Monday, October 9, 2017

മഴക്കാടുകളിലെ മഴക്കുളിര് തേടി- വയനാടൻ യാത്ര (ഭാഗം 2)


നന്ദനം ഓരോ വളവും വീശിയെടുത്ത് തിരുനെല്ലി മല കയറുമ്പോഴൊക്കെയും ബ്രഹ്മഗിരി മഴക്കാലം സമ്മാനമായി കൊടുത്ത പച്ചകമ്പളവും പുതച്ച് ചിരിക്കാൻ പിശുക്ക് കാണിക്കുന്ന കാരണവരെ പോലെ നോക്കിനിൽപ്പുണ്ടായിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിന് അല്പം മുൻപ് ബ്രഹ്മഗിരി ട്രെക്കിങ്ങിന് തുടക്കത്തിലേയ്ക്കുള്ള പാതയും വഴിസൂചികയും കാണാം. തിരുനെല്ലിക്ഷേത്രത്തിന്റെ ചരിത്രം ക്രിസ്തുവർഷാരംഭത്തിനും ഒരുപാട് പിന്നിലേയ്ക്ക് പടർന്നു കിടക്കുന്നുണ്ട്. പത്താം നൂറ്റാണ്ടിൽ ഭാസ്കര രവി വർമ്മ ചേര രാജാവിന്റെ കാലഘട്ടത്തിൽ തിരുനെല്ലി, കൊട്ടിയൂർ, തൃശ്ശിലേരി എന്നീ മൂന്ന് ക്ഷേത്രങ്ങൾ ചേരുന്ന ഒരു തീർത്ഥാടനപാഥയുണ്ടായിരുന്നതായി രേഖകൾ പറയുന്നു.

ബ്രഹ്മാവ് തന്റെ ലോകയാത്രയ്ക്കിടയിൽ ഒരു നെല്ലിമരത്തിനടിയിൽ സ്വയംഭൂവായ വിഷ്ണുശില്പം കാണുകയും സ്വന്തം കൈയ്യാൽ പ്രതിഷ്ഠിക്കുകയും പൂജ ചെയ്യുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഇതിൽ പ്രീതനായ മഹാവിഷ്ണു പൂജയ്ക്കെടുത്ത ജലശ്രേണി എല്ലാ പാപങ്ങളും കഴുകികളയുന്ന പാപനാശിനി ആവുമെന്ന് അനുഗ്രഹിക്കുകയും ചെയ്തുവത്രെ. അത് കൊണ്ട് തന്നെ ഇവിടെ പിതൃതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ബ്രഹ്മഗിരി മലനിരയിൽ തന്നെ കർണ്ണാടകയിലെ കൂർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഇരുപ്പു വെള്ളച്ചാട്ടത്തിനരികിലുള്ള ഇരുപ്പു രാമേശ്വര ക്ഷേത്രത്തിലേയും തിരുനെല്ലിയിലേയും പൂജകൾ ഒരേ കൂട്ടരാണ് ചെയ്തിരുന്നതെന്നും തിരുനെല്ലി കാടുകൾക്കുള്ളിൽ അവർ യാത്ര ചെയ്യുമ്പോൾ രാത്രി തങ്ങിയിരുന്ന ഗുഹകൾ ഇന്നും കാണാനാവുമെന്നാണ് പറഞ്ഞറിവുകൾ. ഇരുപ്പു വെള്ളച്ചാട്ടത്തിന് ലക്ഷ്മണതീർത്ഥം എന്നും പേരുണ്ട്. തിരുനെല്ലിയിലെ പോലെ തന്നെ ഇതും പാപനാശിനിയായി കരുതപ്പെടുന്നു. ഈ വഴിത്താരയിൽ തന്നെയാണ് വയനാട്ടിലെ പ്രസിദ്ധമായ പക്ഷിപാതാളം. ഉരുളൻ പാറകൾ കൊണ്ട് പ്രകൃതിയൊരുക്കിയ ഗുഹകളിൽ നരിച്ചീറുകളുടെ ഒരു പാതാള ലോകം. ശ്രദ്ധയില്ലാതെ യാത്ര തിരിക്കുന്ന സഞ്ചാരികൾ കാരണമുണ്ടായ അപകടങ്ങൾ കാരണം ഇപ്പോൾ അങ്ങൊട്ടേയ്ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ് പോലും.

