പുഷ്കറിൽ
നിന്ന് പുറപ്പെടുമ്പോൾ തന്നെ സന്ധ്യയായിരുന്നു. രാവേറെയാകും ജോധ്പൂരെത്തുമ്പോൾ. വഴിയിലെവിടെ നിന്നെങ്കിലും വയറു നിറയെ നോൺ വെജ്ജും കഴിച്ചു വേണം ഇന്നുറങ്ങാൻ
എന്ന പ്രതിജ്ഞ മനസ്സിൽ കല്ലായി കിടക്കുന്നു. വഴിയോര ധാബകളിലെ റൊട്ടിയും പകുതി വെന്ത മഞ്ഞക്കളർ ചോറും
ദാലും മാത്രം കഴിച്ച് മടുത്ത് തുടങ്ങിയിരുന്നത് കൊണ്ട് ചോട്ടാറാമിന്റെ കുടിലിൽ
എത്തി തന്നെ ആഹാരം കഴിച്ചാലും മതി എന്നൊരു തോന്നലും ഉണ്ടാവാതിരുന്നില്ല. പച്ചരി
ചോറായാലും ഒരിത്തിരി കഞ്ഞി മതി എന്നൊരവസ്ഥ. കൂട്ടിന് നല്ല തന്തൂരി ചിക്കൻ
എവിടുന്നെങ്കിലും കിട്ടിയാൽ വാങ്ങി പോവാം എന്ന ഐഡിയയുമുണ്ടായി.
ഓം ബന്നയും ബുള്ളറ്റും |
പുഷ്കറിൽ
നിന്ന് നാലു മണിക്കൂറാണ് ജോധ്പൂരിലെ സലാവാസ് എന്ന നെയ്ത്തുകാരുടെ
ഗ്രാമത്തിലേയ്ക്ക്. ബ്യേവർ, സൊജട്ട്, പാലി വഴി ലൂണി നദിയെ കടന്നാണ് ഞങ്ങൾ
പോവുന്നത്. പാലിയെത്തിയപ്പോഴേയ്ക്കും എട്ടൊൻപത് മണിയായി. ആഹാരം അന്വേഷിച്ച് ഇപ്പോൾ
തന്നെ ഒന്ന് രണ്ട് കടകളിൽ നിർത്തികഴിഞ്ഞിരുന്നു. കൂട്ടത്തിലുള്ളവർ രണ്ടു
കിലോമീറ്റർ മുന്നിൽ നിർത്തിയിട്ടിട്ടുണ്ട് എന്ന് പറഞ്ഞതനുസരിച്ച് ശ്രദ്ധിച്ചാണ്
പോയതെങ്കിലും വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ അവരെ കടന്ന് ഞങ്ങൾ പോയി, പിന്നെയൊരു U-turn ന് നാലഞ്ച് കിലോമീറ്റർ പോവേണ്ടി വന്നു. അവിടെയാണ് ബുള്ളറ്റ് ബാബ് ഞങ്ങൾക്ക്
വേണ്ടി കാത്തിരുന്നത്. ഓം ബന്ന എന്ന ബുള്ളറ്റ് ബാബയുടെ 350cc എൻഫീൽഡ് ബുള്ളറ്റാണ്
ഇവിടെ ചില്ല് കൂട്ടിലെ പ്രതിഷ്ഠ. 1991-ൽ ഒരപകടത്തിൽ ഓം ബന്ന മരിക്കുമ്പോൾ അദ്ദേഹം
സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മരണശേഷവും ആ സ്ഥലത്ത് നിന്ന് ആർക്കും എടുത്ത്
മാറ്റാനാവാതെ വന്നപ്പോഴാണ് അത് അത്ഭുതവും പതുക്കെപതുക്കെ ദൈവവും ആയത്. ഞങ്ങൾ
നിർത്തിയ സ്ഥലത്ത് ബുള്ളറ്റ് ബാബ ഭജനുകളുടെ സി.ഡിയും, ഫോട്ടോയും കീച്ചെയിനും
മറ്റും വിൽക്കുന്ന കടയായിരുന്നു. ബുള്ളറ്റ് ഒരു ചില്ലുകൂട്ടിനുള്ളിൽ
അടച്ചുറപ്പിച്ചിട്ടുണ്ട്. ചില്ലുകൂടിന് മേലെ കുന്നുകൂടിയ ജമന്തിമാലകളും നിറഞ്ഞ്
കവിഞ്ഞ കാശ് കുടുക്കയും ബാബയ്ക്ക് ആരാധകർ ഒട്ടും കുറവല്ലെന്ന് തെളിയിച്ചു.
