Thursday, May 10, 2018

നീലക്കടലും കൂട്ടുകാരും -പവിഴദ്വീപുകളുടെ പറുദീസ (ഭാഗം 3)


അതിരാവിലെ തന്നെ ഉണർന്ന് റെഡിയായത് നീൽ ദ്വീപിലേയ്ക്ക് പോവുന്ന ഗവൺമെന്റ് ഫെറി പിടിക്കാനാണ്, ലോക്കൽ ഗൈഡ് ശിവ ടിക്കറ്റും മറ്റും റെഡി ആക്കി തന്നിരുന്നു, ഒരു ചായയെ പ്രഭാതഭക്ഷണം എന്ന് ജ്ഞാനസ്നാനം മുക്കി കുടിച്ചിട്ട് നേരെ ജെട്ടിയിലേയ്ക്ക് വിട്ടു.

പോർട്ട്ബ്ളെയറിലെ ഫോണിക്സ് ബേ ജെട്ടിയിൽ നിന്നാണ് രാവിലെ 6:00 മണിക്കും 11:00 മണിക്കും രണ്ട് ഗവണ്മെന്റ് ഫെറികൾ നീൽ ദ്വീപിലേയ്ക്ക് പോവുന്നത്,  ഓടിപാഞ്ഞെത്തിയ ഞങ്ങൾ ക്യൂ നിന്നത് ഏഴ് മണിക്ക് പോവുന്ന പ്രൈവറ്റ് ബോട്ടിന്റെ ക്യൂവിലാണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും നീൽലേയ്ക്കുള്ള ബോട്ട് ആദ്യ സൈറൺ അടിച്ച് കഴിഞ്ഞിരുന്നു, ഗ്രൂപ്പ് മുഴുവൻ ഓടിയെത്താൻ വേണ്ടി അക്ഷരാർത്ഥത്തിൽ കാല് പിടിക്കേണ്ടി വന്നു, വിയർത്ത് കുളിച്ച് ഭാണ്ഡക്കെട്ടുകൾ ഒരു വശത്ത് ഒതുക്കി വച്ച് ഇരുന്നപ്പോഴേയ്ക്കും ബോട്ട് നീങ്ങിത്തുടങ്ങിയിരുന്നു.

ബോട്ട് കിട്ടിയില്ലായിരുന്നെങ്കിൽ നീലിലേയ്ക്കുള്ള യാത്ര മുടങ്ങിയേനെ എന്ന ചിന്തയിൽ ഹൃദയം നിറഞ്ഞിരിക്കുമ്പോഴാണ്, ഒക്കിയുടെ അക്രമണത്തിന് ശേഷം ഇന്നലെയാണ് ആദ്യമായി ഫെറി തുടങ്ങിയതെന്നും, ഇന്നലെ ഒരു മണിക്കൂറോളം പോയി തിരിച്ചു വന്നുവെന്നും അടുത്തിരുന്ന സ്നേഹമുള്ള ബംഗാളി അമ്മാവൻ പറഞ്ഞത്, ഷോക്കടിച്ച പോലുള്ള എന്റെ ഭാവം കണ്ട് പാവം തോന്നിയിട്ടാവും ആക്രാന്തം പിടിച്ച് തിന്നുകൊണ്ടിരുന്ന ജിലേബിയിലൊരെണ്ണം പങ്കുവച്ചതും.

ഏ.സി എന്ന് പറയപ്പെടുന്ന ബങ്ക് റൂമിലെ വീർപ്പ് മുട്ടലിൽ നിന്ന് രക്ഷപെടാൻ നിമിഷങ്ങൾക്കുള്ളിൽ പുറത്ത് ചാടിയ എന്റെ മുന്നിൽ ഭാഗ്യമുള്ള മുക്കുവന്റെ വലയിൽ പെട്ട 90 കിലോ സ്രാവായിരുന്നു പോർട്ട്ബ്ളെയർകാരൻ രങ്കേഷ്.. ഫെറിയിലെ സഹായി കം ഓൾ-ഇൻ-ആൾ ആണ് രങ്കേഷ്. തമിഴും ഹിന്ദിയും പച്ചവെള്ളം പോലെ പറയും, മലയാളത്താന്മരോട് ഒരു സ്നേഹവും, ചരിത്രവും കഥകളും സഹായമനസ്ഥിതിയും കൂടിയപ്പോൾ എനിക്ക് പറ്റിയ ഇരയെ കിട്ടിയ സന്തോഷമായി.

