Saturday, October 14, 2017

കാതിലോലയും മേഘരൂപനായി ചമ്പ്രയും- വയനാടൻ യാത്ര (ഭാഗം 3)

ഇടയ്ക്കിടയ്ക്ക് വന്ന് കുശലം ചോദിക്കുന്ന പോലെയാണ് മഴ പെയ്തു കൊണ്ടിരുന്നത്. പിണങ്ങാൻ തോന്നാത്തത്ര സ്നേഹമുള്ള കുറുമ്പോടെ. തിരുനെല്ലി കാട്ടിലെ അട്ടകളെ ആദ്യമൊക്കെ ചുള്ളികമ്പ് കൊണ്ട് തോണ്ടി കളഞ്ഞു നോക്കിയെങ്കിലും കൂട്ടമായുള്ള ആക്രമണം തുടങ്ങിയപ്പോൾ ഉണക്കചെമ്മീനിന്റെ തല പറിച്ച് കളയുന്ന പോലെ പെറുക്കികളയാതെ വേറെ വഴിയുണ്ടായിരുന്നില്ല.

മഴക്കുളിരിൽ കുതിർന്നിരുന്നൊരു ചൂട് ചായ, ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണത്. അങ്ങനെ രണ്ട് ചായയും കുടിച്ചിട്ടാണ് വാൽമീകത്തിലേയ്ക്ക് യാത്ര തിരിച്ചത്.

വാൽമീകം എന്ന അർട്ട് ഗ്യാലറിയുടെ സ്ഥാപന ഉദ്ദേശത്തെ കുറിച്ച് ചോദിക്കുമ്പോൾ തിരിച്ചറിഞ്ഞത് അത് വരെ കൂട്ടത്തിലൊരാളായി, രണ്ട് ആൺകുട്ടികളുടെ അതിരില്ലാ കുസൃതികളുടെ കൂട്ടുകാരനായി നടന്ന കലാകാരൻ ജോർജ്ജ്കുട്ടിയുടെ തികച്ചും വ്യത്യസ്ഥമായ ഒരു മുഖമായിരുന്നു.

ഓരോ മനുഷ്യനും ഉള്ള കഴിവുകൾ അവന് കൊടുത്തിരിക്കുന്ന മൂലധനം ആണെന്നും അതിൽ നിന്ന് സമൂഹത്തിലേയ്ക്ക് തിരിച്ചെന്ത് നൽകാനാവുന്നു എന്നതാണ് ഒരു ജന്മത്തിൽ ഓരോരുത്തർക്കും കുറിച്ചിട്ടിട്ട് പോകാനാവുന്ന ഏറ്റവും മനോഹരമായ കയ്യൊപ്പ് എന്നും പറയവെ, അത്തരമൊരു കയ്യൊപ്പിനായി കളിമണ്ണിൽ തീർത്ത ശില്പങ്ങളെന്തിന് തിരഞ്ഞെടുത്തു എന്ന് കൗതുകം തോന്നി.

മാനന്തവാടിയിൽ നിന്ന് കുറുവ ദ്വീപിലേയ്ക്ക് പോവുന്ന വഴിക്കാണ് വാൽമീകം ട്രൈബൽ മ്യൂസിയം എന്ന ആർട്ട് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്, ആർട്ടിസ്റ്റ് ജോർജ്ജ്കുട്ടിയുടെ ഏട്ടു വർഷങ്ങൾക്ക് മേലെയുള്ള പഠനങ്ങളുടെയും സമർപ്പണത്തിന്റെയും ശില്പചാതുര്യമാണ് അതിനുള്ളിലെ പ്രദർശനം.

