മഴയ്ക്ക്
ആകെ ഒരു വികൃതി സ്വഭാവം.
ക്യൂവിൽ
കാത്തുനിൽക്കുമ്പോഴൊന്നും
പെയ്യാതെ നിന്നിട്ട്,
പുറത്തേയ്ക്കിറങ്ങിയതും
വീണ്ടും ചാറി തുടങ്ങി,
ഇന്ന്
നനച്ചേ അടങ്ങൂന്ന് വാശി പോലെ,
എന്നാലങ്ങനെ
ആവട്ടെ എന്ന് കരുതി നനയാൻ
തീരുമാനിച്ചു.
മഴയാണെങ്കിലും
വിവേകാനന്ദപ്പാറയിലേയ്ക്ക്
തിരക്കിന് കുറവൊന്നും ഇല്ല,
സാധാരണ
പാസിന് 39
രൂപയും
സ്പെഷ്യൽ പാസായി 120
രൂപയും
വാങ്ങിക്കുന്നുവെങ്കിലും
കാത്ത് നിൽപ്പ് ഏകദേശം ഒരേ
അളവിലാണ്.
കന്യാകുമാരി
മുനമ്പ് പിതൃതർപ്പണവും
പുണ്യതീർത്ഥാടനവും കൊണ്ട്
ഭക്തസംഘങ്ങളുടെയും,
മൂന്ന്
സമുദ്രങ്ങൾ കൂടിചേരുന്ന
ഇന്ത്യാ ഭൂഖണ്ഡത്തിന്റെ
തെക്കേയറ്റം എന്ന പ്രസക്തി
കൊണ്ട് സഞ്ചാരികളുടെയും
പ്രിയ കേന്ദ്രമാണ്.
കാത്തുകാത്തിരുന്ന്
M.
L Guhan എന്ന
ടൂറിസ്റ്റ് ബോട്ടിൽ കയറിപറ്റിയതും
മഴ അടക്കമൊതുക്കമുള്ള കുട്ടിയെ
പോലെ ഒതുങ്ങി നിന്നു.
തിര
തല്ലുന്ന കടലിലൂടെ ഒരു പത്ത്
മിനിട്ട് യാത്ര കൊണ്ട് വിവേകാന്ദ
പാറയിൽ എത്തി.
രാമകൃഷ്ണ
മിഷന്റെ മേൽനോട്ടത്തിലുള്ള
വിവേകാനന്ദ സ്മാരകം ഉണ്ടാവുന്നതിനും
ഒരു പാട് കാലം മുന്നേ തന്നെ
ഈ പാറക്കെട്ടുകൾ കന്യാകുമാരിയുടേത്
എന്ന് വിശ്വസിക്കുന്ന
കാല്പാദങ്ങളും അതിനെ ചുറ്റി
ഒരമ്പലവും ഉണ്ടായിരുന്നു,
ഈ
പാറയിലാണത്രെ കന്യാകുമാരി
മഹാശിവനെ തപസ്സ് ചെയ്തിരുന്നത്.
1962-ൽ
വിവേകാനന്ദന്റെ 100-ആം
ജന്മവാർഷികത്തിനാണ് അദ്ദേഹത്തിന്
ജ്ഞാനോദയം കിട്ടി എന്ന്
കരുതുന്ന ഈ പാറയിൽ ഒരു സ്മാരക
മന്ദിരം ഉയർത്തണം എന്ന ഒരു
ആശയമുണ്ടായത്.
പക്ഷെ
തദ്ദേശവാസികളായ കൃസ്ത്യൻ
മുക്കുവരുടെ ഇടയിൽ നിന്നുണ്ടായ
എതിർപ്പും തുടർന്നുണ്ടായ
കൃസ്ത്യൻ-ഹിന്ദു
സംഘർഷങ്ങളും രാഷ്ട്രീയ
ഇടപെടലുകളും ചാണക്യതന്ത്രങ്ങളും
ഒക്കെ ചരിത്രമായി.1970-ൽ
സ്മാരകം നിർമ്മിക്കപ്പെട്ടു.
ബോട്ടിൽ
നിന്നിറങ്ങവെ മഴയിൽ
തെന്നിക്കിടക്കുയാണ്
പാറകളെങ്കിലും മഴയോട് നന്ദി
തോന്നി,
തമിഴ്നാട്ടിലെ
ചുടുന്ന വെയിലത്ത് ഈ പാറയിലൂടെ
നഗ്നപാദരായി നടക്കേണ്ടി
വരുന്നത് ഓർക്കാൻ ആവുന്നില്ല.
