Thursday, February 23, 2017

അജ്മീർ ചദ്ദറും പുഷ്കർ ഘാട്ടും- മരുഭൂമിയുടെ മടിത്തട്ടിലൂടെ (6)



ജയ്പൂരിൽ നിന്ന് അജ്മീർ, പുഷ്കർ വഴി ജോദ്പൂർ എത്താനായിരുന്നു അടുത്ത പ്ളാൻ. ദൈവം അമ്പലങ്ങളിലും പള്ളികളിലും അല്ല, സ്നേഹിക്കുന്ന മനുഷ്യന്റെ മനസ്സിലും വിശക്കുന്നവന് ആഹാരം കൊടുക്കുന്ന കൈകളിലും ആണെന്ന് പറഞ്ഞ സൂഫി വര്യന്റെ ഖബറിടമാണ് ഒരിടത്തെങ്കിൽ ഹിന്ദു വിശ്വാസങ്ങളിലെ അപൂർവ്വതയായി സൃഷ്ടികർത്താവായ ബ്രഹ്മാവിന്റെ അമ്പലമാണ് പുഷ്കറിൽ..

കാലങ്ങളായി മനസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് അജ്മീർ ദർഗ്ഗ കാണുക എന്നത്, ഖവാലികളും സൂഫി സംഗീതവും കേൾക്കാൻ തുടങ്ങിയ കാലം മുതലേയുള്ള ആഗ്രഹം.

മതം ഭക്തിയേ വിപണിയാക്കുമ്പോൾ, വിശ്വാസത്തിന്റെ അടയാളങ്ങളെ അത്ഭുതങ്ങളാക്കുമ്പോൾ സംഭവിക്കുന്ന മൂല്യചുതി എവിടെയുമെന്ന പോലെ അജ്മീറിലും കാണാം, പ്രത്യേകിച്ചും ഈ നഗരത്തിന്റെ നിലനിൽപ്പ് തന്നെ ഈ ദർഗ്ഗയെ ചുറ്റിപറ്റിയാവുമ്പോൾ. 


പൃത്വിരാജ് ചൗഹാന്റെ പൂർവ്വപിതാക്കന്മാരായ അജയരാജ ഒന്നാമന്റെയും രണ്ടാമനെയും കാലത്താണ് അജയ മേരു എന്ന ഈ പർവ്വത പട്ടണം ഉണ്ടാക്കപെട്ടത്. ആ കാലഘട്ടത്തിലെപ്പോഴോ ഇന്ത്യയിലെത്തിയ മൊയ്നുദ്ദീൻ ചിഷ്ടി എന്ന സൂഫി വര്യന്റെ ഖബറിടം എന്ന പേരിലാണ് ഇന്ന് ഇവിടം കൂടുതൽ പേരറിയുന്നത്. പൃത്വിരാജ് ചൗഹാനെ കീഴടക്കിയ മുഗൾ ഭരണകാലത്ത് ഈ ദർഗ്ഗ അതിന്റെ പ്രൗഡ പ്രശസ്തി വരിച്ചിരുന്നു, മുഗൾ ചക്രവർത്തി അക്ബറും അദ്ദേഹത്തിന്റെ പത്നിയും എല്ലാ വർഷവും ആഗ്രയിൽ നിന്ന് ഇവിടെ വരെ നടന്ന് വരുമായിരുന്നു എന്നാണ് ചരിത്രം. ആഗ്ര മുതൽ അജ്മീർ വരെ അവർ താമസിച്ചിരുന്ന ഇടത്താവളങ്ങൾ അടയാളപെടുത്താൻ നാട്ടിയ മാർബിൾ കല്ലുകൾ ഇപ്പോഴും ശേഷിക്കുന്നു പോലും.

