Saturday, February 16, 2019

റാസ് അൽ ഖൈമയിലെ വലിയ വീടുകൾ(കറുത്ത പൊന്നിന്റെ നാട്ടിലൂടെ ഭാഗം-2)


മരണത്തിനപ്പുറം എന്ത് എന്ന അറിവില്ലായ്മ തന്നെയാവും മരണാനന്തര ജീവിതത്തെയും അവിടേയ്ക്ക് കടന്ന് പോവുന്നവരേയും പറ്റി നമ്മൾ ഇത്ര ജിജ്ഞാസുക്കളാവുന്നത്.

രാവിലെ പുറപ്പെട്ടത് റാസ് അൽ ഖൈമയിലേയ്ക്കുള്ള വഴിയിൽ ടൂറിസ്റ്റ് മാപ്പിൽ ഇനിയും ഇടം പിടിക്കാത്ത Al Jazirat Al Hamra എന്ന പ്രേത ഗ്രാമത്തിലേയ്ക്കായിരുന്നു. അറബിയിൽ ചുവന്ന ദ്വീപ് എന്ന് അർത്ഥം വരുന്ന ഈ മുക്കുവ ഗ്രാമത്തിൽ 1830 കളിൽ 200 ഇൽ പരം ആളുകൾ താമസിച്ചിരുന്നു എന്ന് കണക്കുകൾ പറയുന്നു. എണ്ണ ഖനികൾ കണ്ടെത്തുന്നത് മുന്നെയുള്ള കടലൊര ഗ്രാമ്യ ജീവിതത്തിന്റെ ശേഷിപ്പുകൾ ആണ് ആ ചുറ്റുവട്ടം മുഴുവൻ.

കടൽജീവികളുടെ തോടുകൾ നിറഞ്ഞ കടലോര മണൽ കലർന്ന മണ്ണിലുണ്ടാക്കിയ മൺകട്ടകൾ കുഴമണ്ണ് കൊണ്ടുണ്ടാക്കിയ മതിലുകളും ഭിത്തികളും ഉള്ള വീടുകൾ, വാതിലുകളും ജനലുകളും ഒന്നും തന്നെ കാണാനില്ല, മരുഭൂമിയുടെ സ്വന്തം മുൾച്ചെടികൾ പല വീടുകൾക്കുള്ളിലെയും നിഴലിൽ തഴച്ച് വളർന്ന് നിൽക്കുന്നു.

ഇവിടെ താമസിച്ചിരുന്ന മൂന്ന് ഗോത്രങ്ങൾ തമ്മിലുള്ള വൈരം കാരണമുണ്ടായ കൂട്ടപലായനം ആണെന്നും എണ്ണ ഖനികൾ തെളിയിച്ച പുതു ജീവിതം തേടി അബുദാബിയിലേയ്ക്ക് ഗ്രാമീണർ കുടിയേറിയത് കൊണ്ടുണ്ടായ വിജനതയാണിതെന്നും വാദങ്ങളുണ്ട്. പാഴ്ഭൂമിയുടെ നിശബ്ദതയും ചീറിയടിക്കുന്ന മണൽകാറ്റും കൊണ്ടുണ്ടായ ആരുടെയെങ്കിലും മനോകാമനയാവാം പ്രേതങ്ങൾ.

ഞങ്ങളെ കണ്ട് പ്രേതങ്ങൾക്കൊന്നും പ്രത്യേക ജിജ്ഞാസ തോന്നാഞ്ഞത് കൊണ്ടാവാം മറ്റ് സംഭവവികാസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾ അവിടെ നിന്ന് പോന്നു. മരുഭൂമിയിലെ ചൂടിനെ പറ്റിയുള്ള കനൽകഥകളുടെ ഓർമ്മയിൽ ആണ് നവംബർ മാസം തിരഞ്ഞെടുത്തതെങ്കിലും ഉച്ചയാവുന്നതിന് മുന്നേ തന്നെ വെയിൽ കത്തിപ്പിടിക്കുന്നുണ്ടായിരുന്നു.

RAK എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന RAS Al khaima യിലേയ്ക്കുള്ള തിരിക്കുമ്പോൾ പിന്നിലേയ്ക്ക് ഓടിപ്പോവുന്ന വഴിക്കിരുവശവും അറ്റം കാണാത്ത മരുഭൂമിയൊൽ അവിടെ ജീവിതം കരുപ്പിടിപ്പിക്കുന്നവരുടെ ലക്ഷ്യം കാണുന്ന പ്രവർത്തനങ്ങളും കണ്ടിരുന്നു.

