ആഞ്ജനേയാദ്രിയുടെ മുകളിൽ
നിന്ന് സൂര്യോദയം കാണാം എന്നായിരുന്നല്ലോ തലേന്ന് ഹംപി കണ്ടിറങ്ങും വരെയും
കരുതിയിരുന്നത്. പക്ഷേ പിറ്റേന്ന് കണ്ണ് തുറന്നപ്പോഴേയ്ക്കും സൂര്യൻ കിഴക്ക്
നിന്ന് പുറപ്പെട്ടിട്ട് കുറെ നേരം കഴിഞ്ഞിരുന്നു. വിശാലമായി കാണാമെന്ന്
കരുതിയിരുന്ന വിരൂപാക്ഷ തലേന്നേ കണ്ട് മനസ്സ് നിറഞ്ഞത് കൊണ്ട് ഇന്നത്തെ ദിവസം
മുഴുവൻ തുംഗഭദ്രയുടെ അങ്ങേ കര കാണാൻ ചിലവാക്കാം എന്ന് തന്നെ തീരുമാനിച്ചു.
കർണ്ണാടക സംസ്ഥാനത്തിന്റെ
കാർഷിക-വൈദ്യുതി ആവശ്യങ്ങളിൽ വളരെ പ്രധാന പങ്കാണ് തുംഗബദ്ര ഡാമിനുള്ളത്.
കാവേരിയുടെ കൈവഴിയായ തുംഗബദ്രയിലാണ് ഈ വലിയ അണക്കെട്ട്. വർഷം നീളെയുള്ള
വെള്ളമൂറ്റലും മറ്റ് നശീകരണങ്ങളും കാരണം ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് ഈ നദിയും.
ഇന്നത്തെ ഞങ്ങളുടെ യാത്ര തുംഗബദ്രയെ കടന്നായിരുന്നു. ഡാമിനടുത്തേയ്ക്കുള്ള
പ്രവേശനകവാടത്തിനുള്ളിൽ ഒരു ചെറിയ പൂന്തോട്ടവും ജലത്തിന്റെ ഓർമ്മകൾ മാത്രം പേറി
നിൽക്കുന്ന കുറെ ജലധാരകളും ഉണ്ടായിരുന്നു. മാർച്ച് മാസം തുടങ്ങിയിട്ടേയുള്ളൂ,
എന്നിട്ടും എങ്ങും വരൾച്ചയുടെ എത്തിനോട്ടം. ദൂരെ നിന്ന് കാണുന്ന വരണ്ട ഷട്ടറുകളും
നദീ തടവും ഒരു നോവാണ് മനസ്സിൽ ഉണർത്തിയത്. നാല് വരി പാത പോവുന്ന പുതിയ പാലത്തിന്
മുകളിൽ നിന്ന് നദി കാണാൻ ആവാത്തതിനാൽ ഞങ്ങൾ പറഞ്ഞ ആഗ്രഹം കേട്ട് ഗൈഡ് ഞങ്ങളെ പഴയ
പാലത്തിനരികിൽ എത്തിച്ചു. എന്നോ ഒഴുകിയ ഒരു പുഴയുടെ ഓർമ്മകളുമായി കുറെ കല്ലുകളും
വെള്ളകെട്ടുകളും.
അവിടുന്ന് പോയത് തുംഗബദ്ര ഡാം വ്യൂ പോയിന്റെലേയ്ക്കാണ്.. കടവിൽ
നിന്ന് ഒരു അരകിലോമീറ്ററോളം ദൂരെയാണ് വെള്ളം കിടക്കുന്നത്, അവിടെ വരെ ചരൽ
കല്ലുകളിൽ കൂടെ നടന്ന് പോവാം.
ഇനിയും താമസിച്ചാൽ ഉച്ചച്ചൂടിൽ
ഹനുമാൻ ക്ഷേത്രം കാണേണ്ടി വരുമെന്നുള്ള ഭയത്തിൽ ഞങ്ങൾ അവിടുന്ന് വേഗം പുറപ്പെട്ടു.