രാക്ഷസഗുഹാമുഖം കടന്ന് ചെന്ന വെട്ടുകല്ല് പാകിയ ഇടുങ്ങിയ വഴിയരികിലെ ആദ്യ ശില്പം തന്നെ പുതുമഴ ഏറ്റുവാങ്ങുന്ന ഒരു സ്ത്രീയുടേതായിരുന്നു. എല്ലാ ചരാചരങ്ങളും മണ്ണിൽ നിന്ന് പുറപ്പെട്ട് മണ്ണിലെത്തുന്ന പ്രകൃതി നിയമത്തിന്റെ ചക്രത്തിനെ ന്യായീകരിക്കാനാണ് മണ്ണെന്ന മീഡിയം തിരഞ്ഞെടുത്തത് പോലും, പ്രകൃതിയെന്നത് മണ്ണാണ്, പ്രകൃതി തന്നെ പെണ്ണും, ജീവൻ തുടങ്ങുന്നതും തുടരുന്നതും ഒടുവിലൊരു ധൂളിയായി ഒടുങ്ങുന്നതും പ്രകൃതിയിൽ.

ജോർജ്ജ് കുട്ടിയുടെ ശില്പങ്ങൾക്കൊക്കെ കേരളത്തിലെ കാടിന്റെ സൗന്ദര്യമാണ്, ജീവനുത്ഭവിച്ചത് കാട്ടിൽ നിന്ന് തന്നെയല്ലേ, ഇന്നും അവിടെ കാണുന്നത് തന്നെയല്ലേ മായമില്ലാത്ത സൗന്ദര്യം എന്ന് തിരിച്ചു ചോദിച്ചപ്പൊൾ അത് തന്നെയാണല്ലോ മഴവില്ല് വിരിയുന്ന പോലെയൊരു ചിരി കണ്ട സമയത്ത് എന്റെ മനസ്സിലും നിറഞ്ഞ ചോദ്യം എന്ന് എനിക്ക് തോന്നി.

കലയിലും കർമ്മത്തിലും കുടുംബമായും പടരുന്ന ജന്മത്തിന്റെ പല വേഷങ്ങളായിരുന്നു പിന്നെ കണ്ട കുറെ ശില്പങ്ങൾ. യാതൊരുവിധ നിറഭേദങ്ങളില്ലാതെ ചെമ്മണ്ണിന്റെ ഒരേ നിറം കൊണ്ട് വളരെ കുറഞ്ഞ രേഖകൾ കൊണ്ട് ഒരോ ശില്പത്തിന്റെ മുഖത്തും ഭാവങ്ങൾ വിരിയിച്ചിരിക്കുന്നത് ഒരത്ഭുതമാണ്..

പ്രകൃതിയുടെ മേൽനോട്ടത്തിൽ മനുഷ്യന്റെ കുടിലതയുടെ കലർപ്പ് കലരാത്ത വന്യതയിൽ പ്രണയവും രതിയും മേധയും ഇടകലർത്തിയൊരുക്കുന്ന രസതന്ത്രത്തിൽ പ്രകൃതിയും പുരുഷനും എന്ന ഇരു ലോകങ്ങൾ ഒന്നായി ചേരുന്ന ഒന്നിൽ നിന്ന് ഒരുവാകുന്ന മേധയെന്ന ആത്മാവിന്റെ ചക്രമായിരുന്നു അടുത്ത സീരിസ്.

ആറ് വർഷം മുൻപ് കുന്നിൻ ചെരുവ് പോലെ കിടന്ന സ്ഥലം വാങ്ങി ഒരു പുലർച്ചയ്ക്ക് മണ്ണ്മാന്തി കൊണ്ട് ആറടി താഴ്ചയിൽ തലങ്ങും വിലങ്ങും വാനം മാന്തിയിട്ടപ്പോൾ കണ്ടവരൊക്കെ ഏതെങ്കിലും ഭ്രാന്തിന്റെ അടയാളമാണെന്ന് കരുതിയിരുന്നെങ്കിൽ പോലും തെറ്റ് പറയാൻ ആവുമായിരുന്നില്ല പോലും, പക്ഷേ ഇന്ന് വളർന്നൂന്ന് കിടക്കുന്ന കാട്ട് വള്ളികളും കാട്ട് പൂക്കളും കാട്ട് മണ്ണിന്റെ നിറമുള്ള ശില്പങ്ങളും അർത്ഥഗർഭമായ നിശബ്ദതയും തിരിച്ചറിവുകളുടെ മറ്റൊരു ലോകത്തിലേയ്ക്ക് നമ്മളെ കൊണ്ട് പോവും.



