Sunday, June 9, 2019

മർഹിയിലെ മഞ്ഞ് മനുഷ്യൻ (മണാലി യാത്ര - ഭാഗം 3)



പറഞ്ഞതിലും അല്പം നേരത്തെ ഞങ്ങളുടെ ആറരയടി പൊക്കമുള്ള തേരാളി സൗരബ് ശർമ്മ തന്റെ ഇൻഡിക്കയും കൊണ്ട് എത്തിയപ്പോൾ തന്നെ അന്നത്തെ ദിവസം ഭാഗ്യമുള്ളതാണെന്ന് തോന്നി. സാധാരണ മണാലി പോലെയുള്ള സ്ഥലങ്ങളിൽ താമസ സ്ഥലം കണ്ട് പിടിക്കുന്നതിലും കഷ്ടമാണ് വിശ്വസനീയമായ ഒരു ട്രാൻസ്പോർട്ട് സംവിധാനം കണ്ടെത്തുന്നത്. ടൂറിസ്റ്റ് സ്ഥലങ്ങളിൽ എത്തിപ്പെടാൻ പബ്ളിക്ക് സംവിധാനങ്ങളില്ലാത്തതും സീസണാവുന്തോറും ടാക്സികൾക്ക് ഡിമാൻഡ് കൂടുന്നതും പറഞ്ഞ സമയത്തിനെത്താതിരിക്കാനും ട്രിപ്പ് ക്യാൻസൽ ചെയ്യാനും ഒക്കെ കാരണമാവും.
ഇന്നത്തെ യാത്ര മഞ്ഞ് കാണാൻ ആണ്. അന്തരീക്ഷത്തിൽ എപ്പോഴുമുള്ള ചെറിയ തണുപ്പും അങ്ങ് ദൂരെ കാണുന്ന മഞ്ഞ് തൊപ്പിയിട്ട മലകളും അല്ലാതെ മണാലിയിൽ മഞ്ഞിന്റെ കണിക പോലും  വേനലിൽ കാണാൻ കിട്ടില്ല. വെയിലേറുന്തോറും മഞ്ഞ് മലമുകളിലേയ്ക്ക് കാട് കയറി പോവും, കാണാൻ മനുഷ്യൻ പിന്നാലെയും. 2018 ലെയും 2019 ലെയും വേനലിന്റെ കാഠിന്യം കുറവായിരുന്നതും ഇടയ്ക്ക് പെയ്ത മഴയും മെയ് മാസത്തിന്റെ ചൂട് കുറച്ചത് റോത്തങ്ക് പാസ് വഴിയുള്ള മണാലി-ലേ ഹൈവേ തുറക്കാൻ താമസമായി.

ഓഫ്സീസണിൽ മണാലിയിലോ സോളങ്ക് വാലിയിലോ കാണാനാവുന്ന മഞ്ഞ് വെയിലിലനുസരിച്ച് മല കയറുമ്പൊൾ പോക്കറ്റിലെ കാശിന്റെ ഓട്ടവും കൂടും അവളെയൊന്ന് അടുത്ത് കാണാൻ. ഗുലാബ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വരെ യാത്ര സൗജന്യമാണെങ്കിൽ അതിന് മുകളിലേയ്ക്ക് പോവാൻ ടാക്സികൾക്ക് പാസും ദിവസേന പോകാവുന്ന ടാക്സികൾക്ക് നിയന്ത്രണവും ആളൊന്നുക്ക് പ്രവേശൻഫീസും കൊടുക്കേണ്ടി വരുന്നു.

അതികാലത്ത് തന്നെ ഇറങ്ങിയത് കൊണ്ട് വാഹനത്തിരക്ക് കൂടുന്നതിനും മുന്നേ മലമ്പാത കയറി തുടങ്ങിയിരുന്നു. തുറന്നിട്ട ജനലിലൂടെ ചൂളം വിളിച്ച് കയറുന്ന കാറ്റും കാറ്റിലെ ചൂളിക്കുന്ന തണുപ്പും ഇടയ്ക്കിടെ നിർത്തി ചായകുടിക്കാൻ അവസരമുണ്ടാക്കി. പേപ്പർ ഗ്ളാസിലൊഴിക്കുന്ന ആവി പറക്കുന്ന ചായ മലഞ്ചെരുവിൽ നിന്ന് ഏതോ അപ്സരസ്സിന്റെ ശുഭ്രദാവണി അലക്കിയിട്ടത് പോലെ ഉലർന്ന് വീഴുന്ന വെള്ളചാട്ടവും കണ്ട് കുടിക്കുന്നത് ഇന്നലെ കണ്ട് തീരാത്ത സ്വപ്നത്തിന്റെ ഭാഗമായി തോന്നി.

