Monday, October 16, 2017

ജലക്കാഴ്ചകൾ - വയനാടൻ യാത്ര (ഭാഗം 4)


കാലത്തെഴുന്നേറ്റപ്പോൾ കാലൊക്കെ സിമന്റ് കൊണ്ടുണ്ടാക്കിയതാണോ എന്നൊരു സംശയം. എന്നും കാലത്ത് 25 മിനുട്ട് കൊണ്ട് തടാകത്തിനരികിൽ എത്തും എന്ന് പറഞ്ഞ VSS പ്രവർത്തകന് മനസ്സറിഞ്ഞ് ഒരു സല്യൂട്ട് അടിച്ചു.

ഒരു ചെറിയ പകലും രാത്രി യാത്രയും അന്നത്തെ സങ്കേതങ്ങൾ തിരഞ്ഞെടുക്കുന്നത് പിശുക്കി മതിയെന്ന് ഓർമ്മിപ്പിച്ചു, പൊതു അവധിയായത് കൊണ്ട് എല്ലായിടത്തും തിരക്കായിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു.

അതിരാവിലെ തന്നെ പുറപ്പെട്ടത് മീൻമുട്ടി വെള്ളച്ചാട്ടത്തിനടുത്തേയ്ക്കാണ്. ബാണാസുര ഡാമിൽ നിന്ന് രണ്ട് കിലോമീറ്ററിലും കുറവ് ദൂരത്തിലാണ് മീൻമുട്ടി എന്ന വെള്ളച്ചാട്ടം മൂന്ന് തട്ടുകളായി മുന്നൂറോളം മീറ്റർ ഉയരത്തിൽ നിന്ന് വീഴുന്നത്.

മഴക്കാലമായതിനാൽ നല്ല വെള്ളമൊഴുക്കുണ്ടായിരുന്നു, മൂന്ന് തട്ടുകളിലും വ്യൂ പോയിന്റ് ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴി മണ്ണെടുത്ത് ഒരുക്കിയതായിരുന്നത് കൊണ്ട് ചെബ്രയോളം വഴുക്കലില്ല. വഴിയിലുടനീളം VSS ന്റെ പച്ചക്കുപ്പായമിട്ട ചിരിക്കുന്ന ഐശ്വര്യം നിറഞ്ഞ മുഖമുള്ള സ്ത്രീകൾ.

അദ്യം തന്നെ ഏറ്റവും മുകൾതട്ടിൽ നിന്നുള്ള കാഴ്ച ആവാമെന്ന് കരുതി. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ വെള്ളച്ചാട്ടം കാണണമെങ്കിൽ മുകളിലേയ്ക്ക് പോവണമെന്നും വെള്ളത്തിലിറങ്ങണമെങ്കിൽ താഴേയ്ക്ക് പൊയ്ക്കോളൂ എന്നുമൊക്കെ ഗ്രാമീണനിഷ്കളങ്കതയോടെ വഴികാട്ടിയ ഗൈഡുകൾ ഒരു സന്തോഷമുള്ള അനുഭവമായിരുന്നു .

കുത്തനെയുള്ള കയറ്റം അല്പദൂരത്തേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും രാവിലെത്തെ തണുപ്പിലും നന്നായൊന്ന് വിയർത്തു. മണ്ണെടുത്ത് മാറ്റിയുണ്ടാക്കിയ വീതിയേറിയ റോഡുകൾ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പമാവുമെങ്കിലും വേണ്ടിയിരുന്നില്ലെന്ന് തോന്നി, പലപ്പോഴും കേരളത്തിലെ പല ഭംഗിയുള്ള സ്ഥലങ്ങളിലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടറിയാതെ വരുന്നവരാണ് പിന്നെ ഈ സൗന്ദര്യത്തിന്റെ പേര് കളയുന്നത്.. അതിലും നല്ലത് അഡ്വഞ്ചർ കാറ്റഗറിയിൽ പെടുത്തി പ്രകൃതിക്കും യാത്രക്കാർക്കും സമാധാനം കൊടുക്കുന്നത് തന്നെയാണ്.


 മഴക്കാലത്തിന്റെ മുഴുവൻ പ്രതാപവും ഏറ്റെടുത്ത് കൊണ്ട് വീഴുന്ന വെള്ളച്ചാട്ടം ഒരു മനോഹരമായ കാഴ്ചയായിരുന്നു.. ബാണാസുര മലയിൽ നിന്ന് ഒഴുകിവരുന്ന വെള്ളച്ചാട്ടം ചാലിയാറിന്റെ ഒരു കൈവഴി ആണ്. ബാണാസുര ട്രക്കിങ്ങിൽ നീലിമല പോയിന്റിൽ നിന്ന് പണ്ട് ഈ വെള്ളച്ചാട്ടത്തിന്റെ പരിപൂർണ്ണ സൗന്ദര്യം ആസ്വദിക്കാമായിരുന്നു പോലും, സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ ഇവിടേയ്ക്ക് പ്രവേശനാനുമതി ഇല്ല.

