Thursday, April 13, 2017

നിലകടല ഗണപതിയും കടുക്മണി ഗണപതിയും - കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (3)



മാംഗോ ട്രീ അന്വേഷിച്ചെത്തിയത് ഹംപി മാർക്കറ്റിനകത്താണ്. ചാണകം മെഴുകിയ ഇടുങ്ങിയ റോഡിലൂടെ നടന്നെത്തിയത് ചൂരൽ കൊണ്ടുണ്ടാക്കിയ കവാടവും സാരികൾ കൊണ്ട് ഭിത്തികളും ഉണ്ടാക്കിയ ഒരു ടിപ്പിക്കൽ ഹിപ്പി കൂടാരത്തിലാണ്. കെട്ടും മട്ടും ഉള്ളിലിരിക്കുന്ന വിദേശികളേയും കണ്ടപ്പോൾ പോക്കറ്റ് കാലിയാവുമോ എന്നൊരു പേടി ആദ്യം തോന്നിയെങ്കിലും ന്യായവിലയായിരുന്നു. ഹംപിയിലെ രാജ ഭോജനശാലയെ പറ്റി വിവരിച്ചിരുന്നത് പോലെ ബഞ്ചിനിരുവശവും കിടക്കകൾ വിരിച്ച് ഉണ്ടാക്കിയ ഇരിപ്പിടങ്ങൾ, എത്ര നേരം വേണമെങ്കിലും പതിഞ്ഞ ശബ്ദത്തിൽ കേൾക്കുന്ന സംഗീതവും ആസ്വദിച്ച് ഇതിനുള്ളിൽ ഇരിക്കാം. ഫ്രീ മൊബൈൽ ചാർജ്ജിങ്ങ് പോയിന്റുകളും. മാംഗോ ട്രീ പ്രസിദ്ധമായ സംഭാരവും, പായസവും അടങ്ങുന്ന സ്പെഷ്യൽ താലിയും കഴിച്ച് ഉച്ചയൂണ് ആഘോഷിച്ചു.

ഫുൾചാർജ്ജ് ചെയ്ത മനസ്സും വയറും മൊബൈലുമായി വീണ്ടും ഹംപിയിലേയ്ക്ക്...

ഞങ്ങളുടെ ബുദ്ധിമാനായ ഗൈഡ് ഇത്തവണ യാത്ര വിരൂപാക്ഷി ക്ഷേത്രത്തിൽ നിന്ന് പിന്നിലേയ്ക്കാവാമെന്ന് പറഞ്ഞു, പാതി ദിനം കഴിഞ്ഞതിനാൽ തുടക്കയിടങ്ങളിൽ ആൾതിരക്ക് കുറവായിരിക്കും എന്ന അനുഭവജ്ഞാനം ആയിരുന്നു അത്.

ആദ്യ സന്ദർശനം കടലൈക്കാലു ഗണേശനെ ആയിരുന്നു. ഹേമകൂട കുന്നിന്റെ കിഴക്കേ ചരുവിൽ ഹംപിയുടെ തുടക്കത്തിൽ തന്നെ ഉള്ള ക്ഷേത്രമാണിത്. അതിന് മുന്നിൽ കാണുന്ന തൂണുകളുള്ള കവാടം ഹംപി പൗരാണിക നഗരത്തിന്റെ പ്രവേശന കവാടമായിരുന്നുവത്രെ.. 

രണ്ടരയാൾ പൊക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ഗണപതിയാണ് കടലൈക്കാലു ഗണേശ, കടലൈക്കാലു എന്ന് പറഞ്ഞാൽ നിലക്കടല.എല്ലാം തികഞ്ഞ ഗണേശന്റെ വയർ അറുത്ത് മാറ്റിയ പോലെ ഉടഞ്ഞ് പോയിരിക്കുന്നു. മുഗളന്മാരുടെ ആക്രമണത്തിൽ നശിപ്പിച്ചതാണ് പോലും, അത്ര പരിപൂർണ്ണമായ ഒരു സൃഷ്ടിയെ നശിപ്പിക്കാൻ തോന്നിയ ആ മനുഷ്യനായിരുന്നിരിക്കണം അന്നത്തെ താരം. 