ക്ഷേത്രത്തിന്റെ പൂർത്തിയാകാത്ത നാട്യമണ്ഡപത്തെ പറ്റി പറഞ്ഞപ്പോൾ പണ്ടെന്നോ ദേവസുന്ദരിയെ പോലെ ഒരു പ്രസിദ്ധനർത്തകി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഇവിടെയെത്തിയിരുന്നെന്നും അന്നാ ഫോട്ടോ എടുത്ത ബാബുചേട്ടൻ എന്ന ക്യാമറമാന്റെ സ്വപ്നസദൃശ്യമായ ചിത്രങ്ങളെ പറ്റിയും പറഞ്ഞ സുഹൃത്തിന്റെ കണ്ണിൽ കൗമാരം വീണ്ടും തെളിഞ്ഞ പോലെ, നിർഭാഗ്യവശാൽ ആ മനോഹരചിത്രങ്ങൾ കാണാനോ മോഹിനിയായ ആ നർത്തകി ആരാണെന്ന് അറിയാനോ കഴിഞ്ഞില്ല.




തിരുനെല്ലി ക്ഷേത്രത്തിന്റെ വാസ്തുരീതികൾ ഒറ്റനോട്ടത്തിൽ പഴയ കേരളീയരീതിയിൽ ആണെന്ന് തോന്നുമെങ്കിലും തമിഴ്, കർണ്ണാടക വാസ്തുവിദ്യകളും കണ്ടെത്താനാവും. കടന്ന് പോയ രാജവാഴ്ചകളുടെ അലങ്കാരമേമ്പൊടികളാവാം കാരണം. പണ്ടൊരു കൂർഗ്ഗ് രാജാവ് ക്ഷേത്ര നവീകരണഭാഗമായി നിർമ്മാണം ആരംഭിച്ചാതാണീ കൽത്തളമെന്നും പക്ഷേ ക്ഷേത്രപ്രദേശത്തിന്റെ ഉടമയായ വെലത്തിരി രാജാവ് വിസ്സമ്മതിച്ചതിനെ തുടർന്ന് പാതിയിൽ നിർത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു പോലും.



പാപനാശിനി എന്നറിയപ്പെടുന്ന അരുവി ബ്രഹ്മഗിരിയിൽ നിന്നുത്ഭവിക്കുന്ന കാളിന്ദിയുടെ ഒരു കൈവഴിയാണ്, കാളിന്ദി പിന്നെ കബനിയിലും കബനി കാവേരിയിലും എത്തിച്ചേരുന്നു. പണ്ട് ബ്രഹ്മഗിരിയുടെ മുകളിൽ നിന്നും ക്ഷേത്രവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്നത് കൽപ്പാത്തികൾ വഴിയായിരുന്നു പോലും, പണ്ടെന്നൊ ക്ഷേത്രസന്ദർശനത്തിനെത്തിയ ചിറയ്ക്കൽ രാജ്ഞിക്ക് ചന്ദനമരയ്ക്കാൻ വെള്ളം കൊടുക്കാനാവാതെ വരികയും മലമുകളിലെ ജലക്ഷാമം കണ്ടറിഞ്ഞ രാജ്ഞി ആദ്യം മുള നടുവേ ചീന്തിയ തടിപാത്തികളിൽ ക്ഷേത്രത്തിനുള്ളിലേയ്ക്ക് വെള്ളമെത്തിക്കുകയും പിന്നീട് കൽപ്പാത്തികൾ വച്ച് അവ ശക്തിപ്പെടുത്തകയും ചെയ്തു എന്നാണ് കഥ. കാടിനുള്ളിൽ കൽപ്പാത്തികളുടെ അവശിഷ്ടങ്ങൾ കണ്ടിട്ടുണ്ടെന്ന് നിയന്ത്രണങ്ങളില്ലാതിരുന്ന കാലത്ത് കാട് കണ്ടറിഞ്ഞിട്ടുള്ള സുഹൃത്തുക്കൾ പറഞ്ഞു, പക്ഷേ ഇന്ന് കാടിനുള്ളിലൂടെ പ്ളാസ്റ്റിക്ക് പൈപ്പുകളാണ് തലങ്ങും വിലങ്ങും വെള്ളവും കൊണ്ട് പൊവുന്നത്.

