Thursday, March 9, 2017

അത്തർ സുഗന്ധമുള്ള ഓർമ്മകൾ- മരുഭൂമിയുടെ മടിത്തട്ടിലൂടെ (8)



രാജപ്രതാപങ്ങളുടെ കെട്ടടങ്ങിയ കാഴ്ചകളാണ് ജയ്പൂർ കൊട്ടാരങ്ങളും നഗരവുമെങ്കിൽ കോടികളുടെ സെലിബ്രിറ്റി പാർട്ടികളും കല്യാണങ്ങളും നടക്കുന്ന അതിസമ്പന്നതയുടെ മതിൽകെട്ടാണ് ഉദയ്പൂർ കൊട്ടാരങ്ങളും നഗരവീഥികളും, സാധാരണക്കാരായ ആൾക്കാരും ടൂറിസ്റ്റുകളും ഒക്കെ വർണ്ണ വിളക്കുകളുടെ വെളിച്ചം വീഴാത്ത ഇടവഴികളിലെ ഇരുട്ടിൽ മറഞ്ഞ് പോവുന്നു.



മഹാരാജാ ഉദയ് സിങ്ങ് രണ്ടാമൻ തന്റെ മേവാർ സാമ്രാജ്യത്തിന്റെ തലസ്ഥാനം ചിത്തോഡ് ഗഡിൽ നിന്നും മാറ്റാൻ തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്തത് പിച്ചോള തടാകകരയിലെ ഗിർവാ താഴ് വരയാണ്. ഉദയ്പൂരിന്റെ പഴയ പട്ടണം ഏഴ് കോട്ടവാതിലുകൾക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിരുന്നു. സൂരജ് പോൾ, ചാന്ദ് പോൾ, ഉദയ് പോൾ, ഹാത്തി പോൾ, ബ്രഹ്മ പോൾ, അംബ പോൾ, ഹനുമാൻ പോൾ ഇങ്ങനെ അറിയപ്പെടുന്നു ആ കോട്ടവാതിലുകൾ. ഉദയ്പൂരിലെ ഷോപ്പിങ്ങിന് ഏറ്റവും പ്രശസ്തം ഹാത്തി പോൾ മാർക്കറ്റ് ആണ്. 

ഉദയ്പൂർ കൊട്ടാരം പണിതത് ഉദയ് സിങ്ങ് രണ്ടാമൻ ആണെങ്കിലും കോട്ടാരവും കോട്ടവാസികളും ഇന്നും ഓർമ്മിക്കുന്നതും ഓരോ പെയ്ന്റിങ്ങിലും നിഴലിക്കുന്നതും അദ്ദേഹത്തിന്റെ മകനും ധീരയോദ്ധാവും ആയിരുന്ന മഹാറാണാ പ്രാതാപിന്റെ കഥകളാണ്. ഞങ്ങളുടെ ഗൈഡിന്റെ ഭാഷയിൽ പറഞ്ഞാൽ “ജയിച്ചവരെല്ലാം ധീരന്മാരും തോറ്റവരൊക്കെ ഭീരുക്കളും ആയിരുന്നില്ല, ചരിത്രം എഴുതിയവന്റെ കയ്യിലെ പേന തിരിയുന്നിടത്ത് ചരിത്രവും മാറ്റിയെഴുതപ്പെടുന്നു“ എന്ന്. ഒരു ജീവിതകാലം മുഴുവൻ മുഗളന്മാർ പിടിച്ചടക്കിയ ചിത്തൊർ ഗഡ് വീണ്ടെടുക്കാൻ കാട്ടിലും കുടിലിലും താമസിച്ച രാജാവിനോടുള്ള വീരാരാധന ഇന്നും അയാളുടെ വാക്കുകളിൽ നിഴലിക്കുന്നു. 

