Monday, October 9, 2017

മഴക്കാടുകളിലെ മഴക്കുളിര് തേടി- വയനാടൻ യാത്ര (ഭാഗം 2)


നന്ദനം ഓരോ വളവും വീശിയെടുത്ത് തിരുനെല്ലി മല കയറുമ്പോഴൊക്കെയും ബ്രഹ്മഗിരി മഴക്കാലം സമ്മാനമായി കൊടുത്ത പച്ചകമ്പളവും പുതച്ച് ചിരിക്കാൻ പിശുക്ക് കാണിക്കുന്ന കാരണവരെ പോലെ നോക്കിനിൽപ്പുണ്ടായിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിന് അല്പം മുൻപ് ബ്രഹ്മഗിരി ട്രെക്കിങ്ങിന് തുടക്കത്തിലേയ്ക്കുള്ള പാതയും വഴിസൂചികയും കാണാം. തിരുനെല്ലിക്ഷേത്രത്തിന്റെ ചരിത്രം ക്രിസ്തുവർഷാരംഭത്തിനും ഒരുപാട് പിന്നിലേയ്ക്ക് പടർന്നു കിടക്കുന്നുണ്ട്. പത്താം നൂറ്റാണ്ടിൽ ഭാസ്കര രവി വർമ്മ ചേര രാജാവിന്റെ കാലഘട്ടത്തിൽ തിരുനെല്ലി, കൊട്ടിയൂർ, തൃശ്ശിലേരി എന്നീ മൂന്ന് ക്ഷേത്രങ്ങൾ ചേരുന്ന ഒരു തീർത്ഥാടനപാഥയുണ്ടായിരുന്നതായി രേഖകൾ പറയുന്നു.

ബ്രഹ്മാവ് തന്റെ ലോകയാത്രയ്ക്കിടയിൽ ഒരു നെല്ലിമരത്തിനടിയിൽ സ്വയംഭൂവായ വിഷ്ണുശില്പം കാണുകയും സ്വന്തം കൈയ്യാൽ പ്രതിഷ്ഠിക്കുകയും പൂജ ചെയ്യുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഇതിൽ പ്രീതനായ മഹാവിഷ്ണു പൂജയ്ക്കെടുത്ത ജലശ്രേണി എല്ലാ പാപങ്ങളും കഴുകികളയുന്ന പാപനാശിനി ആവുമെന്ന് അനുഗ്രഹിക്കുകയും ചെയ്തുവത്രെ. അത് കൊണ്ട് തന്നെ ഇവിടെ പിതൃതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ബ്രഹ്മഗിരി മലനിരയിൽ തന്നെ കർണ്ണാടകയിലെ കൂർഗ്ഗിൽ സ്ഥിതിചെയ്യുന്ന ഇരുപ്പു വെള്ളച്ചാട്ടത്തിനരികിലുള്ള ഇരുപ്പു രാമേശ്വര ക്ഷേത്രത്തിലേയും തിരുനെല്ലിയിലേയും പൂജകൾ ഒരേ കൂട്ടരാണ് ചെയ്തിരുന്നതെന്നും തിരുനെല്ലി കാടുകൾക്കുള്ളിൽ അവർ യാത്ര ചെയ്യുമ്പോൾ രാത്രി തങ്ങിയിരുന്ന ഗുഹകൾ ഇന്നും കാണാനാവുമെന്നാണ് പറഞ്ഞറിവുകൾ. ഇരുപ്പു വെള്ളച്ചാട്ടത്തിന് ലക്ഷ്മണതീർത്ഥം എന്നും പേരുണ്ട്. തിരുനെല്ലിയിലെ പോലെ തന്നെ ഇതും പാപനാശിനിയായി കരുതപ്പെടുന്നു. ഈ വഴിത്താരയിൽ തന്നെയാണ് വയനാട്ടിലെ പ്രസിദ്ധമായ പക്ഷിപാതാളം. ഉരുളൻ പാറകൾ കൊണ്ട് പ്രകൃതിയൊരുക്കിയ ഗുഹകളിൽ നരിച്ചീറുകളുടെ ഒരു പാതാള ലോകം. ശ്രദ്ധയില്ലാതെ യാത്ര തിരിക്കുന്ന സഞ്ചാരികൾ കാരണമുണ്ടായ അപകടങ്ങൾ കാരണം ഇപ്പോൾ അങ്ങൊട്ടേയ്ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ് പോലും.

ക്ഷേത്രത്തിന്റെ പൂർത്തിയാകാത്ത നാട്യമണ്ഡപത്തെ പറ്റി പറഞ്ഞപ്പോൾ പണ്ടെന്നോ ദേവസുന്ദരിയെ പോലെ ഒരു പ്രസിദ്ധനർത്തകി ഒരു ഡോക്യുമെന്ററി ചെയ്യാൻ ഇവിടെയെത്തിയിരുന്നെന്നും അന്നാ ഫോട്ടോ എടുത്ത ബാബുചേട്ടൻ എന്ന ക്യാമറമാന്റെ സ്വപ്നസദൃശ്യമായ ചിത്രങ്ങളെ പറ്റിയും പറഞ്ഞ സുഹൃത്തിന്റെ കണ്ണിൽ കൗമാരം വീണ്ടും തെളിഞ്ഞ പോലെ, നിർഭാഗ്യവശാൽ ആ മനോഹരചിത്രങ്ങൾ കാണാനോ മോഹിനിയായ ആ നർത്തകി ആരാണെന്ന് അറിയാനോ കഴിഞ്ഞില്ല.




തിരുനെല്ലി ക്ഷേത്രത്തിന്റെ വാസ്തുരീതികൾ ഒറ്റനോട്ടത്തിൽ പഴയ കേരളീയരീതിയിൽ ആണെന്ന് തോന്നുമെങ്കിലും തമിഴ്, കർണ്ണാടക വാസ്തുവിദ്യകളും കണ്ടെത്താനാവും. കടന്ന് പോയ രാജവാഴ്ചകളുടെ അലങ്കാരമേമ്പൊടികളാവാം കാരണം. പണ്ടൊരു കൂർഗ്ഗ് രാജാവ് ക്ഷേത്ര നവീകരണഭാഗമായി നിർമ്മാണം ആരംഭിച്ചാതാണീ കൽത്തളമെന്നും പക്ഷേ ക്ഷേത്രപ്രദേശത്തിന്റെ ഉടമയായ വെലത്തിരി രാജാവ് വിസ്സമ്മതിച്ചതിനെ തുടർന്ന് പാതിയിൽ നിർത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു പോലും.



