ഞങ്ങൾക്കായി കാത്ത് നിന്ന പ്രിതീഷിന്റെ ഇലക്ട്രിക്ക് ബ്ളൂ എക്കോസ്പോർട്ടിൽ കയറി അദ്ദേഹത്തിന്റെ സ്വപ്ന പ്രൊജക്റ്റായ ഓർച്ചാർഡ് കോട്ടേജിലേയ്ക്ക് പോവുമ്പോൾ മണാലി ടൂറിസ്റ്റ് ഹമ്പായി മാറിയതിന്റെ മുറിപാടുകൾ നഖം കൊണ്ട് കോറിയ പാടുകൾ പോലെ ചുറ്റുമുള്ള ഓരോ മലയുടെയും ഇടിഞ്ഞ് തുടങ്ങുന്ന അടരുകളിൽ കണ്ടു.

കായ്ക്കാൻ കാത്ത് നിൽക്കുന്ന ആപ്പിൾ തോട്ടത്തിന്റെ നടുക്ക് ഹെപ്റ്റ പാസ് മഞ്ഞ് മലകൾ നേരെ മുന്നിൽ കാണുന്ന പോലെ പണിത ആ കോട്ടേജിലെ തടിപാകിയ മുറികൾ മനോഹരങ്ങളായിരുന്നു. എം.ബി.എ ബിരുദധാരിയും ബാംഗളൂരിലും മറ്റും ആറ് വർഷത്തോളം ഐ.ടി ജോലി ചെയ്തിട്ടും ഷിംലക്കാരനായിരുന്ന പ്രതീഷിനെ സ്വന്തം നാടും മഞ്ഞ് മലകളും തിരിച്ചു വിളിച്ചു. അങ്ങനെ തിരിച്ചെത്തി സ്വപ്നങ്ങളുടെ ചങ്ങാടം പണിയുന്ന തിരിക്കിലാണയാൾ. സ്വപ്നങ്ങൾക്കായി അധ്വാനിക്കുമ്പോൾ പ്രായം കുറയുകയാണെന്ന് തോന്നിയിട്ടുണ്ട്, ഓരോ ശ്വാസത്തിലും പ്രതീക്ഷയുടെ പുതു ജീവൻ നിറയുന്ന പോലെ.

റൊത്തങ്കിലേയ്ക്കുള്ള ഹൈവേയുടെ വീതി കൂട്ടലും ലേ ബൈപ്പാസ് നിർമ്മാണത്തിനായി വന്മലകൾ തുരന്ന് പോകുന്ന തുരങ്കങ്ങളും അതിലോലമായ പ്രദേശത്ത് നിരന്തരം മണ്ണിടിച്ചിലുകൾക്ക് കാരണമാവുന്നു. മണിക്കൂറുകളോളം നീളുന്ന ട്രാഫിക്ക് ജാമുകളും എങ്ങും വെളുത്ത സിമന്റ് പൊടി പോലെ ഉയരുന്ന മൺകാറ്റും. ഭൂമിയെ കാർന്ന് തീർക്കാതെ ഒന്നും ചെയ്യാൻ ആവാത്ത മനുഷ്യന്റെ സങ്കുചിതബുദ്ധി. ഓരോ മഴ പെയ്യുമ്പോഴും ഇപ്പോൾ മരണഭയമാണെന്ന് ഡ്രൈവർ വിജയ് പറഞ്ഞതിന്റെ ഗൗരവം ഒരു ചെറിയ വെള്ളച്ചാലിൽ അടർന്ന് വീഴാവുന്ന വലിയ പാറക്കഷണങ്ങൾ കണ്ടപ്പോൾ മനസ്സിലായി.