പ്രശസ്തമായ ഹൽദിഘാട്ടി യുദ്ധത്തിന്റെ ചരിത്രം വിവരിക്കുന്ന ഒരു ബ്രഹത്ത് ചിത്രം ഉദയ്പൂർ കൊട്ടാരത്തിന്റെ നടുത്തളത്തിൽ തന്നെ ഭിത്തിയിൽ വരച്ചിട്ടുണ്ട്. മഹാറാണാ പ്രതാപിനോളം തന്നെ ധീരനെന്ന് പേര് കെട്ട അദ്ദേഹത്തിന്റെ കുതിര ചേതക്കിന്റെ ധീരതയുടെ കഥ. ഹൽദിഘാട്ടി യുദ്ധത്തിൽ ആനയുടെ തുമ്പിക്കൈ പോലെ മുഖപടം ധരിച്ചാണ് ചേതക്കും മറ്റു കുതിരകളും പടക്കളത്തിൽ എത്തിയത്, അക്ബറിന്റെ ആനയെ തെറ്റിദ്ധരിപ്പിക്കയായിരുന്നു ഉദ്ദേശം, ആനക്കുട്ടിയാണെന്ന് കരുതി ഉപദ്രവിക്കാതിരുന്ന ആനയുടെ മസ്തകത്തിലേയ്ക്ക് ചവിട്ടിക്കയറിയ ചേതക്കിന്റെ പുറത്തിരുന്ന മഹാറാണാപ്രതാപിന്റെ വാൾ മുനയിൽ നിന്ന് രക്ഷപെടാൻ അക്ബറിന് അതിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നു, പക്ഷേ അതിനിടയിൽ ചേതക്കിന് പിങ്കാലിൽ ഒരെണ്ണം നഷ്ടപെട്ടിരുന്നു, ആ കാലും കൊണ്ട് 22 അടിയുള്ള ഒരു നദി ചാടികടന്ന് തന്റെ യജമാനനെ അനുചരന്മാർക്കിടയിൽ എത്തിച്ച ശേഷം ആ കുതിര കണ്ണടച്ചു പോലും. 
   
ചേതക്കിന്റെ ഒരു മുഴുകായ പ്രതിമയും കൊട്ടാരത്തിന്റെയുള്ളിലുണ്ട്. മാതൃരാജ്യത്തിനും ജനിച്ച മണ്ണിനും മാറ്റാരും സഹായത്തിനില്ലാതെ സ്വന്തം വംശത്തിൽ പെട്ടവർ തന്നെ ചതിക്കുമ്പോഴും ഒരു ജന്മം മുഴുവൻ കാട്ടിലൂടെ അലഞ്ഞ് നടന്ന കിരീടം വയ്ക്കാത്ത ഒരു രാജാവിന്റെ കഥ, അതിന്റെ കാല്പനികതയായിരുന്നു ഉദയ്പൂർ കൊട്ടാരം ചുറ്റികാണുന്ന നേരമത്രയും മനസ്സിൽ.

ചതിയുടെയും വഞ്ചനയുടെയും ആഭ്യന്തരയുദ്ധകാലത്ത് പണിതത് കൊണ്ടാവാം വഴി തെറ്റിക്കുന്ന കോണുകളും ഇടുങ്ങിയ ഇടനാഴികളും രഹസ്യവഴികളും ഉയരം കുറഞ്ഞ മച്ചുകളും നിറഞ്ഞ ഒരു വിസ്മയലോകമാണ് ഉദയ്പൂർ കൊട്ടാരം. ഭൂഗർഭ അറകളും തുരങ്കങ്ങളും പണിയാനുള്ള എളുപ്പത്തിനായി ഒരു കുന്നുനെ ചുറ്റിയാണ് കൊട്ടാരം പണിതിരിക്കുന്നത് എന്ന് ഗൈഡ് പറഞ്ഞതിന് തെലിവായി അഞ്ചാം നിലയിൽ പടർന്ന് നിൽക്കുന്ന ഒരു ആൽമരം ഉണ്ടായിരുന്നു. രാജ്ഞിയും പരിചാരികമാരും ഹോളി കളിക്കുന്ന അകത്തളങ്ങൾ. കൊട്ടാരത്തിന്റെ പല ഭാഗങ്ങളും ഓരോ രാത്രിയിലും ഒരു ദിവസത്തിന് ലക്ഷകണക്കിന് രൂപ എന്ന നിരക്കിൽ ബുക്ക് ചെയ്യപ്പെടുന്ന പാർട്ടി ഹാളുകൾ ആണ്, ഇവിടെ കല്യാണവും മെഹന്ദിയും വിരുന്നും നടത്തിയവരിൽ ഹോളിവുഡ് നടന്മാർ മുതൽ ഇന്ത്യൻ രാഷ്ട്രീയ പ്രമുഖന്മാർ വരെയുണ്ടത്ര. 

