Monday, April 23, 2018

മരണ മണമുള്ള ഇടനാഴികൾ- പവിഴദ്വീപുകളുടെ പറുദീസ (ഭാഗം-2)



ഇടവപ്പാതിയിലെ ഇടവിട്ട് പെയ്യുന്ന മഴയിൽ പിന്നെയും പിന്നെയും കുതിർന്ന് കിടക്കുന്ന അയയിലെ തുണി പോലെ പോർട്ട്ബ്ളെയർ. പക്ഷേ ചൂടിന് കുറവൊന്നും ഇല്ല, നാല് ചുറ്റും പൊതിഞ്ഞ് കിടക്കുന്ന കടലിൽ നിന്നടിക്കുന്ന ഉപ്പ് കാറ്റിൽ വിയർപ്പ് കിനിഞ്ഞിറങ്ങും.

പ്രതീക്ഷിച്ചതിനേക്കാൾ വളരെ താമസിച്ച് പോർട്ട്ബ്ളെയർ എയർപോർട്ടിൽ എത്തിയ ഞങ്ങൾക്ക് മുന്നിൽ ആരോടും പ്രത്യേക പരിഗണന ഒരിക്കലും കാണിക്കാത്ത സമയം ഒരു മഹാസമസ്യയാണ് അവതരിപ്പിച്ചത്.. വയറ്റിൽ വിശപ്പിന്റെ നീരാളികൾ കൈയ്യേറ്റം തുടങ്ങിയിരുന്നെങ്കിലും ആഹാരം കഴിക്കണോ ആൻഡമാൻ ദ്വീപുകളെ ഇന്ത്യൻ ചരിത്രത്തിൽ പ്രതിഷ്ഠിക്കുന്ന സെല്ലുലാർ ജെയിൽ സൂര്യവെളിച്ചത്തിൽ കാണണോ എന്ന ചോദ്യത്തിന് മുന്നിൽ വിശപ്പിന് തോൽവി സമ്മതിക്കേണ്ടി വന്നു.

ഇങ്ങനെയുള്ള സമയത്താണ് നല്ല തമിഴ് ബ്രാഹ്മണർ സഹയാത്രികരായാലുള്ള ഗുണമനുഭവിക്കുക. അലാവുദ്ദീന്റെ അത്ഭുതവിളക്ക് പോലെ, “ഇട് കുടുക്കേ ചോറും കറിയും“ എന്ന മന്ത്രവാക്യത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന വിസ്മയങ്ങൾ പോലെ, സ്നേഹമുള്ള അവരുടെ ബാഗുകളിൽ നിന്ന് ഇടവേളകളിൽ വീട്ടിലുണ്ടാക്കിയ മുറുക്കും ചീവ്ടയും പരിപ്പ് വറുത്തതും പുറത്ത് ചാടി വിശന്ന് ചൂളം വിളിക്കുന്ന വയറുകളിലേയ്ക്ക് ആത്മാഹൂതി ചെയ്തു കൊണ്ടിരുന്നു.

ആൻഡമാനിലെ സൂര്യൻ 5:30 ന് യാത്ര പറയും, സൂര്യൻ മാത്രമല്ല ഇവിടുത്തെ ജനങ്ങളും ഒരു പകലിൽ നിന്ന് അടുത്ത പകലിലേയ്ക്ക് അല്പം സാവധാനം സഞ്ചരിക്കുന്നവരാണെന്ന് തോന്നും, എത്ര വേഗം ഓടിയിട്ടെന്ത് കാര്യം, ആ കടലോളം മാത്രമല്ലേ എന്നൊരു നിസംഗതയുള്ളത് പോലെ.

അത് തന്നെയാണല്ലോ ഇന്ത്യയുടെ ഇരുണ്ട യുഗത്തിൽ കാലാ പാനിയെന്ന് അറിയപ്പെടുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക്, പീഡനങ്ങൾക്ക് സാക്ഷിയായ ഈ കുപ്രസിദ്ധ ജയിൽ ഇവിടെ പണിയാൻ ബ്രിട്ടീഷ് രാജിനെ പ്രേരിപ്പിച്ചത്, കാടിനുള്ളിലേയ്ക്കോടിയാൽ നരഭോജികളായ കാട്ടുമനുഷ്യരും കടലിലേയ്ക്ക് ചാടിയാൽ കൂർത്ത പവിഴപ്പുറ്റുകളും കൊല്ലുന്ന ഒരിക്കലും രക്ഷപെടാൻ പറ്റാത്ത തടവിന്റെ തുരുത്ത്.

