ഹംപിയിൽ
എന്താ ഉള്ളത്.. ? കല്ലുകൾ..
പിന്നെ ?
കുറെ ഉരുളൻ കല്ലുകൾ..
പിന്നെയോ...?
ആ കല്ലുകളൊക്കെ പൊട്ടിച്ചുകൂട്ടിയിട്ടിരിക്കുന്ന കുറെയേറെ കല്ലുകൾ..
കേട്ടുപഴകിയ
ഉത്തരത്തിനപ്പുറം ഹംപിയിൽ എന്തോ ഉണ്ടെന്നൊരു ഉൾവിളി ഒരു യാത്രയാവാൻ ഏഴ്
വർഷമെടുത്തു, ഓരോ കല്ലും പെറുക്കിയെടുത്ത് ചരിത്രം തിരയുന്നവരുടെ കൂടെ പോവാൻ
കാത്തിരുന്ന പോലെ സ്ത്രീകൾ മാത്രം ചേർന്ന് ഒരു യാത്ര, ഹംപിയിലേയ്ക്ക്.
അങ്ങനെ ഒരു മഹാശിവരാത്രി
ഇരുണ്ട് തുടങ്ങിയപ്പോൾ സുഹൃത്തിന്റെ വണ്ടിയിൽ ബാംഗളൂരിൽ നിന്ന് ഹംപി യാത്ര
പുറപ്പെട്ടു. ഹംപിയിൽ
എന്തൊക്കെ കാണണം എന്ന് ചോദിച്ച ടാക്സി ഡ്രൈവറോട് ഹംപി എന്നാൽ എന്താണോ അതൊക്കെ
കാണണം എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സറിഞ്ഞ സമദ് എന്ന ആ ഹംപിക്കാരൻ അത് കൊണ്ട്
തന്നെ ചരിത്രത്തിന്റെ തിരയാൻ പറ്റുന്ന കരിയിലകളൊക്കെ ചികഞ്ഞ് നടക്കാൻ പറ്റിയ
സാരഥിയായി. യാത്രയുടെ ആദ്യ പാദം ഹംപി നഗരാവശിഷ്ടങ്ങളും രണ്ടാം പാദം തുംഗബദ്രയുടെ
മറുവശവും കാണാനായിരുന്നു പദ്ധതി.
ഹംപിയിൽ
ഹോട്ടലുകളും ഹോംസ്റ്റേകളും ഒരു പാടുണ്ടെങ്കിലും ടൂറിസം പ്രധാന വരുമാനമാർഗമായത്
കൊണ്ട് പലതും സാധാരണയിലും വളരെയധികം വില കൂടുതലാണ്. ഒരു പതിമൂന്ന് കിലോമീറ്റർ മാറി
ഹോസ്പേറ്റിൽ ന്യായമായ നിരക്കിൽ താമസ സൗകര്യങ്ങൾ ഉണ്ട്.
വടക്കൻ
കർണ്ണാടകത്തിന്റെ മുഖമുദ്ര തന്നെ വരണ്ട നിലങ്ങളാണ്. ഹോസ്പേറ്റിൽ നിന്ന് ഹംപിയിലേയ്ക്കുള്ള യാത്രയിൽ ആദ്യ കണി കാറ്റിൽ കുഞ്ഞോളങ്ങളും നൊറിയിട്ട് നിന്ന
സുന്ദരിയായ കമലാപുര തടാകമായിരുന്നു.. വരണ്ട കാഴ്ചകൾക്കിപ്പുറത്ത് നനവിന്റെ ഒരു
കുളിര്..
ചിലയാളുകൾ
എത്ര ലളിതമായാണ് ലോക സത്യങ്ങൾ പറയുക എന്നോർത്താൽ അത്ഭുതം തോന്നും, ഹംപി കാഴ്ചയുടെ
ആദ്യ ചുവട് വിരൂപാക്ഷി ക്ഷേത്രം ആയിരിക്കില്ലേ എന്ന ചോദ്യത്തിന് എല്ലാവരും അവിടെ
നിന്ന് തുടങ്ങും ആ തിരക്ക് ഒഴിവാക്കാൻ നമുക്ക് മറുവശത്ത് നിന്ന് പിന്നിലേയ്ക്ക്
വരാം എന്ന് ഡ്രൈവർ പറഞ്ഞതിന്റെ കാരണം മനസ്സിലായത് ആൾക്കൂട്ടങ്ങളുടെ ബഹളങ്ങളില്ലാതെ ഓരോ
സ്ഥലങ്ങളും കാണാൻ പറ്റിയപ്പോഴാണ്.