ക്ഷേത്രം കണ്ട് പാപനാശിനിയിലേയ്ക്ക് നടക്കും വഴിയാണ് പഞ്ചതീർത്ഥ കുളം കണ്ടത്. കുളത്തിലെ വെള്ളം ഉറവയല്ല എന്നതും പാപനാശിനി അരുവിയിലെ വെള്ളമാണ് ഇതിലേയ്ക്ക് വഴിതിരിച്ച് വിട്ടിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്, കുളത്തിന്റെ നടുക്ക് വിഷ്ണുപാദമാണെന്ന് വിശ്വാസം, ശംഖ്, ചക്രം, ഗദ, പത്മം, വിഷ്ണു പാദം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ ഈ കുളത്തിന് പഞ്ചതീർത്ഥം എന്നും പേരുണ്ട്.

കാടിന്റെ തണുപ്പും പേറി വരുന്നത് കൊണ്ടാവാം പാപനാശിനിയിലെ വെള്ളത്തിന് നല്ല തണുപ്പ്, പാപങ്ങളൊക്കെ കഴുകിക്കളഞ്ഞാൽ പിന്നെ നിർവാണമാണല്ലോ അടുത്ത പടി, ലോകേച്ഛ അടങ്ങാതെയെങ്ങനെ നിർവ്വാണമടയും എന്ന ഉൾചിന്തയിൽ പാപങ്ങളെ പാപനാശിനിയിൽ ഒഴുക്കിക്കളയാതെ ഗുണ്ടിക ക്ഷേത്രത്തിനടുത്തേയ്ക്ക് നടന്നു. നടവഴിക്കരികിൽ കടിപിടികൂടി കളിക്കുന്ന കുഞ്ഞിക്കുരങ്ങന്മാരും യാതൊരു പേടിയുമില്ലാതെ കാട്ടുകായ് തിന്നുന്ന മലയണ്ണാന്മാരും ഇഷ്ടം പോലെ, കാടിന്റെ നൈർമ്മല്യം മൊത്തമായും നശിക്കാത്തത് കൊണ്ടാവാം അവയൊന്നും ഇപ്പൊഴും മനുഷ്യനോട് വെറുപ്പ് കാണിക്കുന്നില്ല.



പാപനാശിനി കടന്ന് എത്തിയത് ഗുണ്ഡിക ക്ഷേത്രം എന്ന ഒരു ചെറിയ ശിവ ക്ഷേത്രത്തിന് മുൻപിലാണ്. ബലിതർപ്പണത്തിനെത്തുന്നവർ പാപനാശിനിയിൽ മുങ്ങിക്കുളിച്ച് ഇവിടെയും ദർശനം നടത്തി പ്രധാന ക്ഷേത്രത്തിലെത്തി വലംവയ്ക്കുമ്പോഴാണ് പൂജാവിധികൾ പൂർണ്ണമാകുക. ഗുണ്ടിക ക്ഷേത്രത്തിന് മുൻപിൽ അരുവിക്കരയിലെ ഉരുളൻ കല്ലുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്, ആളുകൾ അത് സെൻ സ്റ്റോൺ ആർട്ട് പോലെ അടുക്കി വച്ചിരിക്കുന്നതും പിന്നാലെ വന്നവർ വന്നവർ ഒരു പൂജാവിധി പോലെ അ

ത് പിന്തുടരുന്നതും കണ്ടു. മനുഷ്യനോളം കാടും പ്രകൃതിയും നശിപ്പിക്കുന്ന മറ്റൊരു ജീവി വംശമില്ലെന്ന കൂട്ടത്തിലൊരു ചെറുപ്പക്കാരന്റെ വാക്കുകൾ, വരും തലമുറയിലും പ്രകൃതിയെ സ്നേഹിക്കുകയും അവനവനാലാവുന്നത് ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ടാവും എന്ന പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.

തിരുനെല്ലി ക്ഷേത്രവും പരിസരവും കടന്നിറങ്ങുന്നതിന് മുന്നേ തന്നെ ഉച്ചയൂണിന് സമയമായെന്ന് അറിയിച്ച് വയറിനുള്ളിൽ അലാറം അടിച്ചു തുടങ്ങിയിരുന്നു, പക്ഷേ പച്ചപ്പിന്റെ മരതകകാഴ്ചകളിൽ കണ്ണുടക്കി നിന്നു പോയത് സ്വഭാവികം.

