Monday, April 10, 2017

മണിനാദം പൊഴിക്കുന്ന കല്ലുകൾ- കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (2)
കല്ലുകൾ പലതരമുണ്ട്, മെഴുകിന്റെ വഴക്കമുള്ള സാൻഡ് സ്റ്റോൺസ്, ഏറ്റവും മിനുസപ്പെടുത്താനാവുന്ന മാർബിൾ, കറുപ്പിന്റെ അഴകും കരുത്തും കാണിക്കുന്ന കരിങ്കല്ല്, ഇത്തിരികൂടി മൃദുവായ ഗ്രാനൈറ്റ് അങ്ങനെ പലതും.

വടക്ക് താജ്മഹലിലും ഉത്തരേന്ത്യൻ കൊട്ടാരങ്ങളിലും വെണ്ണക്കൽ മാർബിളിൽ അതി സൂക്ഷ്മായി കൊത്തിയെടുക്കുന്ന വള്ളിപടർപ്പുകളും ശില്പചാതുരികളും, തെക്ക് മധുര മീനാക്ഷിയിലും മഹാബലിപുരത്തും കല്ലിൽ കവിത പോലെ വിരിഞ്ഞ് നിൽക്കുന്ന എല്ലാ ലക്ഷ്ണങ്ങളുമൊത്ത സുന്ദരീ സുന്ദരന്മാരും ഒക്കെ പല വട്ടം കണ്ടിട്ടുണ്ടെങ്കിലും കല്ല് കൊണ്ടൊരു കുടുംബത്തിനാവശ്യമായവയൊക്കെയും ഉണ്ടാക്കുമായിരുന്ന കാലഘട്ടത്തിന്റെ കാഴ്ച കണ്ടത് ഹംപിയിലാണ്.
വെയിലിന്റെ ചൂടിനെ വകവയ്ക്കാതെ ഞങ്ങൾ നടന്നത് രാജ ഛത്രത്തിലേയ്കാണ് (Royal Enclosure). ഹംപി നഗരാവശിഷ്ടങ്ങളിലെ ഏറ്റവും വലുതെന്ന് പറയാനാവുന്ന സ്മാരകാവശിഷ്ടങ്ങളുടെ കൂട്ടം ഇതിനുള്ളിലാണ്. അകത്തേയ്ക്ക് കയറുന്നതിന് മുൻപേ അവിടെ വച്ചിരുന്ന കൽ വാതിലിൽ കണ്ണുടക്കി, ഒറ്റക്കല്ലിൽ തീർത്ത ആ വാതിൽ തുറന്നടയാനുള്ള കുഴയാണി സഹിതം പരിപൂർണ്ണമായിരുന്നു. തടിവാതിലിൽ എന്ന പോലെ അതിൽ ചെയ്തിരിക്കുന്ന അലങ്കാര പണികൾ കണ്ട് ശരിക്കും അതിശയിച്ചു പോയി. 

മൈതാനിയിലേയ്ക്ക് ആദ്യം കടന്ന് ചെല്ലുമ്പോൾ കാണുന്നത് മഹാനവമി പീഠമാണ്. മഹാനവമി, ഹോളി തുടങ്ങിയ വിശേഷ അവസരങ്ങളിലൊക്കെ രാജാവ് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടിരുന്ന വേദിയായിരുന്നു ഇത്. കല്ലിലെ കൈവേലയുടെ മകുടോദാഹരണമാണ് ഈ പീഠത്തിന്റെ ഓരോ തലത്തിലും നിറഞ്ഞ് നിൽക്കുന്ന കൊത്തു പണികൾ. വിജയ നഗര സംസ്കാരത്തിന്റെ വിജയഗാഥകളും, അവരുടെ ജീവിത രീതികളും സംസ്കാര രീതികളും സാംസ്കാരിക കലാ സൗകുമാര്യങ്ങളും ഒക്കെ ഇവിടെ കല്ലിൽ കൊത്തിയ ജീവനുകളായി നമ്മെ അതിശയപ്പെടുത്തുന്നു.