ഹംപിയിലേയ്ക്കെത്തുമ്പോൾ തന്നെ നമ്മേ ആകർഷിക്കുക നല്ല ലക്ഷണമൊത്ത ഉരുളൻ കല്ലുകളാണ്,
പല രൂപത്തിലും വലുപ്പത്തിലും മിനുസമുള്ള ഇളം മണൽ നിറമുള്ള കല്ലുകൾ ആ 30
കിലോമീറ്ററിന്റെ അപ്പുറത്തോ ഇപ്പുറത്തോ അവയെ കാണാനും കിട്ടില്ല.. ലക്ഷകണക്കിന്
വർഷം മുൻപ് ഇവിടം അഗ്നിപർവ്വത മേഖലയായിരുന്നെന്നും ഭൂമധ്യത്തിൽ നിന്ന് ഉയർന്ന്
പൊങ്ങി ഉറഞ്ഞ ലാവയാണ് ഈ ബൗൾഡറുകൾ എന്നും ആണ് ഭൗമശാസ്ത്ര പരമായ നിഗമനം.
എന്നിരുന്നാലും ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവയെ ഒന്നിന് മുകളിൽ ഒന്നായി
അടുക്കി വച്ച പ്രകൃതിയുടെ വികൃതി അത് മനോഹരമാണ്.
രാമായണ
കഥയുമായി വളരെ ഇഴുകികിടക്കുന്നു ഹംപിയുടെ ചരിത്രം. തുംഗബദ്രയുടെ മറുവശം കിഷ്കിന്ദ
എന്നും അറിയപ്പെടുന്നു. ഹനുമാന്റെ ജന്മസ്ഥലം. ബാലി സുഗ്രീവ യുദ്ധത്തിൽ
അവരങ്ങോട്ടും ഇങ്ങോട്ടും എടുത്തെറിഞ്ഞ് കുന്നുകൂടിയ കല്ലുകളാണ് ഇവയെന്നും പുരാണം. അത് കൊണ്ട്
തന്നെ ഹംപിക്ക് ചുറ്റുമുള്ള മലനിരകൾക്ക് ആഞ്ജനേയ മല, മാതംഗ മല, ഋഷിമൂകാചല മല
അങ്ങനെ പേരുകളും ഉണ്ട്.
രണ്ടാം
നൂറ്റാണ്ട് മുതലുള്ള രേഖകളിൽ ബദാമിയിലെ ചാലൂക്യരാജവംശ ചരിത്രവുമായി ബന്ധപെട്ട്
ഇവിടെയൊരു നഗരമുണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും കണ്ടെത്തിയ തെളിവുകളുടെ
അടിസ്ഥാനത്തിൽ ഹംപിയുടെ ചരിത്രം പതിമൂന്നാം നൂറ്റാണ്ട് മുതൽ 17-ആം നൂറ്റാണ്ട് വരെ
പരന്ന് കിടക്കുന്നു. 13-ആം നൂറ്റാണ്ടിലെ സംഗമ രാജവംശത്തിലെ ഹക്ക-ബുക്ക സഹോദരങ്ങളുടെ
ഭരണത്തിൽ രൂപപെട്ട ഈ നഗരം അടുത്ത നൂറ്റാണ്ടിൽ സലുവ രാജവംശത്തിന്റെ കൈവശവും പിന്നെ
തുളുവ, ആരവീട് രാജവംശങ്ങളും കയ്യടക്കി. തുളുവ രാജവംശത്തിലെ കൃഷ്ണദേവരായരുടെ
കാലത്താണ് ഹംപിയുടെ പ്രശസ്തി വാനോളമുയർന്നതും ഇന്ന് നാം കാണുന്നത് പോലെ ചരിത്രത്തിൽ
ഇടം പിടിച്ചതും. അതുവരെ തമ്മിലടിച്ച് കഴിഞ്ഞിരുന്നു ജൈന-ഹിന്ദു-മുസ്ളീം
സമുദായങ്ങളെ ഒന്നിച്ച് കൊണ്ട് വരാൻ കഴിഞ്ഞതും ചാലൂക്യരോടും മധുരയിലെ
പാണ്ഡ്യന്മാരോടും സഖ്യത്തിലേർപ്പെട്ട് അത് വരെ ഇഷ്ടം പോലെ പടനയിച്ച് കവർന്ന്
കടന്ന് കളഞ്ഞിരുന്ന ഡെക്കാനിലെ മുഗൾ രാജാക്കന്മാരെ വടക്കേയറ്റം വരെ തുരത്തിയടിച്ചതും
ഒക്കെ വിജയദേവരായരുടെ വിജയ ചരിത്രമാണ്.