തുംഗബദ്രയുടെ ഇങ്ങേക്കര ആനേഗൊണ്ടി എന്നാണ് അറിയപ്പെടുന്നത്. ഹംപിക്ക് മുൻപ് ഇതായിരുന്നു
പോലും വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം. അത് കൊണ്ട് തന്നെ ചരിത്രപ്രധാനമായ ഒരു
പാട് സ്മാരകവശിഷ്ടങ്ങൾ ഈ ഗ്രാമത്തിലും ഉണ്ട്, ഹംപിയേക്കാൾ നാശോന്മുഖവും
തിരസ്കരിക്കപ്പെട്ടതുമായ നിലയിലാണെന്ന് മാത്രം. പുരാണത്തിൽ ഇവിടം കിഷ്കിന്ദ
ആയിരുന്നു പോലും, ഹനുമാന്റെ ജന്മസ്ഥലം. അത് കൊണ്ട് തന്നെ ഹംപിയുടെ ചുറ്റുമുള്ള കൽകുന്നുകൾക്ക്
ഹനുമാൻ ചരിത്രത്തിലെ പല പേരുകളാണ്.
തുംഗബദ്രയുടെ അങ്ങെക്കര കുറെ
കൂടി പച്ചപ്പ് ചൂടിയതാണ്. നെൽ പാടങ്ങളും കരിമ്പ് പാടങ്ങളും കൊയ്ത്ത് കഴിഞ്ഞ പാടത്ത്
കൂട്ടം കൂട്ടമായി ചെമ്മിരിയാട്ടിൻ കൂട്ടങ്ങളും. ആട്ടിൻ കൂട്ടത്തിലുണ്ടായിരുന്ന
കുതിരപ്പുറത്തെ ചുമട് എന്താണെന്ന എന്റെ ആകാംഷയുടെ ഉത്തരം ആ ആട്ടിടയൻ മറ്റൊരു
“സാന്റിയാഗോ“ (അൽക്കെമിസ്റ്റ് എന്ന നോവലിലെ) ആണെന്നായിരുന്നു. ഇയാളും അങ്ങനൊക്കെ
ചിന്തിക്കുന്നുണ്ടാവുമോ? എല്ലാവരും ഒരു പോലെ ചിന്തിച്ചാൽ ലോകമെങ്ങനെ ഇത്ര കൗതുകമുള്ളതാവും
അല്ലേ? അങ്ങനെ ഞങ്ങൾ അഞ്ജനേയാദ്രിയുടെ ചുവട്ടിലെത്തി.
ഉച്ചിയും ഉള്ളംകാലും
പൊള്ളുന്ന വെയിൽ, എന്നിട്ടും അവിടെ വരുന്ന ആളുകളുടെ എണ്ണത്തിന് ഒരു കുറവും ഇല്ല,
കുന്നിന്റെ മുകളിൽ ക്ഷേത്രം മാത്രമേ ഉള്ളൂ എന്നും, ആഹാരം എന്തെങ്കിലും കൊണ്ട്
പോവുകയാണെങ്കിൽ ബാഗ് കുരങ്ങന്മാർ കൊണ്ട് പോകാതെ സൂക്ഷിക്കണം എന്നും ഗൈഡ് മുന്നറിയിപ്പ്
തന്നിരുന്നു. അങ്ങനെ ഞങ്ങൾ 575 പടി ചവിട്ടി കയറാൻ തുടങ്ങി, കൈപടികളും കെട്ടി
തിരിച്ച പടികളും ആയത് കൊണ്ട് അത്ര ബുദ്ധിമുട്ട് തോന്നി എന്ന് പറയാൻ പറ്റില്ല,
പക്ഷേ കൊച്ച് കുട്ടികളും പ്രായാധിക്യം കൊണ്ട് അവശരായവരും ഓരോ പടിയും “റാം, റാം“
ഉരുവിട്ട് കയറുന്നത് കാണാൻ ഒരു ഊർജ്ജമുണ്ട്. പലരും ചെരുപ്പിടാതെയാണ് കയറുന്നത്.
രാമ ഭക്തനായ ഹനുമാന്റെ അമ്മയാണ് അഞ്ജന, ആ പേരിൽ നിന്നാണ് ഈ മലയ്ക്ക് ആഞനേയാദ്രി
എന്ന പേര് കിട്ടിയിരിക്കുന്നത്.