കടൽ ചൊരുക്കിൽ ആളുകൾ അവിടെയും ഇവിടെയും നിന്ന് രാവിലെ ഉള്ളിലേയ്ക്ക് പോയവരെ പുറത്തേയ്ക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു.


തലേന്ന് കടൽ കറുപ്പ് നിറത്തിൽ മൂന്നടിയൊളം ഉയരത്തിൽ തിരമാലകളുമായി പ്രഷുബ്ധമായിരുന്നുവെന്നും വീണ്ടും മഴ തുടങ്ങിയപ്പോഴാണ് തിരിച്ചു പോയതെന്നും രങ്കേഷ് പറഞ്ഞു, ഒന്നരയാഴ്ചയുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്ന് ഫെറി പുനഃരാരംഭിച്ചത് പോലും. ഇന്നെന്തായാലും കടലിന് അതിസുന്ദരമായ നീല നിറമാണ്, ആകാശത്ത് മേഘങ്ങൾ ഉരുണ്ട് കൂടി നിൽപ്പുണ്ടെങ്കിലും വെണ്മേഘങ്ങളായത് കൊണ്ട് പേടിക്കാനില്ല, കടലിൽ തെളിയുന്ന വെയിലിന് നല്ല ചൂടാണ്. രങ്കേഷ് അവരുടെ ഭക്ഷണത്തിനുള്ള ഉരുളക്കിഴങ്ങ് വൃത്തിയാക്കുന്നത് കണ്ടപ്പൊഴാണ് രാവിലെ മുതൽ പട്ടിണിയായിരുന്നല്ലോ എന്നോർത്തത്. പട്ടാണിക്കടലയും കൊറിച്ച് ഞങ്ങൾ ആൻഡമാനിന്റെ കഥ പറഞ്ഞിരുന്നു.

ആൻഡമാൻ ദ്വീപുകളെ സൗത്ത്, നോർത്ത്, മിഡിൽ, ലിറ്റിൽ ആൻഡമാൻ ദ്വീപ സമൂഹങ്ങളായി തിരിച്ചിരിക്കുന്നു. ഫെറിയിൽ പോവുമ്പോൾ കാണുന്ന നെടുങ്കൻ ദ്വീപ് സൗത്ത് ആൻഡമാൻ ദ്വീപുകൾ ആണ്, പോർട്ട്ബ്ളെയറും റോസ് ദ്വീപും ഒക്കെ ഉൾപ്പെടുന്നവ, അങ്ങേ വശത്താണ് സർഫിങ്ങിന് പേര് കേട്ട ജോളി ബോയ് ഐലന്റും റെഡ് സ്കിൻ ഐലന്റും , അല്പം തെക്ക് മാറി നോർത്ത്, സൗത്ത് സെന്റിനെൽ ഐലന്റുകൾ ഉണ്ട്, പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താതെ ഇന്നും ജീവിക്കുന്ന സെന്റിനലീസ് ഗോത്രക്കാരുടെ ദ്വീപ്, അവർക്ക് സംസാരഭാഷ ഇല്ലാത്തതും അവരുമായി ബന്ധപ്പെടാൻ വലിയൊരു തടസ്സമാണ്.

ആൻഡമാനിലെ മറ്റൊരു പ്രധാന ഗോത്ര സമൂഹമായ ജേർവകൾ അല്പം കൂടി പുറം ലോകവുമായി അടുക്കാൻ തയ്യാറുള്ളവർ ആണ്, ഒരു കൂട്ടർ ഇപ്പൊഴും പരമ്പരാഗത ശൈലിയിൽ ബാരാറ്റാംഗ് ദ്വീപിൽ വസിക്കുമ്പോൾ പുറം ലോകത്തിൽഎത്തി ജോലിചെയ്യുന്നവരും ഉണ്ട്, എന്റെ ഫെറിയിൽ തന്നെ ഒരു ജെർവക്കാരൻ ഉണ്ടായിരുന്നത് എനിക്ക് ഭാഗ്യമായി.