പാപനാശിനി എന്നറിയപ്പെടുന്ന അരുവി ബ്രഹ്മഗിരിയിൽ നിന്നുത്ഭവിക്കുന്ന കാളിന്ദിയുടെ ഒരു കൈവഴിയാണ്, കാളിന്ദി പിന്നെ കബനിയിലും കബനി കാവേരിയിലും എത്തിച്ചേരുന്നു. പണ്ട് ബ്രഹ്മഗിരിയുടെ മുകളിൽ നിന്നും ക്ഷേത്രവശ്യങ്ങൾക്ക് വെള്ളമെത്തിക്കുന്നത് കൽപ്പാത്തികൾ വഴിയായിരുന്നു പോലും, പണ്ടെന്നൊ ക്ഷേത്രസന്ദർശനത്തിനെത്തിയ ചിറയ്ക്കൽ രാജ്ഞിക്ക് ചന്ദനമരയ്ക്കാൻ വെള്ളം കൊടുക്കാനാവാതെ വരികയും മലമുകളിലെ ജലക്ഷാമം കണ്ടറിഞ്ഞ രാജ്ഞി ആദ്യം മുള നടുവേ ചീന്തിയ തടിപാത്തികളിൽ ക്ഷേത്രത്തിനുള്ളിലേയ്ക്ക് വെള്ളമെത്തിക്കുകയും പിന്നീട് കൽപ്പാത്തികൾ വച്ച് അവ ശക്തിപ്പെടുത്തകയും ചെയ്തു എന്നാണ് കഥ. കാടിനുള്ളിൽ കൽപ്പാത്തികളുടെ അവശിഷ്ടങ്ങൾ കണ്ടിട്ടുണ്ടെന്ന് നിയന്ത്രണങ്ങളില്ലാതിരുന്ന കാലത്ത് കാട് കണ്ടറിഞ്ഞിട്ടുള്ള സുഹൃത്തുക്കൾ പറഞ്ഞു, പക്ഷേ ഇന്ന് കാടിനുള്ളിലൂടെ പ്ളാസ്റ്റിക്ക് പൈപ്പുകളാണ് തലങ്ങും വിലങ്ങും വെള്ളവും കൊണ്ട് പൊവുന്നത്.

ക്ഷേത്രം കണ്ട് പാപനാശിനിയിലേയ്ക്ക് നടക്കും വഴിയാണ് പഞ്ചതീർത്ഥ കുളം കണ്ടത്. കുളത്തിലെ വെള്ളം ഉറവയല്ല എന്നതും പാപനാശിനി അരുവിയിലെ വെള്ളമാണ് ഇതിലേയ്ക്ക് വഴിതിരിച്ച് വിട്ടിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്, കുളത്തിന്റെ നടുക്ക് വിഷ്ണുപാദമാണെന്ന് വിശ്വാസം, ശംഖ്, ചക്രം, ഗദ, പത്മം, വിഷ്ണു പാദം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതിനാൽ ഈ കുളത്തിന് പഞ്ചതീർത്ഥം എന്നും പേരുണ്ട്.

കാടിന്റെ തണുപ്പും പേറി വരുന്നത് കൊണ്ടാവാം പാപനാശിനിയിലെ വെള്ളത്തിന് നല്ല തണുപ്പ്, പാപങ്ങളൊക്കെ കഴുകിക്കളഞ്ഞാൽ പിന്നെ നിർവാണമാണല്ലോ അടുത്ത പടി, ലോകേച്ഛ അടങ്ങാതെയെങ്ങനെ നിർവ്വാണമടയും എന്ന ഉൾചിന്തയിൽ പാപങ്ങളെ പാപനാശിനിയിൽ ഒഴുക്കിക്കളയാതെ ഗുണ്ടിക ക്ഷേത്രത്തിനടുത്തേയ്ക്ക് നടന്നു. നടവഴിക്കരികിൽ കടിപിടികൂടി കളിക്കുന്ന കുഞ്ഞിക്കുരങ്ങന്മാരും യാതൊരു പേടിയുമില്ലാതെ കാട്ടുകായ് തിന്നുന്ന മലയണ്ണാന്മാരും ഇഷ്ടം പോലെ, കാടിന്റെ നൈർമ്മല്യം മൊത്തമായും നശിക്കാത്തത് കൊണ്ടാവാം അവയൊന്നും ഇപ്പൊഴും മനുഷ്യനോട് വെറുപ്പ് കാണിക്കുന്നില്ല.



പാപനാശിനി കടന്ന് എത്തിയത് ഗുണ്ഡിക ക്ഷേത്രം എന്ന ഒരു ചെറിയ ശിവ ക്ഷേത്രത്തിന് മുൻപിലാണ്. ബലിതർപ്പണത്തിനെത്തുന്നവർ പാപനാശിനിയിൽ മുങ്ങിക്കുളിച്ച് ഇവിടെയും ദർശനം നടത്തി പ്രധാന ക്ഷേത്രത്തിലെത്തി വലംവയ്ക്കുമ്പോഴാണ് പൂജാവിധികൾ പൂർണ്ണമാകുക. ഗുണ്ടിക ക്ഷേത്രത്തിന് മുൻപിൽ അരുവിക്കരയിലെ ഉരുളൻ കല്ലുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്, ആളുകൾ അത് സെൻ സ്റ്റോൺ ആർട്ട് പോലെ അടുക്കി വച്ചിരിക്കുന്നതും പിന്നാലെ വന്നവർ വന്നവർ ഒരു പൂജാവിധി പോലെ അ

ത് പിന്തുടരുന്നതും കണ്ടു. മനുഷ്യനോളം കാടും പ്രകൃതിയും നശിപ്പിക്കുന്ന മറ്റൊരു ജീവി വംശമില്ലെന്ന കൂട്ടത്തിലൊരു ചെറുപ്പക്കാരന്റെ വാക്കുകൾ, വരും തലമുറയിലും പ്രകൃതിയെ സ്നേഹിക്കുകയും അവനവനാലാവുന്നത് ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ടാവും എന്ന പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.

തിരുനെല്ലി ക്ഷേത്രവും പരിസരവും കടന്നിറങ്ങുന്നതിന് മുന്നേ തന്നെ ഉച്ചയൂണിന് സമയമായെന്ന് അറിയിച്ച് വയറിനുള്ളിൽ അലാറം അടിച്ചു തുടങ്ങിയിരുന്നു, പക്ഷേ പച്ചപ്പിന്റെ മരതകകാഴ്ചകളിൽ കണ്ണുടക്കി നിന്നു പോയത് സ്വഭാവികം.

സുഭിക്ഷമായ ഉച്ചയൂണും കഴിഞ്ഞ് അടുത്ത നടപ്പ് തിരുനെല്ലി കാടിനുള്ളിലേയ്ക്കായിരുന്നു. ചരിത്രാതീതകാലം തൊട്ടേയുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധിയും സമൃദ്ധിയും, പിന്നെയുള്ള കാലഘട്ടങ്ങളിലുണ്ടായ കുടിയേറ്റ പ്രവണതയും ബ്രിട്ടീഷ് കാലഘട്ടത്തിലുണ്ടായിരുന്ന പ്രാധാന്യവും ഒക്കെയാവാം ഇവിടുത്തെ ജന്മി പാരമ്പര്യത്തിനും തത്ഫലമായി ആദിവാസി ഊരുകളിലെ അടിമത്തവും പിന്നെയുണ്ടായ വിപ്ളവവും ഒക്കെ.

കേരളത്തിൽ ആദ്യത്തെ വയർലസ്സ് സെറ്റ് വന്നത് തിരുനെല്ലി സ്റ്റേഷനിലാണെന്നും വർഗ്ഗീസ് പാറയെന്നറിയപ്പെടുന്ന സഖാവ് വർഗ്ഗീസിനെ വെടിവെച്ചുവെന്ന് പറയപ്പെടുന്ന സ്ഥലവും ഒക്കെ കേരളത്തിന്റെ ചരിത്രത്തിൽ ഈ കാടുകൾക്കുണ്ടായിരുന്ന പ്രാധാന്യം കാണിക്കുന്നു. നക്സൽ പ്രസ്ഥാനത്തിന്റെ ഓർമ്മകളും വീര്യവും ഇന്നും പഴയമനസ്സുകളിൽ തെളിഞ്ഞു നിൽപ്പുണ്ട്..