വെള്ളി പിത്തള ഖനികളാണ് ഉദയ്പൂരിന്റെ സമ്പത്തിന്റെ അടിത്തറ, വെള്ളിയിൽ നിർമ്മിച്ച ഒരു കൈവണ്ടി മുതൽ കല്യാണമണ്ഡപം വരെ അവിടെയുണ്ടായിരുന്നു. സൂര്യവംശി രാജവംശത്തിലെ രാജാക്കന്മാരായിരുന്നു രജപുത്രന്മാർ സൂര്യനുണരാൻ താമസിക്കുന്ന തണുപ്പ് കാലങ്ങളിൽ സൂര്യവന്ദനം നടത്തി പ്രഭാതഭക്ഷണം കഴിക്കാൻ നിർമ്മിച്ച സ്വർണ്ണ സൂര്യരൂപത്തിന്റെ പിത്തളരൂപം തന്നെ അതിശയിപ്പിക്കുന്നതായിരുന്നു, അപ്പോളതിന്റെ സ്വർണ്ണ പ്രതിമ എത്ര വർണ്ണനാതീതമായിരിക്കും എന്ന് സങ്കൽപ്പിക്കാൻ മാത്രമേ ആവൂ. 

ഉച്ചഭക്ഷണം അന്വേഷിച്ച് നടന്ന വഴിയിൽ പാലസ് മാർക്കറ്റിൽ പാഷ മുഹമ്മദ് അംജദ് എന്ന അത്തറു കടക്കാരനെ കണ്ടത്, സ്ഫടികക്കുപ്പികൾ നോക്കി നിൽക്കുന്ന എന്റെ കണ്ണിലെ തിളക്കം കണ്ടാവാം പേർഷ്യൻ വ്യാപാരികൾ വഴി രാജകുമാരികൾക്കായി അത്തറുകൾ ഇന്ത്യയിലെത്തിയതു, അത്തറുകൾ ഉണ്ടാക്കുന്ന രീതികളും, അത്തറിന്റെ പ്രത്യേകതകളും അത്തറുകൾ നമ്മുടെ മനസ്സിന്റെ മൂഡനുസരിച്ചാണ് തിരഞ്ഞെടുക്കണ്ടതെന്നും ഒക്കെ പറഞ്ഞു തന്നു, ലില്ലിയും ഊദും പച്ചോലിയും ഒരോ ചെറിയ കുപ്പിയിൽ വാങ്ങുമ്പോൾ ഇനിയൊരിക്കലും കാണില്ലെന്നറിയുമ്പോഴും ‘ഇനിയും കാണാം , ഇൻഷാ അള്ളാ‘ എന്ന് പറഞ്ഞയച്ച വൃദ്ധന്റെ മനസ്സ് പോലെ ആ അത്തറുകൾ ഇപ്പോഴും സുഗന്ധം പരത്തുന്നു.