ബുള്ളറ്റ് ബാബ ദർശനവും
കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഞങ്ങളുടെ യാത്ര ഹൈവേ വിട്ട് ഒരു മൺപാതയിലേയ്ക്ക്
കയറി, ഇരു വശത്തും മരുഭൂമിയിലെ കള്ളി ചെടികളും മറ്റും പടർന്ന ഒരു ഗ്രാമ പ്രദേശം,
ഏകദേശം അരമണിക്കൂറിൽ ഞങ്ങൾ നെയ്ത്തുകാരുടെ ഗ്രാമമായ സലാവാസിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തി.
ഞങ്ങളെ കാത്ത് ചോട്ടാറാമും ചെമ്മണ്ണ് തേച്ച മൺകുടിലുകളും നിൽപ്പുണ്ടായിരുന്നു.
വൈകിയെത്തിയ ഞങ്ങൾക്ക് വേണ്ടി അവർ അത്താഴമൊരുക്കാം എന്ന് പറഞ്ഞപ്പോൾ ആശ്വാസമായി.
എല്ലാവരും തടുക്കിട്ട നിലത്ത് തണുത്ത് വിറച്ചിരുന്നു.. കാത്തു കാത്തിരുന്ന്
വലിയൊരു തളികയിൽ കിട്ടിയത് പണ്ട് അമ്മാമ അടുപ്പിന്റെ മുകളിൽ ഉണക്കാനിട്ടിരുന്ന
ഇടിയിറച്ചിയുടെ കട്ടിയും ലുക്കും ഉള്ള ബാജ്ര റൊട്ടിയും കത്രിക്ക വഴറ്റിയ കറിയും
കഷണങ്ങളൊന്നും ഇടാത്ത മോരു കാച്ചിയതും, ബുള്ളറ്റിന്റെ ശക്തി വിശ്വസിക്കാഞ്ഞതിന് ബാബ പണി തന്നുവെന്ന്
മനസ്സിലായി. ഉൾനാടൻ പ്രദേശമായിരുന്നതിനാൽ തണുപ്പിന്റെ ശക്തി മൂന്നിരട്ടി
ആയിരുന്നു.
കയ്യിലുണ്ടായിരുന്ന മിക്സ്ചറും കോൺഫ്ളേക്സും തിന്ന്
കെറ്റിലിലുണ്ടാക്കിയ കട്ടൻ ചായയും കുടിച്ച് ഞങ്ങൾ കിടന്നുറങ്ങി.
അതിരാവിലെ കുരുവികളുടെ ചലപില
കേട്ടാണ് ഉണർന്നത്, ഞങ്ങളുടെ കുടിലിനുള്ളിൽ തന്നെ ഒരു കുരുവി കുടുംബം
താമസിക്കുന്നുണ്ടായിരുന്നു, അമ്മക്കിളി വരുമ്പോൾ കൂട്ടിന് വെളിയിലെത്തി
തലനീട്ടുന്ന കുരുവികുഞ്ഞുങ്ങളെ കാണാൻ തന്നെ ഒരു ഓമനത്തം ഉണ്ടായിരുന്നു.