ഹംപി
നഗരാവശിഷ്ടങ്ങൾ ഏകദേശം മുപ്പത് കിലോമീറ്റർ ചുറ്റളവിൽ തുംഗനദ്രയുടെ ഇരുകരയുമായി
പരന്ന് കിടക്കുന്നു. ആക്കിയോളജിക്കൽ സർവ്വേ ഇപ്പോഴും നടക്കുന്നുണ്ട് പോലും.
ഞങ്ങളുടെ ഹംപി പര്യടനം തുടങ്ങിയത് സരസ്വതി ക്ഷേത്രത്തിൽ നിന്നാണ്.. ഹംപി നഗരത്തിനുള്ളിൽ ഒരു
പാട് ക്ഷേത്രങ്ങൾ ഉണ്ട്.. കൃഷ്ണദേവരായരുടെ കാൽശേഷം പൊട്ടിപുറപ്പെട്ട വിഷ്ണു-ശൈവ
കലഹത്തെ മുതലെടുത്ത് ഡെക്കാൻ മുഗൾ രാജാക്കന്മാർ ഹംപി ആക്രമിക്കുകയും ആറു
മാസകാലത്തോളം നടത്തിയ കൊള്ളയിലും കൂട്ടകൊലയിലും തിരിച്ചു പിടിക്കാനാവാത്ത വിധം ഒരു
സംസ്കാരം തന്നെ തകർന്നടിഞ്ഞ് പോവുകയും ആയിരുന്നു പോലും. അന്ന് നശിപ്പിച്ച അവസ്ഥയിൽ
തന്നെയാണ് പല ക്ഷേത്രങ്ങളും ഇന്നും. സൂക്ഷ്മമായ കൊത്തുപണികളുടെ, കല്ലിനെ മെഴുകെന്ന
പോലെ മെരുക്കി കൊത്തിയെടുത്ത ശില്പങ്ങളുടെ ഭംഗി ഓരോ ചുവരിലും ആവോളമുണ്ട്..
നാശോന്മുഖങ്ങളായ
മേലാപ്പുകളെ താങ്ങി നിർത്താൻ പണിത നവീന പണികെട്ടുകൾ പലതും ഏച്ചുകെട്ടിൽ മുഴച്ച്
നില്ല്ക്കുന്നത് പോലെ അഭംഗിയായി തോന്നി. ഇത്ര ബ്രഹുത്തായ ചരിത്രവും കൗതുകവും
ഉറങ്ങുന്ന മണ്ണിൽ ദിവസവും എത്തുന്നത് ലക്ഷകണക്കിന് സ്വദേശികളും വിദേശികളുമായ
ടൂറിസ്റ്റുകളാണ്. എങ്കിലും നേരാംവണ്ണം ഉപയോഗപ്പെടുന്ന വഴികാട്ടികളോ യാത്ര ഉപാദികളോ
ഇല്ലെന്നത് ഇന്ത്യൻ ടൂറിസത്തിന്റെ മുഖമുദ്ര പോലെ തെളിഞ്ഞ് നിൽക്കുന്നു.