 ഖബറിന് മുകളിലെ പേർഷ്യൻ പരവതാനി
ഗരീബ് നവാസ് എന്നറിയപ്പെടുന്ന ഖ്വാജാജി സന്നിധിയിൽ ഓരോ ദിവസവും എത്തുന്നത് ലക്ഷകണക്കിന് ആൾക്കാരാണ്. നിസാം ഗേറ്റ് എന്നറിയപ്പെടുന്ന പ്രധാന കവാടവും ഷാജഹാനി ഗേറ്റ് എന്നറിയപ്പെടുന്ന രണ്ടാം കവാടവും കടന്നെത്തുന്നത് വിശാലമായ ഒരു അകത്തളത്തിലാണ്. ഇവിടുത്തെ പ്രധാന വഴിപാടായ ഖബറിടനത്തിന് മേലെയിടാനുള്ള പുതപ്പും വിതറാനുള്ള പൂവും പലവിലയ്ക്കുള്ള കിട്ടും. ഓരോ പുതപ്പും പ്രാർത്ഥനയുടെ ഒരു കുന്നോളം ഭാരവും പേറിയാണ് ആ ഖബറിലേയ്ക്ക് വീഴുന്നതെന്ന് തോന്നി..

ഖവാലി കേൾക്കണമെങ്കിൽ വൈകുന്നേരം ഏഴ് മണിക്ക് ശേഷം പോവണം, ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിൽ നിന്ന് തന്നെ ഒരു ദർഗ്ഗയ്ക്കുള്ളിൽ കടക്കാൻ അനുമതിയുള്ള ഗൈഡിനെ ഏർപ്പെടുത്തി തന്നത് മറ്റ് തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സഹായിച്ചു. ഇടുങ്ങിയ മാർകറ്റ് റോഡുകളിലൂടെ അയാൾ ഞങ്ങളെ സമയത്തിന് മുൻപേ ദർഗ്ഗയിലെത്തിച്ചു. ചദ്ദറും(പുതപ്പ്) പൂക്കളും അടങ്ങിയ കുട്ടയും വാങ്ങി ഞങ്ങളും ക്യൂ നിന്ന് ചദ്ദറുകളുടെ വിലയ്ക്കനുസരിച്ച് നീട്ടികുറുക്കി കൊടുക്കുന്ന അനുഗ്രഹവും വാങ്ങി അങ്കണത്തിൽ ഇരുപ്പുറപ്പിച്ചു. 

ഖബറിൽ വിതറാനുള്ള റൊസപൂക്കൾ അടുക്കിയ കുട്ടയും ഖബറിൽ വിരിക്കാനുള്ള പുതപ്പുമാണ് ഇവിടുത്തെ പ്രധാന നേർച്ച. നിസ്കാര ശേഷം പാവങ്ങൾക്ക് ആഹാരം കൊടുക്കുന്ന പതിവും ഇവിടെയുണ്ട് അതിനായി നേർച്ച സ്വീകരിക്കുന്ന വലിയ രണ്ട് കുടങ്ങളും(ദേഗ്) കണ്ടു. കോടികണക്കിനാണ് ആ ദേഗുകളിൽ വീഴുന്ന നേർച്ച, വയറുരുകുന്ന കുറച്ച് പേർക്കെങ്കിലും അതിൽ നിന്ന് ആശ്വാസം കിട്ടുന്നുണ്ടെന്ന് പ്രതീക്ഷിക്കാം.

മനുഷ്യന്റെ പേടിയാണ് മരണവും എന്തിനെന്ന് മനസ്സിലാവാത്ത വേദനകളും എങ്കിൽ ആ വേദനകളെ മയക്കുന്ന കറുപ്പാണ് വിശ്വാസം. കണ്ണീരൊഴുകിയിറങ്ങുന്നതറിയാതെ അഴികളിൽ മുഖമമർത്തിയിരുന്ന പ്രായം ചെന്ന ഒരു സ്ത്രീയെ നോക്കിയിരുന്നപ്പോൾ അവരുടെ വേദനകൾ എന്തായിരുന്നാലും അത് മാറ്റി കൊടുക്കണമേ എന്ന് ഞാനും പ്രാർത്ഥിച്ചു പോയി, ഒരു പക്ഷേ അതാവാം ഓരോ ദേവാലയങ്ങളും ചെയ്യുന്നത്. നമ്മിലും വേദനയുള്ളവരുണ്ടെന്ന അറിവിൽ നമ്മെ ആശ്വസിക്കാൻ പഠിപ്പിക്കുന്നത്.