ചുരുണ്ട് തലപറ്റിയിരിക്കുന്ന മുടിയും നല്ല കറുപ്പും ഉറച്ച ശരീരവും ഉള്ള സാധാരണ ആഫ്രിക്കൻ വംശരുടെ ഛായ ആണ്, ബ്രിട്ടീഷ് ഭരണകാലത്ത് പുറം നാട്ടുകാർ ജെർവകളുടെ വിഷം നിറച്ച അമ്പുകൾ കൊണ്ട് കൊല്ലപ്പെട്ട വാർത്തകൾ സർവ്വസാധാരണമായിരുന്നു, പിന്നീട് നടന്ന ഒരു സായുധ ശ്രമത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെടുകയും രണ്ട് ജാർവക്കാരിൽ ഒരാൾ മരത്തിൽ നിന്ന് താഴെ വീണ് കാലൊടിയുകയും ചെയ്തുവെന്നും, അയാളെ ഹോസ്പിറ്റലിൽ ചികിത്സിപ്പിച്ച് അവരുമായി സംവദിക്കാൻ വഴിയൊരുക്കുകയും ചെയ്താണ് ശത്രുതയിൽ അല്പം മയം വരുത്തിയത് എന്നും.

പോർട്ട്ബ്ളെയറിൽ നിന്നും റോഡ് മാർഗം ബാരറ്റാംഗ് ദ്വീപിലേയ്ക്ക് പോവാം, ആദിമനുഷ്യരെ നിവസിപ്പിച്ചിരിക്കുന്ന സംരക്ഷിതവനത്തിലൂടെ മുന്നിലും പിന്നിലും പോലീസ് അകമ്പടിയോടെ ദിവസവും രണ്ട് പ്രാവശ്യം വണ്ടികൾ കടത്തിവിടുന്നുണ്ട്. മനുഷ്യൻ മനുഷ്യനെ തന്നെ ഒരു സവാരിയിലെ കാഴ്ചമൃഗങ്ങളെ കാണുന്നത് പോലെ കാണുന്ന കാഴ്ച മനസ്സിൽ ആലോചിച്ചപ്പോഴേ മടുപ്പുണ്ടാക്കി.

ആൻഡമാനിലെ ബാറെൺ ദ്വീപിലാണ് സൗത്ത് ഏഷ്യയിലെ  ഇപ്പൊഴും പ്രവൃത്തിക്ഷമമായ ബാറെൺ അഗ്നിപർവ്വതം ഉള്ളത്, ഇവിടേയ്ക്ക് സന്ദർശനാനുമതി ഇല്ല, പകരം ബാരാറ്റാംഗ് ദ്വീപിൽ ഇന്ത്യയിൽ ഇവിടെ മാത്രം കാണപ്പെടുന്ന മൺ അഗ്നിപർവ്വതങ്ങൾ കാണാം, ഒരു ചെറിയ കുഴിയിൽ കുമിള പൊട്ടുന്ന ചെളി. അടിയിൽ പ്രകൃതിക്ക് മാത്രം അറിയാവുന്ന അത്ഭുതമാവും. ബാരാറ്റാംഗിലെ ചുണ്ണാമ്പ് ഗുഹകളും ഒരിക്കലെങ്കിലും കാണാൻ പോവണം എന്ന് ബാരാറ്റാംഗ് സവാരിയിൽ താല്പര്യമില്ലെന്ന് പറഞ്ഞ എന്നോട് അയാൾ എടുത്ത് പറഞ്ഞു,

ഫെറിയിലെ കിച്ചണിൽ നിന്നുയരുന്ന കറിയുടെ മണം ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ നന്നായി നടക്കുന്നുണ്ടെന്ന് മൂക്കിനെ അറിയിച്ചു. ഇതിനിടയിൽ ഫെറിയുടെ സിഗ്നൽ കണ്ട്രോളർ അബോയ് ദാസിനെ പരിചയപ്പെട്ടത്, എന്റെ ചുരുങ്ങിയ ബംഗാളി അറിവിൽ അത് “അഭയ്“ എന്ന് എളുപ്പത്തിലും വിളിക്കാം എന്നെനിക്കറിയാമായിരുന്നു.

