മൂന്ന്
ദിവസത്തെ യാത്രയിൽ മഴ
കൂടെയുണ്ടാവും എന്നുറപ്പുണ്ടായിരുന്നു,
അല്പം
ഒതുങ്ങി പെയ്തിരുന്നുവെങ്കിൽ
എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ,
മഴ
മടുത്തിട്ടല്ല, യാത്രയെ
അത്രമേൽ ഇഷ്ടപ്പെടുന്നത്
കൊണ്ട്. മഴക്കോട്ടും
കുടയും ഉൾപ്പടെ തിക്കിനിറച്ച
ബാക്ക്പായ്ക്കും തോളിലിട്ട്
പുറത്തേയ്ക്കിറങ്ങവെ
കാത്തുനിന്നവണ്ണം ആദ്യതുള്ളി
മുഖത്ത് വീണു. മൂന്നിരട്ടി
പൈസയും കൊടുത്തു മെട്രൊ
സ്റ്റേഷനിൽ എത്തിയപ്പോൾ
എല്ലാ ആരവങ്ങളോടെയും ബാംഗളൂർ
മഴ എന്നെ നനച്ചു കഴിഞ്ഞിരുന്നു.
യാത്രകൾ
അനിശ്ചിതത്വങ്ങൾ കൂടിയാണല്ലോ,
ഒരു
പാട് പ്രതീക്ഷകളോടെ പുറപ്പെടുന്ന
പല യാത്രകളും ആശിച്ച് വാങ്ങിയ
വർണ്ണ ബലൂൺ പൊട്ടി പോവുന്ന
പോലെ പൊട്ടിപ്പോവും ചിലപ്പോൾ
ഒട്ടും നിനയ്ക്കാത്ത ചില
യാത്രകൾ സ്വപ്നസദൃശ്യമായ
കാഴ്ചകളുടെ വാതിലുകളും
അനുഭവങ്ങളും തുറന്ന് തരും.
തിരക്ക്
പിടിച്ച മെട്രൊയിൽ ഇരിക്കാനിടം
കിട്ടാതെ കമ്പിയും ചാരി
നിൽക്കുമ്പോൾ മഴ നീളൻ
ജനലുകളിലേയ്ക്ക് ആഞ്ഞ്
പതിക്കുന്നുണ്ടായിരുന്നു,
കൂടെ
പോരാൻ വാശി പിടിക്കുന്ന
കുട്ടിയെ പൊലെ, സാറ്റലൈറ്റ്
സ്റ്റെഷനിൽ നിന്ന് കേരള
ട്രാൻസ്പോർട്ടിന് കയറുമ്പോൾ
വാശി പിടിച്ച് മഴയും കൂടെ പോരുകയാണെന്ന് തോന്നി,
മലമുകളിൽ
മഴ പെയ്യുന്നത് കാണാൻ തന്നെയാണല്ലോ
ഞാൻ പോവുന്നതും.
മലയാളി
പെണ്ണിന്റെ മൂക്കിൽ മരതകക്കല്ല്
കൊണ്ടുണ്ടാക്കിയ മൂക്കുത്തി
പോലെ കിടക്കുന്ന വയനാട്ടിലേയ്ക്കാണ്
ഈ യാത്ര. മാനം
തുറന്ന് പെയ്യുന്ന മഴയും മഴ
കൊണ്ട് പച്ചച്ച കാടും കോട
പുതയ്ക്കുന്ന മലകളും കാണാൻ.
വയനാടിന്റെ
ചരിത്ര വേരുകൾ ആദിമ
കാലഘട്ടത്തിലേയ്ക്ക് വരെ
നീണ്ട് കിടപ്പുണ്ടെന്നാണ്
കണ്ടെത്തൽ. വൈത്തിരിയിലെ
ജൈന ക്ഷേത്രവും ഇടയ്ക്കൽ
ഗുഹാ ചിത്രങ്ങളും ഇതിന്റെ
തെളിവുകളാണ്. ഇടയ്ക്കൽ
ഗുഹാചിത്രങ്ങൾ 6000 വർഷം
പഴക്കമുള്ളവയാണെന്ന്
കരുതപ്പെടുന്നു.