മഴ ചാറ്റലിലൂടെ വരുന്നവർക്കെല്ലാം കയറാനും ഇറങ്ങാനും ഒരു കൈ സഹായവും കൊടുത്ത് നിന്നിരുന്ന കോട്ടയംകാരി പെണ്ണമ്മചേച്ചിക്ക് മുഖം നിറയുന്ന ചിരിയാണ്. കൂട്ടുകാരി വത്സല ആലപ്പുഴക്കാരിയാണ്, കോട്ടയത്തെ റബർമണവും ആലപ്പുഴയിലെ കെട്ടുവള്ളവും വിട്ട് വയനാടിലേയ്ക്കെത്തിയതിന് കെട്ടിപോവുന്ന വരെയല്ലേയുള്ളു പെണ്ണിന് വീട്, അവിടെ വെള്ളം പരന്നൊഴുകുന്നു ഇവിടെ കുത്തിയൊഴുകുന്നു എന്ന മറുപടി തത്വചിന്ത പോലെ തോന്നി.

ആദ്യകാലത്തൊക്കെ ഇവിടൊന്നും ആരുമുണ്ടായിരുന്നില്ല, വർഷത്തിൽ എട്ടുമാസത്തോളം നിറഞ്ഞൊഴുകുന്ന അരുവിയുടെ കുത്തനെയുള്ള കല്ല് പ്രകൃതം കാരണം കൃഷിയൊന്നും വലിയ കാര്യമായി നടക്കാറില്ല പോലും..കാട്ടാനയും കാട്ടുപന്നിയും അധികം അടുക്കാത്ത കാട്ടുമനുഷ്യരും ഒക്കെ ഇപ്പൊഴും അവരുടെ ഓർമ്മകളിൽ പച്ചപ്പൊടെ നിൽക്കുന്നു.

ഒരു മഴ നനഞ്ഞിറങ്ങിയപ്പോൾ കുടിച്ച ചായ നെഞ്ചിനെയും മനസ്സിനെയും ചൂടാക്കി. കുപ്പിയിലാക്കി വച്ച നെല്ലിക്കയും മാങ്ങയും ഒക്കെ കൊതിപ്പിച്ചെങ്കിലും ചായ തന്നെ നമുക്കെന്നും പ്രിയം എന്നത് കൊണ്ട് അവരോട് അല്പം അകന്ന് നിന്നു. അടുത്തത് വെള്ളത്തിലിറങ്ങാൻ പറ്റുന്ന രണ്ടാം തട്ടിലേയ്ക്കുള്ള നടപ്പായിരുന്നു, കമ്പി റോഡുകൾ കൊണ്ടും മുളന്തടികൾ കൊണ്ടും സുരക്ഷിതമായി ഇറങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടിട്ടും ശ്രദ്ധിക്കാതെ ഇറങ്ങുന്നവരെ നിയന്ത്രിക്കാൻ സ്വതവേ ശാന്തരായ ഗൈഡുകൾ നന്നായി കഷ്ടപ്പെടുന്നുണ്ട്.


വഴികളിൽ ഇടയ്ക്കിടെ എഴുതിവച്ചിരുന്ന കടമ്മനിട്ട കവിതകൾ മനോഹരമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ശരിക്കും ദൈവത്തിന്റെ നാട് തന്നെയാണ് കേരളം, സ്വന്തം വീടിനെ മാത്രം വിലമതിക്കാത്ത നന്ദിയില്ലാത്ത മക്കളായി നമ്മളും..

കൊതി തീരെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും തിന്ന് പിന്നെ പോയത് ബാണാസുര സാഗർ അണക്കെട്ടിനടുത്തേയ്ക്കാണ്. അപ്പോഴേയ്ക്കും തിരക്ക് അതിന്റെ പാരമ്യതയിൽ എത്തിയിരുന്നു.


അണക്കെട്ടിന്റെ മുകളിലേയ്ക്കുള്ള നടപ്പാതയിലെ സോളാർ പാനലുകൾ ഡാമിന്റെ ഭംഗിക്ക് ഒട്ടും കോട്ടം തട്ടാതെ തന്നെ ക്രമീകരിച്ചിരിക്കുന്നു. ആൾത്തിരക്ക് കാരണം ബാണാസുര അണകെട്ടിലെ ഏറ്റവും മനോഹര അനുഭവമായ ബോട്ടിങ്ങ് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു, അണകെട്ടിൽ വെള്ളം നിറഞ്ഞിട്ടുള്ളത് കൊണ്ട് ബാണാസുര മലയുടെ തലയെടുപ്പിന്റെ മുന്നിലൂടെ ബോട്ടുകളുടെ സഞ്ചാരത്തിന് നല്ല ഭംഗി.