ആനയേയും കുതിരയേയും ഒക്കെ കാട്ടിൽ നിന്ന് പിടിച്ച് മെരുക്കുന്നതിന്റെ രീതികൾ, ഒട്ടകങ്ങളും അവയെത്തിയ മരുപ്രദേശത്തേയും പറ്റിയുള്ള ആലേഖനം, കുളിക്കുകയും കളിക്കുകയും നൃത്തം ചെയ്യുകയും മെയ്യാഭ്യാസം അഭ്യസിക്കുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളും, കാർഷിക വൃത്തി ചെയ്യുന്ന കർഷകർ, പലതരം വാണിജ്യ വൃത്തികൾ അങ്ങനെ ഒരു സംസ്കാരം തന്നെ ഈ പീഠത്തിന്റെ ചുറ്റിലും കൊത്തി വച്ചിരിക്കുന്നു. മറ്റൊരു പ്രത്യേകത ഇതിന്റെ മേലെ ഉപയോഗിച്ചിരിക്കുന്ന കല്ലിലും അത് പ്രതിധ്വനികളെ അധികരിക്കരിപ്പിക്കുന്ന രീതിയിൽ പണിതിരിക്കുന്ന കെട്ടിലും ആണെന്ന് പറയപ്പെടുന്നു. 

മഹാനവമി പീഠത്തിന് വലത് വശത്തായി അതിമനോഹരമായ ഒരു കുളം കാണാം, പുഷ്കരണി എന്നാണതിന്റെ പേര്. ആയിരം ഇതളുള്ള താമരയുടെ ആകൃതിയിലാണ് അതിന്റെ പണി.. ഒറ്റ സംഘ്യാ ക്രമത്തിൽ ഇതിന്റെ ഓരോ പടവിലും ക്രമീകരിച്ചിരിക്കുന്ന ചെറുപടികളിലും പിന്നെ നടുവിലൊരു ഒറ്റ വിളക്കും തെളിയിച്ചാൽ ആയിരം ദീപം തെളിയും എന്ന് ഗൈഡ് എണ്ണി പറഞ്ഞപ്പോൾ ഞാൻ തർക്കിക്കാൻ നിന്നില്ല, അല്ലാതെ തന്നെ ആ കുളത്തിന്റെ ആകൃതിയും വാസ്തു രീതിയും അതി മനോഹരമായിരുന്നു. അതിനോടടുത്ത് തന്നെ ഉണ്ടായിരുന്ന ദേവീ ക്ഷേത്രത്തിലേയ്ക്ക് മഹാറാണി ഈ കുളത്തിൽ നിന്ന് വെള്ളം കോരി ധാര കോരുന്നതിൽ നിന്നായിരുന്നു ഹോളി ആഘോഷങ്ങളുടെ തുടക്കം പോലും.

കല്ലിൽ തീർത്ത കാലാസൗകുമാര്യങ്ങൾക്കൊപ്പം തന്നെ നഗര നിർമ്മിതിയിലെ വൈധഗ്ദ്യവും ദീർഘവീഷണവും നമ്മേ അത്ഭുതപെടുത്തും. ഒരാളുയരത്തിൽ കൽതൂണുകളിൽ പണിതിരിക്കുന്ന കല്പാത്തികൾ വഴിയാണ് കിലോമീറ്റർ അകലെയുള്ള തുംഗബദ്രയിൽ നിന്നുള്ള വെള്ളം ഇവിടുത്തെ കുളങ്ങളിലേയ്ക്കും മറ്റാവശ്യങ്ങൾക്കും എത്തികൊണ്ടിരുന്നത്. കല്പാത്തികളിൽ ഗ്രൂവുകൾ ഉണ്ടാക്കി തടവച്ച് വെള്ളത്തിനെ മറുവശത്തേയ്ക്ക് തിരിച്ചു വിടുകയും മറ്റും ചെയ്തിരിക്കുന്നത് കാണുമ്പോൾ ഇവരുടെയൊക്കെ പിൻ ഗാമികൾ ആണ് നമ്മളെന്ന് പറയാൻ ലജ്ജിക്കണം. 

പുഷ്കരണിയുടെ അപ്പുറത്താണ് പുതുജനങ്ങളുടെ സ്നാനഘട്ടം. ഇവിടെ സ്ത്രീ പുരുഷന്മാർക്ക് പ്രത്യേക ഇടങ്ങളും, വസ്ത്രം മാറാനുള്ള സംവിധാനങ്ങളും ഒരോ വശത്തും കാവൽക്കാർക്കായി ഒരു സെൻട്രി പോസ്റ്റും ഉണ്ടായിരുന്നു. വെള്ളം ചീത്തയാവുന്ന മുറയ്ക്ക് അത് തുറന്ന് വിടാനുള്ള സംവിധാനവും അവിടെ ചെയ്തിരിക്കുന്നത് ഗൈഡ് കാട്ടി തന്നു, കുളത്തിനടുത്ത് ആ പൊരിവെയിലിലും പൂത്തുലഞ്ഞ് നിൽക്കുന്ന റോസതോട്ടം കണ്ടപ്പോൾ അതിശയം തോന്നി, ചോദിച്ചപ്പോഴാണറിയുന്നത് രാജഭരണ കാലത്ത് തന്നെ ഇവിടെ ഒരു പൂന്തോട്ടമായിരുന്നെന്ന്, ആ പൂക്കളിൽ തഴുകി വരുന്ന കാറ്റ് ആ പ്രദേശത്തെ സുഗന്ധപൂരിതമാക്കാൻ രാജാവിന്റെ വക ഒരു സ്പെഷ്യൽ റൊസ് സെന്റഡ് പെർഫ്യൂം. 