കുശലം പറച്ചിലിനിടയിൽ
ചോട്ടാറാമിന്റെ നാട്ടിലെ മുഴുവൻ വിവരങ്ങളും അറിഞ്ഞപ്പോഴാണ് ബുള്ളറ്റ് ബാബ ഞങ്ങളെ
രക്ഷിക്കുകയായിരുന്നു എന്ന് മനസ്സിലായത്. അഞ്ച് കുടിലുകളും അധികമായി പണിത രണ്ടോ
മൂന്നോ മുറികളുമാണ് ചോട്ടാ റാമിന്റെ ഹോംസ്റ്റെ, ഇന്ത്യൻ ഗ്രാമജീവിതവും
മിത്തോളജിക്കൽ കഥകളും ആസ്വദിക്കാൻ എത്തുന്ന വിദേശികൾക്കായി പണി തീർത്തിരിക്കുന്ന
ഒരു അന്തരീക്ഷം. പണ്ടെന്നോ അങ്ങനെയെത്തിയ ഒരു വിദേശിക്ക് വേണ്ടി ഓമ്ലറ്റ്
ഉണ്ടാക്കിയെന്നും പിറ്റേന്ന് ചോട്ടാ റാമിലെ കുടുംബത്തിന് മുഴുവൻ പനി പിടിച്ചെന്നും
മുട്ട വീട്ടിലുണ്ടാക്കിയതിന്റെ ദൈവകോപം ആണ് അതെന്നാണ് പൂജയിൽ തെളിഞ്ഞതെന്നും അതിന്
ശേഷം മുട്ടയോ മാംസമോ ആ വീട്ടിലോ ഗ്രാമപ്രദേശത്തോ അടുപ്പിക്കില്ല എന്നും കൂടി
ചോട്ടാറാം പറഞ്ഞപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴംചൊല്ല് ഞങ്ങൾക്ക്
കൂടുതൽ മനസ്സിലായി.
അതിരാവിലെ കിട്ടിയ നുറുക്ക്
ഗോതമ്പ് ഉപ്പുമാവും ആലൂ പറൊട്ടയും അച്ചാറും തൈരും ഗ്ളാസിലേയ്ക്ക് ഒഴിക്കുമ്പോഴേ
തണുത്ത് പോവുന്ന ചായയും കുടിച്ച് ഞങ്ങൾ ജോധ്പൂർ കാണാൻ ഇറങ്ങി.
ജയ്പൂരിനെ അപേക്ഷിച്ച് വളരെ
ചെറുതും തിരക്ക് കുറഞ്ഞതുമാണ് ജോധ്പൂർ പട്ടണം. ഇന്ത്യയുടെ ‘സൺ സിറ്റി‘
എന്നറിയപ്പെടുന്ന ജോധ്പൂർ, റാത്തോർ രാജവംശത്തിലെ രജപുത്ര വീരനായിരുന്ന റാവോ
ജോധയുടെ കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെട്ടത്, മാർവാർ എന്ന രാജ്യത്തിന്റെ
തലസ്ഥാനമായിരുന്നു അന്ന് ജോധ്പൂർ. ജോധ്പൂരിലെ പ്രധാന ആകർഷണങ്ങൾ ഉമൈധ് ഭവനും
മെഹ്രാൻ ഗഡ് കോട്ടയും റവോ ജോധാ റൊക്ക് ഗാർഡനും ആണ്. ഞങ്ങളുടെ ആദ്യ സന്ദർശനം ഉമൈദ്
ഭവനിലേയ്ക്കായിരുന്നു. ഇപ്പോഴത്തെ രാജാവ് ഗജ് സിങ്ങിന്റെ മുത്തച്ഛൻ ഉമൈദ്
സിങ്ങിന്റെ കാലത്താണ് 347 മുറികളുള്ള ഈ രാജസൗധം പണിതീർത്തത്, 1929 -ൽ ജോധ്പൂർ ഒരു
വലിയ വരൾച്ചയിലൂടെ കടന്ന് പോവുകയായിരുന്നു, കാർഷികവൃത്തി നടത്താൻ
നിവൃത്തിയില്ലാതിരുന്ന പ്രജകൾക്ക് ജോലി കൊടുക്കാനാണ് രാജാവായ ഗജ് സിങ്ങ്
കൊട്ടാരത്തിന്റെ പണി ആരംഭിച്ചത്. 24 വർഷങ്ങൾ കൊണ്ടാണ് ഇന്നത്തെ ഈ മഹാസൗധം
പണിതീർത്തിരിക്കുന്നത്. ചിറ്റാർ കുന്നുകളിൽ പണിത ഈ കൊട്ടാരത്തിനായി കല്ലുകൾ മക്രാണ
കുന്നുകളിൽ നിന്നാണ് കൊണ്ടു വന്നിരുന്നത്, അതിനായി ഇന്ത്യയിൽ തന്നെ ആദ്യമായി
നാരോഗേജ് റെയിലുകൾ പണിതതും ഗജ് സിങ്ങായിരുന്നു.