പോർട്ട്ബ്ളെയറിൽ നിന്നും ഏതാണ്ട് 25 നോട്ടിക്കൽ മൈൽ അകലെയാണ് നീൽ ദ്വീപെന്നും അവിടെ നിന്ന് 16 നോട്ടിക്കൽ മൈൽ ദൂരത്തിൽ ഹാവ്‌ലോക്ക് ദ്വീപെന്നും അബോയ് പറഞ്ഞു തന്നു, നാവികരുപയൊഗിക്കുന്ന പ്രത്യേക തരം മാപ്പിൽ സാധാരണ മാപ്പിൽ കാണാത്ത ആൻഡമാൻ ദ്വീപുകളും ഉണ്ടായിരുന്നു. കൊൽക്കട്ടയിൽ നിന്നും വരുന്ന പാസഞ്ചർ കപ്പൽ 7 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടന്ന് പൊവുന്നുണ്ടെന്നും ഓക്കി ഭയം കാരണം 20% സവാരിയേ ഉള്ളൂ എന്നും അറിവ് കിട്ടി. താവഴിയിൽ നിന്ന് പിരിഞ്ഞ് പോയ കുടുംബക്കാരൊടുള്ള സ്നേഹം പോലെ ബംഗാളികൾക്ക് മലയാളിയോടുള്ള സ്നേഹം കാരണം അബോയ് കൽക്കട്ടയിൽ നിന്ന് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന തട്ട(വറുത്ത പത്തിരി പോലുള്ള ഒരു പലഹാരം) യിൽ മൂന്നെണ്ണം പങ്ക് വച്ചു.

ആൻഡമാൻ യാത്രയെ സൗത്ത് ആൻഡമാനിലേയ്ക്കുള്ള കടൽ യാത്രകളെന്നും നോർത്ത് ആൻഡമാനിലേയ്ക്കുള്ള കരകാഴ്ചകളെന്നും വിളിക്കാം, സൗത്തിലേയ്ക്ക് അതിമനോഹരങ്ങളായ പഞ്ചാരമണലുള്ള ബീച്ചുകളും, പവിഴപുറ്റുകളും സർഫിങ്ങും സ്കൂബാഡൈവിങ്ങും ഒക്കെയുണ്ടെങ്കിൽ നോർത്ത് കാഴ്ചകളിൽ അഗ്നിപർവ്വതങ്ങളും ആൻഡമാൻ മഴക്കാടുകളും, ചുണ്ണാമ്പ് ഗുഹകളും ഒക്കെ കണ്ട് വരാം.

പോർട്ട്ബ്ളെയറിൽ നിന്ന് ഡിജിലിപൂർ വരെയ്ക്കും സർക്കാരിന്റെ ബസ് സർവ്വീസ് ഉണ്ട്, ഡിജിലിപൂരിലെ സാഡിൽ പീക്കും രാമ്നഗർ ബീച്ചും മനോഹരമായ കാഴ്ച ആയിരിക്കും എന്ന് അവർ ഉറപ്പ് പറഞ്ഞുകൊണ്ടിരുന്നു. ആ അറ്റത്ത് തന്നെയാണ് സ്മിത്ത്-റോസ് ദ്വീപുകൾ, വേലിയേറ്റത്തിൽ രണ്ട് ദ്വീപുകളാവുകയും വേലിയിറക്കത്തിൽ നീണ്ട ഒരു ബീച്ചിനാൽ ഒന്നിക്കപ്പെടുകയും ചെയ്യുന്ന അവർ കമിതാക്കളാണെന്നും സഹോദരങ്ങളാണെന്നും തർക്കമുണ്ട് പോലും, മനുഷ്യർ തർക്കിക്കുന്നത് ദ്വീപുകൾ കേൾക്കുന്നുണ്ടാവില്ലെന്ന് കരുതാം..