അഞ്ച് വയസ്സ് മുതൽ തടിയിലും മണ്ണിലും ശില്പങ്ങളുണ്ടാക്കുമായിരുന്നെങ്കിലും അതൊരു ജീവിതലക്ഷ്യവും ഉപജീവനമാർഗ്ഗവും ആക്കാമെന്ന് മനസ്സിലാക്കിയത് ഊട്ടിയിലെ നിത്യചൈതന്യയതിയുടെ ഫേർൺസ് ഹിൽ ആശ്രമത്തിൽ നിന്നാണ്. അത് വരെ കൂട്ടത്തിലൊരാളാവാൻ നടത്തിയ അലഞ്ഞ് തിരിയലുകളാണ് അനുഭവങ്ങളുടെ തീച്ചൂള പോലും. നാല് വർഷത്തോളം നിത്യചൈതന്യയതിയുടെ കൂടെ പ്രവൃത്തിച്ചതിനാലാവാം ശ്രീനാരായണ ഗുരുവിന്റെ ഈശ്വരസങ്കല്പങ്ങളും മാനുഷിക മൂല്യങ്ങളും ഒക്കെ പലയിടത്തും പ്രകടമായിരുന്നത്.

പ്രകൃതിയുടെ രസതന്ത്രത്തിലെ മൂന്നാം മൂലകമായ മേധയുടെ ആവിഷ്കാരമായി നിർമ്മിച്ചിരിക്കുന്നത് ബുദ്ധനെ തന്നെയാണ്, ശൈശവ,കൗമാര,യൗവ്വന,വാർദ്ധക്യ,നിർവാണ ദശകളിലൂടെ കടന്ന് പോവുമ്പോൾ ബൃഹദാരണ്യകോപനിഷത്തിലെ (ശുക്ല യജുര്‍വേദം) ശാന്തിമന്ത്രമാണ് ഓരോ ശില്പത്തിന്റെയും അടയാളവാക്യം എന്നത് ഗഹനമായ ഒരു അറിവായിരുന്നു.

[ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി, ശാന്തി, ശാന്തി

മന്ത്രാര്‍ത്ഥം :

ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും,
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും,
മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ,
എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ. ]

മരണത്തിനപ്പുറം പഞ്ചഭൂതങ്ങളായി പിരിഞ്ഞകലുന്ന മനുഷ്യശരീരം പോലെ പ്രകൃതിയെ അറിയുമ്പോൾ അഴിഞ്ഞ് പോവുന്ന അഹംഭാവത്തിന്റെ ആവിഷ്കാരമായ നിലക്കണ്ണാടി ശ്രീനാരായണഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠയെ ഓർമ്മിപ്പിച്ചു.

ഗാലറിയോട് ചേർത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയത്തിൽ വയനാടൻ ഉൾക്കാടുകളിലെ ആദിവാസി സമൂഹത്തിന്റെ തനതായ ആചാരപ്രകൃതികൾ, ആവാസവ്യവസ്ഥകൾ, ആഭരണങ്ങൾ, ആയുധങ്ങൾ ഒക്കെ പ്രദർശ്ശിപ്പിച്ചിട്ടുണ്ട്.

ഏറ്റവും മനോഹരമായി തോന്നിയത് ഇളംതെങ്ങോലയിൽ ഉണ്ടാക്കിയ കാതിലോലയാണ്, ഇളം തെങ്ങോല ചീകിപരത്തിയുണ്ടാക്കിയ തട്ടിൽ ചുവന്ന കുന്നിമണികൾ ഒട്ടിച്ച കാതിലോല..


ശില്പശാലയിൽ നിന്നിറങ്ങിയപ്പോൾ ഇരുട്ട് വീണ് തുടങ്ങിയിരുന്നു, മഴക്കാറ് മൂടിയ മാനം കൂടുതൽ കറുപ്പിച്ച സന്ധ്യയിലൂടെ ആ ദിവസത്തിന്റെ അവസാനം കുറിച്ച് നടക്കുമ്പോഴും നിസ്സാരമെന്ന് തോന്നുന്ന അനുഭവങ്ങളിലൂടെ ഒരു ജന്മം കുറിക്കുന്നതെങ്ങിനെയോ അത്രയും ചെറു വരകളിലൂടെ ഒരുക്കിയിരുന്ന വികാരവിസ്മയങ്ങളുടെ ലോകമായിരുന്നു മനസ്സിൽ.