ജീവിതത്തിന്റെ നശ്വരതകളെ ഓർമ്മിപ്പിക്കുന്ന സൂഫി സംഗീതത്തിൽ മനസ്സും ശാന്തി കണ്ടെത്തി. ഓരോ ദിവസവും അവിടെ ഓരോരുത്തരാവും നേർച്ചയായി പാടാനെത്തുക, സംഗീതത്തിന്റെ തലതൊട്ടപ്പന്മാർ പലരും അവിടെ വന്ന് പാടിയിട്ടുണ്ട് എന്ന് പറഞ്ഞ ഞങ്ങളുടെ ഗൈഡ് അഭിമാനിക്കുന്ന പോലെ തോന്നി.
 
വന്നതിവിടൊരു വിരുന്നുകാരനായി മാത്രമെന്ന് നീയറിഞ്ഞീടുക...
നാലേനാലു ദിനം നീളുന്ന വിരുന്നു കാലമീ ജീവിതമറിഞ്ഞീടുക...
കേൾക്ക, നിന്റെയീ സ്വരം, സ്വർണ്ണമീ വർണ്ണമനുഗമിക്കയില്ല നിന്നെ
ഒഴിഞ്ഞ കൈകളുമായി പിറന്നു നമ്മളഴിവതുമതു പോലെയന്നറിക നീ..” 

ആത്മാവിനെ അന്വേഷിച്ച് ആഴങ്ങൾ തേടി നടന്ന സൂഫികളുടെ പാട്ടുകൾ കൊണ്ട് മനസ്സ് ഉറങ്ങാതിരുന്ന രാത്രിയായിരുന്നു അത്.. ആത്മാവിനെ ആരോ കൈ നീട്ടി തൊട്ട രാത്രി..

അജ്മീറിലെ ദർഗ്ഗ പോലെ തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മധുര പലഹാരങ്ങളും, പാലും കോവയും കുറുക്കിയെടുത്തതിന്റെ വകഭേദങ്ങളാണ് പല രാജസ്ഥാനി മധുരപലഹാരങ്ങളും. സോഹൻ ഹൽ വയും എള്ളും ശർക്കരയും ചേർത്ത് നമ്മുടെ എള്ളുണ്ടയെ പരത്തിയെടുത്ത പോലത്തെ ചിക്കിയും ഒക്കെ ഗുണനിലവാരത്തിൽ വിശ്വസിക്കാവുന്നതെന്ന് ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം അജ്മീറിലെ ആനന്ദ് സ്വീറ്റ്സിൽ നിന്ന് ഞങ്ങൾ കുറെ മധുരവും അല്ലാത്തതുമായ പലഹാരങ്ങൾ വാങ്ങി കൂട്ടി.

അജ്മീറിൽ നിന്ന് പുറപ്പെട്ടത് മറ്റൊരു അത്ഭുതം കാണാൻ ആണ്, ഇന്ത്യയിലേ ഏറ്റവും പ്രാചീനവും അപൂർവ്വവുമായ പുഷ്കർ ബ്രഹ്മക്ഷേത്രം.. ഹിന്ദു വിശ്വാസങ്ങളിൽ ത്രിമൂർത്തികൾ മൂവരും ഒരേ പ്രാധാന്യം വഹിക്കുന്നവരായാലും ലോകമെങ്ങും ആരാധിക്കപ്പെടുന്നത് സ്ഥിതികർത്താവായ വിഷ്ണുവും സംഹാരമൂർത്തിയായ ശിവനും മാത്രമാണ്. ബ്രഹ്മാവിനെ പ്രതിഷ്ഠ വച്ച് ആരാധിക്കാത്തതിന് പല കഥകളും ഉണ്ട്.