സമയം ഉച്ചയോടടുത്തിരുന്നു, ചളുങ്ങിയ അലുമിനിയം കലത്തിൽ വേവിച്ച ഒറ്റക്കട്ടയായി ഇരിക്കുന്ന പച്ചരിച്ചോറും ഉരുളക്കിഴങ്ങ് സ്റ്റൂവിന്റെ ഒരകന്ന ബന്ധുവിനെ പോലിരിക്കുന്ന കറിയും, കഴിക്കാൻ കൂടുന്നോ എന്ന അവരുടെ മടിച്ച് മടിച്ചുള്ള ചോദ്യം മാത്രം മതിയായിരുന്നു പ്ളാസ്റ്റിക്ക് പ്ളേറ്റിലേയ്ക്ക് ചോറും കറിയും എടുത്ത് കഴിക്കാൻ, വിശപ്പറിഞ്ഞ് കഴിച്ചതിനാലാവാണം നല്ല രുചി.

ആൻഡമാനിൽ കൃഷിയിടങ്ങൾ കുറവാണ്. ഉപ്പ് രസമുള്ള മണ്ണും ആഴമില്ലാത്ത സ്ഥലങ്ങളും കാരണം എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യാൻ ആവില്ല, ഡിജിലിപൂർ ഭാഗത്തേയ്ക്ക് നെല്പാടങ്ങൾ ഉണ്ടെങ്കിലും അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ്, സവാള മുതലായവ കൂടുതലും മെയിൻലാൻഡിൽ നിന്നാണ് വരുന്നത്. പച്ചക്കറി കൃഷിയിൽ നീൽ ദ്വീപ് പ്രശസ്തമാണ്. പൂവൻപഴവും ആത്തയ്ക്കയും ആൻഡമാനിൽ നന്നായി ഉണ്ടാകുന്ന ഫലങ്ങളാണ്. കടലിന് നടുക്കായതിനാൽ ഇഷ്ടം മാതിരി മീൻ കിട്ടുമെന്ന എന്റെ പ്രതീക്ഷ പക്ഷേ ഓക്കി കാരണമാവും അല്പം തകർന്നു,

വയറ് നിറഞ്ഞപ്പോൾ രങ്കേഷിന്റെ ധൈര്യത്തിൽ ക്യാബിൻ റൂമിൽ കയറിയ എന്നെ ഇഷ്ടപ്പെടാത്ത പോലെ തറപ്പിച്ച് നോക്കി ഒരു കുട്ടിപ്പയ്യൻ നിൽക്കുന്നുണ്ടായിരുന്നു, ജാഡ സഹിക്കാൻ പറ്റിയില്ലെങ്കിലും ചെന്നെയിലെ Indian Maritime University ൽ നിന്ന് മറൈൻ എഞ്ചിനീയറിങ്ങ് പഠിച്ച് ഇപ്പോൾ ഇതിലെ അസിസ്റ്റന്റ് ക്യാപ്റ്റനാണ് ആ മീശ മുളയ്ക്കാത്ത പയ്യനെന്ന് കേട്ടപ്പോൾ ഒരു ബഹുമാനം തോന്നി.

ഒരു മൂന്നടി പൊക്കത്തിൽ കാലുള്ള ഒരു കസേര കുറെ നേരമായി എന്റെ കൺവെട്ടത്ത് നിന്നങ്ങനെ കൊതിപ്പിക്കുന്നു, ആരായിരിക്കും അതിലിരിക്കുക എന്നും, അതിലൊന്ന് കയറി ഇരിക്കണം എന്നുമുള്ള കുറെ ചോദ്യങ്ങളും ആഗ്രഹങ്ങളും കൊണ്ട് അങ്ങനെ നിൽക്കുമ്പോഴാണ് ഒരു അജാനുബാഹു അങ്ങോട്ട് വന്നത്, മൊട്ടത്തലയും അവിടെയും ഇവിടെയും മാത്രമുള്ള ബർമ്മ മീശയും, പുള്ളിയെ കണ്ടവഴി എല്ലാവരും ഒന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ആളാണ് ഈ കപ്പലിന്റെ കപ്പിത്താൻ എന്ന് മനസ്സിലായത്.

