Tuesday, November 28, 2017

കന്യക കാക്കുന്ന മുനമ്പിൽ മുഖം കറുപ്പിച്ച് സൂര്യൻ - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 3)



തമിഴ് മണ്ണിന്റെ ചൂടറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മീനാക്ഷീ പുരത്ത് നിന്ന് ഇനി യാത്ര കന്യാകുമാരീ പുരത്തേയ്ക്കാണ്. കന്യകയായി കടല് കാക്കുന്ന പെണ്ണിന്റെ നാട്. അസ്തമനം കന്യാകുമാരീ മുനമ്പിൽ കാണണം എന്ന ലക്ഷ്യത്തോടെ ഉച്ചയ്ക്ക് മുന്നേ തന്നെ മധുരയിൽ നിന്ന് പുറപ്പെട്ടു.


പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിച്ച യാത്രയായിരുന്നു മധുര-കന്യാകുമാരി റോഡ് മാർഗം ഉള്ള യാത്ര. സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമം തമിഴ് സിനിമയിലെ സുന്ദരപാണ്ഡ്യപുരത്തോളം തന്നെ മനോഹരമായിരുന്നു. മധുര-തൂത്തുക്കുടി വഴി ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയായിരുന്നു യാത്ര. കണ്ണെത്തുന്ന ദൂരത്തോളം നെല്ലും പൂവും പാടങ്ങളും, അങ്ങകലെ അരിക് കെട്ടിയ പോലെ സഹ്യപർവ്വതത്തിന്റെ ഒരു കൈനിരയും.

ആകാശം അനുഗ്രഹീതനായ ഒരു കലാകാരന്റെ പണിതീരാത്ത പെയിന്റ് പോലെ നീലയുടെ പല ഷേയ്ഡുകൾ പടർന്ന് കിടന്നു, ഈ കാഴ്ചകളൊക്കെ കാണുമ്പോഴാണ് വർണ്ണിക്കാവുന്നതിലും എത്രയോ അധികം മനോഹരമായാണ് ഈശ്വരൻ ഈ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് തോന്നുക, ഒന്ന് കണ്ണ് തുറക്കുകയല്ലേ വേണ്ടു, ഈ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ.

മഴക്കാറുകളുടെ ആ വർണ്ണജാലം കടന്ന് കാറ്റാടികളുടെ ഗ്രാമത്തിലേയ്ക്കാണ്. തെങ്ങിനും കവുങ്ങിനും ഇടവിളയായി പടുകൂറ്റൻ കാറ്റാടികൾ നട്ടിരിക്കുന്ന പോലെ. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൽ ഭൂമിയുടെ ഉപരിതലത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൈദ്യുതോല്പാദന കേന്ദ്രമാണ് മുപ്പന്തൽ (അരുൾവായ്മൊഴി) കാറ്റാടി പ്രൊജക്റ്റ് എന്ന് കേട്ടപ്പൊൾ കൗതുകം അത്ഭുതത്തിന് വഴി മാറി.


പ്രാചീന തമിഴ് കവയിത്രിയായ അവ്വെയാർ ഇവിടെയൊരു കല്യാണം നടത്തിയെന്നും അതിൽ പങ്കെടുക്കാൻ ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരെ ക്ഷണിച്ചുവെന്നും, ക്ഷണം സ്വീകരിച്ച് ഇവിടെത്തിയ അവർ കെട്ടിയ മൂന്ന് മണ്ഡപങ്ങൾ കാരണമാണ് ഇവിടം മുപ്പന്തൽ എന്ന് അറിയപ്പെടുന്നതും എന്നാണ് ഐതീഹ്യം. അറബിക്കടലിൽ നിന്ന് സഹ്യപർവ്വത നിരകൾക്കിടയിലൂടെ അടിക്കുന്ന ശക്തമായ കടൽകാറ്റിന്റെ നിർലോഭമായ ലഭ്യതയും ശക്തിയുമാണ്, വിദേശ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിക്ക് ഇടയാക്കിയത്. തീരഗ്രാമമായ മുപ്പന്തലിലെ ജനങ്ങൾക്ക് ഒരു പാട് തൊഴിലും അവസരങ്ങളും ഈ പദ്ധതികൾ ഒരുക്കിയിരിക്കുന്നു.