വഴിമദ്ധ്യേ അണാസാഗർ തടാകം കണ്ടു, പൃഥ്വിരാജ് ചൗഹാന്റെ മുതുമുത്തച്ഛനായ അർണോരാജ ചൗഹാൻ പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച തടാകം.പതിമൂന്ന് കിലോമീറ്ററിൽ പരന്ന് കിടക്കുന്ന തടാകത്തിൽ വീശുന്ന മരുക്കാറ്റ് പോലും തണുത്ത് പോവുന്നു. ആരവല്ലി പർവ്വത നിരകളെ തുരന്നാണ് അജ്മീറിൽ നിന്ന് പുഷ്കറിലേയ്ക്കുള്ള വഴി, ഈ മലമ്പാതകളെ പുഷ്കർ ഘാട്ടി എന്നാണ് വിളിക്കുന്നത്, താഴ് വാരങ്ങളുടെ ഭംഗി ആസ്വദിക്കാൻ വഴിയിലുടനീളം വ്യൂ പോയിന്റ്സ് ഒരുക്കിയിട്ടുണ്ട്.. അറ്റം കാണാവുന്നിടത്തോളം നീണ്ട് കിടന്ന വടക്കൻ ഹൈവേകളുടെ മൊണൊട്ടണിയിൽ നിന്നൊരു മാറ്റമായിരുന്നു പെട്ടന്നു പ്രത്യക്ഷപെട്ട ആ ഹെയർപിൻ വളവുകളും മലമ്പാതയും.

വടക്കൻ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടില്ലാത്തവർക്ക് പുഷ്കറിലേയ്ക്കെത്തും മുൻപ് തന്നെ 10 രൂപ രസീത് തന്ന് 30 രൂപ വാങ്ങിക്കുന്ന പോലീസുകാരുടെ നിഴൽ വെട്ടം പോലുമില്ലാത്ത ചെക്പോസ്റ്റുകളും ബൈക്കിൽ പിന്തുടരുന്ന ഗൈഡുകളും ഒക്കെ ഭക്തിക്കു മുൻപേ ഭയം എന്ന വികാരമായിരിക്കും ഉണ്ടാക്കുക. ബോർഡുകളിൽ കാട്ടിയ വഴികളൊക്കെയും ബ്ളോക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു, അവിടെയെത്തുന്നവർക്ക് ഗൈഡുകളുടെ സഹായമില്ലാതെ പുഷ്കർ തടാകക്കരയിലോ ക്ഷേത്രത്തിലോ എത്താനാവില്ല എന്നുറപ്പ്. ഗൈഡുകളിടെയും പണ്ടിറ്റുകളുടേയും ഒരു പരസ്പര സഹായസഹകരണ ബിസിനസ്സാണ് അവിടുത്തെ പൂജാ പരിപാടികൾ, ഭക്തി അത് പുട്ടിന് പീര പോലെ നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഏറ്റിയും കുറച്ചും ഇടാം എന്ന അവസ്ഥ.