വയനാടിന്റെയും കുടിയേറ്റത്തിന്റെയും കഥ കൂടുതൽ മനസ്സിലാക്കാനാവും വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന പുസ്തകം പ്രത്യേകം വായിക്കാൻ സുഹൃത്ത് നിർദ്ദേശിച്ചത്, കൈയ്യേറ്റത്തിന്റെ കഥകൾ ഒരളവൊളം പറയുന്ന ഒരു നല്ല പുസ്തകമാണത്.

മഴപെയ്തു കുതിർന്ന് കിടക്കുന്ന കാട്ടുപാതയിലേയ്ക്ക് കയറിയതും അട്ടകൾ കാൽ പൊതിഞ്ഞ് കയറിയത് ഒരനുഭവമായിരുന്നു, മണിക്കൂറുകൾക്ക് മുന്നേ ആന നടന്ന് പോയതിന്റെ കാലടിപ്പാടുകൾ കാട്ടിത്തന്നത് ഒട്ടും ശബ്ദമുണ്ടാക്കാതെ നടക്കാൻ കാരണമായി. കാടിനെ പറ്റി അറിഞ്ഞ് കാടിന്റെ ശബ്ദം കേട്ട്, നടന്ന ആ യാത്ര അവസാനിച്ചത് കാളിന്ദിയുടെ തീരത്തായിരുന്നു. നിറമഴ കൊണ്ട് നിറഞ്ഞ് കവിഞ്ഞ് മദിച്ചൊഴുകുന്ന പുഴ. ഞങ്ങളെത്തുമ്പോൾ പുഴയോരത്ത് ചീര പോലെയൊരു ചെടി ഒരുക്കിക്കൊണ്ട് തദ്ദേശവാസികൾ ഉണ്ടായിരുന്നു, ചുരുളി എന്ന് പറയുന്ന പന്നൽ വർഗ്ഗത്തിൽ പെട്ട പുഴയോരങ്ങളിലും മറ്റും ധാരാളമായി കാണുന്ന ഒരു ചെടിയാണത്, ചേമ്പിൻ താളിന്റെ തോരന്റെ പോലൊരു ടേസ്റ്റായിരിക്കും അതിനെന്ന് കഴിച്ചവരുടെ അഭിപ്രായം.




കാട്ടാറിന്റെ തണുപ്പും കാടിന്റെ ശബ്ദവും കേട്ട് ചുരുളിയൊരുക്കുന്നവരോട് കഥ പറഞ്ഞിരിക്കവെ സമയം പോയതറിഞ്ഞില്ല, പെട്ടന്നാണ് കാടിന്റെ മുഖം മാറിയത്, കാറ്റിന് തണുപ്പ് കൂടിയ പോലെ, ചീവിടുകളുടെ ശബ്ദത്തിന് വല്ലാത്ത മുഴക്കം, കാടിന്റെ മുഖം ഞങ്ങളോട് പിണങ്ങിയത് പോലെ ഇരുണ്ട് മൂടി. ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നവർ പെട്ടന്ന് അവരുടെ തുണികളും വൃത്തിയാക്കിയ ചുരുളിയും തോർത്തിൽ പൊതിഞ്ഞ് അരയിൽ കെട്ടി സ്ഥലം വിട്ടു. അവർ പുഴയോരം കയറിയതും തൊട്ടാവാടി പെണ്ണൊരുത്തി കരയും പോലെ ആർത്തലച്ച് ഒരു മഴ. നനഞ്ഞ് കുതിർന്നിട്ടും ശബ്ദമൊട്ടും ഉണ്ടാക്കാതെയാണ് ഞങ്ങൾ തിരിച്ചുള്ള നടത്തം നടന്ന് തീർത്തത്.

തിരുനെല്ലിയിൽ നിന്നും തിരികെ പോരും വഴിയാണ് പതിനാറാം നൂറ്റാണ്ട് മുതൽ നിലവിലുണ്ടെന്ന് പറയപ്പെടുന്ന കുറിച്യ സമുദായക്കാരുടെ കൊട്ടിയൂർ ശ്രീ കാളീശ്വരി ക്ഷേത്രം. കുന്നിന്റെ മുകളിലേയ്ക്ക് പോവുന്ന ഇടവഴിയിൽ പകുതി തകർന്ന ഒരു പടിപ്പുരയും മേൽക്കൂരയിൽ പുല്ല് പിടിച്ച കോൺക്രീറ്റിൽ നിർമ്മിച്ച രണ്ട് ശ്രീകോവിലുകളും ആണ് കണ്ടത്, എണ്ണ കിനിഞ്ഞ നിലവിളക്കുകളും തിരികളും അവിടെ പൂജ നടക്കുന്നയിടമാണെന്ന് അറിയിച്ചു, മറ്റെന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാൻ പരിസരം തിരഞ്ഞ് നടക്കുമ്പോഴാണ് ഒരു തറയും ചുറ്റും തറച്ചിരിക്കുന്ന ശൂലങ്ങളും അതിന്മേൽ വളകളും കണ്ടത്, അവിടെയാണ് ശരിക്കുള്ള പൂജകളും മറ്റും നടക്കുന്നതെന്ന് തോന്നി, മനുഷ്യന്റെ രീതികൾക്ക് ന്യായീകരണങ്ങൾ അല്ലെങ്കിൽ തന്നെ ഇല്ലല്ലോ.

തിരികെ നടക്കുമ്പോഴൊക്കെ അവിടെ കണ്ട കാടിന്റെ മക്കളുടെ മുഖഭാവങ്ങളായിരുന്നു മനസ്സിൽ, പ്രകൃതി അവളൊട് അടുത്ത് ജീവിക്കുന്നവരെ യാതൊരു അലങ്കാരവും ഇല്ലെങ്കിലും എത്ര മനോഹരമായാണ് അണിയിച്ചൊരുക്കുന്നത്, ഒരു ചിരി പോലും മനസ്സിന്റെ താക്കോൽ പോലെ. കാടിനെ പോലെ തന്നെ എത്ര വിശാലമായാണ് അവരുടെ കണ്ണിലും മുഖത്തും ഭാവങ്ങൾ വിരിയുന്നത്, മനസ്സിനെയും മുഖത്തിനെയും മറയിട്ട് സൂക്ഷിക്കുന്ന നഗരത്തിന്റെ സംസ്കൃതികൾക്ക് അസൂയയൊടെ മാത്രം നോക്കി കാണാനാവുന്ന സൗന്ദര്യം, ആ വശ്യതയെ പറ്റി വാതോരാതെ സംസാരിച്ചത് കൊണ്ടാവാം അടുത്തത് കാടിനെ അടുത്തറിഞ്ഞ, കാടിനെ അത്രമേൽ പ്രണയിക്കുന്ന, അതിന് വേണ്ടി ഒരു ലോകം തന്നെ സൃഷ്ടിച്ച ശില്പിയെ കാണാം എന്ന് തീരുമാനമായത്..


അതൊരു പുലിമടയിലേയ്ക്കുള്ള യാത്രയായിരുന്നു..