രാത്രിക്ക് നീളം വളരെ കുറവായിരുന്നു…

ചെമ്പ്രയെന്ന തലകുനിക്കാത്ത ആകാരസൗന്ദര്യത്തിനെ ആസ്വദിക്കാനുള്ള നാളത്തെ യാത്രയായിരുന്നു മനസ്സ് മുഴുവൻ.


പൊതുഅവധിയുടെ അറ്റം കാണാത്ത തിരക്കിനിടയിലും ചെമ്പ്ര ട്രക്കിങ്ങിന് കിട്ടിയ അനുമതിക്കും കൂടെ കിട്ടിയ കലർപ്പില്ലാത്ത കുറെ സൗഹൃദങ്ങൾക്കും മനസ്സിൽ ചെമ്പ്രയോളം ഉയരവും മിഴിവും.

രാവിലെ പെയ്ത മഴയിൽ തെന്നികിടക്കുന്ന കാട്ട് പാതയിൽ ആൾത്തിരക്ക് കാരണം ഗൈഡുകൾ പല പോയിന്റുകളിൽ നിന്ന് വഴികാണിക്കുകയായിരുന്നു. VSS എന്ന പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന വനസംരക്ഷണ സമിതിയുടെ സഹൃദയരായ എല്ലാ വഴികാട്ടികളും.

വയനാടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ചെമ്പ്ര. സമുദ്ര നിരപ്പിൽ നിന്ന് 6,890 അടി ഉയരത്തിൽ നിൽക്കുന്ന കൊടുമുടിയുടെ തുടക്കം മേപ്പാടി ഗ്രാമത്തിൽ നിന്നാണ്. മേപ്പാടിയിൽ നിന്ന് 20 മിനിട്ട് ഡ്രൈവ് ചെയ്താൽ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിനടുത്തെത്താം, അവിടെ നിന്ന് തെയിലക്കാടുകൾക്കിടയിലൂടെ വീണ്ടും ഒരു രണ്ട് കിലോമീറ്റർ നടന്നാൽ വാച്ച് ടവറിനടുത്തെത്താം, 2017-ലെ കാട്ടുതീക്ക് മുൻപ് 1200 പേരെ വരെ അനുവദിച്ചിരുന്നു പോലും, ഇപ്പോൾ 200 പേർക്ക് മാത്രമേ ഒരു ദിവസം ട്രക്കിങ്ങ് അനുമതി കൊടുക്കുന്നുള്ളൂ, അനുമതി കിട്ടാത്തവർക്ക് വിസിറ്റർ പാസെടുത്ത് വാച്ച് ടവർ വരെ നടക്കാം.

വയനാട്ടിലെ ഷോള വനങ്ങളുടെ സംരക്ഷണവും ഇവിടുത്തെ ആവാസവ്യവസ്ഥയും സംരക്ഷിക്കാൻ 2008-ൽ ആണ് കൊടുമുടിയുടെ ഉച്ചിവരെയുള്ള ട്രക്കിങ്ങ് നിർത്തലാക്കിയത്. കൊടുമുടിയുടെ പകുതി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹൃദയ തടാകം വരെ മാത്രമേ ഇപ്പോൾ ട്രക്കിങ്ങ് അനുമതിയുള്ളൂ. പിന്നെയും ഒരു രണ്ട് കിലോമീറ്ററോളം വഴിയുണ്ട് ഗിരിശൃംഗന്റെ ഉച്ചിയിലേയ്ക്കെന്നാണ് അവിടെ പോയ അനുഭവമുള്ള സുഹൃത്തിന്റെ അനുമാനം.