ഇഞ്ചിച്ചായും വെണ്ണക്കഷണം ഉരുകിയിറങ്ങിയ ആലൂപറാട്ടയും പഴയ നോർത്തിന്ത്യൻ ഓർമ്മകൾക്ക് ജീവൻ കൊടുത്ത പോലെ. നിറഞ്ഞ വയറും അതിലും നിറഞ്ഞ മനസ്സുമായി ഞങ്ങൾ മണാലി ലോക്കൽ ദർശനത്തിനിറങ്ങി. വസിഷ്ഠ ക്ഷേത്രം ആയിരുന്നു ആദ്യ ലക്ഷ്യം. വസിഷ്ഠ മഹർഷിയുടെ ആശ്രമം ആയിരുന്നു എന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പിന്നിൽ, അതിന്റെ കൂടെ ഒരു ശിവ ക്ഷേത്രവും ദേവീ ക്ഷേത്രവും ചൂട് നീരുറവ നിറയുന്ന ഒരു കുളവും (പുണ്യ തീർത്ഥം) ഉണ്ട്.

ഹിമവാന്റെ മടിത്തട്ടിൽ കിടക്കുന്ന ഈ താഴ്വര ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ വേനൽ ചൂടിൽ പൊള്ളുമ്പോൾ മഞ്ഞുരുകിയ തണുത്ത വെള്ളവും മഞ്ഞ് മലകളെ തട്ടി വരുന്ന തണുത്ത കാറ്റും കൊണ്ട് കുളിർന്ന് കിടക്കും, അത് കൊണ്ട് തന്നെ വേനൽ പഴുക്കുമ്പോൾ ഇങ്ങോട്ടേയ്ക്ക് സന്ദർശകപ്രവാഹമായിരിക്കും. പ്രകൃതിയോട് ചെയ്യുന്നതിന് പകരമെന്ന പോലെ ഇവിടെയും ചൂട് കൂടുന്നുണ്ട്. രോത്തങ്ക് പാസ് എന്ന മൈൽ സ്റ്റോൺ അച്ചീവ്മെന്റ് അല്ല മനസ്സിൽ എങ്കിൽ, മഞ്ഞ് കാണാൻ ആണ് മണാലി യാത്രയെങ്കിൽ ഓഫ് സീസണിൽ പോയാൽ വേനൽക്കാലത്ത് പോവുന്നതിന്റെ പകുതി ചിലവിൽ മഞ്ഞ് തൊപ്പിയിട്ട്, മഞ്ഞ് കൂടാരം കെട്ടി തിരിച്ച് വരാനാവും.

ഹിമാലയൻ ക്ഷേത്രങ്ങളുടെ പ്രത്യേകത അവയുടെ അതി സങ്കീർണ്ണമായ തടി പണിയാണ്. ദേവതരുവെന്നറിയപ്പെടുന്ന സാൽ മരങ്ങളാണ് പണ്ടൊക്കെ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് പോലും. അതിസൂക്ഷ്മമായ കൈപ്പണി ചെയ്യാനാവുന്നതും ആയിരക്കണക്കിന് വർഷങ്ങൾ കേട് കൂടാതെ നിൽക്കാനാവുന്നതും ആയിരിക്കും കാരണം.

ഒരു ചെറിയ കുന്നിന്മുകളിലെ ക്ഷേത്രത്തിലെയ്ക്കുള്ള വഴിക്കിരുവശവും വാണിഭക്കടകളുടെ നിറക്കൂട്ട്. തടിയിൽ തീർത്ത കമ്മലും മാലകളും ഒക്കെയാണ് എന്റെ കണ്ണിലുടക്കിയത് എന്ന് പറയേണ്ടതില്ലല്ലോ.

തണുപ്പത്ത് കുടിച്ച തന്തൂരി ചായ ഉണ്ടാക്കുന്ന രീതിയും ചുടാത്ത മൺകപ്പിൽ അതിന്റെ രുചിയും ഒരു വ്യത്യസ്ഥ അനുഭവം ആയിരുന്നു, അതിരുചികരവും. അവിടെ കണ്ട മുയലുകൾക്ക് സാധാരണ മുയലുകളേക്കാൾ നാലിരട്ടി വലുപ്പം ഉണ്ടായിരുന്നു, എങ്കിലും ചുവന്ന ഗോട്ടിക്കണ്ണുകളിൽ അതേ പേടി. അവയുടെ രോമം കൊണ്ടുണ്ടാക്കിയതെന്ന് പറഞ്ഞ് കാണിച്ച പതുപതുത്ത കമ്പിളി തൊട്ട് നോക്കാൻ തോന്നാഞ്ഞത് ആ കണ്ണുകളുടെ ഓർമ്മ നിലനിന്നത് കൊണ്ടാവും.

