രാമേശ്വരത്ത് നിന്ന് തിരിച്ചു പോരുമ്പോഴും മനസ്സിൽ നിറഞ്ഞ് നിന്നത് എല്ലാം ഉള്ളിലൊതുക്കിപ്പിടിച്ച് മൗനിയായ പോലെ കിടന്ന വംഗസാഗരത്തിന്റെ വശ്യനീലിമയാണെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ, അങ്ങോട്ടേയ്ക്ക് പോവാൻ ഒരു അവസരം ഒത്തുവന്നപ്പോൾ ചേർത്ത് വച്ചിരുന്ന മൺകുടുക്കകളൊക്കെ പൊട്ടിക്കാൻ മനസ്സൊട്ടും അമാന്തിച്ചില്ല.
ഡിസംബറിന്റെ ആദ്യവാരം പുറപ്പെടാൻ രണ്ടു മാസം മുൻപ് തൊട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഭാണ്ഡം പക്ഷേ നിരാശയിൽ കുതിർന്ന് ഒഴുകിപോവുമോ എന്ന ആശങ്കയായിരുന്നു ഒക്ടോബറിൽ ഓക്കിയുടെ ഹുങ്കാരം കേട്ട് തുടങ്ങിയപ്പോൾ. ന്യൂനമർദ്ദം ഉരുവെടുക്കുന്നതിന്റെയും കാറ്റിന്റെയും മഴയുടേയും വാർത്തകൾക്ക് മേലെ എന്റെ ആൻഡമാൻ സ്വപ്നം ഒരു മഴവില്ല് പോലെ തെളിയാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ.
യാത്ര പ്രണയമായ ഒരു കൂട്ടം സ്ത്രീകളുടെ കൂടെ അതിരാവിലെ ബാംഗളൂർ എയർപോർട്ടിൽ എത്തുമ്പോഴും മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. നാലഞ്ച് നാളായി നിർത്തിവച്ചിരുന്ന പോർട്ട്ബ്ളെയർ സർവ്വീസ് ഇന്നലെ മുതൽ പുനഃരാരംഭിച്ചിരിക്കുന്നു എന്നും യാത്രാ താമസം പ്രതീക്ഷിക്കാം എന്നുമൊക്കെയുള്ള എസ്.എം.എസ്സുകൾ മനസ്സിനെ ഒരു തരത്തിലും സമാധാനിപ്പിക്കുന്നവ ആയിരുന്നില്ല.
എയർപോർട്ടിൽ യാത്രാസംഘത്തിലെ പന്ത്രണ്ട് പേരിലെ ആദ്യ എട്ട് പേർ ഒന്ന് ചേർന്നപ്പോൾ ആശങ്കകളൊക്കെ തമാശകളുണർത്തിയ പൊട്ടിച്ചിരിയിൽ ഒലിച്ച് പോയി. ഓർമ്മയിലാദ്യമായാണ് ഒരു ചുഴലികാറ്റിന് ഒരു പുരുഷന്റെ പേര് കേൾക്കുന്നത്, അത് കൊണ്ട് തന്നെ പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും എന്ന പേടി വേണ്ട, വടി വയ്ക്കുന്നിടത്ത് കുട വയ്ക്കാത്ത കൂട്ടരാണല്ലോ എന്ന മുതിർന്ന കൂട്ടുകാരിയുടെ ഉള്ള് തുറന്ന അഭിപ്രായപ്രകടനം കേട്ട് ഞങ്ങളൊക്കെ ആർത്ത് ചിരിച്ചുവെങ്കിലും ഓക്കി വാക്ക് പാലിച്ചാൽ മതിയെന്ന ഒരു പ്രാർത്ഥനയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..
500-ൽ പരം ദ്വീപുകളിലായി ചിതറി കിടക്കുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ 36-ൽ താഴെ ദ്വീപുകളിൽ മാത്രമേ മനുഷ്യവാസമുള്ളൂ. അതിൽ തന്നെയും സ്വകാര്യ ദ്വീപുകളും നിയന്ത്രിത മേഖലകളും ഒഴിവാക്കിയാൽ 25-ൽ താഴെ ദ്വീപുകളിലായാണ് ഈ യൂണിയൻ ടെറിറ്ററിയിലെ ഭൂരിഭാഗം മനുഷ്യവാസവും.
ആൻഡമാൻ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട്ബ്ളെയറിലാണ് ആൻഡമാനിലെ ഒരെയൊരു എയർപോർട്ടായ വീർ സവർക്കർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്, ഇവിടേയ്ക്ക് ചെന്നൈ, കൊൽക്കട്ട, ബാംഗളൂർ എന്നിവിടങ്ങളിൽ നിന്ന് ദിവസേന ഫ്ളൈറ്റുകൾ ഉണ്ട്. ചെന്നൈയിൽ നിന്നും കൊൽക്കട്ടയിൽ നിന്നും കപ്പൽ മാർഗ്ഗവും പോർട്ട്ബ്ളെയറിൽ എത്താം. ലോ ബഡ്ജറ്റ് വിമാനക്കമ്പനികളുടെ മത്സരവിപണം കാരണം എയർടിക്കറ്റിലെ നിരക്ക് കുറവും, 45 മിനിറ്റിന്റെ ഹൃസ്വദൈർഘ്യവും വിമാനയാത്ര കൂടുതൽ സ്വീകാര്യമാക്കുന്നു,
വിമാനം ഇടയ്കിടെ എയർപോക്കറ്റിൽ വീണ് കുലുങ്ങുമ്പോഴൊക്കെ സീറ്റ് ബെൽറ്റിടാനുള്ള നിർദ്ദേശങ്ങളും പുറത്തെ മഴയെ പറ്റിയുള്ള വിവരങ്ങളും ഒക്കെ പൈലറ്റ് തന്ന് കൊണ്ടിരുന്നു.