വനം വകുപ്പിന്റെ അനുമതി വേണം ചെമ്പ്ര ട്രക്കിങ്ങ് നടത്താൻ, പ്ളാസ്റ്റിക്കും ആഹാരവസ്തുക്കൾ കൊണ്ടുള്ള മലിനീകരണവും ഒഴിവാക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വയനാടിന്റെ മാസ്മരിക ഭംഗി ആസ്വദിക്കാൻ എത്തുന്ന വലിയ ജനത്തിരക്കിനെ താങ്ങാനുള്ള സംവിധാനങ്ങളൊ തയ്യാറെടുപ്പുകളോ ഇല്ലെന്നത് ശോചനീയമാണ്.

2017 ലുണ്ടായ കാട്ടുതീയിൽ ആയിരം ഹെക്ടറൊളം കാടാണ് കത്തിനശിച്ചത്. അതിന്റെ വന്യതയെപറ്റിയും തുടർന്ന് ആറ് മാസത്തോളം അടച്ചിട്ടത് കൊണ്ടുണ്ടായ പ്രാരാബ്ദങ്ങളും പറയുമ്പോൾ VSS ലെ താൽക്കാലിക ജീവനക്കാരനായ ശ്രീജിത്തിന്റെ മുഖത്ത് ഇപ്പോഴും വിഷാദം. മേപ്പാടി ഗ്രാമത്തിലെ ഉത്സവത്തിന്റെ അന്ന് ചുറ്റുമുള്ള ക്ഷേത്രങ്ങളിൽ നിന്നെല്ലാം തിറ എഴുന്നള്ളത്തുണ്ടാവും പോലും, ജീവനക്കാർ ഏറ്റവും കുറവായിരുന്ന അന്നായിരുന്നു ഇന്നും നടുക്കമുണ്ടാക്കുന്ന ആ തീപിടുത്തം, വരണ്ടുണങ്ങി കിടക്കുന്ന തെരുവപ്പുല്ല് പഞ്ഞിക്കെട്ട് പോലെ കത്തിയമരുന്നതിന്റെ തീക്കാഴ്ച്ചകൾ മഞ്ഞ് പൊഴിയുന്ന ആ സമയത്തും അവന്റെ കണ്ണിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ.

ഇടയ്ക്കിടയ്ക്ക് ചെറുമഴയും മഞ്ഞും പൊഴിഞ്ഞ് തെരുവപുല്ലിന്റെ പൂക്കൾക്ക് പോലും വജ്രത്തിന്റെ കിരീടങ്ങൾ. കുത്തനെയുള്ള മലമ്പാത മഴ കാരണം വഴുതികിടക്കുന്നത് കയറ്റം ശ്രമകരമാക്കി, തണുത്ത കാശ് വീശിയടിക്കുമ്പോഴും നന്നായി വിയർത്തു. ഉരുളൻ കല്ലുകൾക്കിടയിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിന് നല്ല തണുപ്പ്. വാച്ച് ടവറിൽ നിന്ന് ഒന്നരമണിക്കൂറൊളം എടുക്കും ഹൃദയത്തിന്റെ ആകൃതിയിൽ ഷേപ്പ് ചെയ്തിരിക്കുന്ന തടാകക്കരയിൽ എത്താൻ, അതിന് അല്പം മുകളിലായി ബ്രിട്ടീഷ് കാലത്ത് ഒരു ബംഗ്ളാവ് ഉണ്ടായിരുന്നെന്നും, ഇവിടേയ്ക്ക് കയറി വരാൻ കുതിരപ്പാതകൾ ഉണ്ടായിരുന്നു എന്നുമാണ് അവിടുത്തുകാർ പറഞ്ഞത്. ഒരു ഹോളിവുഡ് ചിത്രത്തിലെ മനോഹരമായ ലൊക്കേഷൻ പോലെയുള്ള ആ സ്ഥലത്ത് താമസിച്ചിരുന്നിരിക്കാമായിരുന്ന ഒരു സുന്ദരി മദാമ്മയെ ഞാൻ സങ്കല്പിച്ചു നോക്കി.. കൂട് വിട്ട് പറന്നകലാൻ ആഗ്രഹി്ക്കുമ്പോഴും ചെല്ലുന്നിടത്തെല്ലാം ഗൃഹാതുരതകളെ താലോലിക്കാനും തിരിച്ചു പിടിക്കാനും ആണല്ലോ മനുഷ്യന്റെ ആഗ്രഹം.