ഇരുപത്
രൂപയുടെ പ്രവേശനപാസ്സും
വാങ്ങി അകത്ത് കയറിയാൽ ചപ്പൽ
ഊരി വയ്ക്കണം, അതിന് സൗജന്യ സൗകര്യമൊരുക്കിയിട്ടുണ്ട്.
ചാറ്റൽ
മഴയും കാറ്റും ഇരമ്പുന്ന
കടലും ആ ചെറിയ പാറയ്ക്ക്
താങ്ങാനാവാത്ത വിധം ആൾത്തിരക്കും.
സൂര്യന്റെ
ഉത്തരദക്ഷിണ അയനം രേഖപ്പെടുത്തിയ
ഒരു അർദ്ധവൃത്ത സൂചിക വരച്ച
മാർബിൾ ഫലകം കണ്ടു.
വിവേകാനന്ദ
സ്മാരകം മൂന്ന് നിലകളിലായാണ്
പണിതിരിക്കുന്നത്,
താഴെ
ആറ് മുറികളുള്ള ധ്യാന മണ്ഡപവും
ഏറ്റവും മുകൾ നിലയിൽ വിവേകാനന്ദ
പ്രതിമയുള്ള സഭാ മണ്ഡപവും,
മുഖ
മണ്ഡപം,
നമസ്തുഭ്യം
എന്നിങ്ങനെ ഒരുക്കിയിരിക്കുന്നു.
സഭാ
മണ്ഡപത്തിലെ അതികായ പ്രതിമയ്ക്ക്
മുന്നിൽ കൈകൾ കൂപ്പി കണ്ണടച്ച്
നിന്ന് മന്ത്രമുരുവിടുന്നവർ
അടുത്ത നൂറ്റാണ്ടിലെ ദൈവത്തിനെ
കണ്ടെത്തുന്നവരാണോ അതോ എനിക്ക്
ബോധോദയം ഉണ്ടാവാത്തതോ എന്ന
ചിതറിയ ചിന്തയോടെ ഞാൻ
പുറത്തിറങ്ങി.
സഭാ
മണ്ഡപത്തിന് നേരെ മുന്നിലായാണ്
ശ്രീപാദ മന്ദിരം,
ഇതിനുള്ളിൽ
കന്യാകുമാരിയുടേതെന്ന്
കരുതപ്പെടുന്ന കാല്പാടുകൾ
ഉള്ള ശ്രീകോവിലും ക്ഷേത്രവുമായി
ഒരുക്കിയിരിക്കുന്നു,
പതിഞ്ഞ
ശബ്ദത്തിൽ മന്ത്രധ്വനികളും
നിശബ്ദത പാലിക്കാൻ ആംഗ്യം
കാട്ടിക്കൊണ്ട് ടാഗുകളിട്ട
ആളുകളും ചുറ്റുപാടും ഉണ്ട്.
ബോട്ടിൽ
കയറി തിരിച്ചെത്തി ചാറ്റൽ
മഴയുടെ കൂടെ ഒരു ചായയും കുടിച്ച്
പോയത് കന്യാകുമാരിയമ്മൻ
ക്ഷേത്രത്തിലേയ്ക്കാണ്.
പരാശക്തിയായ
ശ്രീപാർവതി ബാലികാ രൂപത്തിൽ
കുടി കൊള്ളുന്നതിനാൽ ദേവിക്ക്
ശ്രീബാല എന്നും ശ്രീഭദ്ര
എന്നും പേരുണ്ട്.
ഭഗവതിക്ക്
ഇഷ്ടപെട്ട താമരപ്പൂവ് ഇവിടുത്തെ
പ്രധാന പൂജാപുഷ്പമാണ് പോലും.
വിരഹിണിയായ
കന്യകയെ സന്യാസിയാക്കിയത്
ആരാണാവോ?
ക്ഷേത്രത്തിലെ
പൂജാദി കർമ്മകൾ ശങ്കരാചാര്യ
മഠത്തിന്റെ അനുഷ്ഠാനങ്ങൾക്കനുസരിച്ചാണത്രെ
നടക്കുന്നത്.