റൊസതോട്ടത്തിലെ മരത്തണലിൽ അല്പം കുളിർ കാറ്റും കൊണ്ടിരുന്നിട്ട് നടക്കുന്ന വഴിയാണ് പെട്ടന്ന് ഗൈഡ് വിളിച്ച് നിർത്തിയത്, അഞ്ച് പരന്ന കുഴികളുള്ള ഒരു വലിയ ചതുരകല്ല് കാട്ടി ഇതെന്താണെന്ന് വല്ല ഐഡിയയും ഉണ്ടൊന്ന് ഒരു ചോദ്യം, എത്ര ശ്രമിച്ചിട്ടും അതെന്തായിരിക്കും എന്ന് ഒരു പിടിയും കിട്ടിയില്ല, പിന്നെയാണദ്ദേഹം പറയുന്നത് അത് അന്നത്തെ ആഹാരം കഴിക്കുന്ന പാത്രമായിരുന്നെന്ന്.
നടുക്കത്തെ വലിയ കുഴിയിൽ ചോറും മറ്റ് നാലിൽ നാല് കൂട്ടം കറികളും ഒഴിച്ച് കഴിക്കാൻ കല്ല് കൊണ്ടുണ്ടാക്കിയ ഒരു ആഹാര തളിക, അന്നത്തെ രാജ ഭോജനശാലയിൽ രണ്ട് നിരകളിലായി ഇവ നിരത്തി വച്ചിരിക്കുകയായിരിക്കും നടുവിലൂടെ വെള്ളമൊഴുകുന്ന ഒരു കല്പാത്തിയും, ഒരു കൂട്ടം കഴിച്ചെഴുന്നേറ്റ് കഴിയുമ്പോൾ വെള്ളം തിരിച്ച് വിട്ട് കല്ലു പാത്രങ്ങളെ കഴുകി വെടിപ്പാക്കുന്നു..അത്രയും കേട്ട് അന്തിച്ച് നിൽക്കുമ്പോഴാണ് അയാൾ കൈ വിരൽ മുട്ട് കൊണ്ട് അതിൽ പതുക്കെ കൊട്ടിയത് കേട്ടത് മധുരമായ ഒരു ശബ്ദം. തഴമ്പിച്ച കൈകൊണ്ട് അയാൾ താളം പിടിക്കവെ കല്ലിൽ നിന്ന് ഉയർന്ന സംഗീതത്തിൽ കണ്ണ് തള്ളി.

അതേ പോലെ തന്നെയായിരുന്നു നാട്യമണ്ഡപത്തിന്റെ പടിക്കെട്ടിൽ ഇരുന്ന ആനയുടെ മസ്തകത്തിൽ കൊട്ടിയപ്പോഴും, ദൂരെയേതോ ക്ഷേത്രത്തിൽ മണിയടിക്കുന്നത് പോലെ ഒരു ശബ്ദം, നാട്യപീഠത്തിന് ചുറ്റും സ്ത്രീകൾ പലതരം ആയോധനകലകൾ ദ്വന്ദയുദ്ധങ്ങൾ നാട്യവിധികൾ ഒക്കെ നടത്തുന്ന കൽചിത്രങ്ങൾ ഉണ്ടായിരുന്നു. 700 വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ മുഖ്യധാരയിൽ എത്ര സജീവമായിരുന്നു എന്നതിന്റെ തെളിവായിരിക്കുമല്ലോ അതും.