കുസൃതിക്കാറ്റിന്റെ കുറുമ്പിൽ പറക്കുന്ന സുന്ദരിയുടെ ഷാൾ പോലെ മഞ്ഞ് വന്നും പോയും നിന്നു, ഒരു നിമിഷത്തിന്റെ ഇടവേളയിൽ കണ്ട ചെമ്പ്ര കൊടുമുടിക്ക് പച്ചപ്പിന്റെ മാസ്മരിക സൗന്ദര്യവും ഒത്ത തലയെടുപ്പും. ഹൃദയ തടാകത്തിന് അല്പം മാറി ഒരു ചെറിയ പാറക്കെട്ടുണ്ട്, അവിടെ നിന്ന് നോക്കിയാൽ വയനാടിന്റെ ഭൂരിഭാഗവും കാണാനാവും, ഞാൻ കണ്ടത് മഞ്ഞിന്റെ ഒരു വലിയ കർട്ടൻ മാത്രം, മേഘങ്ങളിലേയ്ക്ക് ഇറങ്ങി നടക്കാനാവുമെന്ന് തോന്നും പോലെ.

കാലൊന്ന് നിവർത്തി ഇരുന്നപ്പോഴാണ് വിശപ്പിന്റെ വിളി കേട്ടത് തന്നെ, അവലും ശർക്കരയും പഴവും ചെർത്ത് കഴിച്ചതിന് പഞ്ചാമൃതത്തിന്റെ രുചി. വിശപ്പൊന്ന് അടങ്ങിയപ്പൊഴേയ്ക്കും തിരിച്ച് പോവാനുള്ള സമയമായി. തിരിച്ചിറങ്ങുമ്പോഴാണ് കയറ്റമായിരുന്നു എളുപ്പമെന്ന് മനസ്സിലായത്, തെന്നികിടക്കുന്ന ചരിവുകളും വിറയ്ക്കുന്ന കാലും, തെരുവപുല്ലിൽ മുറുകെ പിടിച്ച് തെന്നി ഇറങ്ങുകയല്ലാതെ വീണില്ല, വാതോരാതെ യാത്രകളെ പറ്റി സംസാരിക്കാൻ ഒരു കൂട്ടിനെ കിട്ടിയത് കൊണ്ട് കുറെ വീഴ്ചകളിൽ നിന്ന് രക്ഷപെട്ടു. യാത്രകൾ എത്ര പെട്ടന്നാണ് മനുഷ്യരെ അടുപ്പിക്കുന്നത്. വാച്ച് ടവറിനടുത്ത് തിരിച്ചെത്തിയപ്പോഴേയ്ക്കും ഒരു വലിയ മഴ പെയ്തു തോർന്നിരുന്നു.


മനസ്സിൽ നിറയെ കാഴ്ചകളുടെ ഒരു വന്മഴയും.

പിറ്റേന്ന് കാലനക്കാൻ ആവില്ലെന്ന് തോന്നിയത് കൊണ്ട് ദന്വന്തരം കുഴമ്പൊക്കെ തേച്ചെങ്കിലും കേൾവികളിൽ നിറഞ്ഞ സ്ഥലങ്ങളൊക്കെയും കാണാൻ ഇനി ഒരു ദിവസം കൂടി മാത്രമേയുള്ളൂ എന്ന ചിന്ത ഉറങ്ങാൻ സമ്മതിച്ചില്ല, ഇടയ്ക്കൽ ഗുഹകളും, ബാണാസുര ഡാമും, മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടങ്ങളും… അങ്ങനെയങ്ങനെ... വലിയൊരു കളിപ്പാട്ടക്കടയിൽ കയറി കണ്ണും മിഴിച്ച് നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്ന് തോന്നി, ഒക്കെയും വേണം, ഏത് വേണമെന്ന് ചോദിക്കുമ്പോഴാണ് സംശയം, കാഴ്ചകൾ കണ്ട് കൊതിതീരുന്നില്ല.. അല്ലെങ്കിലും അതാണല്ലോ മനുഷ്യജന്മം.

(തുടരും...)

No comments:

Post a Comment