ഹേമകൂട കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ ഹംപി പഴയ മാർക്കറ്റിന്റെ ഇരുനില അവശിഷ്ടങ്ങൾ കാണാം. താഴത്തെ നിലയിൽ കച്ചവടവും മുകളിൽ താമസവും എന്ന നിലയിലായിരുന്നു മാർക്കറ്റ് പോലും, ഇവിടെ നിന്ന് നോക്കുമ്പോൾ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം എറ്റവും പ്രൗഡിയോടെ കാണാൻ പറ്റും. മധുര മീനാക്ഷീ ക്ഷേത്രത്തിന്റെ , പാണ്ഡ്യ ശില്പ കലയുടെ പ്രതിരൂപമാണ് വിരൂപാക്ഷ ഗോപുരം. ഹേമകൂട കുന്നിന്റെ ചരുവുകളിൽ ഒരു പാട് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. 

ഇവിടെ നിന്ന് നോക്കിയാൽ ഹംപിയെ ചുറ്റി നിൽക്കുന്ന മാതംഗ മലയും ഋഷ്യമൂകാചലവും ഒക്കെ കാണാനാവും.. ഉരുളൻ കല്ലുകൾ കൊണ്ട് പ്രകൃതി ഈ നഗരത്തിന് കെട്ടി കൊടുത്ത കോട്ട പോലെ.

അവിടെ നിന്ന് ഞങ്ങൾ പുറപ്പെട്ടത്ത് സസിവെകാലു ഗണേശനെ കാണാൻ വേണ്ടിയാണ്, അണ്ണൻ തമ്പി സ്റ്റയിൽ ഉള്ള ആ പേരുകൾ കൗതുകമായി തോന്നി.. കടലൈകാലു എന്നാൽ നിലകടലയും സസിവെകാലു എന്നാൽ കടുകും ആണ്. ഗണേശ പ്രതിമകളുടെ ആകാരത്തിലുള്ള വലുപ്പച്ചെറുപ്പം തന്നെ ആ പേര് കിട്ടാൻ കാരണം, കടലൈകാലു ഗണേശ രാജ്യത്തെ പ്രമുഖന്മാരുടെയും സസിവൈകാലു ഗണേശ പാവങ്ങളുടെയും ദൈവമായിരുന്നു. കാലമെത്ര മാറിയാലും കാഴ്ചകെട്ടുകൾ മാറില്ലെന്ന് തന്നെ.

ടാർ റൊഡിന്റെ ഇരുവശത്തും വാഴ കൃഷിയാണ്. ആർക്കിയോളജിക്കൽ റിസേർച്ച് നടക്കുന്ന സൈറ്റുകൾ ഗവണ്മെന്റ് വകയാവുമല്ലോ അപ്പോഴീ കൃഷി നടത്തുന്നവരാരായിരിക്കും എന്ന ചോദ്യത്തിന് ഗൈഡ് പറഞ്ഞ കഥ, ഒരു കുടിയിറക്കലിന്റേതും തീരാത്ത സമരത്തിന്റെയും ആയിരുന്നു. ഏക്കറ് കണക്കിന് ഏറ്റെടുത്ത സ്ഥലങ്ങൾക്ക് മുപ്പത് വർഷമായി ഇനിയും കിട്ടാത്ത സ്ഥലമെടുപ്പ് വിലയും ജോലിയോ കൃഷിയോ ചെയ്യാനാവാതെ ദൈന്യമായി പോയ ജീവിതങ്ങളും, എല്ലാ പിടിച്ചടക്കലുകളിലും എന്ന പോലെ ആ കഥ വേദനിപ്പിക്കുന്നതായിരുന്നു. 