അതിനടുത്ത് തന്നെയുള്ള രഹസ്യ അറയുടെ പണിയും ചാതുര്യവും എന്നെ ആകർഷിച്ചു.ഏകദേശം പത്തടിയോളം മണ്ണേടുത്ത് മാറ്റിയപ്പോഴാണ് ഈ കാണുന്ന അവശിഷ്ടങ്ങൾ തെളിഞ്ഞിരിക്കുന്നത്, അതിൽ നിന്നും വീണ്ടും ഒരു ഏഴടി താഴ്ചയിലാണ് ഈ രഹസ്യ അറ, പുറത്ത് നിന്ന് പടിയിറങ്ങി വരുമ്പോഴെത്തുന്ന ഇരുണ്ട ഇടുങ്ങിയ ഇടനാഴികൾ തുറക്കുന്നത് ഒരു പത്തടി നീളവും വീതിയുമുള്ള ഒരു മുറിയിലാണ്, മുറിയുടെയും ഇടനാഴിയുടേയും വശങ്ങളൊക്കെ തേച്ച് മിനുക്കിയ ഗ്രാനൈറ്റാണ്, അതാവും സൗണ്ട് പ്രൂഫാവാനുള്ള കാരണം, മഹാനവമി പീഠത്തിലിരുന്ന രാജാവ് ഇവിടെ വരെയെത്തുന്നതിന് നടന്ന ഭൂഗർഭ അറകൾ ഇനിയുമുണ്ടാവില്ലേ എന്ന് ചോദിച്ച് ഡിറ്റക്റ്റീവ് ആവാൻ ശ്രമിച്ച എന്റെ ബുദ്ധിയെ തത്കാലം ഞാൻ വെറുതെ വിട്ടു.

ഒരു കാല് പോലും പേരിനില്ലാത്ത ആയിരം കാൽ മണ്ഡപവും, ഇത് കുതിര പന്തി ആയിരുന്നു പോലും പഴയ മാർക്കറ്റിന്റെ ചതുര കളങ്ങളേയും കടന്ന് ഞങ്ങൾ പിന്നെ നടന്നത് ഹസാര രാമചന്ദ്ര ക്ഷേത്രത്തിലേയ്ക്കാണ്.

രാമായണ കഥ മൂന്ന് നിരകളിലായി ചുറ്റമ്പലത്തിന് ചുറ്റും കൊത്തി വച്ചിരിക്കുന്നു എന്നാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. കഥകളും ഉപകഥകളും ചേർത്ത് ഇവ ആയിരം എണ്ണമുണ്ടെന്നും ക്ഷേത്രത്തിന് മൂന്ന് വലം വച്ച് ഓരോ ചിത്രത്തിന് മുന്നിലും ജയ് ശ്രീറാം പറഞ്ഞ് പോവുകയാണെങ്കിൽ ആയിരം രാമനാമം ജപിച്ച പുണ്യമാണെന്നും അതിനർത്ഥം നേരെ വൈകുണ്ഠം ആണെന്നും ഗൈഡ് പറഞ്ഞെങ്കിലും ഇനിയും ചെയ്തു തീർക്കാനുള്ള കുറെ ആഗ്രഹങ്ങൾ ഉള്ളത് കൊണ്ട് തത്കാലം മോക്ഷപ്രാപ്തി വേണ്ടെന്ന് വച്ച് ഞാൻ ഉള്ളിലേയ്ക്ക് കയറി.

മറ്റ് ക്ഷേത്രങ്ങളേ പോലെ തന്നെ അനുബന്ധ ദേവീ ക്ഷേത്രവും കല്യാണമണ്ഡപവും ഒക്കെ ചേർന്ന ഒരു സമുച്ചയമാണ് ആയിരം രാമചന്ദ്ര ക്ഷേത്രം. ഹസാര രാംചന്ദ്ര ക്ഷേത്രത്തിൽ നിന്ന് പോയത് സനാന സമുച്ചയത്തിലേയ്ക്കാണ്. കൂട്ടിന് കോലൈസിന്റെ തണുപ്പും ഉണ്ടായിരുന്നു. ചില സന്തോഷങ്ങൾ പ്രായത്തിന്റെ എല്ലാ നിർവചനകൾക്കും അപ്പുറത്തല്ലേ..

സനാന സമുച്ചയത്തിനുള്ളിൽ അധികം കേട് പറ്റാതെ നിൽക്കുന്ന നിർമ്മിതികളിൽ പ്രധാനം ലോട്ടസ് മഹലും കാവൽ ഗോപുരവും ആണ്. മഹാറാണിയുടെ കൊട്ടാരവും തടാകത്തിന് നടുവിലെ ജൽ മഹലും അടിത്തറ മാത്രമേയുള്ളൂ.. ലോട്ടസ് മഹൽ ഒരു ശില്പ ചാതുര്യം തന്നെയാണ്. മുഗൾ-അറേബ്യൻ നിർമ്മാണരീതിയുമായി സാമ്യമുള്ളതാണ് ലോട്ടസ് മഹലിന്റെ വാസ്തു പ്രകൃതി. സനാന സമുച്ചയത്തിൽ നിന്ന് പുറത്ത് കടന്നാൽ ആദ്യം കാണുന്നത് ആനകൊട്ടിലും ആനപാപ്പാന്മാരുടെ വാസസ്ഥലവും ആണ്. ആനപാപ്പാന്മാരുടെ വാസസ്ഥലം ഒരു മ്യൂസിയമായി മാറ്റിയിട്ടുണ്ട്. 