ഇന്ന് കൊട്ടാരത്തിന്റെ ഒരു
ഭാഗത്ത് രാജവംശവും മറ്റൊരു ഭാഗം താജ് ഗ്രൂപ്പിന്റെ 7 സ്റ്റാർ ഹോട്ടലും മറ്റൊരു
ഭാഗത്ത് മ്യൂസിയവും ആണ്. മ്യൂസിയത്തിൽ മൂന്ന് മുറികളിലായി ജോധ്പൂർ രാജവംശത്തിന്റെ
പ്രതാപകാലത്തെ ചിത്രങ്ങളും ആഭരണങ്ങളും തുടങ്ങി അമൂല്യങ്ങളും സവിശേഷങ്ങളുമായ
വസ്തുക്കളുടെ പ്രദർശനമാണ്. പലതരം ക്ളോക്കുകളുടെ ശേഖരം വളരെ കൗതുകകരമായിരുന്നു,
മോതിരത്തിലുറപ്പിച്ച ക്ളോക്ക് വരെയുണ്ടായിരുന്നു ആ കൂട്ടത്തിൽ.
ഉച്ചഭക്ഷണമന്വേഷിച്ച് അധികം
ദൂരം പോകേണ്ടി വന്നില്ല, ജോധ്പൂരിലെ കലിംഗ റസ്റ്റോറന്റിൽ ഞങ്ങൾക്കായി കാത്തിരുന്ന
കോഴി ബിരിയാണിയും മട്ടൺ ബിരിയാണിയും ഞങ്ങളുടെ വയറിന്റെ പ്രാർത്ഥന കേട്ട ദൈവങ്ങളുടെ
അനുഗ്രഹമായി. അങ്ങനെ സന്തോഷം തുള്ളിതുളുമ്പുന്ന വയറും മനസ്സുമായി ഞങ്ങൾ റാവോ ജോധാ
റൊക്ക് ഗാർഡൻ കാണാൻ പുറപ്പെട്ടു.
മരുഭൂമിയുടെ സൗന്ദര്യം
മുഴുവൻ ആവാഹിച്ച് മെഹ്രാൻ ഗഡ് കോട്ടയുടെ പരിസരത്ത് 72 ഏക്കറിൽ ഒരുക്കിയിരിക്കുന്ന
ഈ ബ്രഹത്തായ സംരംഭം ഇന്ത്യൻ മരുഭൂമികളിൽ കാണുന്ന അപൂർവ്വയിനം ചെടികളെയും
കല്ലുകളെയും ടൂറിസ്റ്റുകൾക്ക് പരിചയപ്പെടുത്താൻ 2006-ൽ പണികഴിപ്പിച്ചതാണ്. പച്ച,മഞ്ഞ,ചുവപ്പ്,നീല
എന്നിങ്ങനെ ഒരു കിലോമീറ്ററോളം നീളമുള്ള നാല് നടപ്പാതകൾ ഉണ്ട് പാർക്കിനുള്ളിലൂടെ,
ഒരു ഗൈഡിന്റെ സഹായമെടുത്ത് പോവുകയാണെങ്കിൽ ലക്ഷകണക്കിന് വർഷങ്ങൾ പഴക്കമുള്ള
ലാവാകല്ലുകളും, മരുഭൂമിയുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ പരിണമിക്കപ്പെട്ട ചെടികളും
ഒക്കെ കണ്ട് അത്ഭുതപ്പെടാം.
