Thursday, April 20, 2017

മുക്കണ്ണന്റെ മധുര പ്രസാദം - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (4)

ഒരു ദിവസത്തിന്റെ വെയിൽ മുഴുവൻ നടന്ന് കൊണ്ട ക്ഷീണം തീർക്കാൻ ഇനി തിരിച്ച് റൂമിൽ എത്തിയാൽ മതിയെന്ന് കരുതി വരുമ്പോഴാണ് അല്പം പരിഭ്രമിച്ച മുഖവുമായി കാർത്തിക്ക് വന്നത്. കാര്യം നിസ്സാരം, സുഹൃത്തിന്റെ സ്വന്തം സ്കോഡ ഒക്റ്റേവിയ സ്റ്റാർട്ട് ആവുന്നില്ല. എന്തോ ടെക്നിക്കൽ പ്രശ്നം കാരണം ബാറ്ററി ഫുൾ ഡിസ്ചാർജ്ജായിരിക്കുന്നു. ആട്ടോമാറ്റിക്ക് കാറായത് കാരണം തള്ളി സ്റ്റാർട്ടാക്കാൻ പോലും പറ്റുകയും ഇല്ല എന്ന്.

സമയം പൊയ്കൊണ്ടിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള രണ്ടോ മൂന്നോ നിര കടകളും ഹോട്ടലുകളായി രൂപം മാറിയ പഴയ കുറച്ച് വീടുകളും ഒഴിച്ചാൽ ഹംപി വിജനമാണ്.. 

“ഠ“ വട്ടത്തിൽ ഒരു ചെറിയ തെരുവും പിന്നെ കുറെ ഇടവഴികളും ആണ് പ്രധാന ഹംപി മാർക്കറ്റ്. മൊത്തമായും വിദേശീയരെ ലക്ഷ്യം വച്ചുള്ള വിപണികളും. വെള്ളി ലോക്കറ്റുകളും മറ്റും നാലിരട്ടിയിൽ കൂടുതൽ വിലകൂട്ടി ഇട്ടിരിക്കുന്നു. 

ആൻടിക്കുകളുടെ ഒരു വലിയ ശേഖരം കണ്ടു, പ്രധാനമായും ഹം പി പരിസരത്ത് നിന്ന് കിട്ടിയവ, പഴയ തകിടും മറ്റും കൊണ്ടൂള്ള മണികളും ചെപ്പുകളും ഒക്കെ. ഒക്കേത്തിനും തൊട്ടാൽ പൊള്ളുന്ന വിലയും.

വിശപ്പ് കാളിയപ്പോൾ തുറന്നിരുന്ന ഏതോ കടയിൽ പോയി ചപ്പാത്തിയും ദാലും കഴിച്ച് വീണ്ടും വണ്ടിക്കരികിൽ എത്തി, ഒരു വലിയ ആൾകൂട്ടം തന്നെ വണ്ടിക്ക് ചുറ്റിലും ഉണ്ട്, അവിടെ വന്നതും കിടക്കുന്നതുമായ ഓട്ടോയുടെയും ടാക്സികളുടെയും ഡ്രൈവർമാരും ലോക്കൽ വർക്ക്ഷോപ്പ്മാനും ഉൾപ്പെടെ ഒരു കൂട്ടം. എന്നും പത്രത്തിന്റെ മുൻ താളുകളിൽ കാണുന്ന കഥകൾ കൊണ്ടാണൊ മനസ്സിൽ ഇത്തിരി പേടി തോന്നി തുടങ്ങി.

പരിസരം വീക്ഷിച്ച് നിന്നപ്പോഴാണ് കിടക്കപായും തലയിണയും ടിപ്പിക്കൽ തമിഴ് തൂക്ക് പാത്രവുമായി ഓട്ടോയിലും ടാക്സികളിലും വന്നിറങ്ങുന്ന കുട്ടികളും പ്രായമുള്ള സ്ത്രീകളും ഒക്കെ അടങ്ങുന്ന കുടുംബങ്ങളെ കണ്ടത്. അവരൊക്കെ വിരൂപാക്ഷ ക്ഷേത്രത്തിനകത്തേയ്ക്കായിരുന്നു പൊയ്കൊണ്ടിരുന്നത്. കാർത്തിക്കിനൊട് എന്തെങ്കിലും പ്രതീക്ഷ തോന്നുകയാണെങ്കിൽ വിളിക്കാൻ പറഞ്ഞ് ഞങ്ങളും ക്ഷേത്രത്തിനുള്ളിലേയ്ക്ക് നടന്നു.