ശ്രീകോവിലുകൾ നിർമ്മിക്കുന്നത് മൂലസ്ഥാനം നോക്കിയും പലപ്പോഴും ചിന്താവിദ്യുത്
തരംഗങ്ങളുടെ രേഖാ സംഗമങ്ങൾ നടക്കുന്ന പോയിന്റുകളിൽ ആണെന്നൊക്കെ വായിച്ച ഓർമ്മയിൽ
കുറച്ച് നേരം അതിനുള്ളിൽ ഇരുന്ന് നോക്കി.. ഉണ്ണികണ്ണന്റെ വായിൽ പ്രപഞ്ചം കണ്ട
യശോദയെ പോലെ എനിക്കും എന്തെങ്കിലും കാണാൻ ആവുന്നുണ്ടൊ എന്ന്.. ഉയർന്ന
ഗോപുരത്തിനുള്ളിലൂടെ നൂണ്ട് കയറിയ കാറ്റിന്റെ കുളിരും നേർത്ത സീൽക്കാരവും
അല്ലാണ്ട് മറ്റൊരു വെളിപാടും ഉണ്ടായില്ല.
പിന്നെ പോയത്
ചന്ദ്രശേഖര ക്ഷെത്രത്തിലേയ്ക്കാണ് നാല് ഗോപുരങ്ങളിൽ ഒരെണ്ണം അടർന്ന്
വീണിരിക്കുന്നു, ചാന്ത് അടർന്ന് പോവാത്ത ഭിത്തികളിലെ ശില്പ വേലകൾ സൂക്ഷ്മതയുടെ
പര്യായങ്ങളാണ്. വംഗനാട്ടിലെ വച്ച് ദ്രാവിഡ രീതിയിൽ ശിപങ്ങളുടെ ശരീരപുഷ്ടിയും
അളവുകളും മുഖസൗന്ദര്യവും ഒക്കെ വേറെ തന്നെ.
പുറമെയുള്ള
ഒരു കല്ലിൽ ഒരേ അകലത്തിൽ കൊത്തിയ കുറെ കുഴികൾ കണ്ടു, കൈപിടിച്ചിറങ്ങാനുള്ള
സഹായിയാണോ അതോ എണ്ണ നിറച്ച് വിളക്ക് കത്തിച്ച കൽ വിളക്കാണോ എന്ന ചോദ്യം
മനസ്സിലാവാത്ത പോലെ ഗൈഡ് അടുത്തയിടത്തേയ്ക്ക് പോയി. അത് ചോദിക്കാനുള്ള കന്നട
എനിക്കറിയാഞ്ഞത് കൊണ്ട് ഞാനും ആ ശ്രമം ഉപേക്ഷിച്ചു.
അടുത്തതായി
പോയത് അഷ്ടമുഖ കുളിക്കടവിലേയ്ക്കാണ്..ഒരു കുളിക്കടവിനേക്കാളുപരി
അടുത്തത്തിരിക്കുന്ന ക്ഷേത്രത്തിലേയ്ക്ക് പോവുന്ന നഗരവാസികൾക്ക് കൈകാൽ കഴുവാനുള്ള
സംവിധാനമായാണ് എനിക്ക് തോന്നിയത്, നമ്മുടെ നാട്ടിൽ ഇന്നും ആ രീതി പതിവുണ്ടല്ലോ..
സ്കോട്ടിഷ്
കേണൽ കോളിൻ മെകെൻസി (Colin Mackenzie) യാണ് 1800 –കളിൽ ഹംപിയുടെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയുടെ
ആദ്യ സർവെയർ ജെനറൽ ആയിരുന്നു അദ്ദേഹം.
ഹംപി നഗരാവശിഷ്ടങ്ങളിൽ നിന്ന് അല്പം മാറിയാണ് പട്ടാബിരാമ
ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, പ്രതിഷ്ഠകളൊന്നും ഇല്ലെങ്കിലും മറ്റ്
ക്ഷേത്രങ്ങളേക്കാൾ അല്പം മെച്ചപെട്ട നിലയിലാണ് ഇതിന്റെ ഗോപുരങ്ങളും തൂണുകളും,
രാമായണത്തിന്റെ കല്ലാവിഷ്കാരങ്ങളും രാമാവതാരങ്ങളും ഇവിടെ കൊത്തി വച്ചിട്ടുണ്ട്.