എന്റെ
തിളക്കമില്ലാത്ത മൂക്കുത്തി
കണ്ടിട്ടാവണം കന്യാകുമാരിയമ്മന്റെ
വജ്രമൂക്കുത്തിയെ പറ്റിയുള്ള
ഐതീഹ്യം കക്കതോടുകൾ കൊണ്ടുള്ള
ആഭരണം വിൽക്കുന്ന ആ സ്ത്രീ
പറഞ്ഞത്.
മൂക്കുത്തിയുടെ
തിളക്കം കണ്ട് തീരത്തെ
വെളിച്ചമെന്ന് കരുതി അടുക്കുന്ന
കപ്പലുകൾ ഈ പാറകളിൽ തട്ടി
ഉടയാറുണ്ടായിരുന്നത്രേ,
കടലിന് അഭിമുഖമുള്ള കിഴക്കേ നട
ഇപ്പൊഴും വിശേഷ ദിവസങ്ങളിൽ
മാത്രമേ തുറക്കൂ.
ശ്രീകോവിലിന്
മുന്നിലെ കെടാവിളക്കിൽ
ദേവിയുടെ വജ്രമൂക്കുത്തി
പ്രതിഫലിക്കുന്നുണ്ടെന്നാണ്
വിശ്വാസം.
കന്യാകുമാരി
ശക്തിപീഠം എന്നും അറിയപ്പെടുന്നു.
അപമാനിതയായി
ദക്ഷന്റെ യാഗാഗ്നിയിൽ ചാടിയ
സതിയുടെ മൃതദേഹവുമായി
താണ്ഡവമാടിയ ശിവനെ അടക്കാൻ
സുദർശനചക്രം കൊണ്ട് വിഷ്ണു
ആ ശരീരം 51
ഭാഗങ്ങളാക്കി
51
സ്ഥലങ്ങളിൽ
ചിതറിച്ചു,
അവ
വീണയിടങ്ങളാണ് ശക്തിപീഠങ്ങൾ
എന്നറിയപ്പെടുന്നത്.
ശക്തിപീഠങ്ങൾക്ക്
കാവൽ നിൽക്കുന്ന ശിവരൂപമാണ്
കാലഭൈരവൻ,
കന്യാകുമാരിയിൽ
കാലഭൈരവന് ‘നിമിഷ്‘ എന്നും
ശക്തിക്ക് ‘സർവ്വാണി‘ എന്നും
വിളിപ്പേര്.
ദക്ഷിണേന്ത്യയിലെ
രണ്ട് ശക്തിപീഠങ്ങളിൽ മറ്റൊന്നായ
ശുചീന്ദ്രത്ത് ദേവി നാരായണി
ആയി അറിയപ്പെടുന്നു.
കന്യാകുമാരി
ക്ഷേത്രത്തിന് പിന്നിൽ
തന്നെയാണ് ത്രിവേണി സംഗമം,
ഈ
മുനമ്പിൽ അറബിക്കടലും ഇന്ത്യൻ
മഹാസമുദ്രവും ബംഗാൾ ഉൾക്കടലും
കണ്ടുമുട്ടുന്നു.
കഴുകിക്കളയുന്ന
പാപങ്ങളുടെ ഭാരം കുറയ്ക്കാനാവണം
ഇടവിടാതെ പാറകളിൽ തിരകൾ
തലതല്ലുന്നത്.
കുമാരി
ക്ഷേത്രത്തിൽ നിന്ന് നടന്ന്
പോകാവുന്ന ദൂരത്ത് തീരത്തിൽ
തന്നെയാണ് ഗാന്ധിമണ്ഡപവും.
മഹാത്മാഗാന്ധിയുടെ
ചിതാഭസ്മം ത്രിവേണിയിൽ
നിമഞ്ജനത്തിന് മുന്നേ
പ്രദർശനത്തിന് വച്ച ഇടത്താണ്
ഈ സ്മാരകം പണിതിരിക്കുന്നത്.
ഒറീസ
ആർക്കിടെക്ചറിൽ പണിതിരിക്കുന്ന
ഈ സ്മാരകത്തിന്റെ പ്രധാനമണ്ഡപത്തിന്
മഹാത്മയുടെ ആയുസ്സിന്റെ
നീളമാണെന്നത് ഒരു പുതിയ
അറിയാവായിരുന്നു,
78 അടി.
