Thursday, December 14, 2017

രണ്ട് കടൽ പാലങ്ങളുടെ കഥ -മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ (ഭാഗം 6)


ഉച്ചയൂണ് കഴിഞ്ഞിറങ്ങിയത് കത്തുന്ന വെയിലിലേയ്ക്കാണ്, കത്തുന്ന വെയിലും ഉപ്പു കാറ്റും അടിച്ചു കറുത്തു എന്ന സങ്കടത്തിന് ഈ കറുപ്പ് കാൻസറുൾപ്പടെ തൊലിപ്പുറത്തും ശരീരത്തിനകത്തും ഉള്ള പല അസുഖങ്ങൾക്കും മരുന്നാണ് എന്നതായിരുന്നു ഗൈഡിന്റെ ആശ്വാസവചനം.സമ്മതിക്കാതെ വഴിയില്ല.

രാമേശ്വരം കടലോര പട്ടണം ആണെങ്കിലും മീനും മാംസവും ഒക്കെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്, നിലവാരമുള്ള കടകളുടെ ദൗലഭ്യവും ഉണ്ട്. തീർത്ഥാടന കേന്ദ്രമായത് കൊണ്ടാവാം.

ഉച്ചയൂണും കഴിഞ്ഞ് പോയത് പാമ്പൻ പാലത്തിലേയ്ക്കായിരുന്നു. മനുഷ്യ നിർമ്മിതിയിലെ മഹാത്ഭുതങ്ങളിൽ ഒന്ന്..

2017-103 വർഷം തികച്ച, 143 തൂണുകളിലായി 2 കിലോമീറ്റർ നീളത്തിൽ നിൽക്കുന്ന ഈ തീവണ്ടി പാലം 2010-ൽ വർളി-മുംബൈ സീലിങ്ക് പ്രവർത്തനക്ഷമമാകും വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്പാലം ആയിരുന്നു. 1870-ൽ സിലോണുമായി (ഇന്നത്തെ ശ്രീലങ്ക) വ്യാപാരബന്ധം വിപുലപെടുത്താനാണ് ഈ പാലത്തിന് അന്നത്തെ ബ്രിട്ടീഷ് ഗവണ്മെന്റ് പദ്ധതിയിട്ടെങ്കിലും 1911 ലാണ് പണി തുടങ്ങിയതും 1914-ൽ ഉപയോഗത്തിൽ വരികയും ചെയ്തത്.


1988 -ൽ അണ്ണൈ ഇന്ദിരാഗാന്ധി റോഡ് പാലം വരുന്നത് വരെ, ഇടത്തരം വലുപ്പമുള്ള കപ്പലുകൾ പോലും ഈ പാലത്തിന്റെ ലിവർ ഉപയോഗിച്ച് തുറക്കാവുന്ന ലിങ്ക് ബ്രിഡ്ജ് വഴി കടന്ന് വരുമായിരുന്നു പോലും. ചെറിയ വഞ്ചികൾക്ക് പാലത്തിനടിയിലൂടെ കടന്ന് പോവാം.

1964 ഡിസംബർ 23-ലെ സൈക്ളോണിൽ ഈ പാലത്തിലൂടെ കടന്ന് വന്ന ചെന്നൈ-ധനുഷ്കോടി ബോട്ട് മെയിൽ എക്സ്പ്രസ്സ് 150 യാത്രക്കാരുമായി മറിഞ്ഞത് ഇന്നും ഉണങ്ങാത്തൊരു മുറിവായി ഈ തീരനഗരിയുടെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നു..