ജനൽചില്ലിലേയ്ക് വീണ് പലവഴി ഒഴുകിപരക്കുന്ന മഴനൂലുകൾ കണ്ട് ആസ്വദിക്കാതിരുന്ന ജീവിതത്തിലെ ചുരുക്കം ചില അവസരങ്ങളിൽ ഒന്നായിരുന്നോ അത്. മനസ്സിൽ മുടങ്ങാൻ പാടില്ലാത്ത ഒരു യാത്രയുടെ, നീലക്കടലിനടിയിലേയ്ക്ക് ഊളിയിടുന്ന സ്വപ്നം മാത്രം..
മടുപ്പിക്കുന്ന ഉദ്വേഗത്തിന്റെ അവസാനിക്കാത്ത ഒരു മണിക്കൂറിന് ശേഷം വിമാനം മഴമേഘക്കൂടാരത്തിനകത്ത് നിന്ന് താഴേയ്ക്കിറങ്ങുമ്പോൾ പ്രകൃതി കാത്ത് വച്ചിരുന്നത് ഒരു അവിസ്മരണീയ സമ്മാനം ആയിരുന്നു, പവിഴദ്വീപുകളുടെ ആകാശക്കാഴ്ച.
ഇന്ദ്രനീലക്കടലിന്റെ നെഞ്ചിലെ പവിഴമാല പോലെ തൊട്ട് തൊട്ട് കിടക്കുന്ന പവിഴദ്വീപുകൾ. കിലോമീറ്ററുകളോളം നീണ്ട സ്വർണ്ണനിറമുള്ള ബീച്ചുകൾ, അതിനുമപ്പുറം ആഴക്കടലിലേയ്ക്ക് ഇറങ്ങിയിറങ്ങി പോവുന്ന ഇന്ദ്രനീലിമയുടെ ആഴമില്ലാത്ത കടൽത്തട്ട്..
ആകാശ ഊഞ്ഞാലിൽ കയറി ആദ്യമായി ലോകം കാണുന്ന കുഞ്ഞിന്റെ പോലെ ഹൃദയം തുടികൊട്ടി തുടങ്ങി, പോർട്ട്ബ്ളെയറിലെ ചെറിയ എയർപോർട്ടിലേയ്ക്ക് വിമാനം നിലം തൊടുമ്പോൾ മഴക്കാലത്ത് നാട്ടിലെ റോഡിലൂടെ പോവുന്ന ബസ്സ് തെറിപ്പിക്കുന്നത് പോലെ വെള്ളം ഇരുവശത്തേയ്ക്കും വീശിത്തെറിച്ചു..
മഴയുടെ നനവുള്ള വെയിൽ വീഴുന്നുണ്ടായിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം തെളിഞ്ഞ പോർട്ട്ബ്ളെയറിന്റെ ആകാശച്ചോട്ടിലേയ്ക്ക് നിങ്ങൾക്ക് സ്വാഗതം എന്ന ആശംസാവാക്കുകൾ കേട്ടിറങ്ങുമ്പോൾ കൂട്ടത്തിലെ ബാക്കി നാല് പേർ ഡെൽഹിയിൽ നിന്നെത്തി ഞങ്ങളേ കാത്ത് അവിടെ നില്പുണ്ടായിരുന്നു.
26 വയസ്സുകാരി മുതൽ 62 വയസ്സുകാരി വരെ അടങ്ങുന്ന ആ സംഘം മുടങ്ങി പോയ ഉച്ചയൂണിനെ പറ്റി ആലോചിച്ച് ഞങ്ങളെ സ്വീകരിക്കാൻ എത്താമെന്ന് പറഞ്ഞ ലോക്കൽ ഗൈഡിനേയും കാത്ത് നിന്നു.
ഓക്കി ഒറ്റക്കണ്ണിറുക്കി പിടിച്ച് ഞങ്ങളുടെ വെപ്രാളവും നോക്കി നിൽപ്പുണ്ടായിരുന്നു, ഇനിയുള്ള നാല് ദിവസങ്ങൾ ഒളിച്ച് കളിക്കാൻ റെഡിയാണെന്ന കുസൃതി നിറഞ്ഞ ഭാവത്തിൽ..
(തുടരും)
ഏറെ തവണ കണ്ടിട്ടുണ്ടെങ്കിലും പവിഴദ്വീപിനെപ്പറ്റി ലിഡിയയുടെ എഴുത്തിലൂടെ വായിച്ചറിയുവാൻ കാത്തിരിക്കുന്നു....
ReplyDelete