പൂജ അവധിയുടെ നാല് ദിവസം നഗരത്തിരക്കിൽ നിന്ന് ഓടി രക്ഷപ്പെടുന്നവരെ കൊണ്ട് തിങ്ങിനിറഞ്ഞൊഴുകുന്ന മൈസൂർ ഹൈവേ, മൈസൂർ ദസറ കാണാൻ പോവുന്നവരും ഉണ്ടാവും ഇക്കൂട്ടത്തിൽ, എല്ലാവർക്കും മുന്നേ എവിടെയോ എത്തിച്ചേരാൻ എന്ന പോലെ തിരക്കിട്ട് പോവുന്ന മഴയും. ഉറങ്ങാനാവാത്ത വിധം നട്ടെല്ല് വിറപ്പിച്ച് കൊണ്ട് ഓടുന്ന കേരള ട്രാൻസ്പോർട്ട്.
18-ആം
നൂറ്റാണ്ട് മുതൽക്കേ രേഖപ്പെടുത്തി
വച്ചിരിക്കുന്ന വയനാടിന്റെചരിത്രത്തിൽ വെദ വംശ
രാജാക്കന്മാരായിരുന്നു ഈ
പ്രദേശങ്ങൾ ഭരിച്ചിരുന്നത്.
വയലുകളുടെ
നാടാണ് പിന്നെ ബയൽനാടും പിന്നെ
വയനാടും ആയതെന്ന് പഴമൊഴികൾ.
ഇടയ്ക്കൽ
ഗുഹകളിൽ ക്രിസ്തുവിനും 500
വർഷം
മുന്നേ ഇവിടം ഭരിച്ചിരുന്ന
കുടുംബിയ വംശത്തിന്റെ ചരിത്രം
പ്രാചീന കന്നടയിൽ
രേഖപ്പെടുത്തിയിട്ടുണ്ട്.
11-ആം
നൂറ്റാണ്ടിലെ കടംബ രാജവംശത്തിന്റെ
കാലത്തെ ബയൽനാടിനെ മൈസൂർ
കൊട്ടാരത്തിലെ ചരിത്രരേഖകളിൽ
ഒരു കവിത പോലെ വിവരിച്ചിരിക്കുന്നതിങ്ങനെയാണ്
പോലും - കറുത്ത്ചുരുണ്ടിടതൂർന്ന
മുടിയും, പൂർണ്ണചന്ദ്രമുഖവും,
അടങ്ങാത്ത
ഇടമിഴികളുമുള്ള കൃശഗാത്രിയായ
മോഹിനിയാണ് പോലും പലയടുക്കുകളായി
പടർന്ന് കിടക്കുന്ന ബയൽനാട്..
ഈ
നാടിന്റെ ഭംഗിയിൽ മയങ്ങി
മലകയറി വന്ന പലരും മലമ്പനി
പിടിച്ച് ഇവിടെത്തന്നെ
ഒടുങ്ങിയതിന്റെ വശ്യതയും
ആവാം കവിതയുടെ പിന്നിൽ..
എത്തിച്ചേർന്നാൽ
പിന്നെ പിന്തിരിഞ്ഞ് പൊവാൻ
സമ്മതിക്കാത്ത സുന്ദരി.
കർണ്ണാടകത്തിലെ
ഹൊയ്സാലരും വിജയനഗരാധിപതികളും
മൈസൂർ വോഡയാർമാരും മുഗളരും
വയനാട് കൈവശം വച്ചിട്ടുണ്ട്.
ഹൈദരാലിയുടെ
കാലത്താണ് താമരശ്ശേരി
ചുരപ്പാതയുടെ നിർമ്മാണം
തുടങ്ങിയത്.