52 ഘാട്ടുകൾ(കടവുകൾ) ഉള്ള പുഷ്കർ തടാകം പുരാണങ്ങളിൽ വരെ പരാമർശിക്കപെട്ടിരിക്കുന്നു. ഒരിക്കൽ വജ്രനാഷ് എന്ന് പേരുള്ള അസുരനുമായുള്ള ഏറ്റുമുട്ടലിൽ ബ്രഹ്മാവിന്റെ താമരപ്പൂവ് താഴെവീണ ഇടമാണ് പുഷ്കറെന്നും താമരയുടെ 52 ഇതളുകളെ 52 കടവുകൾ പ്രതിനിധീകരിക്കുന്നു എന്നുമാണ് കഥ. പിൽക്കാലത്ത് ബ്രഹ്മാവ് ഇവിടെയൊരു മഹായാഗം നടത്താൻ തീരുമാനിക്കുകയും ഭാര്യാസമേതനായി ഇരിക്കേണ്ട യാഗത്തിന് ഭാര്യയായ സരസ്വതീ ദേവി വരാൻ വൈകിയതിൽ കോപിച്ച് വിഷ്ണുവിനോട് തനിക്കനുയോജ്യയായ അർദ്ധപാതിയെ തിരഞ്ഞെടുത്ത് തരാൻ പറഞ്ഞതിൽ പ്രകാരം, ഗായത്രി എന്നൊരു കന്യകയെ കണ്ടെത്തിയ വിഷ്ണു അവളെ കാമധെനുവിലൂടെ കടത്തിവിട്ട് പരിശുദ്ധയാക്കി പോലും. യാഗത്തിൽ പങ്കെടുക്കാനെത്തിയ സരസ്വതി തന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കണ്ട് കോപിക്കുകയും ഭാര്യയുടെ ആരാധന പോലും കെടുത്തികളഞ്ഞതിനാൽ ഇനി ആരും ബ്രഹ്മാവിനെ ആരാധിക്കാനിടവരാതിരിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു.  ഓരോ യുഗത്തിലും പിറന്ന് ഭാര്യാവിരഹവും മനുഷ്യദുഃഖവും അറിയാനിടവരട്ടെ എന്നൊരു ശാപം  സുഹൃത്തിനെ സഹായിച്ചതിന് വിഷ്ണുവിനും കൊടുത്തു, കോപം ഒട്ടൊന്ന് ശിച്ചപ്പോൾ പുഷ്കറിൽ ആരാധിക്കപ്പെടും എന്നൊരു ഇളവ് കൊടുത്തു പോലും, അതനുസരിച്ച് ഗൃഹസ്ഥർ പുഷ്കർ ഘാട്ടിൽ പൂജ നടത്തുകയും സന്യാസികളും ഭിക്ഷുക്കളും മാത്രമേ ബ്രഹ്മക്ഷേത്രത്തിൽ പൂജ നടത്താറുള്ളൂ എന്നും ഗൈഡ് പറഞ്ഞു. 


സരസ്വതിയുടെ ദുഃഖത്തെക്കാളും ബ്രഹ്മാവിന്റെ അവസ്ഥ അറിയുന്നവരുടെ കലിയുഗമായത് കൊണ്ടാവാം ബ്രഹ്മക്ഷേത്രത്തിൽ എല്ലാ തരക്കാരുടെയും തിരക്കായിരുന്നു. ഉച്ചയ്ക്ക് ഒന്നരവരെയേ നട തുറന്നിരിക്കൂ എന്ന് കേട്ട് ബ്രഹ്മക്ഷേത്രം ണാൻ ഓടി കിതച്ചാണ് ഞങ്ങൾ പോയത്, ആ ക്ഷീണം തിരിച്ചു വരവിൽ അവിടുത്തെ മാർക്കറ്റ് നോക്കി നടന്ന് തീർത്തു,രാജസ്ഥാനിലെ പ്രസിദ്ധമായ മാല്പൂവ കിട്ടുന്ന ഒരു കട തേടിയായിരുന്നു പ്രധാനമായും യാത്ര. രാബ്ബ്ഡി, മാല്പൂവ, ഗുൽഘണ്ട് ഇട്ട ലസ്സി ഒക്കെ മധുരത്തിന്റെ പലഭാവങ്ങളായി നാവിൽ തിരുവാതിര കളിച്ചു.