മഞ്ഞുരുകുന്ന വേനലിൽ ആണ് ഹിമാചലിലെ നദികളിൽ വെള്ളം കൂടുക. നദിക്കരകളിൽ ഒക്കെ പെട്ടന്നുയരുന്ന ജലനിരപ്പിനെ പറ്റിയുള്ള മുന്നറിയിപ്പുകൾ കാണാം. രോത്തങ്കിലേയ്ക്കുള്ള വഴിയിൽ കൂറ്റൻ പാറകളിൽ നിന്ന് ചിതറിച്ചാടുന്ന വെള്ളച്ചാട്ടങ്ങൾ മനോഹരമായ ഒരു കാഴ്ചയാണ്. നല്ലൊരു ഫോട്ടോയ്ക്കായി ഇടയ്ക്കിടെ നിർത്താനുള്ള എന്റെ അപേക്ഷ മടുത്തിട്ടാണോ എന്തോ ശർമ്മ മണാലി-റൊത്തങ്ക് റൊഡിലെ പ്രസിദ്ധമായ പ്രേതബാധയെ പറ്റി പറഞ്ഞത്. മഞ്ഞ് കാലത്ത് ആർക്കും കയറാനാവാത്ത ഈ ഉയരത്തിൽ കാണപ്പെടുന്ന വലിയ കാൽപ്പാടുകളും രാത്രിയാത്രകളിൽ ഒരു മുന്നറിയിപ്പുമില്ലാത്ത നിന്ന് പോവുന്ന വണ്ടികളും വണ്ടിക്ക് മുന്നിലേയ്ക്ക് പെട്ടന്ന് കയറി വരുന്ന പുകമഞ്ഞും ഒക്കെ ശർമ്മയുടെ കഥയിലെ പ്രേതങ്ങളായി വന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല.


പൽച്ചനിൽ വച്ച് മണാലി-ലേ ഹൈവേയിൽ നിന്ന് തിരിയുന്ന കൈവഴി സോളങ്ക് വാലിയിലേയ്ക്ക് തിരിയുന്നു. അതിന് മുന്നെ ജമദഗ്നി മുനിയുടെ കുടീരം എന്നറിയപ്പെടുന്ന ഒരു ചെറിയ ക്ഷേത്രവും അതിനോട് ചേർന്ന് ചൂട് നീരുറവയും കാണാം. ഈ വെള്ളത്തിന് ആയുസ്സ് വരെ തിരിച്ച് തരാനുള്ള, പലവിധ രോഗമകറ്റാനുള്ള ആയുർവേദ ശക്തിയുണ്ടെന്നാണ് വിശ്വാസം, ആളുകൾ വണ്ടി നിർത്തി കുപ്പികളിൽ വെള്ളം ശേഖരിക്കുന്നുണ്ടായിരുന്നു. 

സോളങ്കിലേയ്ക്ക് തിരിയുന്നത് വരെ ബിയാസ് നദിയുടെ അരികിലൂടെ തന്നെയാണ് വഴിയും പോവുന്നത്. അതിരാവിലെ ആയതിനാലാവും നദിയിൽ ചിലയിടങ്ങളിലൊക്കെ വെള്ളം ഉറഞ്ഞൊരു നേർത്ത ഐസ് പാളി പോലെ തിളങ്ങുന്നുണ്ടായിരുന്നു. സോളങ്ക് കഴിയുമ്പോൾ വഴി മുകളിലേയ്ക്ക് പതുക്കെ കയറി തുടങ്ങും. ഉയരം കൂടുന്തോറും തണുപ്പിന്റെ കുത്തൽ അറിഞ്ഞ് തുടങ്ങി, വഴിയരികിൽ അലിഞ്ഞ് തീരാറായ മഞ്ഞ് പാളികൾ കിടപ്പുണ്ടായിരുന്നു.