ആളെ മറിച്ചിടുന്ന കാറ്റായിരുന്നു പാമ്പൻ റോഡ് പാലത്തിന്റെ മുകളിലൂടെ നടക്കുമ്പോൾ, ഒരു വശത്ത് തീരം അടിഞ്ഞ് കിടക്കുന്ന മീൻ വഞ്ചികളും മറുവശത്ത് വല വീശി മീൻ കാത്ത് കിടക്കുന്ന വഞ്ചികളും. കാറ്റിൽ പരുന്തുകൾ ആകാശത്ത് ഗ്ളൈഡിങ്ങ് നടത്തുന്നത് ഒരു മനോഹരമായ കാഴ്ചയാണ്.. പറക്കാൻ നമ്മളേയും കൊതിപ്പിക്കുന്ന പോലെ. റെയിൽ പാളത്തിലൂടെ ട്രെയിൻ പോവുന്നത് കാണാൻ പറ്റിയ സമയത്തിൽ ഞങ്ങളെ അവിടെത്തിച്ചതിന് ഗൈഡിനോട് നന്ദി തോന്നി, അത്ര കൗതുകകരമായിരുന്നു ഒരു നീലപട്ടുനൂൽ പുഴുവിനെ പോലെ പതുക്കെ മാളത്തിലേയ്ക്ക് കയറി ഇറങ്ങി പോവുന്ന ആ ട്രെയിനിന്റെ യാത്ര കാണാൻ.

അധികം സമയം ചിലവാക്കാതെ ധനുഷ്കോടി പോവാമെന്ന് കണ്ണദാസൻ തിരക്ക് കൂട്ടുമ്പോഴും സൂര്യാസ്തമനം അവിടെ കാണണം എന്ന് ആഗ്രഹത്തിൽ പിന്നോട്ടാഞ്ഞപ്പോൾ, കാറ്റ് കൂടുന്നത് അപകടമാണെന്ന് അയാൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

പാമ്പനിൽ നിന്ന് ഏകദേശം 22 കിലോമീറ്ററുണ്ട് ധനുഷ്കോടി മുനമ്പിലേയ്ക്ക്. 2017 ആഗസ്റ്റിൽ കലാം മന്ദിർ ഉത്ഘാടനത്തിന്റെ ഭാഗമായി നരേന്ദ്രമോദി എത്തിയതിനെ തുടർന്നും, പാമ്പൻ പാലത്തിൽ കൂടി കടന്ന് പോവുന്ന NH49 നെ ചാർ ദാം യാത്രികരുടെ സൗകര്യത്തിനായി ചാർദാം സർക്യൂട്ട് എന്ന പാഥയുമായി ബന്ധിപ്പിക്കാനുമായി രണ്ടൊ മൂന്നോ മാസത്തിന് മുന്നെ ധനുഷ്കോടി മുനമ്പ് വരെ ടാർ റോഡ് ഒരുക്കിയിട്ടുണ്ട്, അതിന് മുന്നെ ധനുഷ്കോടി ഗ്രാമത്തിന് മുന്നെയുള്ള സെക്യൂരിറ്റി ഗേറ്റ് വരെയേ യാത്രസൗകര്യം ഉണ്ടായിരുന്നുള്ളൂ, അവിടെനിന്നും 4x4 ജീപ്പുകളും ഓട്ടോകളും രണ്ട് കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പിന്നെയും സർവീസസ് നടത്തിയിരുന്നു, കാറ്റ് പിടിക്കുന്നത് കൊണ്ടും കടൽ അപ്രതീക്ഷിതമായി കയറി വരാൻ സാദ്ധ്യത ഉള്ളത് കൊണ്ടുംഅതിനപ്പുറത്തേയ്ക്ക് യാത്ര അനുവദിച്ചിരുന്നില്ല എന്ന് കണ്ണദാസന്റെ ഓർമ്മ.


കോതണ്ഡരാമർ ക്ഷേത്രത്തിൽ നിന്നുള്ള അഞ്ച് കിലോമീറ്റർ ദൂരം കണ്ടൽകാടുകളും കൂർത്ത ഇലകളുള്ള മരങ്ങളും കൊണ്ടുള്ള അല്പം വിജനമായ വഴിയാണ്, വൈവിദ്ധ്യമാർന്ന ദേശാടനപക്ഷികൾ എത്തിച്ചേരാറുള്ള ധനുഷ്കോടി ജല-പക്ഷി സങ്കേതം ഇവിടെയാണ്, കണ്ണദാസന്റെ ഓർമ്മയിൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ പണ്ട് ഇവിടം പേരറിയാത്ത കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പക്ഷികളെ കൊണ്ട് നിറയുമായിരുന്നു പോലും. കാൽനടയായിട്ടും പിന്നെ സൈക്കിളിലും തിന്നാനൊന്നും കിട്ടാത്ത ഈ മണൽ റോഡിലൂടെ വള്ളിനിക്കറിന്റെ പോക്കറ്റിൽ അരിനെല്ലിക്കയും നിറച്ച് ധനുഷ്കോടി വരെ ഈ പതിനേഴ് കിലോമീറ്റർ കൂട്ടുകാരോടൊപ്പം നടന്ന കഥ പറയുമ്പോൾ കണ്ണിൽ കാറ്റടിച്ച പോലെ…..