വലുപ്പത്തിൽ ഇന്ത്യയിലെ ഒന്നാമനും ഏഷ്യയിലെതന്നെ രണ്ടാമനും ആയ ഈ ഡാമിന്റെ പണിക്കാലത്ത് മണ്ണ് ഏറ്റവും ഉറപ്പോടെ ഇടിച്ചിരുത്താൻ ഉപയോഗിച്ചിരുന്ന പ്രത്യേകം ഡിസൈൻ ചെയ്ത റൊഡ് റോളറുകളെ പറ്റി സുഹൃത്ത് വിശദീകരിച്ചിരുന്നു. 1971-ൽ ആണ് ഈ ഡാമിന്റെ പണി തുടങ്ങിയത്. കബനിയുടെ കൈവഴിയായ കരമനത്തോട്ടിലെ വെള്ളമാണ് ഇവിടെ കെട്ടിനിർത്തിയിരിക്കുന്നത്. ആദ്യകാലത്ത് കൃഷിക്കും കുടിവെള്ളത്തിനുമായി തടകെട്ടി നിർത്തിയത്, പിന്നീട് ഇത് വൈദ്യുതി ആവശ്യങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങി.

2016 ജനുവരിയാലാണ് ഇന്ത്യയിൽ ആദ്യമായി തന്നെ കോൺക്രീറ്റ് പില്ലറുകളിൽ ഒഴുകി നടക്കുന്ന 10കിലോ വാട്ട് വൈദ്യുതോല്പാദനക്ഷേഷിയുള്ള ഒഴുകുന്ന പവർ പ്ളാന്റ് ഇവിടെ പ്രവൃത്തിച്ചു തുടങ്ങിയത്. പിന്നീട് ഡാമിന്റെ മുകളിലൂടെയുള്ള നടവഴിയും സോളാർ പാനലുകൾ കൊണ്ട് തണൽ പരത്തുന്ന നടപ്പാതയാക്കി. 1760 സോളാർ പാനലുകൾ ഓരോന്നും 255 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്നയാണെന്ന് കണക്കുകൾ. അപരിമിതമായ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്ന ഏറ്റവും നല്ലൊരു പദ്ധതി തന്നെയാണ് അവിടെ കണ്ടത്..

ബാണാസുരയിൽ നിന്നിറങ്ങിയപ്പൊൾ സൂര്യൻ പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയിരുന്നു. എന്റെ വയനാടൻ ദിവസങ്ങൾക്ക് അവസാനമായെന്ന് പറയുന്നത് പോലെ. മഞ്ഞും മഴയും മലയും ആസ്വദിച്ച് മനസ്സിന് മതിയാവാത്തത് പോലെ.

വളരെപെട്ടന്ന് മനസ്സ് കൊണ്ട് അടുത്തവരായ കുറെ നല്ല സുഹൃത്തുക്കളുടെ കൂടെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ചായയും പറഞ്ഞിട്ടും തീരാത്ത സംസാരങ്ങൾക്ക് അർദ്ധവിരാമവുമിട്ട് യാത്ര പറയുമ്പൊൾ തിരിച്ചൊഴുകുന്ന തിരക്കിൽ എന്റെ യാത്രയായിരുന്നു മനസ്സിൽ.


കേരള ട്രാൻസ്പൊർട്ടിന്റെ സൂപ്പർഫാസ്റ്റിൽ ചൂളുന്ന കാറ്റും കൊണ്ടിരിക്കുമ്പോൾ മനസ്സിൽ തെളിയുന്ന കാഴ്ചകൾക്ക് കണ്ടുനിന്നപ്പൊഴുള്ളതിനേക്കാൾ മിഴിവും തിളക്കവും. ആകാശത്ത് പൂർണ്ണചന്ദ്രന്റെ തൂമന്ദഹാസം, മനസ്സറിഞ്ഞ് യാത്രയാക്കുന്ന പോലെ..


ഇനിയും കാണാത്ത നാടുകളിലേയ്ക്കും മനസ്സ് നിറയ്ക്കുന്ന കാഴ്ചകളിലേയ്ക്കും പോവാനാവട്ടെ എന്ന് പറയുന്ന പോലെ..

ഇനിയൊരു യാത്രാ ഓർമ്മകളുമായി കാണുന്നത് വരെ

(വിട...)

No comments:

Post a Comment