അരൽവായ്മൊഴി എന്ന പേരിന് മലയാളക്കരയോടും ബന്ധമുണ്ട്. പണ്ട് വേണാട്ടരചൻ മലനാടിനെ സംരക്ഷിക്കാൻ കെട്ടിയ കോട്ടയിലേയ്ക്കുള്ള വഴി എന്ന പേരിൽ നിന്നുമാണ് ഈ പേരുണ്ടായത് എന്നു പറയപ്പെടുന്നു. വേലുത്തമ്പി ദളവയുടെ വിശ്വസ്ഥരിൽ നിന്ന് 1809 -ൽ ബ്രിട്ടീഷ്കാർ പിടിച്ചെടുത്ത ആ കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഈ പ്രദേശത്ത് കാണാം പോലും.

മേഘങ്ങളില്ലാതെ തെളിഞ്ഞ ഒരു ആകാശവും കണ്ടാണ് കന്യാകുമാരിയെത്തിയത്, സ്കൂൾ കാലത്ത് കന്യാകുമാരിയെത്തിയ മങ്ങിയ ഓർമ്മകൾ ഉണ്ട്, പക്ഷേ ഓർമ്മയിൽ ഒരിക്കലും തെളിഞ്ഞ അസ്തമനവും ഉദയവും കണ്ടതായി ഓർമ്മയില്ല. അതിമനോഹരമായ അവർണ്ണനീയ അനൂഭൂതിയായി നിറഞ്ഞ ഒരു പാട് അസ്തമയങ്ങളും ഉദയങ്ങളും കണ്ടുവെങ്കിലും കന്യാകുമാരി ഒരു കിട്ടാക്കനിയായി നിന്നിരുന്നു. ഈ തീരത്ത് ഇന്നെത്തിയിരിക്കുന്നത് ആ കടം വീടാനാണ്.

കന്യാകുമാരിയിലെ പ്രധാന ആകർഷണങ്ങളെല്ലാം കാണാനാവുന്ന തരത്തിൽ, ഉയരത്തിൽ ഒരു മുറി കിട്ടിയതായിരുന്നു ഏറ്റവും വലിയ ഭാഗ്യമായി തോന്നിയത്, അല്പം ദൂരത്തിലെങ്കിലും തെളിഞ്ഞ് കാണുന്ന വിവേകാനന്ദ പാറയും വള്ളുവർ ശിലയും കന്യാകുമാരി ക്ഷേത്രവും ഗാന്ധിമണ്ഡപവും ഒക്കെ ഒരേ ഫ്രേമിനുള്ളിൽ.


അസ്തമയത്തിന് മുന്നേ കന്യാകുമാരി മുനമ്പിന്റെ ഏറ്റവും ഇടത്തേ വശമായ കേപ്പ് കോവളം എന്നും അറിയപ്പെടുന്ന സൺസെറ്റ് പോയിന്റിലേയ്ക്ക് എത്താനുള്ള തിരക്കായിരുന്നു. ഗാന്ധി ശിലയിൽ നിന്ന് മൂന്ന് കിലോമീറ്ററോളമേ ദൂരമുള്ളുവെങ്കിലും ഓട്ടോക്കാർ അവരുടെ സ്വഭാവം അനുസരിച്ച് എത്ര വേണമെങ്കിലും ചോദിക്കാം. ഓട്ടോയിൽ കയറി ഇരുന്നതും കളിയാക്കി ചിരിക്കുന്ന പോലെ ഒരു മഴച്ചാറ്റൽ, മനസ്സിടിഞ്ഞ് പോയി.

ചാറ്റൽ മഴയും കൊണ്ടാണ് സൺസെറ്റ് മുനമ്പിലെത്തിയത്, അല്പം നേരത്തെ ആയത് കൊണ്ട് ആ പരിസരത്തെങ്ങും ആരെയും കണ്ടില്ല, നിറയെ പാറക്കെട്ടുകൾ നിറഞ്ഞ തീരം, നല്ല ശക്തിയുള്ള തിരകൾ, ഓട്ടോക്കാരൻ ഉറപ്പ് പറഞ്ഞിട്ടും തോന്നിയ സംശയം തീർത്തത് ആകെയുണ്ടായിരുന്ന ചായക്കടയിൽ ചായയും ചുടുചൂടൻ മുളക് ബജ്ജിയും തിന്നാണ്, നോക്കി നോക്കി നിൽക്കെ തീരത്ത് തിരക്ക് കൂടി കൂടി വന്നു, മഴ മാറിയെങ്കിലും സൂര്യൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു കളിച്ചിരുന്നു, എന്നും ഇത്രയും പേരെ കാണുന്നത് കൊണ്ടാവും ഇത്രയും തലക്കനം അർക്കഭഗവാന്.