(തുടരും....)

Saturday, October 7, 2017

മഴക്കാടുകളിലെ മഴക്കുളിര് തേടി- വയനാടൻ യാത്ര (ഭാഗം 1)


മൂന്ന് ദിവസത്തെ യാത്രയിൽ മഴ കൂടെയുണ്ടാവും എന്നുറപ്പുണ്ടായിരുന്നു, അല്പം ഒതുങ്ങി പെയ്തിരുന്നുവെങ്കിൽ എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ, മഴ മടുത്തിട്ടല്ല, യാത്രയെ അത്രമേൽ ഇഷ്ടപ്പെടുന്നത് കൊണ്ട്. മഴക്കോട്ടും കുടയും ഉൾപ്പടെ തിക്കിനിറച്ച ബാക്ക്പായ്ക്കും തോളിലിട്ട് പുറത്തേയ്ക്കിറങ്ങവെ കാത്തുനിന്നവണ്ണം ആദ്യതുള്ളി മുഖത്ത് വീണു. മൂന്നിരട്ടി പൈസയും കൊടുത്തു മെട്രൊ സ്റ്റേഷനിൽ എത്തിയപ്പോൾ എല്ലാ ആരവങ്ങളോടെയും ബാംഗളൂർ മഴ എന്നെ നനച്ചു കഴിഞ്ഞിരുന്നു.

യാത്രകൾ അനിശ്ചിതത്വങ്ങൾ കൂടിയാണല്ലോ, ഒരു പാട് പ്രതീക്ഷകളോടെ പുറപ്പെടുന്ന പല യാത്രകളും ആശിച്ച് വാങ്ങിയ വർണ്ണ ബലൂൺ പൊട്ടി പോവുന്ന പോലെ പൊട്ടിപ്പോവും ചിലപ്പോൾ ഒട്ടും നിനയ്ക്കാത്ത ചില യാത്രകൾ സ്വപ്നസദൃശ്യമായ കാഴ്ചകളുടെ വാതിലുകളും അനുഭവങ്ങളും തുറന്ന് തരും.

തിരക്ക് പിടിച്ച മെട്രൊയിൽ ഇരിക്കാനിടം കിട്ടാതെ കമ്പിയും ചാരി നിൽക്കുമ്പോൾ മഴ നീളൻ ജനലുകളിലേയ്ക്ക് ആഞ്ഞ് പതിക്കുന്നുണ്ടായിരുന്നു, കൂടെ പോരാൻ വാശി പിടിക്കുന്ന കുട്ടിയെ പൊലെ, സാറ്റലൈറ്റ് സ്റ്റെഷനിൽ നിന്ന് കേരള ട്രാൻസ്പോർട്ടിന് കയറുമ്പോൾ വാശി പിടിച്ച് മഴയും കൂടെ പോരുകയാണെന്ന് തോന്നി, മലമുകളിൽ മഴ പെയ്യുന്നത് കാണാൻ തന്നെയാണല്ലോ ഞാൻ പോവുന്നതും.

മലയാളി പെണ്ണിന്റെ മൂക്കിൽ മരതകക്കല്ല് കൊണ്ടുണ്ടാക്കിയ മൂക്കുത്തി പോലെ കിടക്കുന്ന വയനാട്ടിലേയ്ക്കാണ് ഈ യാത്ര. മാനം തുറന്ന് പെയ്യുന്ന മഴയും മഴ കൊണ്ട് പച്ചച്ച കാടും കോട പുതയ്ക്കുന്ന മലകളും കാണാൻ. വയനാടിന്റെ ചരിത്ര വേരുകൾ ആദിമ കാലഘട്ടത്തിലേയ്ക്ക് വരെ നീണ്ട് കിടപ്പുണ്ടെന്നാണ് കണ്ടെത്തൽ. വൈത്തിരിയിലെ ജൈന ക്ഷേത്രവും ഇടയ്ക്കൽ ഗുഹാ ചിത്രങ്ങളും ഇതിന്റെ തെളിവുകളാണ്. ഇടയ്ക്കൽ ഗുഹാചിത്രങ്ങൾ 6000 വർഷം പഴക്കമുള്ളവയാണെന്ന് കരുതപ്പെടുന്നു.


പൂജ അവധിയുടെ നാല് ദിവസം നഗരത്തിരക്കിൽ നിന്ന് ഓടി രക്ഷപ്പെടുന്നവരെ കൊണ്ട് തിങ്ങിനിറഞ്ഞൊഴുകുന്ന മൈസൂർ ഹൈവേ, മൈസൂർ ദസറ കാണാൻ പോവുന്നവരും ഉണ്ടാവും ഇക്കൂട്ടത്തിൽ, എല്ലാവർക്കും മുന്നേ എവിടെയോ എത്തിച്ചേരാൻ എന്ന പോലെ തിരക്കിട്ട് പോവുന്ന മഴയും. ഉറങ്ങാനാവാത്ത വിധം നട്ടെല്ല് വിറപ്പിച്ച് കൊണ്ട് ഓടുന്ന കേരള ട്രാൻസ്പോർട്ട്.

18-ആം നൂറ്റാണ്ട് മുതൽക്കേ രേഖപ്പെടുത്തി വച്ചിരിക്കുന്ന വയനാടിന്റെചരിത്രത്തിൽ വെദ വംശ രാജാക്കന്മാരായിരുന്നു ഈ പ്രദേശങ്ങൾ ഭരിച്ചിരുന്നത്. വയലുകളുടെ നാടാണ് പിന്നെ ബയൽനാടും പിന്നെ വയനാടും ആയതെന്ന് പഴമൊഴികൾ.


ഇടയ്ക്കൽ ഗുഹകളിൽ ക്രിസ്തുവിനും 500 വർഷം മുന്നേ ഇവിടം ഭരിച്ചിരുന്ന കുടുംബിയ വംശത്തിന്റെ ചരിത്രം പ്രാചീന കന്നടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 11-ആം നൂറ്റാണ്ടിലെ കടംബ രാജവംശത്തിന്റെ കാലത്തെ ബയൽനാടിനെ മൈസൂർ കൊട്ടാരത്തിലെ ചരിത്രരേഖകളിൽ ഒരു കവിത പോലെ വിവരിച്ചിരിക്കുന്നതിങ്ങനെയാണ് പോലും - കറുത്ത്ചുരുണ്ടിടതൂർന്ന മുടിയും, പൂർണ്ണചന്ദ്രമുഖവും, അടങ്ങാത്ത ഇടമിഴികളുമുള്ള കൃശഗാത്രിയായ മോഹിനിയാണ് പോലും പലയടുക്കുകളായി പടർന്ന് കിടക്കുന്ന ബയൽനാട്.. ഈ നാടിന്റെ ഭംഗിയിൽ മയങ്ങി മലകയറി വന്ന പലരും മലമ്പനി പിടിച്ച് ഇവിടെത്തന്നെ ഒടുങ്ങിയതിന്റെ വശ്യതയും ആവാം കവിതയുടെ പിന്നിൽ.. എത്തിച്ചേർന്നാൽ പിന്നെ പിന്തിരിഞ്ഞ് പൊവാൻ സമ്മതിക്കാത്ത സുന്ദരി.