ഓക്കിയുടെ മഴ കാരണം മൊത്തത്തിൽ തിരക്ക് കുറഞ്ഞ ക്യൂവിൽ നിന്ന് ടിക്കറ്റ് വാങ്ങി അകത്ത് കടന്നു. പ്രവേശനകവാടത്തിനടുത്ത് തന്നെയുള്ള മുറികൾ പഴയ ഓഫീസർ വസതിയാണ്, ഇന്ന് ഇരുവശത്തേയും താഴേ തട്ടുകൾ മ്യൂസിയങ്ങൾ ആക്കിയിരിക്കുന്നു. വലത് വശത്ത് ജയിലിന്റെ ചരിത്രവും അവിടെ തങ്ങിയിരുന്ന പ്രമുഖരുടെ പേരു വിവരങ്ങളും ജയിൽ വാസികളുടേയും വാർഡന്മാരുടേയും യൂണിഫോമുകളും തടവുമുറിയുടെ വലിയ താഴും തോക്കുകളും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇടത് വശത്തെ മുറികളിൽ ആൻഡമാന്റെ ചരിത്രം ആസ്പദമാക്കി പലരും വരച്ച ചിത്രങ്ങളും ചരിത്ര നിമിഷങ്ങളുടെ ഫോട്ടോകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.

ഓഫീസറുടെ വസതിയിൽ നിന്നും ജയിലിനകത്തേയ്ക്കുള്ള വാതിലിന് രണ്ട് ഇരുമ്പ് കതകുകളുടെ ഉറപ്പ് കൊടുത്തിരുന്നുവെന്ന് കണ്ട്, ഒരർത്ഥത്തിൽ ഈ നരകതീരത്തിലെ തടവുകാരനായിരുന്നുവല്ലോ അയാളും എന്ന് ചിന്തിച്ചു പോയി.


ഓഫീസർ വസതിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ കാണുന്ന അതിവിശാലമായ വെള്ള മാർബിൾ പ്ളാറ്റ്ഫോം അന്നത്തെ പാചകശാലയുടെ സ്ഥാനമാണ്, ഇന്ന് അവിടെ വിശിഷ്ട ദിവസങ്ങളിൽ സമ്മേളനം നടത്തുന്നു. അതിനിരുവശത്തുമായി കെടാത്ത സ്വാതന്ത്ര്യ ശിഖ കത്തി നിൽക്കുന്നു. ഈ വിളക്കുകൾ കെടാതെ കത്താനുള്ള 17 എൽ.പി.ജി സിലിണ്ടറുകൾ വർഷാവർഷം കൊടുക്കന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്.

ജയിലിന്റെ ചരിത്രവും നാൾവഴികളും കഥകളും പറഞ്ഞും കാട്ടിയും തരാൻ വാക്ചാതുര്യമുള്ള ഗൈഡുകളുടെ സേവനം ലഭ്യമാണ്. ജെയിംസ് എന്ന ഗൈഡിനെ കണ്ടതും ഇയാൾക്കൊരു മലയാളിത്വമുണ്ടല്ലോ എന്ന് തോന്നി, ആൻഡമാനിലെ ജനങ്ങൾക്ക് പറഞ്ഞ് രസിക്കാൻ പാരമ്പര്യത്തിന്റെ ഭാരകണക്കുകൾ ഇല്ലല്ലോ, മൂന്നോ നാലോ തലമുറകൾക്ക് മുന്നേ മെയിൻലാൻഡിൽ നിന്ന് വന്ന തടവുകാരുടേയും സഹായികളുടേയും പണിക്കാരുടേയും പലായനം ചെയ്തവരുടേയും പിന്മുറക്കാരാണവർ. ചടുലവും പ്രൗഡവുമായ ഇംഗ്ളീഷ് ഭാഷയുടെ വാഗ്ധോരണി കേട്ട് ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു,