ഫോസിൽ കല്ല് കൊണ്ടുണ്ടാക്കിയ കപ്പുകൾ, |
കൂട്ടത്തിൽ ഫോസിൽ കല്ലുകളാണ് ഏറ്റവും അത്ഭുതമായി
തോന്നിയത് ലക്ഷകണക്കിന് വർഷങ്ങക്ക് മുൻപുള്ള ജീവികളുടെ ഫോസിലുകൾ അതേപടി
സൂക്ഷിക്കപ്പെട്ടിരിക്കുന്ന കല്ലുകൾ. ഹബ്ബൂർ ഗ്രാമത്തിൽ നിന്ന് കൂടുതലായി
കിട്ടിയിരുന്ന ഇവയെ ഹബ്ബൂർ കല്ലുകൾ എന്നും പറയാറുണ്ട്. ഈ കല്ലുകളിൽ സൂക്ഷിക്കുന്ന
ഭക്ഷണത്തിനും തൈരിനും വെള്ളത്തിനും ഔഷധമൂല്യമുണ്ടെന്നാണ് പുരാതനവൈദ്യം, അത് കൊണ്ട്
തന്നെ ഫോസിൽ കല്ലു കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ മുതൽ ഗ്ളാസുകളും വൈൻ ഗ്ളാസുകളും വരെ
വില്പനയ്ക്ക് കണ്ടു.. ഉൾകല്ല് കൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ ഗ്ളാസിന് 2000/- രൂപ
വരെ വില വരും.
മെഹ്രാൻ ഗഡ് കോട്ടയിലേയ്ക്ക്
വെള്ളമെത്തിക്കാൻ ആനകളെ ഉപയോഗിച്ച് പണികഴിച്ച ആനത്താരയും കോട്ട മതിലെ വ്യൂ
പോയിന്റുകളും മനോഹരവും കൗതുകകരവുമായ കാഴ്ചകളാണ്. പാർക്കിനുള്ളിൽ റൊപ്
സ്ളൈഡിങ്ങിനുള്ള സ്ജ്ജീകരണങ്ങളും ഉണ്ട്. ഇരുമ്പയിരിന്റെ സാന്ന്ധ്യം കാരണം കരിനീല
കലർന്ന വെള്ളം നിറഞ്ഞ കിടങ്ങുകൾ ഒരു അപൂർവ്വ കാഴ്ചയായിരുന്നു. പ്രകൃതിയിൽ
എന്തൊക്കെ അത്ഭുതങ്ങളാണ്, ആരോ തെളിക്കുന്ന വഴിയിലൂടെ മുഖപടം കെട്ടിയ കുതിരകളെ പോലെ
പാഞ്ഞ് പോവുമ്പോൾ നമ്മൾ കാണാതെ പോവുന്ന. കോട്ടയുടെ ഉയരങ്ങളിൽ നിന്ന് അസ്തമനവും
കണ്ട് അന്നത്തെ പകലിനോട് യാത്ര പറയുമ്പോൾ ഒരു മനുഷ്യായുസ്സിന് എന്തൊക്കെ അർത്ഥങ്ങൾ
എന്ന ചിന്തയായിരുന്നു മനസ്സ് മുഴുവൻ, ലക്ഷകണക്കിന് വർഷം ജീവിച്ച തേരട്ടകളെ പ്രകൃതി
തന്നെ ചിത്രമായി രേഖപ്പെടുത്തുമ്പോൾ തന്റെ കയ്യോപ്പൊന്ന് പതിച്ചിട്ട് പോവാൻ
വെപ്രാളപ്പെടുന്ന മനുഷ്യ ജന്മങ്ങൾ.