പ്രധാന ക്ഷേത്രത്തിനോട് ചേർന്ന് ദേവീ ക്ഷേത്രവും കല്യാണ മണ്ഡപവും ഒക്കെ ചേർന്ന്
ഒരു നല്ല ഏരിയയുണ്ട് ഈ ക്ഷേത്രത്തിന്. നാനൂറ് വർഷങ്ങളിൽ നാലോളം രാജവംശങ്ങളുടെ
തലസ്ഥാനമായിരുന്നതിന്നാൽ ഓരോ വംശത്തിന്റെയും സ്വാധീനവും സംഭവനയും വെർതിരിച്ചെടുക്കുക
വളരെ ശ്രമകരമാണ്. അക്കാലങ്ങളിൽ രാജാവ് ക്ഷേത്രം പണിത് കൊടുത്തിരുന്നത് അതത്
സമുദായങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു പോലും.
ഈ ക്ഷേത്രത്തിൽ നിന്ന് അല്പം മാറിയാണ് കോട്ടവാതിൽ
അല്ലെങ്കിൽ ഡൊംഡ് ഗേറ്റ് വേ.. ഒരു ക്ഷേത്രകുളത്തിനേക്കാൾ ചെറിയ ഒരു കുളവും ഹനുമാൻ
പ്രതിഷ്ഠയുള്ള ഒരു നവീന ക്ഷേത്രവും കണ്ട് ഞങ്ങളവിടെ നിന്ന് പെട്ടന്ന് തന്നെ
പുറത്ത് കടന്നു. കണ്ടിടത്തോളം ഇനിയും മണ്ണീൽ പുതഞ്ഞ് കിടക്കുന്ന എന്തിന്റെയോ
വാലറ്റമാണ് ഈ കോട്ടവാതിൽ എന്നെനിക്ക് തോന്നി.. തോന്നലാവും...
ഇതിനടുത്ത് തന്നെയുള്ള മറ്റൊരു പൗരാണിക പ്രാധാന്യമുള്ള
അവശിഷ്ടമാണ് ഭീമന്റെ കവാടം, ഇവിടെ പഞ്ചപാണ്ടവരിൽ രണ്ടാമനായ ഭീമന്റെ കഥാസന്ദർഭങ്ങൾ
പകർത്തിയ ശില്പങ്ങൾ കാണാം, ഹംപിയിലുടനീളം ചരിത്രവും പുരാണവും എത്ര ഇഴയിടചേർന്ന്
കിടക്കുന്നു എന്ന് പറയാനാവുന്നില്ല.
ഇപ്പോഴും ഖനനം നടക്കുന്ന സൈറ്റുകൾ എന്റെ
തോന്നൽ ശരി വച്ചു, ഒരു പക്ഷേ ഇനിയൊരിക്കൽ ഹംപി കാണാൻ വരുന്നവർ ഞാൻ കണ്ടതിലും കൂടുതൽ
ചരിത്രത്തെ കാണുമായിരിക്കും. ചരിത്രം എപ്പോഴും അങ്ങനെയാണല്ലോ.
അവിടെ നിന്ന് വിണ്ടും ഞങ്ങൾ തിരിച്ച് പ്രധാന നഗരാവശിഷ്ടങ്ങളിലെത്തിയപ്പോഴേയ്ക്കും
വെയിൽ ചൂട് വല്ലാതെ കൂടിയിരുന്നു.. ഉപ്പും സോഡയും ചേർത്ത സർബത്ത് കുടിച്ച്
കഴിഞ്ഞപ്പോഴാണ് അയാളുടെ വണ്ടിയിൽ നിരന്നിരുന്ന ഗോലി സോഡ കുപ്പികൾ കണ്ടത്..
ഓർമ്മയിലെ “വട്ട് സോഡ..“ നൊസ്റ്റാൾജിയയുടെ വേലിയേറ്റം ഒന്നടങ്ങാൻ അതിലൊരെണ്ണം വാങ്ങി
“ടപ്പ്“ എന്ന് വിരൽ കൊണ്ട് അടിച്ച് തുറന്ന് കുടിച്ചു, പിന്നെ ഞങ്ങൾ “രാജ മൈതാനി“
ലക്ഷ്യമാക്കി നടന്നു.
(തുടരും)
എത്ര നല്ല വിവരണം.നന്നായി ഇഷ്ടപ്പെട്ടു.(കമന്റ് ബോക്സുകളിൽ എഴുത്തുകാരിയെ കാണാറില്ലാത്തതിനാൽ ബ്ലോഗ് കാണാൻ വൈകി.)
ReplyDeleteThanks :)
ReplyDelete