ആദ്യം കയറിയത് തൂക്ക് മാടത്തിലേയ്ക്കാണ്, അതേ തൂക്കികൊലയ്ക്കൊരു വീട്, കാരണം ഒരേ സമയം മൂന്ന് പേരെ വരെ തൂക്കിക്കൊന്നിരുന്നുവത്രേ, രണ്ട് നിലകളിലായി പണിതിരിക്കുന്ന അറയുടെ തറനിരപ്പിലുള്ള മേൽത്തട്ടിൽ ഉറപ്പിച്ച കമ്പിയിൽ തൂക്ക്കയർ പ്രദർശിപ്പിച്ചിട്ടുണ്ട്. മരണമുറപ്പ് വരുത്താൻ കഴുത്തിലേയ്ക്ക് മുറുകുന്ന കുരുക്കിന്റെ മുകളറ്റത്ത് കഴുത്തെല്ല് ഒടിക്കാൻ പരുവത്തിൽ ഒരുക്കിയിരിക്കുന്ന ലോഹക്കമ്പി കണ്ട് നട്ടെല്ലിലൂടെ ഒരു വിറയൽ പോയ പോലെ. തടി കൊണ്ടുണ്ടാക്കിയ മുറിയുടെ വിടവുകൾ അടച്ചിരുന്നില്ല, മരിക്കുന്നവന്റെ വെപ്രാളങ്ങൾ എല്ലാ ഭീകരതയോടും കൂടി പുറത്തുള്ളവരിൽ എത്താനായിട്ട് തുറന്നിട്ടിരുന്നതാണവ. ജീവനറ്റ ശരീരങ്ങൾ വീഴാനായി താഴെയൊരു കുടുസ്സ് മുറിയുണ്ട്. അവിടെ വീഴുന്ന ശരീരങ്ങൾ എടുത്ത് കൊണ്ട് പോയി കൂട്ടമായി കുഴിച്ച് മൂടുന്ന പുറമ്പോക്കാണ് തൊട്ടപ്പുറത്തെ കാട്.

നട്ടെല്ലിലപ്പോഴും തോന്നുന്ന തണുപ്പുമായ് നടന്ന് കയറിയത് അന്നത്തെ തൊഴിൽ പുരയിലേയ്ക്കാണ്. കാലാപാനി ചിത്രത്തിൽ കാണിക്കുന്ന ജയിലർ വാക്കറുടെ കുപ്രസിദ്ധ കസേര അതിനുള്ളിൽ വച്ചിട്ടുണ്ട്. തെങ്ങുകൾ ഒരുപാടുണ്ടായിരുന്ന ആൻഡമാനിൽ തടവുകാരെ ഏറ്റവും കൂടുതൽ പണിയെടുപ്പിച്ചിരുന്നത് ചക്കിൽ എണ്ണയാട്ടാനും തൊണ്ട് തല്ലിപ്പിരിച്ച് കയറുണ്ടാക്കാനും ആയിരുന്നു. ഒരിക്കലും തീർക്കാനാവാത്ത ജോലിഭാരവും അതികഠിനമായ ശിക്ഷകളും അവിടുത്തെ ജീവിതരീതി ആയിരുന്നു. അതിഭീകര പീഡനങ്ങളൂടെ കഥകളും അതിനെ അതിജീവിക്കാനാവാതെ മാനസിക നില തെറ്റി പോയവരുടെ കഥകളും കേട്ട് എത്ര പ്രാവശ്യം കണ്ണ് നിറഞ്ഞുവെന്നും തൊണ്ടയടഞ്ഞുവെന്നും അറിയില്ല. തനിക്ക് വേണ്ടിയല്ലാതെ സ്നേഹിക്കുന്ന നാടിന് വേണ്ടി പ്രഹരമേറ്റവർ, ജീവൻ കൊടുത്തവർ, ഭ്രാന്തരായവർ, എന്തായിരിക്കും അവർ ആഗ്രഹിച്ചിട്ടുണ്ടാവുക.. സ്വന്തം ജീവനെ കുരുതി കൊടുത്ത് നേടിയ സ്വാതന്ത്ര്യം എന്തായിരിക്കും എന്നാവും അവർ സ്വപ്നം കണ്ടിട്ടുണ്ടാവുക, നെറികെട്ട പിൻതലമുറകളെ കണ്ട് അവർ ശപിക്കുന്നുണ്ടാവും.