ഗാന്ധി
ജയന്തിയന്ന് സൂര്യകിരണങ്ങൾ
മണ്ഡപത്തിന് മേലെയുള്ള ഒരു
സുഷിരത്തിലൂടെ ചിതാഭസ്മം
വച്ചിരുന്നയിടത്ത് വീഴും
പോലും.
ഉച്ചയാവുന്നതിന്
മുന്നേ കന്യാകുമാരിയിൽ നിന്ന്
പുറപ്പെട്ടത് രാവിരുട്ടും
മുന്നേ രാമേശ്വരം എത്തണമെന്ന്
കരുതിയാണ്,
മഴക്കാറുകൾ
തടസ്സം നിൽക്കുമോ എന്ന്
സംശയിച്ചിരുന്നു,
പക്ഷേ
കന്യാകുമാരി വിട്ടതും മഴയും
യാത്ര പറഞ്ഞു.
കന്യാകുമാരിയിലെ
ഉദയാസ്തമയങ്ങൾ ഞാനിപ്പൊൾ
കാണേണ്ടന്ന് പ്ളാനിട്ടിരുന്ന
പോലെ.
തിരിച്ചു
വരാൻ എന്തെങ്കിലും കാരണമുണ്ടാക്കി
വയ്ക്കുന്നതും ആവും.
മുപ്പന്തലും
സുന്ദരപാണ്ഡ്യപുരവും കടന്ന്
തിരുനെൽവേലി,
തൂത്തുക്കുടി
വഴിയാണ് രാമേശ്വരത്തേയ്ക്കുള്ള
യാത്ര.
പഞ്ഞിമേഘങ്ങൾ
നിറഞ്ഞ ആകാശവും വിശാല വിജനമായ
റോഡും പഴയ കിഷോർകുമാർ പാട്ടുകളും,
ഐതീഹ്യങ്ങളുടെ
മറ്റൊരു നഗരം തേടി പോവാൻ
പറ്റിയ മൂഡ്..
ഉച്ചഭക്ഷണത്തിന്
ഏതെങ്കിലും ശരവണാഭവനിലെ
മീൽസ് തന്നെ ശരണം എന്ന് മനസ്സ്
മുഷിഞ്ഞിരിക്കുമ്പോഴാണ്
രണ്ട് ഒട്ടകത്തലകളും
ഒട്ടകപക്ഷികളും ഒക്കെ നിരത്തിയ
Capsi Restaurant എന്ന
വഴിയോര പരസ്യം കണ്ടത്,
വണ്ടിക്കും
യാത്രക്കാർക്കും ഉഷാറായി.
തൂത്തുക്കുടി
എയർപോർട്ടിന് അടുത്ത് വിജനമായ
ഹൈവേയിൽ വിശാലമായ സെറ്റപ്പിൽ
ഈ തീം റെസ്റ്റോറന്റ്
ഒരുക്കിയിരിക്കുന്നത് ഒരു
മലയാളിയാവും എന്ന് വരെ ഒരു
ബെറ്റും വച്ചു,
പ്രതീക്ഷിച്ച
പോലെ ഒരു ഗുരുവായൂർകാരൻ
പ്രവാസിയുടെ സ്വപ്നമായിരുന്നു
ആ റെസ്റ്റോറന്റ്.
മനോഹരമായി
ഡിസൈൻ ചെയ്ത ഇന്റീറിയറും,
ഹോട്ടലിന്റെ
അടുത്ത് തന്നെ നിർമ്മിച്ചിരിക്കുന്ന
ഒരു മിനി സൂവും കുട്ടിപാർക്കും
ഒക്കെയായി ഒരു ഗംഭീരൻ കാഴ്ചവട്ടം.
അവിടെയുള്ള
മൂന്ന് ഒട്ടകങ്ങൾ 6
വർഷത്തോളമായി
അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ
ഒരത്ഭുതം,
അവയ്ക്കുള്ള
ചുറ്റുപാടുകളും മറ്റും ഏറ്റവും
വൃത്തിയായി തന്നെ സെറ്റ്
ചെയ്തിരിക്കുന്നു.
ലവ്ബേർഡ്സും,
മുയലുകളും
അലങ്കാരക്കോഴികളും അങ്ങനെ
ഒരു മിനി സൂ..