കർണ്ണാടകത്തിലെ ഹൊയ്സാലരും വിജയനഗരാധിപതികളും മൈസൂർ വോഡയാർമാരും മുഗളരും വയനാട് കൈവശം വച്ചിട്ടുണ്ട്. ഹൈദരാലിയുടെ കാലത്താണ് താമരശ്ശേരി ചുരപ്പാതയുടെ നിർമ്മാണം തുടങ്ങിയത്.

മഴ റോഡുകളിൽ നിറച്ച വെള്ളത്തിലൂടെ ബസ് പാഞ്ഞ് പോവുമ്പൊൾ ഇരുവശത്തേയ്ക്കും ചിതറിത്തെറിക്കുന്ന വെള്ളം വെള്ള ലേസിന്റെ അരിക് വച്ച പാവാട പറക്കുന്നത് പോലെ, തണുപ്പിന്റെ സുഖമടിച്ചിരുന്നപ്പോൾ ചായ കുടിക്കാൻ തോന്നിയ മനസ്സറിഞ്ഞ പോലെ ബസ് ഒരു കടയോരത്ത് നിന്നു, ചൂട് ചായ മൊത്തിക്കുടിക്കുമ്പൊൾ മഴയ്ക്ക് ഇരട്ടി ഭംഗി..

ഓരോ അവധിക്കാലത്തിന്റെ തുടക്കത്തിലും ബാംഗളൂരിൽ നിന്ന് കേരളത്തിലേയ്ക്കും അവസാനത്തിൽ കേരളത്തിൽ നിന്ന് തിരിച്ചും ഒഴുകുന്ന ഒരു ജനക്കൂട്ടമുണ്ട്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും കൂടുതൽ ബസ്സുകൾ നിരക്കിലിറക്കിയും മൂന്ന് സംസ്ഥാനങ്ങളിലേയും സർക്കാരുകളും കൊയ്ത്ത് നടത്താറുണ്ടെങ്കിലും യാത്രാ സംവിധാനങ്ങളുടെ നിലവാരം പരിതാപകരമായിരിക്കും എപ്പോഴും.

കാട് കയറിയതും മഴയെങ്ങോ പോയി. തണുത്തുറഞ്ഞ കാറ്റ് മാത്രം. ആനയും പോത്തും പുലിയുമൊക്കെ സവാരിക്കിറങ്ങിട്ടുണ്ടെന്നും കണ്ടിട്ടുണ്ടെന്നുമൊക്കെ പറഞ്ഞ് പലരും കൊതിപ്പിച്ച വഴിയിലൂടെയാണ് ബസ് പോവുന്നത്, കണ്ണും മിഴിച്ചിരുന്നിട്ടും മാനിന്റെയോ മറ്റോ ഒരു നിഴലാട്ടം കണ്ടതല്ലാതെ മറ്റൊന്നും കണ്ണിൽ പെട്ടില്ല.

കിഴക്ക് വെള്ളകീറുന്നതിന് മുൻപ് തന്നെ പറഞ്ഞുറപ്പിച്ച പ്രകാരം സുഹൃത്തിന്റെ വീടെത്തി. പണ്ടോരു ദേശാടനക്കാലത്ത് ഇതേ പോലൊരു വെളുപ്പാൻ കാലത്ത് അവരുടെ ഈസ്റ്റ് ഡെൽഹിയിലെ വീടിന്റെ മുന്നിലെത്തിയ ഓർമ്മകളായിരുന്നു മനസ്സ് നിറയെ. പിന്നെ കുറെ നാളുകൾക്ക് നാടുമായി ബന്ധിപ്പിക്കുന്ന തായ്‌വേരായിരുന്നു ആ കുടുംബം.

ഇന്നത്തെ യാത്ര തിരുനെല്ലിക്കാണ്, കൂട്ടിന് ഇതു വരെ കണ്ടിട്ടില്ലാത്ത എന്നാൽ വാക്കുകൾ കൊണ്ട് ഒരുപാട് അടുത്ത ഒരു കൂട്ടവുമുണ്ട്. തിരുനെല്ലിക്ക് ബസ്സിന് കയറി പോവാമെന്ന തീരുമാനത്തിന് പിന്നിൽ തെറ്റ് റോഡിൽ ഉള്ള കുട്ടേട്ടന്റെ കടയിൽ നിന്നും കിട്ടുന്ന ഉണ്ണിയപ്പത്തിന്റെ രുചി കേട്ടിട്ടുണ്ടായ കൊതിയും ഒരു കാരണമായി തീർന്നു. മാനന്തവാടിയിൽ നിന്നും തോൽപ്പെട്ടിക്ക് പോവുന്ന വഴിക്ക് കാട്ടിക്കുളം ജംഗ്ഷൻ കഴിഞ്ഞൽപ്പം ചെന്നാൽ ഒട്ടും തിരക്കില്ലാത്ത ഒരു Y പോയിന്റാണ് തെറ്റ് റൊഡ്. റൊഡിനടയാളം പോലെ കുട്ടേട്ടന്റെ ചായക്കട, ജംഗിൾ വ്യൂ ടീഷോപ്പ്.


എൺപതുകളിൽ എപ്പോഴോ തുടങ്ങിയ ചായക്കട ഇന്ന് കുട്ടേട്ടന്റെ മക്കൾ നടത്തുമ്പോഴും അവിടുത്തെ ഉണ്ണിയപ്പത്തിനും ‘പൂ പോലെയുള്ള ഇഡ്ഡലി‘ക്കും കൂടെ കിട്ടുന്ന വറ്റൽമുളക് ചേർത്തരച്ച തേങ്ങാചമ്മന്തിക്കും പ്രിയം കൂടിയിട്ടേ ഉള്ളൂ പോലും. പണ്ട് തേക്കിന്റെ തടിയുരലിൽ മരക്കുഴ കൊണ്ട് അന്നന്ന് ഇടിച്ചെടുക്കുന്ന പൊടി കൊണ്ടാണ് പോലും ഉണ്ണിയപ്പം ഉണ്ടാക്കിയിരുന്നത്. ഇന്ന് മോട്ടറും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും രുചിക്കൊട്ടും കുറവില്ല എന്നത് പ്രഥമസാക്ഷ്യം. ചെരുവത്തിൽ ചൂടോടെ പകർന്ന ഉണ്ണിയപ്പം പറഞ്ഞനേരം കൊണ്ട് പാക്കറ്റുകളിലേയ്ക്ക് കുടിയേറിയിരുന്നു.



ഉണ്ണിയപ്പവും ഇഡ്ഡലിയും നാവിൽ പഞ്ചാരികളിച്ച ചമ്മന്തിയും കൂട്ടി വയറ് നിറച്ച് ഏമ്പക്കവും വിട്ട് കൈകഴുകി വന്നതും തിരുനെല്ലിക്ക് പോവാൻ ‘നന്ദനം‘ എത്തി

കുറെ കാലം കൂടി നാട്ടിലെ പ്രൈവറ്റ് ബസ്സ്, പച്ചപ്പനങ്കിളി പോലെ ഒരു സുന്ദരൻ ബസ്സ്. രാവിലത്തെ മൂഡിന് പറ്റിയ മെലോഡിയസ് മലയാളം ഗാനങ്ങൾ. മഴയിൽ തളിത്ത് തഴച്ച് കിടക്കുന്ന കാട്, അങ്ങ് ദൂരെ ബ്രഹ്മഗിരി മൂടൽമഞ്ഞിന്റെ തൊപ്പി വച്ച് ഗൗരവത്തോടെ മലകയറി വരുന്ന എന്നെ നോക്കി നിൽക്കുന്ന പോലെ.