ഓർമ്മകൾ നല്ലതായാലും ചീത്തയായാലും കണ്ണ് നിറയ്ക്കുമല്ലേ എന്ന ചോദ്യത്തിന് ഓർമ്മകൾ ഉള്ളവർക്ക് എന്നെങ്കിലും തിരിച്ചെത്തിയേ പറ്റൂ എന്നായിരുന്നു മറുപടി. ഒരു പാട് പഠിച്ച് സമ്പാദിക്കാൻ നാട് വിട്ട താനും കൂട്ടുകാരുമൊക്കെ അമ്മയുടെ ശബ്ദത്തിലും കൂടുതൽ കടലിന്റെ ശബ്ദമാണ് കാതിൽ കേട്ടിരുന്നതെന്ന് പോലും..

വഴിമദ്ധ്യേ ധനുഷ്കോടി ഗ്രാമം കണ്ടുവെങ്കിലും ആദ്യം ധനുഷ്കോടി മുനമ്പ് കണ്ടുവരാമെന്ന് കണ്ണദാസന്റെ അഭിപ്രായം മാനിച്ച് അങ്ങോട്ടേയ്ക്ക് പോയി. കറുത്ത് മിനുത്ത് കിടക്കുന്ന പുതു റോഡിലൂടെ വണ്ടികൾ ചീറിപ്പാഞ്ഞാണ് പോവുന്നത്, കാറ്റ് അതിശക്തമായി വീശുന്നത് അടഞ്ഞ ചില്ലുകളിൽ കൂടി അറിയാൻ ആവുന്നുണ്ടായിരുന്നു, ആകാശത്ത് പഞ്ഞിമേഘങ്ങളും കാർമേഘങ്ങളും കബഡി കളിക്കുകയാണെന്ന് തോന്നും. ഒരു വശത്ത് കടൽ കാണാനേ ഇല്ല, പിണങ്ങി നിൽക്കുന്ന കുട്ടിയേ പോലെ ദൂരെ ദൂരെ പോയി കിടക്കുന്ന ബംഗാൾ ഉൾക്കടൽ, ഒരു നിമിഷം അടങ്ങി നിൽക്കാത്തൊരു കുറുമ്പിയേ പോലെ ഇന്ത്യൻ മഹാസമുദ്രം മറുവശത്ത്.

എട്ടടിക്ക് മേലെ താഴ്ത്തിയ ഇരുമ്പ് സിമന്റ് പില്ലറുകളിൽ സ്ളാബ് വാർത്ത് മണ്ണിട്ട് നിറച്ച് ഫ്ളൈഓവറുകൾ പണിയുന്ന പോലെയാണത്രെ ഈ റൊഡിന്റെ നിർമ്മിതി, വശങ്ങളിൽ മൂന്ന് നിരകളിലായി കരിങ്കല്ലുകൾ അടുക്കി പ്ളാസ്റ്റിക്ക് കയറുകൾ കൊണ്ട് വരിഞ്ഞ് വേലിയേറ്റം റോഡിലേയ്ക്ക് കയറിവരുന്നത് തടയാൻ ഒരുക്കിയിട്ടുണ്ട്. പ്ളാസ്റ്റിക്ക് കയറുകൾക്ക് അലറുന്ന ഈ തിരമാലകൾ കയറിവരുമ്പോൾ എന്ത് ചെയ്യാനാവും എന്ന ചോദ്യത്തിന് പ്രകൃതിയുടെ സവിശേഷത കൊണ്ട് ലോകത്തിൽ ഏറ്റവും കൂടുതൽ തുരുമ്പിക്കുന്ന സ്ഥലമായി രാമേശ്വരത്തെ വിലയിരുത്തുന്നതെന്നും എന്നുമെന്ന പോലെ ഈ റോഡിൽ റിപ്പയർ വർക്ക് നടക്കാറുണ്ടെന്നും ഗൈഡ് പറഞ്ഞു.