അടുത്തതായി ഞങ്ങൾ പോയത് ലക്ഷ്മി നരസിംഹ ക്ഷേത്രം കാണാനാണ്. ഒറ്റകല്ലിൽ തീർത്ത ഒരു ഭീമാകാരൻ നരസിംഹ പ്രതിമയായിരുന്നു അത്, ക്ഷേത്രം എന്ന് പറയാനായി ആകെ മതിൽ കെട്ട് മാത്രം. സ്വാമി അയ്യപ്പനെ പോലെ അർദ്ധപത്മാസനത്തിൽ ഇരിക്കുന്ന നരസിംഹ മൂർത്തി പ്രതിമ ഒരു അപൂർവ്വം കാഴ്ചയാണ്. ഈ പ്രതിമാശൈലി ജൈന മതത്തിന്റേതായിരുന്നു എന്നത് മറ്റൊരു കൗതുകം തന്നെ. ഈ പ്രതിമയേ പറ്റി പറഞ്ഞ മറ്റൊരു കഥ, യുദ്ധാനന്തര പൂർണ്ണമായും നശിപ്പിക്കപെട്ടാ ഈ പ്രതിമ പുനഃസൃഷ്ടിക്കാൻ പറഞ്ഞ് കേട്ട പഴംകഥകളല്ലാതെ യാതൊരു വിവരണങ്ങളുമുണ്ടായിരുന്നില്ല, പിന്നിട് നടന്ന തിരച്ചിലിൽ വിട്ടാല ക്ഷേത്രത്തിന്റെ ചുവരുകളിൽ ഈ പ്രതിമയുടെ രൂപം കണ്ടു പിടിക്കുകയും അതിനനുസരിച്ചു പുനഃസൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു പോലും. ലക്ഷീ സമേതനും പ്രസന്നമുഖനുമായിരുന്നു ഈ നരസിംഹ പ്രതിഷ്ഠ. പ്രതിമയുടെ കൈകാലുകൾ ഒക്കെയും നശിപ്പിക്കപെട്ട നിലയിൽ തന്നെയാണ്.

അതിനടുത്ത് തന്നെ കാണുന്ന ബടവ ലിംഗ പ്രതിമയായിരുന്നു അടുത്ത കാഴ്ച. 9 അടിയോളം ഉയരമുൾള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗത്തിന്റെ 5 അടിയോളം മാത്രമേ വെള്ളത്തിന് മുകളിൽ കാണാൻ പറ്റുന്നുള്ളൂ. ഈ വേനലിലും വറ്റാത്ത ഒരു നീരുറവയുടെ മുഖത്തിലാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. വറ്റാത്ത ഈ നീരുറവ ഗംഗയെ പ്രതിനിധീകരിക്കുന്നു. “ബടവ“ എന്നാൽ കന്നടത്തിൽ പാവപെട്ടവൻ എന്നർത്ഥം.. ഇത് പാവപെട്ടവന്റെ ശിവലിംഗമായിരുന്നു പോലും, പ്രമുഖരുടേത് വിരൂപാക്ഷ ആയിരുന്നിരിക്കും. ശിവലിംഗത്തിന്റെ മുകൾഭാഗത്ത് തൃക്കണ്ണ് കൊത്തിവച്ചിട്ടുണ്ട്.

അവിടെ നിന്ന് പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിലേയ്ക്ക് പോവുന്ന വഴിക്കാണ് ഉദ്ദാനവീരബദ്ര ക്ഷേത്രവും ചന്ദീകേശ്വര ക്ഷേത്രവും കണ്ടത്, പല ക്ഷേത്രങ്ങളിലും പുനഃനിർമ്മാണ പരിപാടികൾ നടക്കുന്നതിനാൽ പ്രവേശനം കുറെ ഭാഗങ്ങളിലേയ്ക്ക് നിയന്ത്രിച്ചിരുന്നു.

പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിനെ ഭൂഗർഭ ശിവക്ഷേത്രം എന്നും വിളിക്കുന്നുണ്ട്. പടികളിറങ്ങി ചെല്ലുന്നിടം തൊട്ട് വെള്ളം കെട്ടി കിടക്കുകയായിരുന്നതിനാൽ ഉള്ളിലെന്താണിള്ളത് എന്ന് കാണാൻ കഴിഞ്ഞില്ല, ഇടിഞ്ഞ് വീണ ചുറ്റമ്പല മതിലിനിടയിലൂടെ തറ നിരപ്പിൽ നിന്ന് താഴ്ന്ന് നിൽക്കുന്ന ചുറ്റുവഴിയും അകം ചുമരുകളും കണ്ടു. 

പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിനടുത്താണ് മഹാറാണിയുടെ കൊട്ടാരവും സ്നാനഘട്ടവും, വിഖ്യാതമായ വിരൂപാക്ഷ ക്ഷേത്രം വളരെ ദൂരെയായിരുന്നതിനാൽ എന്നും തൊഴാൻ വേണ്ടി സൗകര്യത്തിന് പണി കഴിപ്പിച്ചതാണത്രേ പ്രസന്ന വീരൂപാക്ഷ. വിളിപ്പുറത്തെത്തിയ ദൈവങ്ങളുടെ കഥകൾ.