ഗുലാബയിൽ നിന്ന് ഫോറസ്റ്റ് ചെക്ക്പോസിറ്റിൽ ചെക്കിങ്ങും കഴിഞ്ഞ് മുകളിലേയ്ക്ക് തിരക്ക് പിന്നെയും കുറവായി. മഞ്ഞ് വീഴ്ച നിന്നു കഴിയുമ്പോൾ തന്നെ മണാലി-ലേ ഹൈവേ തുറക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമത്രേ. സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും ആണ് അതിനായി പ്രവൃത്തിക്കുക, മഞ്ഞും മലയിടിഞ്ഞ റോഡുകളും നന്നാക്കി ലേ എത്തുമ്പോഴേയ്ക്കും വേനൽ മൂത്തിരിക്കും. എങ്കിലും അവിരാമമുള്ള അവരുടെ പ്രവർത്തനങ്ങൾ സ്തുത്യർഹം തന്നെ. മണാലി- ലേ ബൈപാസ് പാതയുടെ പണി നടക്കുന്നുണ്ട്, കുതിരാൻ തുരങ്കം പോലെ മല തുരന്ന് പോവുന്ന ഇരുട്ടിന്റെ വായ പോലെ ഒരു തുരങ്കം എന്ന് ശർമ്മ കാട്ടി തന്നു. അത് പണിത് കഴിഞ്ഞാൽ ലേയിലേയ്ക്ക് വർഷം മുഴുക്കെ യാത്ര സാദ്ധ്യമാവും.

ആദ്യമാദ്യം എത്തിയ വാഹനങ്ങൾ മർഹിയിൽ നിന്നും കുറെ കൂടി മുന്നിലേയ്ക്ക് പോയി നിർത്തിയിട്ടിരുന്നു. സേഫ് സോൺ എന്ന് മാർക്ക് ചെയ്തിരുന്ന ഒരു മഞ്ഞ് ചെരുവിന്റെ അടുത്ത് ഞങ്ങളെ ഇറക്കി ശർമ്മ വണ്ടീയൊതുക്കി, പലയിടത്തും ചുവന്ന കൊടികളും കുത്തി വച്ചിരുന്നു. അതിലെ അപകടം തിരികെ വരുമ്പോൾ ശർമ്മ കാണിച്ചു തന്നപ്പോഴാണ് മനസ്സിലായത്.


സിനിമകളിൽ ഒക്കെ മാത്രം കണ്ടിട്ടുള്ള പൊടിമഞ്ഞ്.. എത്ര കളിച്ചാലും മതിവരില്ലെന്ന് മണിക്കൂറുകൾ നിമിഷങ്ങൾ പോലെ പോയി എന്ന് അറിഞ്ഞപ്പോൾ മാത്രമാണ് മനസ്സിലായത്. റെന്റ് സർവ്വീസിൽ നിന്നെടുത്ത ബഫൂണിന്റെ വേഷം പോലത്തെ ജമ്പ് സ്യൂട്ടും കൈയ്യുറയും ബൂട്ടുസും ഒക്കെ ഇല്ലെങ്കിൽ മരവിച്ച് പോയേനെ എന്ന് അപ്പോൾ മനസ്സിലായി..ചുറ്റും മരങ്ങളൊന്നും ഇല്ലാത്ത വെളുത്ത മഞ്ഞ് കൊണ്ട് അതിര് വരച്ച ബ്രൗൺ മലനിരകൾ, ഒരു മേഘം പോലും ഇല്ലാത്ത ആകാശം. കണ്ണ് തുറന്ന് നോക്കിയാൽ പ്രകൃതിയിൽ കാണുന്ന ഓരോ ചെറിയ ചലനങ്ങൾ പോലും അത്ഭുതങ്ങളായി തോന്നും.

സമയം പോകുന്നത് ഞങ്ങളറിഞ്ഞില്ലെങ്കിലും വിശപ്പ് എലി പോലെ വയറ്റിനുള്ളിൽ കരളാൻ തുടങ്ങിയപ്പോഴാണ് തിരിച്ച് പൊവണം എന്ന ചിന്ത വന്നത്. തിരിച്ച് കാറിനടുത്തെത്തിയ ഞങ്ങൾ കണ്ടത് പുഷ്പം പോലെ വീശിയെടുത്ത് കയറിവന്ന വളവുകളിലൊക്കെ നിരക്കെ കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. പലയിടത്തും ഒരു വണ്ടിക്ക് പോവാനുള്ള വീതിയേ റോഡിനുള്ളൂ.. മറുവശത്ത് ഒന്ന് തെന്നിയാൽ തൊലി മുഴുവനും ജീവൻ മുക്കാലും പോവുന്ന തരത്തിൽ ചരൽ ചിതറിക്കിടക്കുന്ന ചെരുവുകൾ. ആ വശത്ത് വണ്ടി പാർക്ക് ചെയ്ത് വച്ചിരിക്കുന്ന അപാരതയും കണ്ടു.