മഴ
റോഡുകളിൽ നിറച്ച വെള്ളത്തിലൂടെ
ബസ് പാഞ്ഞ് പോവുമ്പൊൾ
ഇരുവശത്തേയ്ക്കും ചിതറിത്തെറിക്കുന്ന
വെള്ളം വെള്ള ലേസിന്റെ അരിക്
വച്ച പാവാട പറക്കുന്നത് പോലെ,
തണുപ്പിന്റെ
സുഖമടിച്ചിരുന്നപ്പോൾ ചായ
കുടിക്കാൻ തോന്നിയ മനസ്സറിഞ്ഞ
പോലെ ബസ് ഒരു കടയോരത്ത് നിന്നു,
ചൂട്
ചായ മൊത്തിക്കുടിക്കുമ്പൊൾ
മഴയ്ക്ക് ഇരട്ടി ഭംഗി..
ഓരോ
അവധിക്കാലത്തിന്റെ തുടക്കത്തിലും
ബാംഗളൂരിൽ നിന്ന് കേരളത്തിലേയ്ക്കും
അവസാനത്തിൽ കേരളത്തിൽ നിന്ന്
തിരിച്ചും ഒഴുകുന്ന ഒരു
ജനക്കൂട്ടമുണ്ട്.
ടിക്കറ്റ്
നിരക്ക് വർദ്ധിപ്പിച്ചും
കൂടുതൽ ബസ്സുകൾ നിരക്കിലിറക്കിയും
മൂന്ന് സംസ്ഥാനങ്ങളിലേയും
സർക്കാരുകളും കൊയ്ത്ത്
നടത്താറുണ്ടെങ്കിലും യാത്രാ
സംവിധാനങ്ങളുടെ നിലവാരം
പരിതാപകരമായിരിക്കും എപ്പോഴും.
കാട്
കയറിയതും മഴയെങ്ങോ പോയി.
തണുത്തുറഞ്ഞ
കാറ്റ് മാത്രം. ആനയും
പോത്തും പുലിയുമൊക്കെ
സവാരിക്കിറങ്ങിട്ടുണ്ടെന്നും
കണ്ടിട്ടുണ്ടെന്നുമൊക്കെ
പറഞ്ഞ് പലരും കൊതിപ്പിച്ച
വഴിയിലൂടെയാണ് ബസ് പോവുന്നത്,
കണ്ണും
മിഴിച്ചിരുന്നിട്ടും മാനിന്റെയോ
മറ്റോ ഒരു നിഴലാട്ടം കണ്ടതല്ലാതെ
മറ്റൊന്നും കണ്ണിൽ പെട്ടില്ല.
കിഴക്ക്
വെള്ളകീറുന്നതിന് മുൻപ്
തന്നെ പറഞ്ഞുറപ്പിച്ച പ്രകാരം സുഹൃത്തിന്റെ വീടെത്തി.
പണ്ടോരു
ദേശാടനക്കാലത്ത് ഇതേ പോലൊരു
വെളുപ്പാൻ കാലത്ത് അവരുടെ
ഈസ്റ്റ് ഡെൽഹിയിലെ വീടിന്റെ
മുന്നിലെത്തിയ ഓർമ്മകളായിരുന്നു
മനസ്സ് നിറയെ. പിന്നെ
കുറെ നാളുകൾക്ക് നാടുമായി
ബന്ധിപ്പിക്കുന്ന തായ്‌വേരായിരുന്നു
ആ കുടുംബം.
ഇന്നത്തെ
യാത്ര തിരുനെല്ലിക്കാണ്,
കൂട്ടിന്
ഇതു വരെ കണ്ടിട്ടില്ലാത്ത
എന്നാൽ വാക്കുകൾ കൊണ്ട്
ഒരുപാട് അടുത്ത ഒരു കൂട്ടവുമുണ്ട്.
തിരുനെല്ലിക്ക്
ബസ്സിന് കയറി പോവാമെന്ന
തീരുമാനത്തിന് പിന്നിൽ തെറ്റ്
റോഡിൽ ഉള്ള കുട്ടേട്ടന്റെ
കടയിൽ നിന്നും കിട്ടുന്ന
ഉണ്ണിയപ്പത്തിന്റെ രുചി
കേട്ടിട്ടുണ്ടായ കൊതിയും
ഒരു കാരണമായി തീർന്നു.