കുന്നിൻ മുകളിലെ
ക്ഷേത്രത്തിന് ഒരു സാധാരണ വടക്കേയിന്ത്യൻ ലുക്കാണ്. കല്ലിൽ കുങ്കുമ കളർ പെയിന്റിൽ
വരച്ചിരിക്കുന്ന ഹനുമാനും, മാർബിളിൽ പണിത സീതാ-രാമ-ലക്ഷ്മണ പ്രതിഷ്ഠയും അഞ്ജനാദേവിയുടെ
പ്രതിഷ്ഠയും ക്ഷേത്രത്തിനുള്ളിൽ കാണാം. സേതു ബന്ധനത്തിന് ഉപയോഗിച്ചിരുന്ന
കല്ലൊരെണ്ണം ഒരു കണ്ണാടി ചില്ലിനുള്ളിലാക്കി മുന്നിൽ തന്നെ വച്ചിട്ടുണ്ട്.
പ്യൂമൈസ് സ്റ്റോണിന്റെ കാറ്റഗ്ഗറിയിൽ ഒന്നാവും.. അതിന് മുകളിൽ അത്ഭുതപ്രഭാവത്തിൽ
മയങ്ങിയ ഭക്തന്മാർ ഇട്ട ചില്ലറകളും..
ക്ഷേത്രത്തിന് വെളിയിലിറങ്ങിയാൽ
ഹംപിയുടെയും ആനെഗൊണ്ടി ഗ്രാമത്തിന്റെയും വൈരുദ്യാത്മകമായ സൗന്ദര്യം ഒരേ സമയം കാണാൻ
പറ്റും, ഒരു വശത്ത് ഉരുളൻ കല്ലുകൾ നിറഞ്ഞ ടോപ്പോളജി മറുവശത്ത് തികഞ്ഞ സമതലം, കളം
തിരിച്ചിട്ട വയലുകളും നടുവിലരഞ്ഞാണം കെട്ടിയ പോലെ ഒരു നീല നദിയും.. അഭൂതപൂർവ്വമായ
ഒരു കാഴ്ച ആയിരുന്നു അത്..
പടിയിറക്കം താരതമ്യേന
എളുപ്പമായിരുന്നു.. ചെറുതണലുള്ള പാറയ്ക്ക് മുകളിൽ ഇരുന്ന് ഒരു ചെറുപ്പക്കാരൻ
മുന്നിൽ കാണുന്ന കാഴ്ചയെ പെൻസിൽ കൊണ്ട് പേപ്പറിൽ പകർത്തുന്നതിന്റെ വശ്യത കണ്ട്
നിന്നപ്പോൾ ഒരു പക്ഷേ ദൈവവും ഇങ്ങനെ വരച്ച് ഭംഗി നോക്കിയിട്ടാവും ഈ ഭൂമിയെ
സൃഷ്ടിച്ചതെന്ന് തോന്നി പോയി, അത്ര മനോഹാരിത.
പിന്നെ പോയത് പമ്പാ
സരോവരത്തിലേയ്ക്കാണ്. പുരാണങ്ങളനുസരിച്ച് പാർവതീ ദേവി ശിവനെ വിവാഹം കഴിക്കാൻ
തപസ്സിരുന്നത് ഇവിടെയാണ്. സമചതുരാകൃതിയിലുള്ള സരോവരത്തിനോട് ചേർന്ന്
പമ്പാക്ഷേത്രവും ഉണ്ട്.. ഈ ക്ഷേത്രത്തിന്റെ നാല് ദിക്കിലേയ്ക്ക് സമദൂരത്തിലാണ്
പുരാതനവും പുകൾപെറ്റതും ആയ നാല് ശിവക്ഷേത്രങ്ങൾ എന്ന വിവരണം ഈ ക്ഷേത്രത്തിന്റെ
കാലപഴക്കത്തിനെ പറ്റി ഒരു ഏകദേശ ധാരണ തരും.
ഇനി യാത്ര ഹിപ്പി
ഗ്രാമത്തിലേയ്ക്കാണ്.. ഹംപിയുടെ മറ്റൊരു മുഖം
.