പിന്നെ നടന്നത് മഹാറാണിയുടെ സ്നാനഘട്ടത്തിലേയ്ക്കാണ്. ക്വീൻസ് ബാത്ത് എന്ന പേരിൽ പ്രസിദ്ധമായ ഈ കുളിമുറിക്ക് ഒരു മുഗൾ ടച്ചുണ്ട്. സമചതുരത്തിലുള്ള നടുത്തളത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളും, റോസപൂവുകളും സുഗന്ധഗ്രവ്യങ്ങളും അരച്ച് ചേർക്കാനുള്ള കല്പാത്തികളും ഒക്കെ പൗരാണിക സൗന്ദര്യത്തിന്റെ ഓർമ്മ പായലുമായി നിന്നു. കുളിമുറിയായത് കൊണ്ടാവാം മേൽചുവരുകൾ മുഗളന്മാരുടെ യുദ്ധാക്രമണത്തിൽ നശിപ്പിക്കപ്പെട്ടുവെങ്കിൽ മറ്റിടങ്ങളിലെല്ലാം വന്നു പോവുന്ന നവീന കലാകാരന്മാരുടെ അസ്ത്രം തറച്ച ഹൃദയങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടിരുന്നു.

അടുത്ത ലക്ഷ്യം വിട്ടാല ക്ഷേത്രം ആയിരുന്നു. വിരൂപാക്ഷ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം. ഹംപിയിലുട നീളം പൗരാണിക ടോൾ ഗേറ്റുകൾ കാണാം, പലപ്പോഴും ക്ഷേത്രങ്ങളോടടുത്ത് തന്നെയാണ് മാർക്കറ്റുകളും, പേർഷ്യൻ അറബി നാടുകളിൽ നിന്ന് പോലും കച്ചവടക്കാരെത്തിയിരുന്ന ഈ നഗരത്തിൽ ചുങ്കചാവടികൾ സാധാരണമായിരുന്നിരിക്കണം. 

വിട്ടാല ക്ഷേത്രത്തിലേയ്ക്ക് പ്രധാന റോഡിൽ നിന്ന് അല്പ ദൂരം നടക്കണം, നടക്കാൻ ആവില്ലെങ്കിൽ ബാറ്ററി വണ്ടികൾ ഉണ്ട്, ഓടുന്ന അഞ്ചോ ആറോ വണ്ടികളിലെ ഡ്രൈവർമാർ എല്ലാവരും യൂണിഫോം അണിഞ്ഞ ഗ്രാമ്യ നിഷ്കളങ്കത തെളിഞ്ഞ് നിൽക്കുന്ന സ്ത്രീകളായിരുന്നു എന്നത് ഈ ഉൾനാട്ടിൽ കൗതുകമായി തോന്നി, എല്ലാവർക്കും തൊഴിലുറപ്പെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പോലും.
ഹംപിയിൽ പ്രധാനമായി മൂന്ന് മാർക്കറ്റുകൾ ആണുണ്ടായിരുന്നത്, വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലുള്ള ഹംപി മാർക്കറ്റ് വിലകൂടിയ ആഭരണങ്ങൾ, രത്നങ്ങൾ, പട്ട് തുടങ്ങിയ വിശിഷ്ട വസ്തുക്കളുടെ മാർക്കറ്റ് ആയിരുന്നു. അച്യുതരായ മാർക്കറ്റ് എന്നറിയപ്പെട്ടിരുന്ന മാർക്കറ്റ് ആയിരുന്നു നിത്യോപയോഗ സാധനങ്ങളുടെ മാർക്കറ്റ്.. പച്ചക്കറികൾക്കും മാംസാദികൾക്കും പ്രത്യേക തിരിവുകൾ ഉണ്ടായിരുന്നത്രെ. വിട്ടാല ക്ഷേത്രത്തിന് മുന്നിലെ മാർക്കറ്റ് ആണ് വലുപ്പത്തിൽ ഏറ്റവും മുന്നിൽ, ഇത് മൃഗ ചന്ത ആയിരുന്നു. പേർഷ്യയിലും നിന്നും മറ്റും കൊണ്ട് വന്നിരുന്ന കുതിരകളും ദക്ഷിണേന്ത്യൻ ചന്തമായ ആനകളും ഒട്ടകങ്ങളും ഒക്കെ നിരന്നിരുന്ന അന്താരാഷ്ട്ര മാർക്കറ്റ്. 