വസിഷ്ഠ ക്ഷേത്രത്തിൽ നിന്ന് പോയത് ഹഡിംബ ക്ഷേത്രത്തിലേയ്ക്കാണ്. ഭീമന്റെ ആദ്യ ഭാര്യ. ഹിമാവാന്റെ പുത്രി, അതിവീരനായ ഘടോൽഖചന്റെ അമ്മ. ഹഡിംബ ക്ഷേത്രത്തിലേയ്ക്കുള്ള പടികെട്ടുകൾക്കിരുവശവും ആകാശത്തോളം വളർന്ന് നിൽക്കുന്ന പൈൻ മരങ്ങളും ആ ഐതീഹ്യ കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് ഭീമാകാരം പൂണ്ടവയാണെന്ന് തോന്നും.


പടികൾ കയറുമ്പോഴാണ് പ്രകൃതിയുടെ ഭാവം പെട്ടന്ന് മാറിയത്, മണ്ണും പൊടിയും ഉയർത്തി വലിയ മരങ്ങളുടെ ഇടയിലൂടെ വീശിയടിച്ച കാറ്റിന്റെ ഹുംകാരം പേടിപ്പെടുത്തുന്നത് തന്നെ ആയിരുന്നു.

ഘടോൽഖചന്റെ തറയ്ക്ക് മുന്നിൽ തൂക്കിയിരുന്ന യാക്കിന്റെ കൊമ്പിന്റെ ആകൃതിയിൽ ഉണ്ടാക്കിയ മണി മനോഹരമായി തോന്നി.. ഓരോ മരത്തിലും ചുവന്ന് തുണി ചുറ്റി തറച്ച് വച്ചിരുന്ന യാക്ക് കൊമ്പുകൾ അവിടെയൊക്കെ നിറഞ്ഞ് പതഞ്ഞൊഴുകുന്ന നാടോടികഥകളുടെ ബുക്ക്മാർക്കുകൾ ആണെന്ന തോന്നലുണ്ടാക്കി.


മണാലിയിലെ മറ്റ് ആകർഷണങ്ങളാണ് ബയോപാർക്കും ക്ളബ് ഹൗസും അതിപ്രസിദ്ധമായ ബുദ്ധക്ഷേത്രവും. പാർബതി നദിയുടെ കൈവഴി പടർന്നൊഴുകുന്ന കരയിൽ തണുത്തുറഞ്ഞ വെള്ളത്തിൽ കാൽ നനച്ചിരിക്കുമ്പോൾ സൂര്യൻ യാത്ര പോലും പറയാതെ മലകൾക്കപ്പുറത്ത് മറഞ്ഞ് കളഞ്ഞു. നാളെയെ കുറിച്ചുള്ള പ്രതീക്ഷകളുമായി മഞ്ഞ് ശിഖരത്തിലേയ്ക്ക് നോക്കി തീകുണ്ഡത്തിന് ചുറ്റുമിരിക്കുമ്പോൾ ദിവസങ്ങൾക്ക് നീളം കുറവാണെന്ന് തോന്നി. പ്രതീക്ഷ് അപ്പോഴും കോട്ടേജിന്റെ ചുറ്റും പൂച്ചട്ടികൾ നിരത്തുന്നുണ്ടായിരുന്നു.


(തുടരും)


മഞ്ഞ് തൊപ്പി തേടി ഒരു യാത്ര- (മണാലിയാത്ര- 1)