സുഭിക്ഷമായ ഉച്ചയൂണും കഴിഞ്ഞ് അടുത്ത നടപ്പ് തിരുനെല്ലി കാടിനുള്ളിലേയ്ക്കായിരുന്നു. ചരിത്രാതീതകാലം തൊട്ടേയുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധിയും സമൃദ്ധിയും, പിന്നെയുള്ള കാലഘട്ടങ്ങളിലുണ്ടായ കുടിയേറ്റ പ്രവണതയും ബ്രിട്ടീഷ് കാലഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യവും ഒക്കെയാവാം ഇവിടുത്തെ ജന്മി പാരമ്പര്യത്തിനും തത്ഫലമായി ആദിവാസി ഊരുകളിലെ അടിമത്തവും പിന്നെയുണ്ടായ വിപ്ളവവും ഒക്കെ.

കേരളത്തിൽ ആദ്യത്തെ വയർലസ്സ് സെറ്റ് വന്നത് തിരുനെല്ലി സ്റ്റേഷനിലാണെന്നും വർഗ്ഗീസ് പാറയെന്നറിയപ്പെടുന്ന സഖാവ് വർഗ്ഗീസിനെ വെടിവെച്ചുവെന്ന് പറയപ്പെടുന്ന സ്ഥലവും ഒക്കെ കേരളത്തിന്റെ ചരിത്രത്തിൽ ഈ കാടുകൾക്കുണ്ടായിരുന്ന പ്രാധാന്യം കാണിക്കുന്നു. നക്സൽ പ്രസ്ഥാനത്തിന്റെ ഓർമ്മകളും വീര്യവും ഇന്നും പഴയമനസ്സുകളിൽ തെളിഞ്ഞു നിൽപ്പുണ്ട്..




വയനാടിന്റെയും കുടിയേറ്റത്തിന്റെയും കഥ കൂടുതൽ മനസ്സിലാക്കാനാവും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന പുസ്തകം പ്രത്യേകം വായിക്കാൻ സുഹൃത്ത് നിർദ്ദേശിച്ചത്, കൈയ്യേറ്റത്തിന്റെ കഥകൾ ഒരളവൊളം പറയുന്ന ഒരു നല്ല പുസ്തകമാണത്.

മഴപെയ്തു കുതിർന്ന് കിടക്കുന്ന കാട്ടുപാതയിലേയ്ക്ക് കയറിയതും അട്ടകൾ കാൽ പൊതിഞ്ഞ് കയറിയത് ഒരനുഭവമായിരുന്നു, മണിക്കൂറുകൾക്ക് മുന്നേ ആന നടന്ന് പോയതിന്റെ കാലടിപ്പാടുകൾ കാട്ടിത്തന്നത് ഒട്ടും ശബ്ദമുണ്ടാക്കാതെ നടക്കാൻ കാരണമായി. കാടിനെ പറ്റി അറിഞ്ഞ് കാടിന്റെ ശബ്ദം കേട്ട്, നടന്ന ആ യാത്ര അവസാനിച്ചത് കാളിന്ദിയുടെ തീരത്തായിരുന്നു. നിറമഴ കൊണ്ട് നിറഞ്ഞ് കവിഞ്ഞ് മദിച്ചൊഴുകുന്ന പുഴ. ഞങ്ങളെത്തുമ്പോൾ പുഴയോരത്ത് ചീര പോലെയൊരു ചെടി ഒരുക്കിക്കൊണ്ട് തദ്ദേശവാസികൾ ഉണ്ടായിരുന്നു, ചുരുളി എന്ന് പറയുന്ന പന്നൽ വർഗ്ഗത്തിൽ പെട്ട പുഴയോരങ്ങളിലും മറ്റും ധാരാളമായി കാണുന്ന ഒരു ചെടിയാണത്, ചേമ്പിൻ താളിന്റെ തോരന്റെ പോലൊരു ടേസ്റ്റായിരിക്കും അതിനെന്ന് കഴിച്ചവരുടെ അഭിപ്രായം.