ഹജാർ പർവ്വതങ്ങളുടെ അടുക്കുകൾ കൊണ്ട് അതിരിട്ട തീരദ്ദേശ പ്രവിശ്യയാണ് റാസ് അൽ ഖൈമ. വഴിയരുകുകളിൽ ഉരുൾപൊട്ടലിൽ വീണ മലമ്പ്രദേശം പോലെ കല്ലുകൾ പരന്നൊഴുകി കിടക്കുന്നതിന്റെ കാരണം തിരഞ്ഞപ്പോൾ UAE ൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന പ്രദേശമാണിതെന്നും അതിശക്തമായ മഴയിൽ ഇവിടെ മണ്ണിടിച്ചിൽ കൂടുതൽ ആണെന്നും സുഹൃത്ത് പറഞ്ഞു. വരണ്ട കിടക്കുന്ന ആ ഭൂമിയുടെ ഓർമ്മകളിൽ പോലും ഒരു മഴ ഉണ്ടാവുമോ എന്നെനിക്ക് സംശയം തോന്നി അത്ര മാത്രം വരണ്ട ഭൂപ്രദേശങ്ങൾ.


UAE യുടെ 72 ആം വാർഷികാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എല്ലായിടത്തും കണ്ടു, വഴി നീളെ പാറിപ്പറക്കുന്ന പതാകകളും പതാകയുടെ നിറങ്ങളിൽ അലങ്കരിച്ച് തുടങ്ങിയ വീടുകളും കെട്ടിടങ്ങളും, എന്നിട്ടും ഏറ്റവും അത്ഭുതം തോന്നിയത് ഹജാർ മലനിരകളിലൊന്നിൽ അങ്ങ് ദൂരെ പാറിപ്പറക്കുന്ന ആ ഒറ്റപ്പതാക കണ്ടാണ്, അല്ലെങ്കിലും മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ ദൈനംദിന ചരിത്രങ്ങൾ കാണുന്ന മണ്ണാണല്ലോ ഇത്..

ഞങ്ങളുടെ യാത്ര റാസ് അൽ ഖൈമയിലെ ദഹാഹ് കോട്ടയിലേയ്ക്ക് ആയിരുന്നു. 18-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിനിവേശം തടുക്കാൻ പണികഴിപ്പിച്ച കോട്ടയുടെ ഒരു ലുക്കൗട്ട് പോസ്റ്റായിരിന്നിരിക്കണം ഇപ്പോൾ കാണുന്ന ഈ കോട്ട ഭാഗങ്ങൾ, UAE ൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട എന്നറിയപ്പെടുന്നത് ദയാഹ് ഫോർട്ട് ആണ്.

മൺകട്ടകൾ കൊണ്ട് പണിത് കുഴമണ്ണ് തേച്ചുറപ്പിച്ച കോട്ടയിലേയ്ക്ക് കയറിപ്പോവാൻ പടികൾ പണിതിട്ടുണ്ട്. എന്നിട്ടും മുകളിൽ എത്തിപ്പെടാൻ നല്ലൊരു ശ്രമം നടത്തേണ്ടി വന്നു. തൊണ്ട വരളുന്ന വേവറിഞ്ഞു. കോട്ടയിൽ നിന്ന് നോക്കുമ്പോൾ ഒരു വശത്ത്  അജയ്യഗർവ്വുമായി ഹജാർ പർവ്വത നിരകളും മറുവശത്ത് ദൂരത്തായി കടലും കാണാം. അതിനിടയ്ക്ക് റാസ് അൽ ഖൈമയുടെ ഗ്രാമ നഗര ജീവിതവും. ഒട്ടകങ്ങളും ആടുകളും നിറഞ്ഞ തൊഴുത്തുകളുള്ള ഒരു ഫാം ഹൗസ് മുകളിൽ നിന്ന് നോക്കിയപ്പൊൾ താഴത്തായി കണ്ടു. നമ്മുടേതല്ലാത്ത നാടുകളും ജീവിതങ്ങളും നമ്മിൽ നിറയ്ക്കുന്ന കൗതുകങ്ങൾ എന്ത് മാത്രമാണ്.


ദുബായ്, ഷാർജ പോലെയുള്ള പ്രവിശ്യകളുമായി താരതമ്യം ചെയ്താൽ റാസ് അൽ ഖൈമയിൽ ജനവാസം വളരെ കുറവാണ്. ഗ്രാമ ജീവിതത്തിന്റെ നേർ ദൃശ്യങ്ങളും വിവരിക്കാൻ ആവാത്ത വിധം പടർന്ന് കിടക്കുന്ന ആഡംബര വീടുകളും വിജനമായ വഴികളിൽ കണ്ടു.