നിശബ്ദമായ ഗോപുരവാതിലിന്റെ അപ്പുറത്ത് കണ്ടത് മറ്റൊരു ലോകമാണ്. കിടക്കപായകൾ വിരിച്ച് തലയിണ വച്ച് ആൺപെൺ വ്യത്യാസമില്ലാതെ ഉറങ്ങാൻ ആളുകൾ കിടക്കുന്ന ഒരു വലിയ നടുമുറ്റം. ചെരുപ്പൂരി വച്ച് അകത്ത് കടന്നപ്പോൾ അകത്തെ നടുത്തളത്തിൽ ഭസ്മം വാരിപൂശി തലയിൽ തുമ്പികൈവച്ച് അനുഗ്രഹിക്കുന്ന ഒരു ആന. അറിയാത്ത ഭാഷയാണെങ്കിലും ദേവസ്തുതികളാണെന്ന് മനസ്സിലാക്കാൻ പറ്റുന്ന താളമുള്ള ഈരടികൾ.. സന്ധ്യാ വന്ദന പൂജ നടക്കുകയായിരുന്നു ക്ഷേത്രത്തിനുള്ളിൽ, ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള കല്യാണമണ്ഡപത്തിന്റെ മനോഹാരിതയും, ദേവീ പ്രതിഷ്ഠകളായ ഗംഗയേയും ഭുവനേശ്വരിയേയും ഇരുട്ടിൽ മൂടി കിടക്കുന്ന ക്ഷേത്രക്കുളവും കണ്ട് തിരിച്ചെത്തിയപ്പോൾ മഹാശിവരാത്രി പ്രസാദമായ കേസരി കിട്ടി.ആ മധുരം തരാൻ തന്നെയാവും പിടിച്ച് നിർത്തിയത്.

നടുത്തളത്തിലെ മനുഷ്യരുടെ ഇടയിൽ പോയിരുന്നു. കിടന്നാൽ ഉറങ്ങി പോവുമെന്ന് തോന്നി. ബാംഗളൂരിലെ പൊടി നിറഞ്ഞ ആകാശത്ത് കാണാൻ കഴിയാത്ത കോടാനുകോടി നക്ഷത്രങ്ങളുടെ മേലാപ്പ് മുകളിൽ, ചില സമയത്ത് കണ്ണ് തുറന്ന് സ്വപ്നം കാണുന്നത് പോലെ തോന്നില്ലേ, അത് അത്തരം ഒരു നിമിഷമായിരുന്നു.

ചെണ്ടയുടേയും കുഴലിന്റെയും ചെങ്ങിലയുടേയും ശബ്ദം കേട്ടു, സന്ധ്യാ വന്ദനം കഴിഞ്ഞ് ദേവനെ ഉറക്കുന്ന ചടങ്ങാണ് പോലും. കൗമാരകാലം തൊട്ടുള്ള പുരുഷ പ്രതീകങ്ങളിൽ പണ്ട് തൊട്ടേ ഇഷ്ടപെട്ട് തുടങ്ങിയതാണ് ശിവനെ. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശ്മശാനവാസി. ഉറക്കുന്നത് ഇത് വരെ കണ്ടിട്ടില്ല. അങ്ങനെ മേളക്കാരുടെ കൂടെ കൂടി. സുഗന്ധദൂപവും വട്ടിയും വാദ്യവുമായി മൂന്ന് ചുറ്റ് അവരുടെ പിന്നാലെ നടന്നെത്തിയപ്പോൾ ആകെ മൊത്തം ഒരു മായിക ലോകത്തെത്തിയ ഫീൽ.