പണിശാലയിൽ നിന്നിറങ്ങി നടന്നത് ജയിൽ വിങ്ങിലേയ്ക്കാണ്. ഒത്തനടുക്കുള്ള ക്ലോക്ക് ടവറിൽ നിന്ന് ഏഴ് ശിഖരങ്ങളായി മൂന്ന് നിലകളിൽ പടർന്ന് കിടക്കുന്ന പോലെ പണികഴിപ്പിച്ച ജയിലിൽ 693 മുറികളാണുണ്ടായിരുന്നത്. 14X8 ന്റെ ഓരോ മുറിക്കും വെറും ഒന്നരയടി വീതിയുള്ള അഴിവാതിലും മറുവശത്തേ ഭിത്തിയിൽ മൂന്നടി പൊക്കത്തിൽ ഒരു ഇടുങ്ങിയ ജനലും. വിങ്ങുകളെ ക്ളോക്ക് ടവറിൽ നിന്ന് വേർപെടുത്തുന്ന തടിപ്പാലങ്ങൾ ഓരോ വിങ്ങിനേയും വേർതിരിക്കാനും ഒറ്റപ്പെടുത്താനും ഉപയോഗിച്ചു. ഏകാന്തതടവായിരുന്നു എല്ലാ തടവുകാർക്കും. സവർക്കർ സഹോദരങ്ങൾ മൂന്ന് വർഷത്തോളം ഒന്നിച്ചുണ്ടായിട്ടും അറിഞ്ഞിരുന്നില്ല പോലും.


ജയിലിന്റെ ഏഴിൽ മൂന്ന് ശിഖരങ്ങളെ ഇപ്പോഴുള്ളൂ, മറ്റുള്ളവ തകർന്നപ്പോൾ ആ ഭാഗത്ത് പോർട്ട്ബെളെയർ മെഡിക്കൽ കോളേജ് പണിതിരിക്കുകയാണ്, ക്ളോക്ക് ടവറിന്റെ മുകളിൽ നിന്ന് നോക്കുമ്പോൾ അടുത്തും ദൂരത്തുമായി കുറേ ദ്വീപുകൾ കാണാം, അവിടേയ്ക്ക് നീന്താനാവില്ലേ എന്ന് ചോദിച്ചപ്പോഴാണ്, ഇവിടെ ഭരിച്ചിരുന്ന മനുഷ്യരിലും ക്രൂരത കാട്ടാൻ ഈ കടലിനാവും എന്ന് ജെയിംസ് ജീവനെടുക്കുന്ന കൂർത്ത പവിഴപ്പുറ്റുകളെ മനസ്സിൽ വച്ച് പറഞ്ഞത്.

ക്ളോക്ക് ടവറിന്റെ മൂന്ന് നിലകളിലും വലിയ ഫലകങ്ങളിലായി അവിടെ ജയിലിൽ കിടന്നവരുടെ പേരു വിവരങ്ങളുണ്ട്, പ്രമുഖരിൽ V D Savarkar, ഭഗത് സിങ്ങിന്റെ ഇരു സുഹൃത്തുക്കൾ, യോഗേന്ദ്ര ശുക്ള അങ്ങിനെ ഒരുപാട് പേരുകൾ. ശിപായി ലഹള മുതൽ ബ്രിട്ടീഷ് ഭരണകൂടം ഈ ദ്വീപുകൾ നാട്കടത്തലിനും ശിക്ഷയ്ക്കും ഉപയോഗിച്ചതിനാൽ ഇതിൽ പേരില്ലാത്ത ഇതിലെത്രയോ ഇരട്ടി ആളുകളുണ്ടായിരിക്കണം.

കേട്ടകഥളിലും കെട്ടുകഥകളിലും ഒക്കെയായി ചരിത്രം പടർന്നു കിടപ്പൂണ്ട്, എങ്കിലും സ്വകാര്യ ലാഭമല്ലാത്ത ഒരു സ്വപ്നത്തിന് ജീവൻ ബലികൊടുത്ത, ഒരടിയെങ്കിലും വാങ്ങിയ ഒരാൾ പോലും നിന്ദിക്കപ്പെടരുതെന്ന് യാത്രാമൊഴിയെന്ന പോലെ പറഞ്ഞ ജെയിംസിനോട് മെയിൻലാന്റിൽ പൂർവ്വപിതാക്കന്മാർ എവിടെയായിരുന്നു എന്നറിയാമോ എന്ന് ചോദിച്ചപ്പോൾ കോയമ്പത്തൂർ എന്ന് പറഞ്ഞു..