ആനകൊട്ടിൽ വളരെ വിസ്തൃതവും മനോഹരവുമായ ഒരു നീളൻ കെട്ടിടമാണ്, ഏത് സമയത്തും പതിനൊന്ന് ആനകൾ ഈ നഗരത്തിനുള്ളിൽ ഉണ്ടായിരുന്നു പോലും, അതി ശക്തമായ ആനപ്പടയായിരുന്നു വിജയ നഗര സാമ്രാജ്യത്തിന്റേത്. വിജയ ദേവരായരുടെ കാലത്താണ് കുതിര പടയും മുഗളണ്മാരെ തോൽപ്പിക്കാൻ തോക്ക് കാലാൾ പടയും വിന്യസിക്കപ്പെട്ടതും രാജ്യത്തിന്റെ കെട്ടുറപ്പ് കൂടിയതും. ആനപ്പുറത്തെത്തുന്ന വിശിഷ്ടാതിഥിക്ക് വന്നിറങ്ങാനായി കല്ലിൽ തന്നെ പണിത ഉയർന്ന പീഠവും, അവിടെനിന്ന് നേരെ രാജകൊട്ടാരം വരെയെത്തുന്ന നടപ്പാതയും ഒക്കെ ഏറ്റവും സൂക്ഷ്മമായി സംവിധാനം ചെയ്ത ഒരു നഗരത്തിന്റെ പൗരാണികാവശിഷ്ടങ്ങളാണ് നമ്മൾ കാണുന്നത് എന്നോർമ്മിപ്പിച്ചു കൊണ്ടിരിക്കും.

അവിടെ നിന്ന് പിന്നിലേയ്ക്ക് കുറെ അടുത്തടുത്ത് കുറെ ക്ഷേത്രാവശിഷ്ടങ്ങളാണ്. ചന്ദ്ര ക്ഷേത്രം, വീരബദ്ര ക്ഷേത്രം, കോതണ്ട രാമ ക്ഷേത്രം, രഘുനാഥ ക്ഷേത്രം എന്നിങ്ങനെ അഞ്ചോളം ക്ഷേത്രങ്ങൾ നാശോന്മുഖമായ ശോകഭാവവുമായി പടർന്നു കിടന്നു. അവശിഷ്ടങ്ങളെ താങ്ങി നിർത്തുന്ന പുതിയ കൽതൂണുകൾക്കിടയിൽ കാണുന്ന ഒന്നോ രണ്ടോ യതാർത്ഥ തൂണുകൾ കണ്ടാലറിയാം പ്രതാപകാലത്ത് അവയോരോന്നും കലാവിരുന്നിന്റെ കളിയരങ്ങുകളായിരുന്നു എന്ന്. രംഗനാഥ ക്ഷേത്രവും കണ്ടിറങ്ങിയ ഞങ്ങളുടെ മുന്നിലേയ്ക്കാണ് ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തള്ളി ഒരു ഉന്ത് വണ്ടി എത്തിയത്, കറങ്ങി നടക്കുന്ന കാറ്റല്ല സ്വന്തം വയറാണ് ചൂളം വിളിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്, ഇനിയും നീണ്ട് പരന്ന് കിടക്കുന്ന ഹംപിയുടെ നിഗൂഡ സൗന്ദര്യം ഞങ്ങളെ പിന്നോട്ട് വലിച്ചു കൊണ്ടിരുന്നുവെങ്കിലും ഹംപി ഹോട്ടൽ റിവ്യൂകളിൽ ഏറ്റവും നന്നെന്ന് കണ്ട മാംഗോ ട്രീയിലെ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ ചിന്ത അവസാനം വിജയിച്ചു. നേരം തെറ്റിയ നേരത്ത് അങ്ങനെ ഉച്ചയൂണ് തേടി ഞങ്ങൾ ഒരു മാവിൻ ചുവട്ടിലേയ്ക്ക് പുറപ്പെട്ടു. ഹംപിയുടെ സ്വന്തം Mango Tree..
 
(തുടരും)

2 comments:

  1. ചിത്രങ്ങൾ കൊതിപ്പിക്കുന്നു.എഴുത്ത്‌ അതിസുന്ദരം.എന്നെങ്കിലും ഒന്ന് പോകാൻ പറ്റുമോ ആവോ?!?!

    ReplyDelete