ഏഴാം നൂറ്റാണ്ടിന് മുൻപെന്നോ പണികഴിപ്പിച്ച ഇതിന്റെ മൂലക്ഷേത്രം സർവ്വ പ്രതാപത്തിലെത്തിയത് വിജയനഗരത്തിന്റെ തിലകകുറിയായപ്പോഴാണ്. തലമുറകൾ നടത്തിയ കൂട്ടിച്ചേർക്കലുകളിൽ ക്ഷേത്രത്തിന് ചുറ്റും ഉപക്ഷേത്രങ്ങളുടെയും, ക്ഷേത്രഭരണ സമിതി ഓഫീസുകളുടെയും വലിയൊരു അടുക്കളയുടേയും വൻ സമുച്ചയം ഉണ്ടാക്കിയിരിക്കുന്നു.

ശ്രീകോവിലിന് മുന്നിൽ തന്നെയുള്ള രംഗ മണ്ഡപം ആണ് മനോഹരമായ കല്യാണമണ്ഡപം. പുരാണത്തിലെ എല്ലാ പ്രധാന കല്യാണരംഗങ്ങളും അവിടെ കൊത്തി വച്ചിട്ടുണ്ട്. കൃഷ്ണദേവരായുടെ ഭരണകാലത്ത് നിർമ്മിച്ച ഈ കല്യാണമണ്ഡപത്തിന്റെ പ്രൗഡിയാണ് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ പ്രധാനകാരണമായിരുന്നത്.

കാർത്തിക്കിന്റെ ഫോൺ ഇടയ്ക്കെത്തി. ജമ്പ് സ്റ്റാർട്ട് ചെയ്യാൻ വലിയ ജബ് വയറുകളും ബാറ്ററിയും എടുക്കാൻ വർക്കോഷിലേയ്ക്ക് പോവട്ടെ എന്ന ചോദ്യവുമായി. ശരിയെന്ന് പറഞ്ഞതും ഒരു ബൈക്കുമെടുത്തു പോയി രണ്ട് ആൾക്കാർ. അവരെത്തിച്ച സാധനങ്ങളുടെ സഹായത്താൽ അവസാനം വണ്ടി സ്റ്റാർട്ടായി, പക്ഷേ അടുത്ത പ്രശ്നം - വണ്ടിക്ക് ഇടത്തോട്ട് ഒരു വലിവ്. റീസെറ്റായ പോയ സെറ്റിങ്ങുകൾ പറ്റിച്ച പണി, കുറെ നേരം ഓടിച്ചാൽ ബാറ്ററി ചാർജ്ജ് ആവുമെന്നും സ്റ്റിയറിങ്ങ് തനിയെ അയയുമെന്നും വിദഗ്ദോപദേശം കേട്ട് കാർത്തിക്ക് വണ്ടിയെ എക്സർസൈസ് ചെയ്യിക്കാൻ കൊണ്ട് പോയി. ഞങ്ങൾ വിരുപാക്ഷ നടുത്തളത്തിലേയ്ക്കും.

വിരൂപാക്ഷ മൂല ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പിന്നിലെവിടെയോ ആണ്. ഇന്ന് കാണുന്ന വിശാലമായ വിരൂപാക്ഷ ക്ഷേത്രം പണിതത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. കൃഷ്ണദേവരായരുടെ കാലഘട്ടം തന്നെയാണ് പ്രശസ്തിയുടെ കൊടുമുടി കയറിയ കാലം. വിരൂപ അക്ഷികളോട് കൂടിയവൻ അല്ലെങ്കിൽ മുക്കണ്ണൻ ധ്യാനനിരതനായിരിക്കുന്ന ഭാവത്തിലാണ് ഇവിടെ. സതീ വിയോഗത്തിൽ പെട്ട ശിവനെ വിവാഹം ചെയ്യാൻ പാർവതി തപസ്സിരുന്നതും അവരുടെ കല്യാണം നടന്നതും ഇവിടാണെന്ന് ഐതീഹ്യം.