കാട്ടാറിന്റെ തണുപ്പും കാടിന്റെ ശബ്ദവും കേട്ട് ചുരുളിയൊരുക്കുന്നവരോട് കഥ പറഞ്ഞിരിക്കവെ സമയം പോയതറിഞ്ഞില്ല, പെട്ടന്നാണ് കാടിന്റെ മുഖം മാറിയത്, കാറ്റിന് തണുപ്പ് കൂടിയ പോലെ, ചീവിടുകളുടെ ശബ്ദത്തിന് വല്ലാത്ത മുഴക്കം, കാടിന്റെ മുഖം ഞങ്ങളോട് പിണങ്ങിയത് പോലെ ഇരുണ്ട് മൂടി. ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നവർ പെട്ടന്ന് അവരുടെ തുണികളും വൃത്തിയാക്കിയ ചുരുളിയും തോർത്തിൽ പൊതിഞ്ഞ് അരയിൽ കെട്ടി സ്ഥലം വിട്ടു. അവർ പുഴയോരം കയറിയതും തൊട്ടാവാടി പെണ്ണൊരുത്തി കരയും പോലെ ആർത്തലച്ച് ഒരു മഴ. നനഞ്ഞ് കുതിർന്നിട്ടും ശബ്ദമൊട്ടും ഉണ്ടാക്കാതെയാണ് ഞങ്ങൾ തിരിച്ചുള്ള നടത്തം നടന്ന് തീർത്തത്.

തിരുനെല്ലിയിൽ നിന്നും തിരികെ പോരും വഴിയാണ് പതിനാറാം നൂറ്റാണ്ട് മുതൽ നിലവിലുണ്ടെന്ന് പറയപ്പെടുന്ന കുറിച്യ സമുദായക്കാരുടെ കൊട്ടിയൂർ ശ്രീ കാളീശ്വരി ക്ഷേത്രം. കുന്നിന്റെ മുകളിലേയ്ക്ക് പോവുന്ന ഇടവഴിയിൽ പകുതി തകർന്ന ഒരു പടിപ്പുരയും മേൽക്കൂരയിൽ പുല്ല് പിടിച്ച കോൺക്രീറ്റിൽ നിർമ്മിച്ച രണ്ട് ശ്രീകോവിലുകളും ആണ് കണ്ടത്, എണ്ണ കിനിഞ്ഞ നിലവിളക്കുകളും തിരികളും അവിടെ പൂജ നടക്കുന്നയിടമാണെന്ന് അറിയിച്ചു, മറ്റെന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാൻ പരിസരം തിരഞ്ഞ് നടക്കുമ്പോഴാണ് ഒരു തറയും ചുറ്റും തറച്ചിരിക്കുന്ന ശൂലങ്ങളും അതിന്മേൽ വളകളും കണ്ടത്, അവിടെയാണ് ശരിക്കുള്ള പൂജകളും മറ്റും നടക്കുന്നതെന്ന് തോന്നി, മനുഷ്യന്റെ രീതികൾക്ക് ന്യായീകരണങ്ങൾ അല്ലെങ്കിൽ തന്നെ ഇല്ലല്ലോ.

തിരികെ നടക്കുമ്പോഴൊക്കെ അവിടെ കണ്ട കാടിന്റെ മക്കളുടെ മുഖഭാവങ്ങളായിരുന്നു മനസ്സിൽ, പ്രകൃതി അവളൊട് അടുത്ത് ജീവിക്കുന്നവരെ യാതൊരു അലങ്കാരവും ഇല്ലെങ്കിലും എത്ര മനോഹരമായാണ് അണിയിച്ചൊരുക്കുന്നത്, ഒരു ചിരി പോലും മനസ്സിന്റെ താക്കോൽ പോലെ. കാടിനെ പോലെ തന്നെ എത്ര വിശാലമായാണ് അവരുടെ കണ്ണിലും മുഖത്തും ഭാവങ്ങൾ വിരിയുന്നത്, മനസ്സിനെയും മുഖത്തിനെയും മറയിട്ട് സൂക്ഷിക്കുന്ന നഗരത്തിന്റെ സംസ്കൃതികൾക്ക് അസൂയയൊടെ മാത്രം നോക്കി കാണാനാവുന്ന സൗന്ദര്യം, ആ വശ്യതയെ പറ്റി വാതോരാതെ സംസാരിച്ചത് കൊണ്ടാവാം അടുത്തത് കാടിനെ അടുത്തറിഞ്ഞ, കാടിനെ അത്രമേൽ പ്രണയിക്കുന്ന, അതിന് വേണ്ടി ഒരു ലോകം തന്നെ സൃഷ്ടിച്ച ശില്പിയെ കാണാം എന്ന് തീരുമാനമായത്..


അതൊരു പുലിമടയിലേയ്ക്കുള്ള യാത്രയായിരുന്നു..

(തുടരും....)

No comments:

Post a Comment