ഒന്നരയാൾ പൊക്കമുള്ള മഞ്ഞ് പാളികളുടെ അടിയിൽ നിന്ന് മഞ്ഞുരുകി ചെറിയ അരുവികൾ പോലെ നീരൊഴുക്കുണ്ടായിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിൽ അറിയാതെ കാലമർത്തിയാൽ പോലും മഞ്ഞ് ഉള്ളിലേയ്ക്കിരുന്ന് ആളകത്ത് കുടുങ്ങാനുള്ള സാദ്ധ്യതയുടെന്ന് ശർമ്മ പറഞ്ഞു. കുറെയിടങ്ങളിൽ അപായസൂചന വച്ചിട്ടുണ്ടെങ്കിലും പലരും അത് ഗൗനിക്കുന്നുണ്ടെന്ന് തോന്നിയില്ല.

രാവിലെ ഒന്നരമണിക്കൂർ കൊണ്ട് കയറിയ ദൂരം നാല് മണിക്കൂറോളം എടുത്ത് ഇറങ്ങി വന്നപ്പൊഴേയ്ക്കും ദിവസത്തിന്റെ നല്ലപാതിയും തീർന്നിരുന്നു. ഗുലാബ കഴിഞ്ഞാണ് ഈ റൂട്ടിലെ സാഹസികമായ ഒരു സിപ്പ്ലൈൻ ഉള്ളത്. ഒരു മലയിടുക്കിന്റെ മുകളിലൂടെ ഏകദേശം 200 മീറ്ററോളം ദൂരം. കാര്യമായ സുരക്ഷാസംവിധാനങ്ങളൊന്നും കണ്ടില്ല.
മഞ്ഞ് വീഴുന്ന സമയങ്ങളിൽ ഐസ് സ്കേറ്റിങ്ങും മറ്റും നടത്താനാവുന്ന അതിമനോഹരമായ ഒരു താഴ്വരയാണ് സോളങ്ക് വാലി. വേനലായാൽ പിന്നെ പാരാഗ്ളൈഡിങ്ങും ക്വാഡ് ബൈക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ വിനോദങ്ങൾ. പാരാഗ്ലൈഡിങ്ങ് പോയിന്റെലേയ്ക്ക് പോവാൻ സിപ്പ്ലൈൻ ബോക്സും ഉണ്ട്. ചുറ്റും കെട്ടിടങ്ങളുടെ പണി നടക്കുന്നതും റോഡ് പണിയുടെ പൊടിയും ഒക്കെ ചേർന്ന് സോളങ്കിലേയ്ക്കുള്ള യാത്ര മടുപ്പിച്ചു.


സോളങ്കിൽ നിന്നും പ്രാചീന ശിവക്ഷേത്രത്തിലേയ്ക്ക് പോവാൻ കൽപ്പടവുകൾ കെട്ടിയിട്ടിട്ടുണ്ട്. അത് വഴി നടന്നോ കോവർ കഴുതയുടെ പുറത്തിരുന്നോ പോവാം. ശിവന് വേണ്ടി പാർവതി തപസ്സ് ചെയ്തിരുന്ന ഇടമാണ് പോലും ഈ സ്ഥലം.
നാല് മണി കഴിഞ്ഞതും അന്തരീക്ഷത്തിലെ തണുപ്പ് കൂടി. കാറ്റിന്റെ സ്വഭാവം മാറി. പാരഗ്ളൈഡിങ്ങുകാർ അന്നത്തെ പറക്കൽ നിർത്തി അവരുടെ കുടകൾ പാക്ക് ചെയ്യുന്നതും നോക്കി ഞങ്ങളിരുന്നു. പച്ചപ്പുല്ല് നിറഞ്ഞ മൈതാനത്ത് കൂടി അന്നത്തെ അദ്ധ്വാനം കഴിഞ്ഞ പോണികൾ മേഞ്ഞ് നടക്കുന്നുണ്ട്, കൂട്ടം കൂടിയിരുന്ന് ചെറുപ്പക്കാർ സിഗരറ്റ് തെറുത്ത് വലിക്കുന്നുത് കണ്ടു.

മാനത്തൊരു ചുവപ്പ് രാശി പോലും വീഴിക്കാതെ ഏതോ മലയുടെ പിന്നിലേയ്ക്ക് സൂര്യൻ മറഞ്ഞു. അഞ്ചരയ്ക്കുള്ളിൽ ഇരുട്ട് പടരുന്ന നാട്ടിൽ ഞങ്ങളും അന്നത്തെ യാത്രയ്ക്ക് തിരശ്ശീലയിട്ടു. സ്വപ്നത്തിലും മഞ്ഞ് കൂടാരങ്ങളും അതിന്റെ മീതെ പറക്കുന്ന വർണ്ണ ചിറകുകളും ആയിരുന്നു.

(തുടരും)