ഏറ്റവും രുചികരമായ ഭക്ഷണം,
ഏറ്റവും മനോഹരമായ ഇരിപ്പിടം, ഒരു പുലി മട എന്നൊക്കെ പറഞ്ഞ് എത്തിയ
റസ്റ്റോറന്റിന്റെ പ്രഥമദർശനത്തിൽ ഞങ്ങളും വീണ് പോയി എന്നത് സത്യം. മെത്ത വിരിച്ച
ഇരിപ്പിടങ്ങൾ ഉറ്റ് നോക്കുന്ന ദൂരെദൂരെയുള്ള കുന്നുകൾ വരേയ്ക്കും പടർന്ന്
കിടക്കുന്ന പച്ച നെല്പാടങ്ങൾ, അവയ്ക്ക് അതിർ തിരിച്ച പോലെ കല്ലടുക്കി വച്ച
കുന്നുകൾ.. മോഹിപ്പിക്കുന്ന പ്രകൃതിയുടെ ഭംഗി..തണുപ്പിച്ച ഗ്ളാസിൽ അതിലും തണുത്ത
ബിയറും, ഈ തണുത്ത കാറ്റും ഏതോ അറിയാത്ത ഭാഷയിലുള്ള മെലഡിയും- ഇതാണ് സ്വർഗ്ഗമെന്ന്
പറയുന്ന ഖലീൽ ജിബ്രാൻ ഞാനായത് പോലെ...
ഉച്ച ഭക്ഷണം അങ്ങനെ
ഗംഭീരമായി.
ഉച്ചഭക്ഷണത്തിന്റെ ആലസ്യവും
കൊണ്ട് ഹിപ്പി തെരുവിലൂടെ നടന്നത് നദിക്കരയിലേയ്ക്കാണ്. ശുഷ്കി ശോഷിച്ച് ഇനി
ഒഴുകുന്നില്ലെന്ന് തീരുമാനമെടുത്ത നദി.. ഒരു കാലത്ത് ഇവിടെ ഒരു മഹാനദി ഒഴുകിയതിന്റെ
ഓർമ്മകൾ ഒരോ കല്ലിലും മണ്ണിലും കാലം കുറിച്ചിട്ടിരിക്കുന്നു. അവസാന തുള്ളി ജലവും
വറ്റുന്ന ആ കാഴ്ച കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, എന്ത് വലിയ ദ്രോഹമാണ്
ഞാനുൾപ്പെടുന്ന ജീവി വംശം ഈ മനോഹരിയായ ഭൂമിയോട് ചെയ്യുന്നതെന്ന് തോന്നി പോവും,
ഒരിക്കലെങ്കിലും ഇവൾക്കൊന്ന് ഭദ്രകാളിയായി തുള്ളിയുറഞ്ഞ് കൂടെ, എല്ലാം തകരും വരെ..
താമരത്തോണിയിൽ യാത്ര ചെയ്യാൻ
പോയിട്ട് മുട്ടോളം നനയാനുള്ള ആഴമുണ്ടായിരുന്നില്ല പലയിടങ്ങളിലും. വിരൂപാക്ഷ
ക്ഷേത്രത്തിന്റെ കടവുകളിലെയ്ക്ക് നടന്ന്
പോവാനുള്ള വഴിത്താരയുണ്ടായിരുന്നു.. ബോട്ട് സർവ്വീസ് കൂടുതലും ടൂവിലറും കൊണ്ട്
വരുന്ന സഞ്ചാരികളെ അക്കരെ കടത്താനുള്ള സംവിധാനമാണ്.
സൂര്യന്റെ ചൂട് കുറഞ്ഞതും
ഹിപ്പി ഗ്രാമത്തിന് അനക്കം വച്ചു തുടങ്ങി, വിരുപാപുര ഗഡ്ഡി എന്നാണ് വിരൂപാക്ഷയുടെ ഇങ്ങേക്കരയുടെ ശരിയായ പേര്. ജീവിതം തന്നെ യാത്രയാക്കിയ കുറെ
ആൾക്കാർ, മറ്റുള്ളവരെ പറ്റി, ശരാശരി മനുഷ്യന്റെ വിജയ മാനദണ്ഡങ്ങളെ പറ്റി
ചിന്തിക്കാതെ ഒരു അവധൂത മനസ്സ്.. കാഴ്ചയിൽ ഒരു ഗോവൻ, പോണ്ടിച്ചേരി വിദേശ
സെറ്റിലുകളുടെ ഫീലാണ് ഇവിടെ. ടാറ്റൂ സെന്ററുകളും, കഫേകളും ഒക്കെയായി,
അവധൂതന്മാർക്ക് അവശ്യം വേണ്ട എല്ലാ വകകളും പുകകളും ഇവിടെ കിട്ടുമെന്നാണ് അറിഞ്ഞത്..