ഉദയ്പൂർ കൊട്ടാരത്തിൽ നിന്നിറങ്ങിയ ഞങ്ങൾ ലേക്ക് പിച്ചോളയിൽ ഒരു ബോട്ട് യാത്രയ്ക്കാണ് പിന്നെ പോയത്. ഉദയ്പൂരിലെ മറ്റ് രണ്ട് പോയിന്റുകളായ ലേക്ക് പാലസും ജഗ്മന്ദിറും പിച്ചോള തടാകത്തിനകത്ത് തന്നെയാണ്. അതിൽ ലേക്ക് പാലസ് ITC യുടെ പഞ്ചനക്ഷത്ര ഹോട്ടലും ജഗ്മന്ദിർ ഉദയ്പൂർ ഹോട്ടൽസിന്റെ ഓപ്പൺ പാർട്ടി ഏരിയയും ആണ്.ലേക്കിന് ചുറ്റും പേര് കേട്ട എല്ലാ നക്ഷത്ര ഹോട്ടലുകളുടെയും പേരുകൾ കാണാം. ഒരു കാലത്ത് The Romantic Destination of India എന്നറിയപ്പെട്ടിരുന്ന ഉദയ്പൂർ ഇപ്പോൾ ട്രാഫിക്ക് കാരണം ഹൊറർ ഡെസ്റ്റിനേഷനായി എന്ന് ഗൈഡ് പറഞ്ഞപ്പോൾ വെറുതെ ബാംഗളൂരിനെ ഓർത്തു.. ഇവിടെ ഒരു ജീവിതകഥ ഒരു ട്രാഫിക്ക് കുരുക്കിൽ തീർക്കാം.

രാജസ്ഥാനിലെ അവസാന സൂര്യാസ്തമയം കാണാൻ പോയത് ഫത്തേഹ് സാഗർ ലേക്കിന്റെ തീരത്തേയ്ക്കാണ്. അസ്തമയ സൂര്യൻ ഒരു കുങ്കുമപൊട്ട് പോലെ മാഞ്ഞ് പോവുമ്പോൾ തെളിഞ്ഞ വഴിവിളക്കുകളുടെ പ്രകാശത്തിൽ ഫത്തേഹ് സാഗർ തടാകത്തിന്റെ തീരത്തെ പാതയോരങ്ങൾ ജീവൻ വച്ചു. രാജസ്ഥാനിലെ അവസാന രാത്രി ഇക്കഴിഞ്ഞതത്രയും ചരിത്രത്തിന്റെ ഏതോ ഏടുകളിൽ കഴിഞ്ഞ് പോയ കുറച്ച് സ്വപ്ന നിമിഷങ്ങൾ മാത്രമായിരുന്നോ എന്ന സംശയം മാത്രം ബാക്കി നിർത്തി.

പിറ്റേന്ന് ഒരു മുഴുനീള യാത്രയുടെ ദിവസമായിരുന്നു. വീട് പറ്റാൻ ദെശാടനകിളികൾ തിരികെ പറക്കുന്നത് പോലെ, ഉദയ്പൂരിൽ നിന്ന് രത് ലം, ധുലെ വഴി നാസിക്ക്ലേയ്ക്ക്. രാജസ്ഥാൻ അസ്ഥിമരങ്ങൾ പൂത്തുലഞ്ഞ എള്ളിൻ പാടങ്ങൾക്കും പരന്നൊഴുകുന്ന മഹാനദികൾ കടക്കുമ്പോൾ കരിമ്പിൻ പാടങ്ങൾക്കും വഴിമാറുന്ന പ്രകൃതിയുടെ പല മുഖഭാവങ്ങൾ കണ്ട് നാസിക്കിലെത്തുമ്പോൾ രാവേറെ കഴിഞ്ഞിരുന്നു.