ധനുഷ്കോടി മുനമ്പിൽ പ്രതിഷ്ഠയില്ലാത്ത ഒരു മന്ദിരവും ഇന്ത്യൻ പതാക പറക്കുന്ന ഒരു ട്രാഫിക്ക് ചത്വരവും ഉണ്ട്, കാറ്റിന്റെ കളികൾ അവിടെത്തുന്നതിന് മുന്നെ തന്നെ കണ്ടു തുടങ്ങി, നല്ല റോഡ് കണ്ട് സ്വന്തം വണ്ടിയുമായെത്തിയ പരിചയമില്ലാത്ത യാത്രക്കാർ കാറ്റ് റോഡിലേയ്ക്ക് അടിച്ച് കൂട്ടിയ മണൽക്കൂനകളിൽ ടയർ കുടുങ്ങി ഇരമ്പിക്കുന്നത്. മുനമ്പിലുള്ള ക്ഷേത്രം ശിവക്ഷേത്രമാവണോ രാമക്ഷേത്രമാവണോ എന്ന തർക്കം നിലനിൽക്കുന്നത് കൊണ്ടാണത്രെ ഇപ്പോഴും പ്രതിഷ്ഠകളൊന്നും ഇല്ലാത്തത്..


പ്രതിഷ്ഠയില്ലാത്ത മന്ദിരവും കണ്ട് ബംഗാൾ ഉൾക്കടൽ വശത്തേയ്ക്കാണ് ഇറങ്ങിയത്, പേരിന് പോലും ഒരു അലയില്ലാതെ അലസമായി കിടക്കുന്ന കടൽ, ഒരു തടാകത്തിന്റെ കര പോലെ ഇളകുന്ന തീരത്ത് മണലിന്റെ മഞ്ഞ നിറം ഒരു നാലടി ദൂരത്തിൽ തെളിഞ്ഞ് കാണാം, പുഷ്യരാഗപച്ചയാണ് കടലിന്റെ നിറം. അതിന്റെ കാരണമെന്താവാം എന്ന് ഓർത്ത് നിൽക്കുമ്പോളാണ് തീരത്ത് നിന്ന് ഒരാൾ ആ പച്ചയിലേയ്ക്ക് ഡൈവ് ചെയ്യുന്നത് കണ്ടത്, തീരത്ത് നിന്ന് നാലടി ദൂരത്തിൽ കടലിന്റെ ആഴം ആറടിയോളം, അനങ്ങാതെ കിടക്കുന്ന കടലിന്റെ ഭീകരത അപ്പോഴാണ് മനസ്സിലായത്.

അർദ്ധവൃത്താകൃതിയിൽ ഉള്ള ബീച്ചിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേയ്ക്ക് നടക്കുമ്പോൾ കാണുന്ന ദൃശ്യം വിവർണ്ണനാതീതമാണ്, നിശബ്ദമായ പച്ചക്കടലും ഒരു മിനിറ്റിൽ ആയിരം തിരകളുമായി തീരം തേടുന്ന നീലക്കടലും ഒന്നിക്കുന്ന കാഴ്ച. ആർത്തലച്ച് വരുന്ന തിരമാലകൾ ഒരു നേർ‌ രേഖയിൽ ബംഗാൾ ഉൾക്കടലിൽ ചേരുന്നതും, തുള്ളിപ്പോവുന്ന ചെറുമീനുകൾ പോലെ അവയെ പച്ചക്കടൽ വിഴുങ്ങുന്നതും, ആ നേർ രേഖയിലാണ് രാമസേതുവിന്റെ ആദ്യപാദം കാണുക. ആഴക്കടലുകളുടെ ആ സംഗമം കണ്ട് നിൽക്കെ പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങൾക്ക് ഒരു അന്തവുമില്ലല്ലോ എന്ന് തോന്നിപോയി.

വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയിൽ പറക്കുന്ന പഞ്ചാരമണൽത്തരികൾ കാലിൽ തട്ടുമ്പോൾ വേദന തോന്നിത്തുടങ്ങി, സന്ധ്യ ആവുന്തോറും കാറ്റിന്റെ ശക്തി കൂടുമെന്നും മണൽത്തരികൾ കണ്ണിൽ പോയി അപകടം പറ്റുന്നത് ഇവിടെ സ്ഥിരമാണെന്നും പറഞ്ഞത് അനുഭവിച്ചപ്പോഴാണ് മനസ്സിലായത്.

കാറ്റ് വീശിയടിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ബംഗാൾ ഉൾക്കടലിലേയ്ക്കാണ്, കാറ്റിന്റെ ദിശയിലേയ്ക്ക് മണൽ പറന്ന് പോയ രേഖകൾ വഴിത്താരകൾ പോലെ, അത്യന്തം വ്യത്യസ്ഥരായ ആ രണ്ട് കടലുകളെ നോക്കി കൗതുകം കൊണ്ട് നിൽക്കുമ്പോഴാണ്, ഇന്നാട്ടുകാർ ബംഗാൾ ഉൾക്കടലിനെ ആമ്പള(ആൺ)കടൽ എന്നും ഇന്ത്യൻ മഹാസമുദ്രത്തെ പൊമ്പള(പെൺ)കടലെന്നും വിളിക്കുന്നത് എന്നു കണ്ണദാസൻ പറഞ്ഞത്, മിണ്ടാതിരിക്കാൻ പറ്റാത്ത പെണ്ണത്തത്തെ കളിയാക്കിയതാണെന്ന് മനസ്സിലായെങ്കിലും കണ്ടു നിന്നപ്പോൾ മിണ്ടാതെ മുഷിഞ്ഞ് കിടക്കുന്ന കാമുകന്റെ കാതോരം തിരമുറിയാതെ കഥ പറയുന്ന ഒരു പൊട്ടിയാണ് ഈ നീലക്കടൽ എന്ന് തോന്നി, പ്രകൃതിക്ക് തന്നെ എന്തൊക്കെ ഭാവങ്ങളാണ്. സ്വപ്ന സദൃശ്യമായ അനുഭവങ്ങൾ..

അർദ്ധവൃത്ത ബീച്ചിന്റെ നേർപകുതിയിൽ നിന്ന് നോക്കിയാൽ കടലുകൾ ഒരു നേർ‌ രേഖയിൽ സംഗമിക്കുന്നത് കാണാം, ആ പാതയിൽ തന്നെയാണ്, രാമസേതു എന്നറിയപ്പെടുന്ന, അദംസ് ബ്രിഡ്ജ് എന്ന് ഇംഗളീഷ്കാരൻ വിളിച്ച മനുഷ്യനിർമ്മിതം എന്ന് ശാസ്തീയമായി പറയപ്പെടുന്നുവെങ്കിലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത എന്നാൽ മനുഷ്യചരിത്രത്തിന്റെ നിഗൂഡതകളിൽ ഒന്നായ ആ പാലം കാണപ്പെടുന്നത്.

ധനുഷ്കോടിയേയും ശ്രീലങ്കയിലെ തലൈമണ്ണാർ മുനമ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം 50 കിലോമീറ്റർ നീളത്തിൽ മാന്നാർ ഉൾക്കടലിനെയും പാൾക്ക് സ്റ്റ്രൈറ്റ് ചാനലിനെയും വേർതിരിക്കുന്നു, പലയിടത്തും 1 മുതൽ 10 അടിവരെ മാത്രം ആഴത്തിൽ ഈ പാലം ശൂന്യാകാശ ചിത്രങ്ങളിൽ വളരെ വ്യക്തമായി കാണാം. 1480 -ലെ സൈക്ളോണിന് മുൻപ് ഈ പാലം ജലത്തിന് മുകളിലായിരുന്നു എന്നും സഞ്ചാരയോഗ്യമായിരുന്നു എന്നും 9ആം നൂറ്റാണ്ടിലും 17ആം നൂറ്റാണ്ടിലും ഒക്കെയായി സാംശീകരിക്കപ്പെട്ട ചരിത്രരേഖകളിൽ കാണപ്പെടുന്നു..