ജയിൽ കണ്ടിറങ്ങുമ്പോഴേയ്ക്കും സൂര്യൻ അസ്തമിച്ചിരുന്നു, ഇരുണ്ട കാലത്തിന്റെ ഒറ്റപ്പെടലിന്റെയും വേദനയുടേയും നിശ്വാസമടിച്ച ഇടനാഴികളിലൂടെ നടന്ന് എപ്പൊഴോ വിശപ്പ് കെട്ടിരുന്നു, തല നേരെ നിർത്താൻ രണ്ട് സ്റ്റ്രോങ്ങ് കാപ്പിയും കുടിച്ച് തിരിച്ചെത്തിയപ്പോഴേയ്ക്കും ലൈറ്റ് അൻഡ് സൗണ്ട് ഷോയ്ക്കുള്ള സമയമായിരുന്നു.


ജയിലിന്റെ നടുത്തളത്തിൽ നിൽക്കുന്ന ആൽമരമാണ് കാഥികൻ. ആ ആൽമരത്തിന് നൂറിലേറെ വർഷം പഴക്കം ഉണ്ട് പോലും, അത് കണ്ടത്ര മനുഷ്യന്റെ കണ്ണീരും വ്യഥകളും കണ്ടവരാരുണ്ടാകും. ഹിന്ദി സിനിമയിലെ അമൂല്യനിധിയായ ഓം പുരിയുടെ ശബ്ദം തന്നെ ഉപയോഗിച്ചതും ഷോ ഹൃദ്യമാക്കി. വേദനയുടെ അറ്റമില്ലാത്ത കഥകൾ കേട്ട് മാനത്തെ കാർമേഘങ്ങൾ പോലും കരഞ്ഞ് പോയി, ആർത്തലച്ച് പെയ്ത ഒരു മഴ മുഴുവൻ നനഞ്ഞ് നിന്ന് ആ ഷോ കണ്ട് തീർക്കുമ്പോൾ മനസ്സിൽ നിറഞ്ഞത് കുറ്റബോധം മാത്രമായിരുന്നു.. എത്രയെത്ര പേരില്ലാത്ത, നാൾവഴികളിൽ രേഖപെടുത്താത്ത മനുഷ്യജന്മങ്ങൾ സ്വയം ബലി കൊടുത്ത് വാങ്ങി തന്ന ഈ സ്വാത്രന്ത്യം എത്ര നിസ്സാരമായാണ് നമ്മളൊക്കെ അനുഭവിക്കുന്നത്, കൊടും പീഡനങ്ങൾ അറിയാത്ത ഒരു തലമുറയുടെ ശാപം..

മഴയിൽ കുതിർന്ന്, വിശന്ന് നടക്കുമ്പോൾ ആദ്യം കയറിയ ശുദ്ധ വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശ കഴിക്കാനുള്ള വൈമുഖ്യം വയറും മനസ്സും പരാതിയായി നീട്ടിപ്പരത്തി പറഞ്ഞു. അപ്പോഴാണ് നല്ല പാലപ്പത്തിന്റെയും നാടൻ കോഴിക്കറിയുടെയും മണം മൂക്കിലേയ്ക്ക് അടിച്ച് കയറിയത്, കൂട്ടത്തിലുള്ള മസാലദോശപ്രിയരോട് എന്നെ ഹോട്ടലിൽ നോക്കിയാൽ മതിയെന്ന് പറഞ്ഞ് കോയീന്റെ മണം വന്ന ദിക്ക് നോക്കി ഞാൻ നടന്നു.

(തുടരും..)


1 comment:


  1. കൈപ്പുനീരിന്റെ കഥയറിയാവുന്ന
    ആ മുത്തശ്ശിമരത്തിനു താഴെ ഞാൻ ലിഡിയയെ കാത്തിരിക്കുന്നുണ്ട് പവിഴ ദ്വീപിലെ ത്യാഗത്തിന്റെ ബാക്കിചിത്രം കൂടി കേട്ടറിയാൻ...

    കാലാപാനിയെകുറിച്ച് കൂടുതലറിയാൻ..

    ReplyDelete