പൂക്കൾ പനിനീർ പൂക്കൾ
നീയും കാണുന്നുണ്ടോ“

എന്ന ഗാനം സ്റ്റീരിയോയിലൂടെ ഒഴുകിഒഴുകി, ഒരു ഒഴുക്കിൽ പെട്ട പോലെ ഞാൻ തിരുനെല്ലി കാട് കുളിർന്ന് കിടക്കുന്നത് കാണാൻ…

(തുടരും)..

Monday, May 1, 2017

തുംഗബദ്രയുടെ അങ്ങേക്കര- കല്ലിലെഴുതിയ വിജയ ചരിത്രം, ഭാഗം (5)



ആഞ്ജനേയാദ്രിയുടെ മുകളിൽ നിന്ന് സൂര്യോദയം കാണാം എന്നായിരുന്നല്ലോ തലേന്ന് ഹംപി കണ്ടിറങ്ങും വരെയും കരുതിയിരുന്നത്. പക്ഷേ പിറ്റേന്ന് കണ്ണ് തുറന്നപ്പോഴേയ്ക്കും സൂര്യൻ കിഴക്ക് നിന്ന് പുറപ്പെട്ടിട്ട് കുറെ നേരം കഴിഞ്ഞിരുന്നു. വിശാലമായി കാണാമെന്ന് കരുതിയിരുന്ന വിരൂപാക്ഷ തലേന്നേ കണ്ട് മനസ്സ് നിറഞ്ഞത് കൊണ്ട് ഇന്നത്തെ ദിവസം മുഴുവൻ തുംഗഭദ്രയുടെ അങ്ങേ കര കാണാൻ ചിലവാക്കാം എന്ന് തന്നെ തീരുമാനിച്ചു.

കർണ്ണാടക സംസ്ഥാനത്തിന്റെ കാർഷിക-വൈദ്യുതി ആവശ്യങ്ങളിൽ വളരെ പ്രധാന പങ്കാണ് തുംഗബദ്ര ഡാമിനുള്ളത്. കാവേരിയുടെ കൈവഴിയായ തുംഗബദ്രയിലാണ് ഈ വലിയ അണക്കെട്ട്. വർഷം നീളെയുള്ള വെള്ളമൂറ്റലും മറ്റ് നശീകരണങ്ങളും കാരണം ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് ഈ നദിയും. 

ഇന്നത്തെ ഞങ്ങളുടെ യാത്ര തുംഗബദ്രയെ കടന്നായിരുന്നു. ഡാമിനടുത്തേയ്ക്കുള്ള പ്രവേശനകവാടത്തിനുള്ളിൽ ഒരു ചെറിയ പൂന്തോട്ടവും ജലത്തിന്റെ ഓർമ്മകൾ മാത്രം പേറി നിൽക്കുന്ന കുറെ ജലധാരകളും ഉണ്ടായിരുന്നു. മാർച്ച് മാസം തുടങ്ങിയിട്ടേയുള്ളൂ, എന്നിട്ടും എങ്ങും വരൾച്ചയുടെ എത്തിനോട്ടം. ദൂരെ നിന്ന് കാണുന്ന വരണ്ട ഷട്ടറുകളും നദീ തടവും ഒരു നോവാണ് മനസ്സിൽ ഉണർത്തിയത്. നാല് വരി പാത പോവുന്ന പുതിയ പാലത്തിന് മുകളിൽ നിന്ന് നദി കാണാൻ ആവാത്തതിനാൽ ഞങ്ങൾ പറഞ്ഞ ആഗ്രഹം കേട്ട് ഗൈഡ് ഞങ്ങളെ പഴയ പാലത്തിനരികിൽ എത്തിച്ചു. എന്നോ ഒഴുകിയ ഒരു പുഴയുടെ ഓർമ്മകളുമായി കുറെ കല്ലുകളും വെള്ളകെട്ടുകളും. 

അവിടുന്ന് പോയത് തുംഗബദ്ര ഡാം വ്യൂ പോയിന്റെലേയ്ക്കാണ്.. കടവിൽ നിന്ന് ഒരു അരകിലോമീറ്ററോളം ദൂരെയാണ് വെള്ളം കിടക്കുന്നത്, അവിടെ വരെ ചരൽ കല്ലുകളിൽ കൂടെ നടന്ന് പോവാം. 


ഇനിയും താമസിച്ചാൽ ഉച്ചച്ചൂടിൽ ഹനുമാൻ ക്ഷേത്രം കാണേണ്ടി വരുമെന്നുള്ള ഭയത്തിൽ ഞങ്ങൾ അവിടുന്ന് വേഗം പുറപ്പെട്ടു. തുംഗബദ്രയുടെ ഇങ്ങേക്കര ആനേഗൊണ്ടി എന്നാണ് അറിയപ്പെടുന്നത്. ഹംപിക്ക് മുൻപ് ഇതായിരുന്നു പോലും വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം. അത് കൊണ്ട് തന്നെ ചരിത്രപ്രധാനമായ ഒരു പാട് സ്മാരകവശിഷ്ടങ്ങൾ ഈ ഗ്രാമത്തിലും ഉണ്ട്, ഹംപിയേക്കാൾ നാശോന്മുഖവും തിരസ്കരിക്കപ്പെട്ടതുമായ നിലയിലാണെന്ന് മാത്രം. പുരാണത്തിൽ ഇവിടം കിഷ്കിന്ദ ആയിരുന്നു പോലും, ഹനുമാന്റെ ജന്മസ്ഥലം. അത് കൊണ്ട് തന്നെ ഹംപിയുടെ ചുറ്റുമുള്ള കൽകുന്നുകൾക്ക് ഹനുമാൻ ചരിത്രത്തിലെ പല പേരുകളാണ്. 


തുംഗബദ്രയുടെ അങ്ങെക്കര കുറെ കൂടി പച്ചപ്പ് ചൂടിയതാണ്. നെൽ പാടങ്ങളും കരിമ്പ് പാടങ്ങളും കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൂട്ടം കൂട്ടമായി ചെമ്മിരിയാട്ടിൻ കൂട്ടങ്ങളും. ആട്ടിൻ കൂട്ടത്തിലുണ്ടായിരുന്ന കുതിരപ്പുറത്തെ ചുമട് എന്താണെന്ന എന്റെ ആകാംഷയുടെ ഉത്തരം ആ ആട്ടിടയൻ മറ്റൊരു “സാന്റിയാഗോ“ (അൽക്കെമിസ്റ്റ് എന്ന നോവലിലെ) ആണെന്നായിരുന്നു. ഇയാളും അങ്ങനൊക്കെ ചിന്തിക്കുന്നുണ്ടാവുമോ? എല്ലാവരും ഒരു പോലെ ചിന്തിച്ചാൽ ലോകമെങ്ങനെ ഇത്ര കൗതുകമുള്ളതാവും അല്ലേ? അങ്ങനെ ഞങ്ങൾ അഞ്ജനേയാദ്രിയുടെ ചുവട്ടിലെത്തി. 