ഇനിയൊരു ജന്മത്തിൽ ആ രൂപത്തിൽ ജനിക്കണം.. മോഹങ്ങൾക്ക് നികുതി വേണ്ടെന്ന് ആരാണ്
പറഞ്ഞത്?
ലിസ്റ്റിലുണ്ടായിരുന്ന
കമലാപുര മ്യൂസിയം ഒഴിവാക്കേണ്ടി വന്നത് മനസ്സിൽ ഒരു ചെറിയ നഷ്ടബോധമായി. അതോ എത്ര
കിട്ടിയാലും മതി വരാത്ത മനുഷ്യ മനസ്സിന്റെ അത്യാഗ്രഹമോ? തിരികെ ഹോസ്പേട്ടിലേയ്ക്ക്
വരും വഴി അനന്തശയനഗുഡി എന്നൊരു ക്ഷേത്രത്തിനെ വലം വച്ചാണ് പോന്നത്, ഈ
ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത വിജയദേവരായ കാലത്ത് ഒരു അഗ്രഹാരമായി ഉപയോഗിച്ചിരുന്ന
അവശേഷിക്കുക്ക ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
മറ്റൊന്ന് സുലേഭാവി
എന്നറിയപ്പെടുന്ന ഒരു വഴിയോര കിണറാണ്. രാജ കാലത്ത് വഴിയാത്രക്കാർക്ക് ക്ഷീണവും ദാഹവും
അകറ്റാൻ കണക്കാക്കി പണിത പടികെട്ടുകളുള്ള കിണർ.. ഇന്ത്യയിലെ അപൂർവ്വം പടികെട്ടുകളുള്ള
കിണറുകളിൽ ഒന്ന്.. പിടിപ്പു കെട്ട സംരക്ഷണത്തിന്റെ അടയാളം പോലെ അവിടം
നാശോന്മുഖമായിരുന്നു.
ഹോസ്പേറ്റിലെത്തുമ്പോഴേയ്ക്കും
സൂര്യൻ പടിഞ്ഞാറ്റ് ചാഞ്ഞിരുന്നു. ഒരു ചായയും കുടിച്ച് ബാംഗളൂർക്ക് തിരിക്കാം
എന്ന് കരുതി, സമദിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുമ്പോഴാണ്, ബെലഗാവി കുന്ദ
കഴിച്ചിട്ടുണ്ടോ എന്ന ചോദ്യം, കുന്തം പോയാൽ കുടത്തിലും തപ്പണം എന്നൊരു ചൊല്ലേ
എന്റെ ഭാഷയിലുള്ളൂ എന്ന് പറഞ്ഞെങ്കിലും കുന്ദ എന്തെന്നറിയാനുള്ള ആഗ്രഹവുമായി
വീണ്ടും സമദിന്റെ കൂടെ അവിടെ കണ്ട ദീപാലംകൃതമായ ബേക്കറിയിലേയ്ക്ക് കയറിയത്.. ഒരു
പേപ്പർ പ്ളേറ്റിൽ നിറം കുറഞ്ഞ കടുംശർക്കര പായസത്തിനോട് കാഴ്ചയിൽ സാമ്യമുള്ള ഒരു
മധുര പലഹാരമെത്തി. രുചിച്ചപ്പോൾ നാവിൽ പാലും കോവയും തകർത്ത് കളിക്കുന്ന
ഇരട്ടിമധുരം.
ബലഗാവിലേയ്ക്ക് കുടിയേറി
പാർത്ത രാജസ്ഥാനി പുരോഹിത്തുകളാണ് പാലും കോവയും പഞ്ചസാരയും ചേർത്ത് എട്ടിലൊന്നായി കുറുക്കിയുണ്ടാക്കുന്ന
ഈ മധുരത്തിന്റെ ഉപജ്ഞാതാക്കൾ. ബലഗാവി കുന്ദയുടെ മധുരത്തിന്റെ മധുരത്തിൽ സമദിനോട്
യാത്രയും പറഞ്ഞ് ഞങ്ങൾ ബാംഗളൂർക്ക് തിരിച്ചു..
ഇനിയൊരു യാത്രയുടെ ഓർമ്മകൾ
ഉള്ളിൽ തുളുമ്പിയൊഴുകുന്ന മറ്റൊരു ദിവസത്തിനെ ധ്യാനിച്ച് കോണ്ട്..
No comments:
Post a Comment