തണുപ്പിലേയ്ക്ക് ഒരു യാത്ര പോകണം.. വേനൽ ചൂട് പൊഴിയുന്നതിനൊപ്പം മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു. മണാലിയും മഞ്ഞും എന്ന ചിന്ത വന്നതും ഏതോ കടങ്കഥയ്ക്ക് ഉത്തരം കിട്ടിയ പോലെ മനസ്സ് ഉഷാറായി. മഞ്ഞിന്റെ താഴ് വരയിലേയ്ക്ക് യാത്ര പുറപ്പെടാനുള്ള ഒരുക്കങ്ങളായി പിന്നെ.
മഞ്ഞിന്റെ തൊപ്പിയിട്ട മലകൾ പൊതിഞ്ഞ് പിടിച്ച മണാലി‌ ബ്രിട്ടീഷ് കാലം മുതലേ വേനൽക്കാല സങ്കേതമാണ്. ലേയിലേയ്ക്ക് നയിക്കുന്ന റൊത്തങ്ക് പാസും സ്പിറ്റി വാലിയിലേയ്ക്ക് കടക്കുന്ന ഹെംപ്റ്റ പാസും മണാലിയെ ചുറ്റി നിൽക്കുന്നു.
മണാലിയിലേയ്ക്ക് ഡെൽഹിയിൽ നിന്നും ചണ്ഡീഗഢിൽ നിന്നും ഹിമാചൽ, ഹരിയാന, പഞ്ചാബ് റോഡ് വേയ്സിന്റെ ബസ്സുകൾ‌ നിരന്തരം പോകുന്നുണ്ട്. പ്രൈവറ്റ് ബസ്സുകൾ‌ 14 മണിക്കൂർ യാത്രയുടെ മുഷിപ്പ് വലിയൊരു അളവ് വരെ കുറയ്ക്കും. ഏറ്റവും അടുത്ത എയർപോർട്ടായ ബുണ്ടറിലേയ്ക്ക് ഡെൽഹിയിൽ നിന്ന് വിരളമായി ഫ്ലൈറ്റ് സർവ്വീസും ഉണ്ട്.
മഞ്ഞ് കാണാവുന്ന ഷിംലയിലെ കുഫ്രി താഴ് വരയും മറ്റും ചർച്ചയിൽ കടന്നു വന്നുവെങ്കിലും ഒരിക്കൽ മണാലിയിലെ താമസത്തിനായുള്ള അന്വേഷണം ഓർച്ചാർഡ് റിസോർട്ടെന്ന ഹോം സ്റ്റേയിൽ എത്തിയപ്പോൾ മണാലി തന്നെയെന്ന് തീരുമാനമായി.
ബാൽക്കണിയിലൂടെ കാണുന്ന മഞ്ഞ് മലകൾ നിറഞ്ഞ ചിത്രം ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഓഫ്‌ സീസണിലെ അവസാന ആഴ്ചകളാണ് തിരഞ്ഞെടുക്കുന്നതെന്ന് അറിഞ്ഞിട്ടും റോത്തങ്ക് പാസെന്ന സാഹസികതയിൽ എത്താനാവില്ലെന്നറിഞ്ഞിട്ടും ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ എന്ന് പറയുമ്പോൾ യാത്രയെ സ്നേഹിക്കുന്ന പോപ്പിൻസ് എന്ന് പേരിട്ട ഞങ്ങളുടെ യാത്രാഗ്രൂപ്പ്.. പഴയ പലനിറമുള്ള പോപ്പിൻസ് മിഠായികളെ പോലെ പെണ്ണത്തമെന്ന ഒരേ ആട പൊതിഞ്ഞവർ.
ഡെൽഹിയുടെ നാല്പത്തിമൂന്ന് ഡിഗ്രിയിലേയ്ക്ക് വിമാനമിറങ്ങിയപ്പോൾ ബാംഗളൂരിൽ കുളിർകാറ്റായിരുന്നു എന്ന് തോന്നി. ചൂടായ തന്തൂർ അടുപ്പിനടുത്ത് നിൽക്കുന്ന പുകച്ചിൽ. വൈകുന്നേരം മണാലിയിലേയ്ക്കുള്ള ബസ്സിൽ ഏസിയിൽ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന്‌ നേരെയായത് ...അർദ്ധരാത്രിയെപ്പോഴോ ഏസി നിർത്തിയിട്ടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ദേവന്മാരുടെ താഴ് വരയിലേയ്ക്കുള്ള യാത്ര ലക്ഷ്യത്തോടടുക്കുന്നു എന്ന് മനസ്സ് തുടിച്ചു.
(തുടരും)