പന്തം കണ്ട പെരുച്ചാഴിയെ പോലെ പുറത്ത് കടക്കുന്നതിനിടയിലും ഒരു ഗുഡാഫ്റ്റർനൂൺ പറഞ്ഞത് എനിക്ക് രക്ഷയായി, അലാവുദ്ദീന്റെ ജീനിയെ പോലെ പുള്ളി ഒന്ന് ചിരിച്ചു, എവിടുന്നാണെന്ന് ചോദിച്ചു, കേരളത്തിൽ നിന്നെന്ന് പറഞ്ഞതും മലയാളത്തിൽ “അന്നെ കണ്ടാ മലയാളിയാന്ന് പറയൂല്ലാ“ ന്ന്.. എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി..

മലബാർ ലഹളയുടെ കാലത്തെ ആൻഡമാൻ കുടിയേറ്റക്കാരാണ് അബ്ദുൾ റഹ്മാന്റെ പൂർവ്വപിതാമഹന്മാർ, മലപ്പുറത്തെവിടെയോ ഉള്ള ബന്ധുവീട്ടിൽ ചെറുപ്പത്തിലെന്നോ പോയ ഓർമ്മ പുള്ളിക്കുണ്ട്, നല്ല തമിഴ് ചുവയുള്ള മലയാളം പറയാൻ തിരക്ക് കൂട്ടുന്നത് പോലെ തോന്നി. 22 വർഷത്തെ സർവ്വീസിൽ ഫെറികളും കപ്പലുകളും നയിച്ച കഥകളും, ഈ ദ്വീപുകൾ കണ്ട തിരമാലകളും, സുനാമിയുടെ ഓർമ്മകളും ഒക്കെ അദ്ദേഹം പങ്ക് വച്ചു.


നീട്ടിവിളിക്കുന്ന സൈറൺ തീരത്തെത്താൻ പോവുന്ന സൂചന തന്നു, നീണ്ട് നീണ്ട് കിടക്കുന്ന സ്വർണ്ണ നിറമുള്ള ബീച്ചുകൾ. കടലിന്റെ നിറം ഇന്ദ്രനീലിമയിൽ നിന്ന് മരതകപച്ചയായിരിക്കുന്നു. അടിയിലെ പവിഴപുറ്റുകൾ കാണാൻ തുടങ്ങി.

ഗ്രൂപ്പിന് കൊടുക്കാനായി കരുതിയ കേരളത്തിന്റെ സ്വന്തം വാഴയ്ക്കാ ചിപ്സ് ക്യാപ്റ്റനും ക്രൂവിനും കൊടുത്ത്  ഉച്ചയ്ക്ക് ഒന്നരയോടെ നീൽ ദ്വീപിന്റെ വിജനമായ കടല്പാലത്തിൽ ഭാണ്ഡക്കെട്ടും തൂക്കി ഇറങ്ങുമ്പോൾ ഈ സൗഹൃദം പോലെ അവിസ്മരണീയമായ ആൻഡമാൻ ഓർമ്മകൾ ലഭിക്കട്ടെ എന്ന് അവർ ആശംസിച്ചു.

ചോറും ഉരുളക്കിഴങ്ങ് ബാജിയും കിട്ടാതെ കടൽചൊരുക്കിൽ കുടൽമാല മറിഞ്ഞത് പോലെ തളർന്ന കൂട്ടുകാർ പാഞ്ഞ ദിക്കിലേയ്ക്ക് ഞാനും വച്ചു പിടിച്ചു.. വല്ല മീൻ വറുത്തതും കിട്ടിയാലോ?

ഭരത്പൂർ ബീച്ചിൽ കിട്ടുമായിരിക്കും

(തുടരും)

No comments:

Post a Comment