മാനന്തവാടിയിൽ
നിന്നും തോൽപ്പെട്ടിക്ക്
പോവുന്ന വഴിക്ക് കാട്ടിക്കുളം
ജംഗ്ഷൻ കഴിഞ്ഞൽപ്പം ചെന്നാൽ
ഒട്ടും തിരക്കില്ലാത്ത ഒരു
Y പോയിന്റാണ്
തെറ്റ് റൊഡ്.
റൊഡിനടയാളം
പോലെ കുട്ടേട്ടന്റെ ചായക്കട,
ജംഗിൾ
വ്യൂ ടീഷോപ്പ്.
എൺപതുകളിൽ
എപ്പോഴോ തുടങ്ങിയ ചായക്കട
ഇന്ന് കുട്ടേട്ടന്റെ മക്കൾ
നടത്തുമ്പോഴും അവിടുത്തെ
ഉണ്ണിയപ്പത്തിനും ‘പൂ പോലെയുള്ള
ഇഡ്ഡലി‘ക്കും കൂടെ കിട്ടുന്ന
വറ്റൽമുളക് ചേർത്തരച്ച
തേങ്ങാചമ്മന്തിക്കും പ്രിയം
കൂടിയിട്ടേ ഉള്ളൂ പോലും.
പണ്ട്
തേക്കിന്റെ തടിയുരലിൽ മരക്കുഴ
കൊണ്ട് അന്നന്ന് ഇടിച്ചെടുക്കുന്ന
പൊടി കൊണ്ടാണ് പോലും ഉണ്ണിയപ്പം
ഉണ്ടാക്കിയിരുന്നത്.
ഇന്ന്
മോട്ടറും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും
രുചിക്കൊട്ടും കുറവില്ല
എന്നത് പ്രഥമസാക്ഷ്യം.
ചെരുവത്തിൽ
ചൂടോടെ പകർന്ന ഉണ്ണിയപ്പം
പറഞ്ഞനേരം കൊണ്ട് പാക്കറ്റുകളിലേയ്ക്ക്
കുടിയേറിയിരുന്നു.
ഉണ്ണിയപ്പവും
ഇഡ്ഡലിയും നാവിൽ പഞ്ചാരികളിച്ച
ചമ്മന്തിയും കൂട്ടി വയറ്
നിറച്ച് ഏമ്പക്കവും വിട്ട്
കൈകഴുകി വന്നതും തിരുനെല്ലിക്ക്
പോവാൻ ‘നന്ദനം‘ എത്തി.
കുറെ
കാലം കൂടി നാട്ടിലെ പ്രൈവറ്റ്
ബസ്സ്, പച്ചപ്പനങ്കിളി
പോലെ ഒരു സുന്ദരൻ ബസ്സ്.
രാവിലത്തെ
മൂഡിന് പറ്റിയ മെലോഡിയസ്
മലയാളം ഗാനങ്ങൾ.
മഴയിൽ
തളിത്ത് തഴച്ച് കിടക്കുന്ന
കാട്, അങ്ങ്
ദൂരെ ബ്രഹ്മഗിരി മൂടൽമഞ്ഞിന്റെ
തൊപ്പി വച്ച് ഗൗരവത്തോടെ
മലകയറി വരുന്ന എന്നെ നോക്കി
നിൽക്കുന്ന പോലെ.
“പൂക്കൾ പനിനീർ പൂക്കൾ
നീയും
കാണുന്നുണ്ടോ“
എന്ന
ഗാനം സ്റ്റീരിയോയിലൂടെ
ഒഴുകിഒഴുകി, ഒരു
ഒഴുക്കിൽ പെട്ട പോലെ ഞാൻ
തിരുനെല്ലി കാട് കുളിർന്ന്
കിടക്കുന്നത് കാണാൻ…
(തുടരും)..
No comments:
Post a Comment