കന്യകയായ കുമാരിയായി പരാശക്തി വാഴുന്ന മുനമ്പാണ് കന്യാകുമാരിയായി അറിയപ്പെടുന്നത് എന്നാണ് ഐതീഹ്യം. ബാണാസുരൻ താനൊരു കന്യകയാലെ വധിക്കപെടാവൂ എന്ന് വരവും വാങ്ങി സർവ്വ ദ്രോഹങ്ങളും ചെയ്തു വാഴുന്ന കാലത്ത് ദേവന്മാരും സന്യാസിമാരും ചേർന്ന് വിഷ്ണുവിനെ സമീപിക്കയും വിഷ്ണുവിന്റെ ഉപദേശപ്രകാരം പരാശക്തിയെ പ്രാർത്ഥിക്കയും ചെയ്തുവത്രെ. പ്രാർത്ഥന കേട്ട ദേവി ഒരു പെൺകുട്ടിയായി അവതരിക്കയും മഹാശക്തിക്കായി ശിവപൂജയും ചെയ്തു ഈ മുനമ്പിൽ താമസിക്കയും ചെയ്തു, മഹാശിവനെ കണ്ട മാത്രയിൽ അവർ അനുരക്തരായി തീരുകയും വിവാഹം കഴിക്കാൻ തീരുമാനിക്കയും ചെയ്തുവെങ്കിലും ദേവി വിവാഹിതയായാൽ ബാണാസുര വധം നടക്കില്ലയെന്നറിഞ്ഞ ദേവന്മാർ നാരദ മുനിയുടെ കൗശലം കൊണ്ട് ആ വിവാഹം ഉഴപ്പിക്കളഞ്ഞു.

ബാണാസുരനെ വധിച്ചുവെങ്കിലും ഇന്നും ശിവനെ കാത്തിരിക്കുന്ന ആ കന്യകയാണ് കന്യാകുമാരിയമ്മൻ. ദേവി പ്രസാധം കൊണ്ട് ഇവിടെ തർപ്പണം ചെയ്താൽ പാപമോക്ഷവും പരലോക പ്രാപ്തിയും ആണത്രെ ഫലം. അത് കൊണ്ട് തന്നെ ഇവിടെ ഭക്തസംഘങ്ങളുടേയും വൻ തിരക്കാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മുനമ്പ് എന്ന നിലയിൽ ചരിത്രത്തിൽ വളരെ പണ്ടു തന്നെ പുകൾപെട്ട തീരമാണ് കന്യാകുമാരി അല്ലെങ്കിൽ കേപ്പ് കൊമറിൻ, ചേര രാജാക്കന്മാരുടെ കാലത്ത് തന്നെ റോം, ഈജിപ്ത്, പേർഷ്യൻ രാജ്യങ്ങളുമായി കച്ചവട ബന്ധങ്ങളും കടൽമാർഗ്ഗ യാത്രകളും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.


സൂര്യൻ പടിഞ്ഞാറ് എത്തി കാർമേഘങ്ങൾക്കിടയിൽ കണ്ണ് പൊത്തിക്കളി നടത്തുന്നു, പാറക്കെട്ടുക്കൾ നിറഞ്ഞ തീരത്തെ തിരകൾക്ക് നല്ല ശക്തിയുള്ളത് പോലെ. ബീച്ചെന്ന് പറയാൻ ഇടം കുറവാണെങ്കിലും ഒരുപാട് പേർ തിരകളിൽ കളിക്കുന്നുണ്ട്, അഴകിന്റെ വർണ്ണക്കാഴ്ചകൾ ഒരുക്കി ഇരുട്ടിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് സൂര്യൻ വിടവാങ്ങിയപ്പോൾ കടൽ പോലെ തന്നെ മനസ്സും ഇരുട്ടിന്റെ നിശബ്ദതയിലേയ്ക്ക് ഊളിയിട്ട പോലെ.