ചോട്ടാ റാമിന്റെ ബാജ്ര
റൊട്ടി ഒഴിവാക്കാൻ ആഹാരം കഴിച്ചിട്ടാണ് അന്ന് ഹോംസ്റ്റേയിലേയ്ക്ക് പോയത്. രാത്രി
ഇരുട്ടി വെളുക്കുവോളം കഥകളും പാട്ടുകളുമായി നാടൊടികൂട്ടം തീ കാഞ്ഞിരുന്നു. അടുത്ത
നഗരമായ ഉദയ്പൂരിലേയ്ക്ക് പോകും വഴി ‘ഇന്ത്യയുടെ വന്മതിൽ‘ ആയ കുമ്പൽ ഗഡ് കോട്ടയും
കൊട്ടാരവും കണ്ട് പോകാം എന്ന ചിന്തയുദിച്ചത്.
ഉദയ്പൂരിലെ രാജ്സമണ്ട്
ഡിസ്ട്രിക്റ്റിലാണ് UNESCO World heritage Site -ൽ ഉൾപ്പെടുത്തിയിട്ടുള്ള മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലമായ ഈ കോട്ട. ഈ
കോട്ടയുടെ സ്ഥാനവും പണികഴിപ്പിച്ചിരിക്കുന്ന രീതിയും കൊണ്ട് ഇതിന്റെ ചരിത്രത്തിൽ
തന്നെ ഒരിക്കൽ മാത്രമേ ഇത് കീഴടക്കപ്പെട്ടിട്ടുള്ളൂ എന്നാണ് ചരിത്രം അതും
ചതിയിലൂടെ. മേവാർ-മാർവാർ രാജവംശങ്ങളുടെ യുദ്ധങ്ങളിൽ എന്നും മേവാർ രാജവംശത്തിന്റെ
അഭയകേന്ദ്രമായിരുന്നു ഈ കോട്ട. ഉദയ്പൂരിലെ രാജാവായ ഉദയ്സിങ്ങിന്റെ ബാല്യം ചിറ്റോർ
കൊട്ട കീഴടക്കപ്പെട്ട കാലത്ത് ഇവിടെയായിരുന്നു. . 38 കിലോമീറ്റർ നീളമുള്ള ഈ
കോട്ടമതിൽ വലുപ്പത്തിൽ ലോകത്തിലെ രണ്ടാമൻ ആണ്. പതിമൂന്ന് മലകളിലായി പടർന്ന്
കിടക്കുന്ന കോട്ടയുടെ ഗാംഭീര്യം ഇത് വരെ കണ്ട ഒരു കോട്ടയ്ക്കും ഉണ്ടായിരുന്നില്ല. 6-ആം
നൂറ്റാണ്ട് മുതൽ ഇവിടെയൊരു കോട്ടയുണ്ടായിരുന്നതായി ചരിത്രം പറയുന്നു, ഈ കോട്ടയുടെ
വലുപ്പവും അതിനുള്ള ജൈന ഹിന്ദു ക്ഷേത്രങ്ങളും കൊട്ടാരത്തിന്റെ അകത്തളങ്ങളും
അതിന്റെ പഴക്കവും കൂട്ടിചേർക്കപെട്ട ചരിത്രത്തിന്റെ കഥകളും പറയും.
കുംബൽ ഗഡ് കോട്ടയും കണ്ട്
ഇരുട്ട് വീണ വഴികളിലൂടെ ഉദയ്പൂരിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ സ്വന്തം
കയ്യോപ്പൊന്ന് ചരിത്രത്തിൽ പതിപ്പിച്ചു വയ്ക്കാൻ ഓരോ മനുഷ്യനും ചെയ്യുന്ന
പ്രവൃത്തികളുടെ വലുപ്പവും വീര്യവും എത്ര വലുതാണെന്ന് ഓർത്ത് അത്ഭുതപ്പെടാനെ
കഴിഞ്ഞുള്ളൂ.
(തുടരും)
superbly written
ReplyDeleteഹലോ പാര്വതി നന്നയിട്ടുണ്ട്.
ReplyDelete