വർഷം മുന്തിരിവീഞ്ഞിന്റെ മത്ത് പിടിച്ച ഗന്ധത്തിൽ പതഞ്ഞൊഴുകി പോവുന്ന ഓർമ്മയാവാനാണ് നാസിക്കിലെ സുല വൈൻ യാഡ്സ് യാത്രയുടെ അവസാന പാദമാക്കിയത്. സുല അവരുടെ സിൽ വർ ജൂബിലി ആഘോഷിക്കാൻ പ്രത്യേകമായി തയ്യാറാക്കിയ ഇന്ത്യൻ മോട്ടിഫ് ഡിസൈനർ പ്രിന്റിങ്ങ് നടത്തിയ ഒരു ഭീമൻ കുപ്പിയാണ് സുല വൈനറിയിലേയ്ക്ക് ഞങ്ങളെ വരവേറ്റത്. മൂന്ന് മുന്നരയടി പൊക്കം മാത്രമുള്ള ദിവസം മുഴുവൻ സൂര്യന്റെ വെളിച്ചം കിട്ടാൻ പാകത്തിൽ നട്ടിരിക്കുന്ന മുന്തിരി ചെടികളുടെ ഭംഗി ആസ്വദിക്കാൻ മട്ടുപാവിൽ സ്ഥലമൊരുക്കിയിട്ടുണ്ട്, റസ്റ്റോറന്റിൽ നിന്ന് അവരുടെ പല തരത്തിലുള്ള വൈനും നുണയാം. 





മുക്കാൽ മണിക്കൂർ നീളുന്ന വൈനറി ടൂറിനിടയ്ക്ക് വീഞ്ഞുണ്ടാക്കാൻ ഉപയോഗിക്കുന്ന മുന്തിരിയുടെ വിശേഷതകളും സാധാരണ മുന്തിരിയിൽ നിന്നും അതിനുള്ള വ്യത്യാസവും ഗൈഡ് വിശദീകരിച്ചു. മുന്തിരി പൾപ്പിനെ തോലിൽ നിന്നും വേർപെടുത്തിയെടുക്കുന്ന പൾസർ യൂണിറ്റും പലതരം വീഞ്ഞുകൾക്കായി 40 ദിവസം മുതൽ മൂന്ന് മാസം വരെ മുന്തിരിയും പഞ്ചസാരയും ലവണങ്ങളും ചേർത്ത് പുളിപ്പിക്കാനീടുന്ന വലിയ സ്റ്റീൽ ബോയിലറുകളും റെഡ് വൈൻ സൂക്ഷിക്കുന്ന ഓക്ക് മരത്തിന്റെ ബാരലുകൾ നിരന്നിരിക്കുന്ന സ്റ്റോറിങ്ങ് റൂമും ഒക്കെ കാണാൻ ആവും. 

കാലാവസ്ഥ അനുകൂലമായാൽ വർഷം മുഴുവൻ വിളവ് എടുക്കാനാവുന്ന രീതിയിലാണ് മുന്തിരി ചെടികൾ നട്ടിരിക്കുന്നത്, പാകമായ മുന്തിരിക്കുലകൾ പറിക്കുന്ന വിധവും(മെഷീൻ/മാന്വൽ) സമയവും വരെ അവയുടെ അസിഡിറ്റിയും മധുരവും തീരുമാനിക്കുന്നു പോലും. പറിച്ചെടുത്ത മുന്തിരിക്കുലകൾ ക്രഷർ യൂണിറ്റുകളിൽ ഇട്ട് തോലും കുരുവും വേർതിരിക്കിലാണ് ആദ്യ ഭാഗം, വെള്ള വീഞ്ഞ് ഉണ്ടാക്കാൻ മുന്തിരി നീരിനെ ഉടനെ തന്നെ മാറ്റുന്നു, റെഡ് വൈനാണെങ്കിൽ തോലിൽ നിന്നിറങ്ങുന്ന നിറം കിട്ടാൻ കുറെ ദിവസങ്ങൾ തന്നെ മിക്സ് ചെയ്തിടുന്നു. മൂന്നാൾ പൊക്കമുള്ള ബാരലുകളിലാണ് വീഞ്ഞ് പുളിപ്പിക്കാനിടുന്നത്, 10 ദിവസം മുതൽ മൂന്ന് മാസം വരെ ഈ ബാരലുകളിൽ സൂക്ഷിക്കപ്പേടുന്നു പോലും. അതിന് ശേഷം ഇവയെ ഓക്ക് ബാരലുകളിലേയ്ക്ക് മാറ്റുന്നു, പഴക്കം കൂടുന്തോറും വൈനിന്റെ സ്മൂത്ത്നെസ്സ് കൂടും പോലും.