വ്യാളീ മുഖങ്ങൾക്ക് പകരം കുതിരരൂപങ്ങൾ ദ്വാരപാലകരായിരിക്കുന്ന “കുഡുരെ ഗൊംബേ മണ്ടപ“ ഈ വഴിയരുകിലാണ്.. വിട്ടാല ക്ഷേത്ര പരിസരത്ത് കുതിര രൂപങ്ങൾ കൂടുതലാണ്. പേർഷ്യൻ കുതിരകളുടെ ഇറക്കുമതി നടന്നത് കൃഷ്ണ ദേവരായരുടെ കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു, അങ്ങനെയെങ്കിൽ പുറം നാട്ടുകാരായ ആൾക്കാരെ സ്വീകരിക്കുന്ന സത്രങ്ങളോ മറ്റൊ ആയിരുന്നിരിക്കണം ഇവയൊക്കെ..
വിട്ടാല ക്ഷേത്രത്തിലെ മുഖ്യാകർഷണങ്ങൾ ഹിന്ദു പുരാണങ്ങളിലെ എല്ലാ കല്യാണങ്ങളും കല്ലിൽ കൊത്തിയ കല്യാണ മണ്ഡപവും, കൽതേരും, ഓരോ തൂണിൽ നിന്ന് ഓരോ വാദ്യത്തിന്റെ നാദം കേൾക്കുന്ന സ്വരമണ്ഡപവും ആണ്. അതി സൂക്ഷ്മമായ കല്പണിയുടെ ഉത്തമവാക്കുകളാണ് ഓരോന്നും.. 

ശ്രീകോവിലിന് ചുറ്റുമുള്ള നടവഴി ഒരാൾ താഴ്ചയിൽ ഇരുട്ട് ഗുഹ പോലെയാണ്.. അതിന്റെ സാംഗിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

സൂര്യൻ അസ്തമിക്കാറായിരുന്നു, സൂര്യാസ്തമയം കാണാൻ ഏറ്റവും മനോഹരം ഹേമകൂട മലയുടെ മുകളിൽ നിന്നാണെന്ന വാക്കോർത്ത് ഞങ്ങൾ വേഗം തിരിച്ചു, വെയിലും ദാഹവും നടത്തവും ഒക്കെ ചേർന്നുണ്ടാക്കിയ ക്ഷീണം ശരീരമറിഞ്ഞതപ്പോഴാണ്. ആകാശചരുവിൽ ഒരു ചുവന്ന ഗോളം പോലെ സൂര്യൻ മറഞ്ഞ് പോയി.

പിറ്റേന്ന് അതിരാവിലെ ആഞ്ജനേയാദ്രിയുടെ മുകളിൽ നിന്ന് സൂര്യോദയവും മടക്കയാത്രയിൽ കമലാപുര മ്യൂസിയവും വിരൂപാക്ഷ ക്ഷേത്രവും വിശാലമായി കാണാനായിരുന്നു പദ്ധതി, പടിയോളം വന്നിട്ട് പറയാതെ പോവുന്നത് ക്ഷിപ്രകോപിയായ ശിവനിഷ്ടമായില്ല പോലും, അർദ്ധരാത്രി പാടിയുറക്കുന്നത് വരെ അവിടിരുന്ന് തെളിഞ്ഞ ആകാശത്തെ നക്ഷത്ര വിന്യാസങ്ങൾ കണ്ടിരിക്കേണ്ടി വന്നു, ഒരു ആട്ടൊമാറ്റിക്ക് കാർ തന്ന എട്ടിന്റെ പണി..

(തുടരും)

2 comments:

  1. എല്ലാ വൈദേശീയാക്രമണങ്ങളേയും നേരിട്ട്‌ ഇപ്പോളും നമ്മുടെ ഭാരതസംസ്കാരം തലയുയർത്തി നിൽക്കുന്നത്‌ കാണുമ്പോൾ ഒരു ഭാരതീയനായി ജനിച്ചതിൽ അഭിമാനം തോന്നും.

    ബാക്കി വായിക്കാൻ കാത്തിരിക്കുന്നു.

    ReplyDelete