ഉച്ചിയും ഉള്ളംകാലും പൊള്ളുന്ന വെയിൽ, എന്നിട്ടും അവിടെ വരുന്ന ആളുകളുടെ എണ്ണത്തിന് ഒരു കുറവും ഇല്ല, കുന്നിന്റെ മുകളിൽ ക്ഷേത്രം മാത്രമേ ഉള്ളൂ എന്നും, ആഹാരം എന്തെങ്കിലും കൊണ്ട് പോവുകയാണെങ്കിൽ ബാഗ് കുരങ്ങന്മാർ കൊണ്ട് പോകാതെ സൂക്ഷിക്കണം എന്നും ഗൈഡ് മുന്നറിയിപ്പ് തന്നിരുന്നു. അങ്ങനെ ഞങ്ങൾ 575 പടി ചവിട്ടി കയറാൻ തുടങ്ങി, കൈപടികളും കെട്ടി തിരിച്ച പടികളും ആയത് കൊണ്ട് അത്ര ബുദ്ധിമുട്ട് തോന്നി എന്ന് പറയാൻ പറ്റില്ല, പക്ഷേ കൊച്ച് കുട്ടികളും പ്രായാധിക്യം കൊണ്ട് അവശരായവരും ഓരോ പടിയും “റാം, റാം“ ഉരുവിട്ട് കയറുന്നത് കാണാൻ ഒരു ഊർജ്ജമുണ്ട്. പലരും ചെരുപ്പിടാതെയാണ് കയറുന്നത്. രാമ ഭക്തനായ ഹനുമാന്റെ അമ്മയാണ് അഞ്ജന, ആ പേരിൽ നിന്നാണ് ഈ മലയ്ക്ക് ആഞനേയാദ്രി എന്ന പേര് കിട്ടിയിരിക്കുന്നത്. 


കുന്നിൻ മുകളിലെ ക്ഷേത്രത്തിന് ഒരു സാധാരണ വടക്കേയിന്ത്യൻ ലുക്കാണ്. കല്ലിൽ കുങ്കുമ കളർ പെയിന്റിൽ വരച്ചിരിക്കുന്ന ഹനുമാനും, മാർബിളിൽ പണിത സീതാ-രാമ-ലക്ഷ്മണ പ്രതിഷ്ഠയും അഞ്ജനാദേവിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിനുള്ളിൽ കാണാം. സേതു ബന്ധനത്തിന് ഉപയോഗിച്ചിരുന്ന കല്ലൊരെണ്ണം ഒരു കണ്ണാടി ചില്ലിനുള്ളിലാക്കി മുന്നിൽ തന്നെ വച്ചിട്ടുണ്ട്. പ്യൂമൈസ് സ്റ്റോണിന്റെ കാറ്റഗ്ഗറിയിൽ ഒന്നാവും.. അതിന് മുകളിൽ അത്ഭുതപ്രഭാവത്തിൽ മയങ്ങിയ ഭക്തന്മാർ ഇട്ട ചില്ലറകളും..

ക്ഷേത്രത്തിന് വെളിയിലിറങ്ങിയാൽ ഹംപിയുടെയും ആനെഗൊണ്ടി ഗ്രാമത്തിന്റെയും വൈരുദ്യാത്മകമായ സൗന്ദര്യം ഒരേ സമയം കാണാൻ പറ്റും, ഒരു വശത്ത് ഉരുളൻ കല്ലുകൾ നിറഞ്ഞ ടോപ്പോളജി മറുവശത്ത് തികഞ്ഞ സമതലം, കളം തിരിച്ചിട്ട വയലുകളും നടുവിലരഞ്ഞാണം കെട്ടിയ പോലെ ഒരു നീല നദിയും.. അഭൂതപൂർവ്വമായ ഒരു കാഴ്ച ആയിരുന്നു അത്.. 


പടിയിറക്കം താരതമ്യേന എളുപ്പമായിരുന്നു.. ചെറുതണലുള്ള പാറയ്ക്ക് മുകളിൽ ഇരുന്ന് ഒരു ചെറുപ്പക്കാരൻ മുന്നിൽ കാണുന്ന കാഴ്ചയെ പെൻസിൽ കൊണ്ട് പേപ്പറിൽ പകർത്തുന്നതിന്റെ വശ്യത കണ്ട് നിന്നപ്പോൾ ഒരു പക്ഷേ ദൈവവും ഇങ്ങനെ വരച്ച് ഭംഗി നോക്കിയിട്ടാവും ഈ ഭൂമിയെ സൃഷ്ടിച്ചതെന്ന് തോന്നി പോയി, അത്ര മനോഹാരിത.

പിന്നെ പോയത് പമ്പാ സരോവരത്തിലേയ്ക്കാണ്. പുരാണങ്ങളനുസരിച്ച് പാർവതീ ദേവി ശിവനെ വിവാഹം കഴിക്കാൻ തപസ്സിരുന്നത് ഇവിടെയാണ്. സമചതുരാകൃതിയിലുള്ള സരോവരത്തിനോട് ചേർന്ന് പമ്പാക്ഷേത്രവും ഉണ്ട്.. ഈ ക്ഷേത്രത്തിന്റെ നാല് ദിക്കിലേയ്ക്ക് സമദൂരത്തിലാണ് പുരാതനവും പുകൾപെറ്റതും ആയ നാല് ശിവക്ഷേത്രങ്ങൾ എന്ന വിവരണം ഈ ക്ഷേത്രത്തിന്റെ കാലപഴക്കത്തിനെ പറ്റി ഒരു ഏകദേശ ധാരണ തരും.

ഇനി യാത്ര ഹിപ്പി ഗ്രാമത്തിലേയ്ക്കാണ്.. ഹംപിയുടെ മറ്റൊരു മുഖം
.
ഏറ്റവും രുചികരമായ ഭക്ഷണം, ഏറ്റവും മനോഹരമായ ഇരിപ്പിടം, ഒരു പുലി മട എന്നൊക്കെ പറഞ്ഞ് എത്തിയ റസ്റ്റോറന്റിന്റെ പ്രഥമദർശനത്തിൽ ഞങ്ങളും വീണ് പോയി എന്നത് സത്യം. മെത്ത വിരിച്ച ഇരിപ്പിടങ്ങൾ ഉറ്റ് നോക്കുന്ന ദൂരെദൂരെയുള്ള കുന്നുകൾ വരേയ്ക്കും പടർന്ന് കിടക്കുന്ന പച്ച നെല്പാടങ്ങൾ, അവയ്ക്ക് അതിർ തിരിച്ച പോലെ കല്ലടുക്കി വച്ച കുന്നുകൾ.. മോഹിപ്പിക്കുന്ന പ്രകൃതിയുടെ ഭംഗി..തണുപ്പിച്ച ഗ്ളാസിൽ അതിലും തണുത്ത ബിയറും, ഈ തണുത്ത കാറ്റും ഏതോ അറിയാത്ത ഭാഷയിലുള്ള മെലഡിയും- ഇതാണ് സ്വർഗ്ഗമെന്ന് പറയുന്ന ഖലീൽ ജിബ്രാൻ ഞാനായത് പോലെ... 

ഉച്ച ഭക്ഷണം അങ്ങനെ ഗംഭീരമായി. 