വൈനറി സന്ദർശത്തിന്റെ മറ്റൊരു ആകർഷണ ഘടകമായിരുന്നു വൈൻ ടേസ്റ്റിങ്ങ്. സുല വൈൻ കമ്പനിക്കാരുടെ ആറ് തരം വൈനുകൾ ഉണ്ടാവും ടേസ്റ്റിങ്ങ് മെനുവിൽ. വൈൻ ഗ്ളാസ്സ് എങ്ങനെ പിടിക്കണം എന്നത് മുതൽ വൈൻ രുചിയറിഞ്ഞ് കഴിക്കാൻ എത്ര അളവാണ് ഒഴിക്കേണ്ടത് എന്ന് വരെ അവർ ആമുഖത്തിൽ പറയും. പിന്നെ ഓരോ വൈനും അതിന്റെ മണമറിഞ്ഞ് രുചിയറിഞ്ഞ് കഴിക്കാനുള്ള നിർദ്ദേശങ്ങൾ. പിതൃക്കൾക്ക് മൂന്ന് തുള്ളി നേദിച്ച് കമിഴ്ത്തുന്നവരൊക്കെ നിർദ്ദേശങ്ങൾ പറയുന്നതിന് മുൻപേ ഗ്ളാസ്സ് കാലിയാക്കിയിരുന്നു.

ഏറ്റവും മധുരം കുറഞ്ഞ വൈനാണ് ഡ്രൈ വൈൻ, ഏറ്റവും മധുരം കൂടിയതിനെ ഡെസേർട്ട് വൈൻ എന്നും വിളിക്കുന്നു. വൈൻ ടേസ്റ്റിങ്ങിന് വച്ചിരുന്ന വറൈറ്റികളിൽ എനിക്കിഷ്ടമായത് സുലയുടെ ആനിവേഴ്സറി പ്രമാണിച്ച് പുറത്തിറക്കിയ  ‘ബ്രൂട്ട്‘ എന്ന  ഡ്രൈ വെറൈറ്റി ആണ്

കമ്പനി ഷോപ്പിൽ നിന്നും വൈൻ കുപ്പികളും വാങ്ങിയിറങ്ങുമ്പോൾ മുന്തിരിചെടികളുടെ തലപ്പിന് മേലെ സൂര്യൻ യാത്ര പറഞ്ഞ് ഇറങ്ങിയിരുന്നു.. ഓർമകളുടെ ഭാണ്ഡം മുറുക്കികെട്ടി ഞങ്ങളും.
ഓരോ യാത്രയും മനുഷ്യൻ ഒരേ സമയം പുറം ലോകത്തേയ്ക്കും അവനവന്റെ ഉള്ളിലേയ്ക്കും നടത്തുന്ന യാത്രകളാണ്. അത് വരെ കാണാത്ത ലോകത്തിന്റെ സൗന്ദര്യവും കാല്പനികതയും ചരിത്രവും അത് എഴുതി ചേർത്ത തലമുറകളുടെ പരിശ്രമങ്ങളും കാരണങ്ങളും ഒരു നിഴൽ ചിത്രം പോലെ മാഞ്ഞ് പോവുന്ന നമ്മുടെ ജന്മങ്ങളുടെ വലിപ്പക്കുറവും മൂട്പടം വച്ച വണ്ടിക്കുതിരകളുടേത് പോലെയുള്ള നമ്മുടെ ഹ്രസ്വദൃഷ്ടിയെ ചോദ്യം ചെയ്യുകയും ചെയ്യും..

രാജകുമാരികൾ നടന്ന ഈ ഇടവഴികളിലും അകത്തളങ്ങളിലും കൗതുകം നിറഞ്ഞ കണ്ണുകളുമായി ഞാൻ നടത്തിയ യാത്രയുടെ ഓർമ്മകൾ അങ്ങനെ അവസാനിക്കുന്നു..


 


3 comments:

  1. കൊള്ളാം കേട്ടോ... വളരേ നല്ല യാത്രാ വിവരണം....

    ReplyDelete