റാസ് അൽ ഖൈമയുടെ ചരിത്രം 7000 വർഷത്തിലും പഴക്കമുണ്ടെന്ന് ഇവിടുന്ന് കണ്ടെടുത്ത ശേഷിപ്പുകൾ പറയുന്നു. ആ ചരിത്രം വളരെ മനോഹരമായി നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കോട്ടയിൽ പ്രവർത്തിക്കുന്ന റാസ് അൽ ഖൈമ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.  ടിക്കറ്റ് എടുത്ത് കയറുന്നിടത്ത് ആർക്ക് വേണമെങ്കിലും കുടിക്കാനായി വെള്ളിക്കൂജയിൽ വച്ചിരിക്കുന്ന കാവ രുചിച്ച് നോക്കി. അറബി സുന്ദരന്മാരുടെ സൗന്ദര്യ രഹസ്യം അതാണെന്ന് പ്രലോഭിപ്പിച്ചിട്ട് പോലും ഒരിറക്കിൽ കൂടുതൽ കുടിക്കാനായില്ല.


കടലിൽ നിന്ന് കിട്ടുന്ന പലതരം ചിപ്പികൾ, വർണ്ണമനോഹരമായ പവിഴപ്പുറ്റുകൾ, അവ കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ, 200 വർഷങ്ങൾക്ക് മുന്നേ സ്വർണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ ആഭരണങ്ങൾ, പഴയകാല ജീവിത വൃത്തിക്ക് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, കട്ടമരങ്ങൾ അങ്ങനെ പോയ കാലത്തിന്റെ ശേഷിപ്പുകൾ കണ്ട് തീർക്കാൻ രണ്ട് മണിക്കൂറോളം എടുത്തുവെങ്കിലും അവ മനസ്സിൽ ചരിത്രത്തിന്റെ ചക്രങ്ങൾ എത്ര അത്ഭുതം പോലെയാണ് തിരിയുന്നതെന്ന വിസ്മയം ഉണ്ടാക്കും.

മ്യൂസിയം കണ്ടിറങ്ങുമ്പോൾ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞിരുന്നു. ജബൽ ജയ്സിലെ മലനിരകൾക്ക് മുകളിൽ സൂര്യാസ്തമയം കണ്ട് മടങ്ങാം എന്ന ഉണർവ്വിൽ അങ്ങോട്ട് പുറപ്പെട്ടു. കാറ്റ് കൂർത്ത നഖങ്ങൾ കൊണ്ട് കഥ കോറിയിട്ട പോലെയുള്ള കല്ല് പർവ്വതങ്ങൾക്കിടയിലൂടെ നീണ്ട് പുളഞ്ഞ് കിടക്കുന്ന നെടുങ്കൾ പാതകൾ. പേരിന് പോലും കാണാനില്ലാത്ത മരങ്ങൾ. പരിചിത ശബ്ദങ്ങൾ ചുറ്റും ഉണ്ടായിരുന്നില്ലെങ്കിൽ സമയസൂചികയിൽ നിന്നും മറ്റേതോ കാലത്തിലേയ്ക്ക് ഞാനകന്ന് പോയോ എന്ന് സംശയിച്ചേനേ.. ടൂറിസം പ്രമോഷന്റെ ഭാഗമായി വഴിയോരങ്ങളിൽ വരുന്ന കെട്ടിടങ്ങൾ പോലും പർവ്വതങ്ങളുടെ സ്വഭാവിക നിറത്തൊടും നിരപ്പിനോടും ചേർന്ന് നിന്ന് അതിന്റെ നിഗൂഡതയും ഗാഭീര്യവും കൂട്ടുന്നു.


വഴിയരുകിൽ നിന്ന് വാങ്ങിയ കുഞ്ഞൻ ഓറഞ്ചുകൾ മധുരം കൊണ്ട് വയറും മനസ്സും നിറച്ചു. അടുത്തുള്ള പഴത്തോട്ടത്തിൽ നിന്നെന്ന് പറഞ്ഞെങ്കിലും ഒരു പച്ചപ്പ് പോലും ചുറ്റുമെങ്ങും കണ്ടില്ല.

ശുഭ്രമേഘങ്ങൾ മുഖം മറച്ച സൂര്യനെ കണ്ടിറങ്ങുമ്പോൾ ആകാശത്ത് മഹാനായ ചിത്രകാരൻ അലസമായി കടും നിറങ്ങൾ ചാലിച്ച് ചേർക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞ് ഗൊളത്തിനുള്ളിൽ ഒരു കുഞ്ഞ് പൂവിന്റെ ഒരേ ആകൃതിയുള്ള അഞ്ചിതളുകൾ തൊട്ട് ആകാശം തൊടുന്ന ഈ കല്ല് മലകൾ വരെ എന്തൊക്കെ അത്ഭുതങ്ങൾ എന്ന് എന്റെ കുഞ്ഞ് കൂട്ടുകാരിയെ പോലെ ഞാനും അത്ഭുതപ്പെട്ടു..


(തുടരും)


No comments:

Post a Comment