കുട്ടികൾക്ക്
കളിക്കാൻ കളിത്തീവണ്ടിയും
ഏറുമാടവും കയർപാലവും ഒക്കെയായി
വരണ്ട മരുഭൂമിക്കിടയിൽ
നിൽക്കുന്ന ഒരു മരീചികയാണതെന്ന
തോന്നലുണ്ടാക്കി.
ഈ
വിജനമായ പ്രദേശത്ത് ഇങ്ങനെയൊരു
ഹോട്ടലിൽ ആരു വരും എന്ന്
ചിന്തിച്ചെങ്കിലും വിമാനത്താവളത്തിന്
തൊട്ടടുത്തായതിനാലും ഫാക്റ്ററി
പട്ടണമായ തൂത്തുക്കുടിയുടെ
വളരെയടുത്തായതിനാലും
വൈകുന്നേരങ്ങളിൽ ഇവിടെ വൻ
തിരക്കാണെന്ന് ഒട്ടകയിടയൻ
പറഞ്ഞു..
മനസ്സും
വയറും നിറച്ച് ആഹാരവും
കഴിച്ചിറങ്ങിയത് തൂത്തുക്കുടിയിലെ
ഉപ്പളങ്ങളിലേയ്ക്കാണ്.
കണ്ണെത്താ
ദൂരത്തോളം നെല്പാടങ്ങൾക്ക്
പകരം ഉപ്പ് പാടങ്ങൾ,
ഉപ്പു
വെള്ളത്തിന്റെ മൂക്ക്
തുളയ്ക്കുന്ന ചൊരുക്ക്
മണത്തിനിടയിലും അത്ഭുതം
കൊണ്ട് കണ്ണ് തള്ളിക്കുന്ന
ഒരു കാഴ്ചയായിരുന്നു അത്.
തൂത്തുക്കുടിയിലെ
ഉപ്പളങ്ങൾക്ക് നൂറ്റാണ്ടൂകളുടെ
പഴക്കമുണ്ട്,
കൊങ്കൺ
തീരത്തെ ഈ ചെറുപട്ടണം ഇന്ത്യയുടെ
ഉപ്പ് ഉത്പാദനത്തിൽ ലോകത്തിലെ
മൂന്നാം സ്ഥാനമെന്ന പദവി
ലഭിക്കാൻ വലിയ പങ്ക് വഹിക്കുന്നു.
കടലിൽ
നിന്ന് മോട്ടർ വച്ച് അടിച്ച്
കയറ്റുന്ന വെള്ളം കളിമണ്ണ്
കൊണ്ട് അതിര് കെട്ടിയ പാടങ്ങളിൽ
നിറച്ച് സൂര്യപ്രകാശത്തിന്റെ
സഹായത്തോടെ വറ്റിച്ച്
ഉപ്പാക്കുന്ന രീതിയിൽ പ്രകൃതിയും
പ്രകൃതിക്ഷോഭങ്ങളും ഒക്കെ
രക്ഷകരും ശിക്ഷകരും ആകുന്നു,
ഉണങ്ങിയ
ഉപ്പ് പരലുകൾ വലിയ കൂനകളായി
കൂട്ടി ടാർപോളിൻ കൊണ്ട്
മൂടീയിടുന്നു,
ടാർപോളിൽ
പറന്ന് പോവാതിരിക്കാൻ വശങ്ങളിൽ
ഉപ്പ്ചാക്കുകൾ തന്നെയാണ്
കെട്ടിയിട്ടിരിക്കുന്നത്.
ഉപ്പളങ്ങൾ
കടന്ന് മണ്ഡപം എത്തിയപ്പൊഴേയ്ക്കും
സൂര്യൻ പടിഞ്ഞാറ് താണിരുന്നു
.
പാമ്പൻ
പാലം വിളറി തെളിഞ്ഞ വിളക്കുകൾ
കൊണ്ട് വരവേറ്റു,
ചരിത്രത്തിന്റെ
മറ്റൊരു നാഴികകല്ലിലൂടെ ആ
കടല്പാലം കടക്കവെ എല്ലാ
ക്ഷീണത്തിനും മേലെ മനസ്സ്
അടുത്ത ദിവസത്തിലെ കഥകൾക്ക്
കാതോർക്കാൻ കൊതിച്ചു
തുടങ്ങിയിരുന്നു.
(തുടരും)
No comments:
Post a Comment