പുറപെട്ടിട്ട് ഒരാഴ്ചയ്ക്ക് മേലെ ആയിരിക്കുന്നു, മദ്യപാന വിമുക്ത കേന്ദ്രത്തിൽ പെട്ടു പോയ മദ്യപന്റെ അവസ്ഥയായി വയറിന്, ഒരു കോഴിക്കാൽ കടിച്ചിട്ട് ജന്മങ്ങളായത് പോലെ. പാതി വെന്ത മഞ്ഞ നിറത്തിലുള്ള ചോറ് തിന്നാൻ മടിച്ച് എല്ലാവരും റൊട്ടി കഴിച്ചു തുടങ്ങിയിരുന്നു, ദാലെന്ന് കേട്ടാൽ വാളെടുക്കുന്ന അവസ്ഥയായി. കോഴിക്കാലാണെന്ന് കരുതി എല്ലാവരും ഉപ്പിലിട്ട പച്ചമുളകിനെ ദേഷ്യത്തോടെ കടിച്ചു കുടഞ്ഞു..

പുഷ്കറിൽ നിന്ന് പുറപ്പെടുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. ഇന്ന് ചിക്കൻ തിന്നിരിക്കും എന്ന പ്രതിജ്ഞയിൽ മുക്കിയെടുത്ത കുങ്കുമവും തൊട്ടാണ് വണ്ടികൾ പുറപ്പെട്ടത്.. പക്ഷേ ജീവിതം പോലെ തന്നെ വഴിയിലെന്ത് കാത്തിരിക്കുന്നുവെന്ന് കേവലം മനുഷ്യർ നമുക്കെന്തറിയാം.. 

ജോധ്പൂരിൽ കുടിലുകളിൽ താമസിക്കാനാണ് ഈ യാത്ര, മണ്ണ് തേച്ച, പുല്ല് മേഞ്ഞ കുടിലുകൾ, ചോട്ടാറാം പ്രജാപത് എന്ന നെയ്തുഗ്രാമ പ്രതിനിധിയുടെ സ്വന്തം ഹോംസ്റ്റേ..അവിടെ ചെന്നിട്ട് വേണം അറിയാവുന്ന ഭാഷയിൽ അല്പം വെന്ത ചോറും അതിന്റെ വെള്ളവും, പറ്റിയാൽ ഒരു ഓമ്ലറ്റും ഉണ്ടാക്കി തരുമോ എന്ന് ചോദിക്കാൻ കരുതിയിരുന്നത്.. പോവുന്ന വഴി നല്ല തന്തൂരി ചിക്കൻ കിട്ടിയാൽ പായ്ക്ക് ചെയ്തു കൊണ്ടു പോകാം എന്നും തീരുമാനമായി..

പക്ഷേ, വിധിയെ ആർക്ക് തടുക്കാനാവും,

അല്ലെങ്കിൽ എട്ടൊൻപത് കിലോമീറ്റർ മുന്നോട്ട് പോയതിന് ശേഷം ‘ബുള്ളറ്റ് ബാബ‘യെ കാണാൻ ഞങ്ങൾ തിരിച്ചു വന്നതെന്തിന്.. കാണുന്ന കടകളിലൊക്കെ നിർത്തി നോക്കിയിട്ടും കോഴിക്കാൽ പോയിട്ട് ഒരു കോഴിമുട്ട പോലും ഞങ്ങൾക്ക് കിട്ടാതിരുന്നത് എന്തു കൊണ്ട്. ആപത്തിൽ പെട്ട യാത്രികരുടെ ആശ്രയമാണ് പോലും ബുള്ളറ്റ് ബാബ, ആ അനുഗ്രഹം കൊണ്ടാവുമോ ചോട്ടാറാമിന്റെയും കൊമ്പൻ മീശ വച്ച അച്ചൻ ജാദോ റാമിന്റെയും കൊടുവാളിൽ നിന്ന് ഞങ്ങൾ രക്ഷപെട്ടത്?

ബുള്ളറ്റ് ബാബയേയും ചോട്ടാറാമിനേയും ഞങ്ങളുടെ ചോര പറ്റാണ്ട് പോയ ആ കൊടുവാളിനെയും പറ്റി അടുത്ത ഭാഗത്തിൽ..

(തുടരും)


No comments:

Post a Comment