ഉച്ചഭക്ഷണത്തിന്റെ ആലസ്യവും കൊണ്ട് ഹിപ്പി തെരുവിലൂടെ നടന്നത് നദിക്കരയിലേയ്ക്കാണ്. ശുഷ്കി ശോഷിച്ച് ഇനി ഒഴുകുന്നില്ലെന്ന് തീരുമാനമെടുത്ത നദി.. ഒരു കാലത്ത് ഇവിടെ ഒരു മഹാനദി ഒഴുകിയതിന്റെ ഓർമ്മകൾ ഒരോ കല്ലിലും മണ്ണിലും കാലം കുറിച്ചിട്ടിരിക്കുന്നു. അവസാന തുള്ളി ജലവും വറ്റുന്ന ആ കാഴ്ച കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, എന്ത് വലിയ ദ്രോഹമാണ് ഞാനുൾപ്പെടുന്ന ജീവി വംശം ഈ മനോഹരിയായ ഭൂമിയോട് ചെയ്യുന്നതെന്ന് തോന്നി പോവും, ഒരിക്കലെങ്കിലും ഇവൾക്കൊന്ന് ഭദ്രകാളിയായി തുള്ളിയുറഞ്ഞ് കൂടെ, എല്ലാം തകരും വരെ..

താമരത്തോണിയിൽ യാത്ര ചെയ്യാൻ പോയിട്ട് മുട്ടോളം നനയാനുള്ള ആഴമുണ്ടായിരുന്നില്ല പലയിടങ്ങളിലും. വിരൂപാക്ഷ ക്ഷേത്രത്തിന്റെ  കടവുകളിലെയ്ക്ക് നടന്ന് പോവാനുള്ള വഴിത്താരയുണ്ടായിരുന്നു.. ബോട്ട് സർവ്വീസ് കൂടുതലും ടൂവിലറും കൊണ്ട് വരുന്ന സഞ്ചാരികളെ അക്കരെ കടത്താനുള്ള സംവിധാനമാണ്. 

സൂര്യന്റെ ചൂട് കുറഞ്ഞതും ഹിപ്പി ഗ്രാമത്തിന് അനക്കം വച്ചു തുടങ്ങി, വിരുപാപുര ഗഡ്ഡി എന്നാണ് വിരൂപാക്ഷയുടെ ഇങ്ങേക്കരയുടെ ശരിയായ പേര്. ജീവിതം തന്നെ യാത്രയാക്കിയ കുറെ ആൾക്കാർ, മറ്റുള്ളവരെ പറ്റി, ശരാശരി മനുഷ്യന്റെ വിജയ മാനദണ്ഡങ്ങളെ പറ്റി ചിന്തിക്കാതെ ഒരു അവധൂത മനസ്സ്.. കാഴ്ചയിൽ ഒരു ഗോവൻ, പോണ്ടിച്ചേരി വിദേശ സെറ്റിലുകളുടെ ഫീലാണ് ഇവിടെ. ടാറ്റൂ സെന്ററുകളും, കഫേകളും ഒക്കെയായി, അവധൂതന്മാർക്ക് അവശ്യം വേണ്ട എല്ലാ വകകളും പുകകളും ഇവിടെ കിട്ടുമെന്നാണ് അറിഞ്ഞത്.. ഇനിയൊരു ജന്മത്തിൽ ആ രൂപത്തിൽ ജനിക്കണം.. മോഹങ്ങൾക്ക് നികുതി വേണ്ടെന്ന് ആരാണ് പറഞ്ഞത്?

ലിസ്റ്റിലുണ്ടായിരുന്ന കമലാപുര മ്യൂസിയം ഒഴിവാക്കേണ്ടി വന്നത് മനസ്സിൽ ഒരു ചെറിയ നഷ്ടബോധമായി. അതോ എത്ര കിട്ടിയാലും മതി വരാത്ത മനുഷ്യ മനസ്സിന്റെ അത്യാഗ്രഹമോ? തിരികെ ഹോസ്പേട്ടിലേയ്ക്ക് വരും വഴി അനന്തശയനഗുഡി എന്നൊരു ക്ഷേത്രത്തിനെ വലം വച്ചാണ് പോന്നത്, ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത വിജയദേവരായ കാലത്ത് ഒരു അഗ്രഹാരമായി ഉപയോഗിച്ചിരുന്ന അവശേഷിക്കുക്ക ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.

മറ്റൊന്ന് സുലേഭാവി എന്നറിയപ്പെടുന്ന ഒരു വഴിയോര കിണറാണ്. രാജ കാലത്ത് വഴിയാത്രക്കാർക്ക് ക്ഷീണവും ദാഹവും അകറ്റാൻ കണക്കാക്കി പണിത പടികെട്ടുകളുള്ള കിണർ.. ഇന്ത്യയിലെ അപൂർവ്വം പടികെട്ടുകളുള്ള കിണറുകളിൽ ഒന്ന്.. പിടിപ്പു കെട്ട സംരക്ഷണത്തിന്റെ അടയാളം പോലെ അവിടം നാശോന്മുഖമായിരുന്നു.

ഹോസ്പേറ്റിലെത്തുമ്പോഴേയ്ക്കും സൂര്യൻ പടിഞ്ഞാറ്റ് ചാഞ്ഞിരുന്നു. ഒരു ചായയും കുടിച്ച് ബാംഗളൂർക്ക് തിരിക്കാം എന്ന് കരുതി, സമദിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുമ്പോഴാണ്, ബെലഗാവി കുന്ദ കഴിച്ചിട്ടുണ്ടോ എന്ന ചോദ്യം, കുന്തം പോയാൽ കുടത്തിലും തപ്പണം എന്നൊരു ചൊല്ലേ എന്റെ ഭാഷയിലുള്ളൂ എന്ന് പറഞ്ഞെങ്കിലും കുന്ദ എന്തെന്നറിയാനുള്ള ആഗ്രഹവുമായി വീണ്ടും സമദിന്റെ കൂടെ അവിടെ കണ്ട ദീപാലംകൃതമായ ബേക്കറിയിലേയ്ക്ക് കയറിയത്.. ഒരു പേപ്പർ പ്ളേറ്റിൽ നിറം കുറഞ്ഞ കടുംശർക്കര പായസത്തിനോട് കാഴ്ചയിൽ സാമ്യമുള്ള ഒരു മധുര പലഹാരമെത്തി. രുചിച്ചപ്പോൾ നാവിൽ പാലും കോവയും തകർത്ത് കളിക്കുന്ന ഇരട്ടിമധുരം. 

ബലഗാവിലേയ്ക്ക് കുടിയേറി പാർത്ത രാജസ്ഥാനി പുരോഹിത്തുകളാണ് പാലും കോവയും പഞ്ചസാരയും ചേർത്ത് എട്ടിലൊന്നായി കുറുക്കിയുണ്ടാക്കുന്ന ഈ മധുരത്തിന്റെ ഉപജ്ഞാതാക്കൾ. ബലഗാവി കുന്ദയുടെ മധുരത്തിന്റെ മധുരത്തിൽ സമദിനോട് യാത്രയും പറഞ്ഞ് ഞങ്ങൾ ബാംഗളൂർക്ക് തിരിച്ചു.. 

ഇനിയൊരു യാത്രയുടെ ഓർമ്മകൾ ഉള്ളിൽ തുളുമ്പിയൊഴുകുന്ന മറ്റൊരു ദിവസത്തിനെ ധ്യാനിച്ച് കോണ്ട്..