പകൽ കടലിനെ പോലെയല്ല രാത്രിയിലെ കടൽ, ഉറക്കം വരാത്ത ഒരു വായാടി,  മറ്റുള്ളവരേയും ഉറക്കാതിരിക്കാൻ ഏതോ നീണ്ട കഥ പറയുന്നത് പോലെ തോന്നും. സൂര്യോദയം കാണാനുള്ള തിരക്കിൽ കണ്ണിറുക്കെ അടച്ച് ഉറക്കം നടിച്ച് കിടന്നു.


സൂര്യനുദിക്കുന്നതിനും അലാറമടിക്കുന്നതും മുന്നേ എഴുന്നേറ്റത് കുയിലിന്റെയും മയിലിന്റെയും മുഴങ്ങുന്ന ശബ്ദം കേട്ടാണ്, കടൽക്കാറ്റും കൊണ്ട് കിഴക്ക് നോക്കിയിരിക്കേ അവ്യക്തമായി ദൂരെ വേലി കെട്ടിയ വള്ളുവർ ശിലയും വിവേകാന്ദ പാറയും കണ്ടു. കാർമേഘങ്ങൾ ആകാശം നിറഞ്ഞു നിന്നത് ആശങ്കയുണർത്തി. മേഘങ്ങൾക്കിടയിലൂടെ ഒളികണ്ണിട്ട് എത്തി നോക്കി സൂര്യൻ ആകാശത്തേയ്ക്ക് ഉയർന്ന് പോയി, കന്യാകുമാരിയിലെ തെളിഞ്ഞ സൂര്യോദയം ഒരു തീരാക്കടമായി നിൽക്കട്ടെ എന്നാവും മനസ്സിൽ..

പീലിവിരിച്ചാടുന്ന ഒരു ആണ്മയിലും അഴക് കണ്ട് അടുത്തു കൂടിയ പെണ്മയിലുകളും ആ ദുഃഖത്തിന് ഒരൽപ്പം ശമനം തന്നു. വള്ളുവർ ശില നവീകരണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ അവിടേയ്ക്ക് പോവാൻ അനുമതിയുണ്ടായിരുന്നില്ല. 95 അടിയുള്ള പ്രതിമയും 38 അടിയുള്ള സ്തൂപവും ചേർന്ന് 133 അടി ഉയരമുള്ള ഈ ശില തമിഴ് കവിയും ജ്ഞാനിയും ആയ തിരുവള്ളുവരുടെ ബഹുമാനാർത്ഥം 2001 ജനുവരി ഒന്നാം തിയതി അനാവരണം ചെയ്യപ്പെട്ടതാണ്. ഉപ്പു വെള്ളത്തിൽ നിന്നും കടൽകാറ്റിൽ നിന്നുമുള്ള നാശങ്ങൾ പരിഹരിക്കാൻ നാല് വർഷത്തിലൊരിക്കൽ ഈ ശിലയിൽ കോൺക്രീറ്റ് മിനുക്കിപണികൾ നടത്തി പേപ്പർപൾപ്പ് കൊണ്ട് പൊതിയുന്നു, ഉണങ്ങിയ പേപ്പർ പൾപ്പ് ഉപ്പ് കാറ്റിന്റെ നശീകരണത്തെ ഒരു പരിധി വരെ തടയുന്നു.


വള്ളുവർ ശില കാണാൻ പറ്റാത്തതിലുള്ള സങ്കടം വിവേകാന്ദ പാറ കണ്ടു തീർക്കാം എന്ന ആശ്വാസവുമായി രാവിലെ എത്തിയതും കണ്ടത് ഒരു നീണ്ട ക്യൂ. വിവേകാന്ദ പാറ പച്ചയും കാവിയുമുടുത്ത് ദൂരെ നിന്ന് കൊതിപ്പിക്കുന്നു, നീന്തിയാലോ?, നീന്തിക്കയറി അവിടെ ചെന്നിരുന്നാൽ ഒരു ബോധോദയം ഉണ്ടായാലോ?



(തുടരും)

No comments:

Post a Comment