ഈജിപ്തിലെ പിരമിഡുകൾ പോലെ, മിനസോട്ടയിലെ സ്റ്റോൺഹെഞ്ചുകൾ പോലെ, പെട്രയിലെ ക്ഷേത്രങ്ങൾ പോലെ നമുക്ക് കാണാൻ പറ്റുന്ന ദൂരത്തിൽ മനുഷ്യന്റെ ശാസ്ത്രബോധകൾക്ക് വിശദീകരണം തരാനാവാത്ത ഒരു നിഗൂഡത ഉണ്ടെന്ന് അറിയുന്നത് ഒരു പ്രത്യേക അനുഭവമാണ്, പ്രകൃതിയുടെ അത്ഭുതങ്ങൾക്ക് മുന്നിൽ നമ്മൾ ചെറുതായി ഒരു മണൽതരിയായി പോവുന്ന പോലെ…

ധനുഷ്കോടി മുനമ്പിൽ നിന്ന് പ്രേതഗ്രാമമെന്ന ഗ്രാമത്തിലേയ്ക്കെത്തുമ്പോൾ ഭിക്ഷക്കാരാകാൻ തയ്യാറല്ലാത്തത് കാരണം ജീവൻ തന്നതും തിരിച്ചെടുത്തതുമായ കടലിന്റെ, ഒന്നുമില്ലാത്ത മണല്പരപ്പിൽ നിന്ന് മാറാൻ തയ്യാറാവാതെ, കറന്റ് കണക്ഷൻസ് കൊടുക്കാത്തത് കൊണ്ട് ആറ്മണിക്ക് ശേഷം കടൽ അലറുന്ന ഇരുട്ടിൽ, നിർമ്മാണ അനുമതിയില്ലാത്തത് കൊണ്ട് ഓല കൊണ്ട് ചുമരുകളും മേൽക്കൂരകളും കെട്ടിയ വീടുകളിൽ, കൈകൊണ്ട് തോണ്ടിയ കുഴികളിൽ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം കൊണ്ട് ജീവിക്കുന്ന 50 കുടുംബങ്ങളുടെ ധൈന്യതയായിരുന്നു മനസ്സിലെ ചിത്രം.


പക്ഷേ തൊട്ടുകണ്ണെഴുതാവുന്ന കറുപ്പിന്റെ അഴകിന് തീരമണലിന്റെ മഞ്ഞപ്പ് നിറഞ്ഞ ഗാംഭീര്യമുള്ള താടിമീശയും, പ്രായം കൊണ്ട് തളർന്നതെങ്കിലും കായബലം നിറഞ്ഞിരുന്നതെന്ന് വിളിച്ച് പറയുന്ന ശരീരവുമുള്ള ആ മനുഷ്യന്റെ കണ്ണുകളിൽ കണ്ടത് ധൈന്യതയല്ല, സ്വന്തം ജീവിതം ഒരു കളിത്തോണി പോലെ തിരകളിൽ ഉയരങ്ങളിലേയ്ക്ക് കയറുന്നതും ആഴങ്ങളിലേയ്ക്ക് വീഴുന്നതും കണ്ടിട്ടും ചിരിക്കാനാവുന്ന ഒരു തീക്ഷ്ണത..

അത് തന്നെയാവും കഥ കേൾക്കാനിരിക്കുന്ന കൊച്ച് കുട്ടിയേ പോലെ എന്നെ ആ മണലിൽ പിടിച്ചിരുത്തിയത്..

(തുടരും)


No comments:

Post a Comment