ഇരുണ്ട വെട്ടത്തിലും സെൽഫിയെടുത്ത് ഭംഗി നോക്കുന്നവർ, ഉറങ്ങുന്നതിന് മുൻപുള്ള പ്രാർത്ഥനയ്ക്ക് വട്ടം കൂട്ടുന്നവർ, മുഴുവനും മനസ്സിലാവാത്ത ഭാഷയിൽ വാതോരാതെ വർത്തമാനം പറയുന്ന ചെറിയ കൂട്ടങ്ങൾ, ഏറ്റവും വലിയ പൂജ ഉദരപൂജയാണെന്ന് സത്യം മനസ്സിലാക്കിയ കുഞ്ഞുങ്ങൾ, ജീവിത നാടകം ഒരു വലിയ തിരശ്ശീലയിൽ എന്ന പോലെ കണ്ട് കൊണ്ടീരിക്കുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു എന്ന കാര്യം ഓർത്തില്ല.

ഏറ്റവും സന്തോഷവും കൗതുകവും ആയി തോന്നിയ കാര്യം, ആറ് മണിക്ക് ശേഷം പുറത്തിറങ്ങണ്ട എന്ന് പെണ്ണിനോട് പറയുന്ന ലോകത്തിൽ പെണ്ണായി പിറന്നതേ ശാപമെന്ന് തോന്നിക്കും വിധം വൈകൃതങ്ങൾ ആഘോഷിക്കപ്പെടുന്ന ലോകത്തിൽ ഏതോ ഒരു ഗ്രാമത്തിന്റെ കോണിൽ ഒരു കൂട്ടം മനുഷ്യർ, ആദ്യാവസാനം പുരുഷന്മാർ ഒരു പ്രശ്നപരിഹാരത്തിനായി കൈകോർത്തപ്പോൾ ആണും പെണ്ണും എന്ന വേർതിരിവ് ഒരു നിമിഷത്തിൽ പോലും തോന്നിയില്ല, മനുഷ്യർ മനുഷ്യരോട് സംസാരിക്കുന്നത് പോലെ, ആളറിയാത്ത ആ ആൾകൂട്ടത്തിലും അനുഭവിച്ച ആ സമത്വം, അക്രമങ്ങളേയും അനാചാരങ്ങളേയും മാത്രം വിളംബരം ചെയ്യാൻ ഔത്സുക്യം കാണിക്കുന്ന  ലോകത്തിനോട് ഒരു വെല്ലുവിളിയാണെന്ന് തോന്നി. ഒരു പക്ഷേ തോളോട് തോൾ ചേർന്ന് നിന്ന് യുദ്ധം ചെയ്യാൻ നമുക്കൊരു കാരണം കിട്ടുന്ന അന്ന്, ഈ ഉപരിപ്ളവങ്ങളായ പ്രശ്നങ്ങൾ അവസാനിക്കുമായിരിക്കും എന്നൊരു പ്രതീക്ഷിക്കാം.

 

വണ്ടി അത്യാവശ്യം വഴങ്ങിയെന്ന് കാർത്തിക്കിന്റെ ഫോൺ വന്നപ്പോൾ ഞങ്ങൾ അവിടുന്ന് എഴുന്നേറ്റു, ഇരുട്ട് മൂടി വഴികളിലൂടെ തിരിച്ച് ഹോസ്പേട്ടെത്തിയപ്പോൾ രാത്രിക്ക് പ്രായം ഒരു പാട് ആയിരുന്നു.

പിറ്റേന്ന് സൂര്യോദയത്തിന് മുൻപ് 575 പടി കയറില്ലെന്ന ഉറപ്പുമായി കിടന്നതറിഞ്ഞില്ല, ഉറങ്ങി പോയി.. നാളെ കിഷ്കിന്ദാപുരി കാണാൻ...

(തുടരും).

2 comments:

  1. നന്നായിട്ടുണ്ട്‌..ശരിക്കും ആസ്വദിച്ചു..
    ആശംസകൾ

    ReplyDelete
  2. അഭിപ്രായം അറിയിച്ചതിന്‌ നന്ദി

    ReplyDelete